#സമരം #സീസൺരണ്ട്
ഇത് കേരള സർവകലാശാലയുടെ “സമരം സീസൺ 2” ആണെങ്കിൽ, സർക്കാരിന്റെ പ്രതികരണം “നിശ്ശബ്ദത സീസൺ ഫൈനൽ” തന്നെയാണ്. എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടന കേരളസർവകലാശാല രജിസ്ട്രാർ ഓഫിസ് തകർക്കുമ്പോൾ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ധ്യാനമുദ്രയിൽ. ഗവർണറുടെ കണ്ണ് തുറക്കുന്നതുവരെ സമരക്കാരെ നേരിടാതെ കാത്തുനിൽക്കുന്ന കേരള പോലീസിന്റെ അവസ്ഥ അതിദയനീയം
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായിക്ക് ഒരു പോലീസ്, കേരളഗവർണർക്കു മറ്റൊരു പോലീസ്. ഇതു ഭരണഘടനാ പരീക്ഷണമാണോ അതോ പുതിയ പാഠ്യപദ്ധതിയിലുളള “രണ്ട് അധികാരങ്ങൾ, ഒരു നിയമം” എന്ന കൈപുസ്തകത്തിന്റെ തലക്കെട്ടാണോ ?. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് എന്ന് സർക്കാർ വിളിക്കുന്ന കേരള സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ ബ്രോഷറിൽ ബാരിക്കേഡ്, ജലപീരങ്കി, ലാത്തി എന്നിവയുടെ ചിത്രം കൊടുത്താൽ വളരെ ഉചിതമായിരിക്കും
പതിവായി എസ്എഫ്ഐ കോലാഹലം തുടങ്ങുമ്പോൾ ഭരതനാട്ട്യത്തിന്റെ മുദ്രയും വായുവിലേക്കു എറിയുന്ന പഞ്ചുമായി എത്തുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിണി എവിടെയാണ്? അവരും മുഖ്യമന്ത്രിയെ പോലെ ധ്യാനമുദ്രയിൽ തന്നെ? സമരം നടക്കുമ്പോൾ മന്ത്രിയുടെ നിസംഗത ഒരു അക്കാദമിക് പരീക്ഷണമായി മാറിയിരിക്കുന്നു. പ്രതിഷേധത്തെ അവഗണിച്ചാൽ അത് സ്വയം അവസാനിക്കുമെന്ന സിദ്ധാന്തം ആരുടെ തലയിലാണ് ഉദിച്ചത് ?
രാഷ്ട്രീയ അതിപ്രസരത്തിൽ കുടുങ്ങിയ കുറച്ച് വിദ്യാർത്ഥികൾ സർവകലാശാലയെ ബന്ദിയാക്കുമ്പോൾ സർക്കാർ കാണിക്കുന്ന അലംഭാവം ഇവിടെ ഒരു സർക്കാരുണ്ടോ എന്ന ചോദ്യം ആവർത്തിക്കുന്നു. എല്ലാം കണ്ടുകൊണ്ടിരിക്കാം, ഒരു അക്രമവും തടയില്ല എന്ന നയമാണ് സർക്കാരിനെങ്കിൽ കേരള സർവകലാശാല പഠനകേന്ദ്രമല്ല, സ്ഥിരം സമരകേന്ദ്രം എന്ന ബോർഡ് വെക്കുന്നതാകും അഭികാമ്യം.
No comments:
Post a Comment