Thursday, 26 February 2026

പേശിവലിവ് ഒരു ദേശീയ ദുരന്തം

#പേശിവലിവ് #ഒരുദേശീയദുരന്തം
ആരോഗ്യ വകുപ്പുമന്ത്രി വീണാജോർജിൻ്റെ ചികിത്സാ കഥ കേട്ടാൽ തോന്നും അവരുടെ കഴുത്തിലെ പേശിയല്ല, സർക്കാരിന്റെ പി.ആർ. പേശിയാണ് വലിഞ്ഞതെന്ന്. ഒരു പെയിൻകില്ലർ കൊണ്ട് തീരാവുന്ന വേദനയ്ക്ക് എംആർഐയും എംആർ ആൻജിയോഗ്രാമും, മെഡിക്കൽ ബോർഡും, ബോർഡിന് മുകളിൽ  ബോർഡും ചേർന്ന് എൽ ഡി എഫ് സർക്കാർ അസംബന്ധ നാടകം കളിക്കുന്നു. ഏതു കഠിന ഹൃദയനെയും കരയിപ്പിക്കുന്നതാണ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ്റെ കഥന കഥാപ്രസംഗം
ഇതൊക്കെ കണ്ടാൽ തോന്നുക ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നത് ആശുപത്രികളല്ല, മറിച്ച് നാടകസെറ്റുകളാണെന്ന്. 

റെയിൽവേ സി.സി.ടി.വി.യുടേത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പറയുന്നത് അക്രമം നടന്നില്ല എന്നാണ്. പക്ഷെ സർക്കാർ റിപ്പോർട്ടുകളിൽ പ്രതിപാദിക്കുന്നത് പേശിവലിവ് എന്ന  ദേശീയ ദുരന്തത്തെപറ്റിയാണ്.  ഡോക്ടർമാരുടെ എത്തിക്സും മെഡിക്കൽ ഉപകരണങ്ങളും ചേർന്ന് ഒരു നാടകമൊരുക്കുമ്പോൾ, ചോർന്നുപോകുന്നത് പൊതുജനങ്ങളുടെ വിശ്വാസമാണ്.

ഇതിനിടയിൽ കെ.എസ്.യുക്കാരെ റിമാൻഡ് ചെയ്ത് ക്രമസമാധാനം ഉറപ്പാക്കിയെന്ന സർക്കാർ വിശദീകരണം കേട്ടാൽ തോന്നും , സമാധാനം  ജയിലിന്റെ മതിലുകൾക്കുള്ളിൽ മതി. പുറത്തു വേണ്ട എന്ന്. സർക്കാരിൻറെ കെടുകാര്യസ്ഥതയ്ക്കെതിരെ
പ്രതിഷേധം സ്വാഭാവികം; പക്ഷേ അതിനെ ആക്രമണ നാടകംആക്കി മാറ്റി അധികാരത്തിന്റെ തിരക്കഥ എഴുതുന്നത് ദുരന്ത കോമഡിയാണ്. മന്ത്രിസഭയിലെ പുരുഷ മന്ത്രിമാരുടെ താളത്തിന് തുള്ളി, ആരോഗ്യവകുപ്പ് ഒരു സർക്കസ് ക്യാമ്പായി മാറ്റുന്നതുകാണുന്നോൾ ജനങ്ങൾ ചിന്തിക്കുന്നത് വകുപ്പ് മന്ത്രിയുടെ ബുദ്ധിക്കുറവിനെ കുറിച്ചാണ്.

 ആരോഗ്യ വകുപ്പിൽ ജനങ്ങൾ ഇപ്പോൾ കാണുന്നത് ചികിത്സയല്ല, മറിച്ച് ജയിൽ വകുപ്പിൽ  ചപ്പാത്തി പരത്തി ലാഭം എടുക്കുന്നത് പോലുള്ള  കഥകളാണ്. തമ്മിൽതല്ലി തലകീറിയും, പാർട്ടി ഓഫീസ് തല്ലിപ്പൊളിച്ചും മുന്നേറുന്ന ഇണ്ടി സഖ്യത്തിലെ ഘടകകക്ഷികളോടു പറയാനുള്ളത് രക്തസാക്ഷികളെ സൃഷ്ടിക്കരുത് എന്നാണ്. പ്രായോഗിക ബുദ്ധിയുടെ അഭാവമാകും  തൻറെ പഴയകാല അഭിനയത്തികവും ചാനൽ കെട്ടുപാടും ഉപയോഗിച്ച് മുങ്ങിത്താഴുന്ന കപ്പലിനെയും അതിലെ കാരണഭൂത് ക്യാപ്റ്റനെയും താങ്ങി നിർത്താമെന്ന
വീണാമന്ത്രിയുടെ കൈവിട്ട കളിക്കു കാരണം.
-കെ എ സോളമൻ

No comments:

Post a Comment