Tuesday, 21 April 2026

വിള്ളലല്ലിത്, ഷ്‌റിങ്കേജ്

#വിള്ളലല്ലിത്, #ഷ്രിങ്കേജ് !
​സിമന്റും മണലും തമ്മിൽ തെറ്റിപ്പിരിഞ്ഞതിനെ 'ഷ്രിങ്കേജ്' എന്ന ഇംഗ്ലീഷ് ലേപനമിട്ട് തടവിയ റവന്യൂമന്ത്രിയുടെ എൻജിനീയറിങ് ബുദ്ധി അപാരം. മുഖ്യമന്ത്രി എണ്ണമിട്ടു പറഞ്ഞ 58 ടെസ്റ്റുകളിൽ, തട്ടിൽ നിന്ന് വെള്ളം ചോരാതിരിക്കാനുള്ള അടിസ്ഥാന പരിശോധന മാത്രം എവിടെയോ തെറ്റി.

പാവം ചൂരൽമലക്കാർക്ക് വീട് നൽകുമ്പോൾ അതിലൊരെണ്ണം ചോർന്നൊലിച്ചാൽ എന്താണ് കുഴപ്പം? അത് അവരുടെ വീട്ടുകാരനായ മന്ത്രി നൽകുന്ന സ്നേഹത്തിന്റെ നനവ് ആയി കരുതിക്കൂടെ? അഞ്ചു കൊല്ലം അധികാരം കൈയാളിയപ്പോൾ കാണാത്ത വിനയമാണ് പുതിയ 'കൂലിപ്പണിക്കാരൻ' വേഷത്തിൽ മന്ത്രിയിൽ തെളിയുന്നത്. ഈ വിനയം അല്പം നേരത്തെ ഉദിച്ചിരുന്നെങ്കിൽ വയനാട്ടിലെ പാവങ്ങൾക്ക് കുറഞ്ഞപക്ഷം മഴ നനയാത്ത മേൽക്കൂരയെങ്കിലും കിട്ടുമായിരുന്നു . 

​വീടിൻ്റെ മേൽക്കൂരയിൽ കല്ലും മണ്ണും ചുരണ്ടിയ തന്റെ അധ്വാനത്തെ കൂലിപ്പണിയായി കാണുന്നതിൽ അഭിമാനം കൊള്ളുന്ന മന്ത്രി അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ അതിനേക്കാൾ അഭിമാനകരമായ തോട്ടിപ്പണിക്കാരൻ എന്ന പദവി ലഭിക്കുമായിരുന്നു. മുതലാളി എന്ന വിളിപ്പേര് വെറുക്കുന്ന മന്ത്രിക്ക്, ജനങ്ങൾ ഇതിലും വലിയ പദവികൾ നൽകാൻ കാത്തിരിക്കുകയായിരുന്നു എന്നതാണ് സത്യം. 

കെട്ടിടത്തിന് മുകളിൽ കയറി പണി പാളിയ ഭാഗം ചുരണ്ടി നോക്കുന്ന മന്ത്രിയുടെ ആവേശം കണ്ടാൽ  'മുതലാളി' എന്ന് ആരും വിളിക്കില്ല .
 സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടി നല്ല പിള്ളചമയാനുള്ള ഈ ശ്രമം വെള്ളത്തിൽ വരച്ച വര പോലെയായി. 

ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ ഷ്രിങ്കേജ് എന്ന വാക്ക് മതിയാകുമെങ്കിലും, അതിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ തെളിഞ്ഞു കാണുന്നത്  അഴിമതിയുടെ വിള്ളലുകളാണ് ബഹു മന്ത്രി.
കെ എ സോളമൻ

No comments:

Post a Comment