#സാരിയും #ചുരിദാറും
അധ്യാപികമാരുടെ വസ്ത്രധാരണം അവരുടെ തൊഴിൽസൗകര്യത്തെയും പ്രവർത്തനക്ഷമതയെയും മുൻനിർത്തിയാകണം തീരുമാനിക്കപ്പെടേണ്ടത്. ക്ലാസ് മുറിയിലേയ്ക്ക് മാത്രമല്ല, ലാബ് പ്രവർത്തനങ്ങൾ, കായിക പ്രവർത്തനങ്ങൾ, സ്കൂൾ പരിപാടികൾ തുടങ്ങിയ വൈവിധ്യമാർന്ന ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ട അധ്യാപികമാർക്ക് ചുരിദാർ കൂടുതൽ പ്രായോഗികവും സൗകര്യപ്രദവുമാണ്.
ഒരു അധ്യാപികയുടെ യോഗ്യതയും അച്ചടക്കവും അവൾ ധരിക്കുന്ന വസ്ത്രത്തിന്റെ രൂപത്തിലൂടെ അളക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന ഭരണഘടനാപരമായ മൂല്യത്തെ മാനിച്ചുകൊണ്ട്, ജോലിക്ക് തടസ്സമാകാത്തതും മാന്യവുമായ വസ്ത്രം തെരഞ്ഞെടുക്കാൻ അധ്യാപികമാർക്ക് അവകാശമുണ്ട്.
ചുരിദാർ ധരിച്ചെത്തിയ പ്രധാനാദ്ധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിക്കാതെ, കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം സ്‌കൂളിൻ്റെ മാനേജരുടെ നിർദ്ദേശപ്രകാരം സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞ നടപടി അതിരുകടന്നതാണ്. പ്രധാന അധ്യാപികയെക്കാൾ അധികാരം ഒരു സ്കൂൾ ഗേറ്റ് കീപ്പറിന് കിട്ടുന്നത് എങ്ങനെയാണ്? ഗുണ്ടകളാണോ സ്കൂൾ നടത്തിക്കൊണ്ടുപോകുന്നത്? നമ്പർ വൺ കേരളത്തിനു മാത്രം ആഹ്ളാദിക്കാവുന്ന സംഭവം!
ചുരിദാർ ധരിച്ചതിന്റെ പേരിൽ ഒരു അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിക്കാതിരുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും തൊഴിൽമാനത്തെയും ചോദ്യം ചെയ്യുന്ന നടപടിയാണ്. വിദ്യാഭ്യാസ- സ്ഥാപനങ്ങളിൽ അച്ചടക്കവും മര്യാദയും പാലിക്കേണ്ടത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കടമയാണ്; എന്നാൽ അതിന്റെ പേരിൽ അനാവശ്യമായ വസ്ത്രചട്ടങ്ങൾ മാനേജർമാർ അടിച്ചേൽപ്പിക്കുന്നത് അധികാരദുരുപയോഗമാണ്, ധിക്കാരമാണ്.
ഇത്തരം അവിവേകപരമായ തീരുമാനങ്ങൾ എടുക്കുന്ന എല്ലാ സ്കൂൾ - കോളജ് മാനേജ്മെറ്റുകളെയും അവരുടെ യഥാർത്ഥ ഉത്തരവാദിത്വം എന്തെന്ന് ബോധ്യപ്പെടുത്തേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണ്.
No comments:
Post a Comment