#സിലബസ് #ചുരുക്കുമ്പോൾ
പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കും എന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രഖ്യാപനം കേട്ടാൽ ആദ്യം തോന്നുക ഇതൊരു അക്കൗണ്ടിങ് പരീക്ഷയാണോ എന്നതാണ്. ഉള്ളടക്കം അതേപോലെ തന്നെ, പക്ഷേ വലുപ്പം 25 ശതമാനം കുറയും. ഇത് എങ്ങനെയാണെന്ന് അറിയാൻ ഗണിതശാസ്ത്രജ്ഞൻ പൈതഗോറസിനെ തന്നെ വീണ്ടും വിളിച്ചുവരുത്തേണ്ടിവരും.
സിലബസ് ചുരുക്കൽ കരിക്കുലം കമ്മിറ്റി അംഗീകരിച്ചുവെന്ന് മന്ത്രി പറയുന്നു; പക്ഷേ കമ്മിറ്റി തന്നെ ഇത് അറിഞ്ഞിട്ടില്ലെന്ന വാർത്ത പുറത്തുവരുമ്പോൾ, വിദ്യാഭ്യാസ വകുപ്പ് ഒരു കുറിപ്പ് കൈമാറ്റ വകുപ്പായി’ മാറിയതാണോ എന്ന സംശയം സ്വാഭാവികം. അടുത്ത മേയിൽ പുതിയ സർക്കാർ വരും, പുതിയ മന്ത്രി വരും എന്നുറപ്പുള്ളപ്പോൾ, ഇത്തരമൊരു ദീർഘകാല മാറ്റം പ്രഖ്യാപിക്കുന്നത് “ഞാൻ പോകും മുമ്പ് ഒരു അടയാളം ഇരിക്കട്ടെ " എന്ന മന്ത്രിയുടെ മാനസികാവസ്ഥയല്ലേ?
സിലബസ് രൂപപ്പെടുത്തുന്നത് ദേശീയ തലത്തിലുള്ള ഘടനയും മറ്റ് സംസ്ഥാനങ്ങളുമായുള്ള ഏകോപനവും കണക്കിലെടുത്താണെന്ന അടിസ്ഥാന ബോധം പോലും ഈ പ്രഖ്യാപനത്തിൽ കാണുന്നില്ല. സിലബസ് കൂടുതലാണെന്ന് കുട്ടികൾ പരാതി പറഞ്ഞു എന്നതുകൊണ്ട് സിലബസ് കുറച്ചുവെന്ന മന്ത്രിയുടെ വിശദീകരണം കേട്ടാൽ, നാളെ ഒന്നാം ക്ലാസ് കുട്ടികൾ അക്ഷരം ബുദ്ധിമുട്ടാണ്, ചിത്രങ്ങൾ മതി എന്ന് പറഞ്ഞാൽ അക്ഷരമാല തന്നെ ഉപക്ഷിക്കുമോ? എം.ബി.ബി.എസ്. വിദ്യാർത്ഥികൾ അനാട്ടമിക്ക് നീളക്കൂടുതൽ ആണെന്നു പറഞ്ഞാൽ ഹൃദയം വേണ്ട
ശ്വാസകോശം മാത്രം പഠിച്ചാൽ മതിയെന്നു നിർദ്ദേശിക്കുമോ?
വിദ്യാഭ്യാസം ശാസ്ത്രീയ ആസൂത്രണത്തിലൂടെ മുന്നോട്ടുപോകേണ്ട വിഷയമാണ്, ജനപ്രിയതയുടെ വോട്ടെടുപ്പ് നടത്തേണ്ട കാര്യമല്ല. സിലബസ് കുറച്ചാൽ ബുദ്ധിമുട്ട് കുറയും എന്ന ലോജിക് സ്വീകരിച്ചാൽ, നാളെ പരീക്ഷ തന്നെ ഒഴിവാക്കിയാൽ വലിയ ആശ്വാസമാവില്ലേ?
ബോധമുള്ള ആരുമില്ലേ വിദ്യാഭ്യാസ വകുപ്പിൽ എന്ന ചോദ്യം, പാഠപുസ്തകത്തിലെ ഒരു ചോദ്യമായി തന്നെ ഉൾപ്പെടുത്തേണ്ടതായിരിക്കുന്നു.
No comments:
Post a Comment