#ചിരിയുടെ #മഹാമാരി
ചിരി മനുഷ്യന് ലഭിച്ച ഏറ്റവും വലിയ ഔഷധമാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. കോർട്ടിസോൾ കുറച്ച് എൻഡോർഫിൻ വർധിപ്പിക്കുന്ന ഈ പ്രകൃതിദത്ത മരുന്ന് ഇനി സർക്കാർ നയമായി മാറുന്ന കാലമാണെന്ന് തോന്നുന്നു. കാരണം കേരളത്തിൽ ഇപ്പോൾ ചിരിയുടെ മഹാമാരി പടർന്നിരിക്കുകയാണ്. പുഞ്ചിരി മുതൽ പൊട്ടിച്ചിരി വരെ എല്ലാ വകഭേദങ്ങളും മുഖ്യമന്ത്രിയുടെ മുഖത്ത് ഒരുമിച്ച് പരീക്ഷിക്കപ്പെടുന്ന കാലം.
കഴിഞ്ഞ അഞ്ചു വർഷം അല്പാല്പം ചിരിച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ കുടിശ്ശിക നിവാരണം പോലെ ഉദ്ഘാടന വേദികളിൽ തുടർച്ചയായ ചിരി വിതരണം വേണ്ടിവരില്ലായിരുന്നു. പത്രങ്ങളിലെ ഉദ്ഘാടന പരസ്യങ്ങൾ കണ്ടാൽ പാതിവെന്ത ബിരിയാണി പോലെ. കണ്ടാൽ കഴിക്കണമെന്നു തോന്നും, പക്ഷേ കഴിച്ചാൽ വയറ്റിൽ എന്ത് സംഭവിക്കും എന്ന് അറിയില്ല.
അതിനിടയിൽ മോഹൻലാലുമായി ഒപ്പം ചേർന്നിരുന്ന് തയ്യാറാക്കിയ എപ്പിസോഡിൽ മുഖ്യമന്ത്രി ചിരിയോട് ചിരി. രജനികാന്തിൻ്റെ ഇടിപ്പടങ്ങൾ ചിരിച്ചുകൊണ്ട് കാണുന്ന മുഖ്യമന്ത്രി ജയിലർ സിനിമയിലെ തലവെട്ട് രംഗം കണ്ടിട്ടു ചിരി നിർത്തിക്കാണില്ല എന്നാണ് എപ്പിസോഡ് കണ്ടവരുടെ അനുമാനം.
ശാസ്ത്രം പറയുന്നത് ചിരി പ്രതിരോധശേഷി കൂട്ടുമെന്നാണെങ്കിൽ, രാഷ്ട്രീയ ശാസ്ത്രം പറയുന്നത് ചിരി വോട്ടർമാരുടെ ക്ഷമശേഷി പരിശോധിക്കുമെന്നായിരിക്കും.
ഇതെല്ലാം കണ്ട പ്രതിപക്ഷ നേതാക്കൾക്കൾക്കുണ്ടായത് ലളിതമായൊരു സംശയം: ഇലക്ഷന് മുമ്പേ ഇത്രയു മങ്ങു ചിരിച്ചുമറിഞ്ഞാൽ, ഇലക്ഷൻ കഴിയുമ്പോൾ എന്ത് ചെയ്യും എന്നാണ്. ജനങ്ങൾ വല്ലാത്ത പ്രതിസന്ധിയിലാണ്, ഇതൊക്കെ കണ്ടു ചിരിക്കണോ, കരയണോ എന്നറിയാതെ.
ഇവിടെ ഒരു വശത്ത് എൻഡോർഫിൻ ഉത്പാദിപ്പിക്കുന്ന ചിരി. മറുവശത്ത് ഭരണം ഓർക്കുമ്പോൾ കോർട്ടിസോൾ കൂട്ടുന്ന ചിരി. ഒടുവിൽ കേരളം ലോകത്തിന് നൽകുന്ന പുതിയ സന്ദേശം ഇതായിരിക്കും: ചിരി ആരോഗ്യത്തിന് മെച്ചം, എന്നാൽ അമിതമായ ചിരി രാഷ്ട്രീയ പാർശ്വഫലങ്ങൾ ഉണ്ടാക്കും.
ആസൂത്രിതമായ ചിരിയേക്കാൾ നിരാശാജനകമായി മറ്റൊന്നുമില്ല
No comments:
Post a Comment