#മലബാർ #മാജിക്
സർക്കാരിന്റെ പുതിയ ഭരണസൂത്രവാക്യമായി “ആരേലും ചോദിച്ചാൽ, ഉടൻ പേര് മാറ്റാം " എന്നായാൽ നന്നായിരിക്കും.ഇന്നലെ മലബാർ മിസ്റ്ററി, ഇന്ന് മിന്നൽ മാജിക്; നാളെ എന്തായിരിക്കും , “മഴവിൽ മാജിക്, മസ്കിറ്റോ വണ്ടർ?”
ഒരു ബ്രാൻഡിക്ക് പേരിടാൻമന്ത്രിസഭ വേണ്ട, മന്ത്രിയുടെ പ്രസ് മീറ്റും വേണ്ട. ക്യാപ്റ്റൻ, കപ്പൽ, കപ്പിത്താൻ, കാരണഭൂത് എന്നിങ്ങനെ ഒത്തിരി കെ- പേരുള്ളപ്പോൾ എന്തിനാണ് പുതിയ ഒരു പേര് ? തദ്ദേശീയ ബ്രാണ്ടി പുറത്തിറക്കിയാൽ ടൂറിസം വികസിക്കുമെന്നാണ് എക്സൈസ് മന്ത്രി പറയുന്നത്. പക്ഷേ ടൂറിസത്തെ കുറിച്ച് പറയാൻ യോഗ്യനായ ടൂറിസം മന്ത്രിയുടെ പൊടി പോലും പരിസരത്തൊന്നും കാണുന്നില്ല. തൊഴിലായ്മയും വിലക്കേറ്റവും ഒക്കെ പരണത്താക്കി, ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക ബോധവും മാറ്റി വെച്ച് മദ്യത്തിന് പേരിടുക എന്ന ഒറ്റ പ്രക്രിയയിൽ എത്തിനില്ക്കുകയാണ് ഭരണയന്ത്രം
മലബാർ എന്ന വാക്ക് കേട്ടാൽ ആരുടെയോ നെറ്റി ചുളിയുമെന്ന ഭയത്തിൽ, സർക്കാരിന്റെ ആത്മവിശ്വാസം തന്നെ ബ്രാണ്ടിക്കുപ്പിയിലെ ലേബലിനൊപ്പം അഴിച്ചുമാറ്റുന്ന കാഴ്ചയാണ് നാം കാണുന്നത് ഇതേ തർക്കലോജിക്ക് തുടർന്നാൽ നാളെ മലബാർ ക്രിസ്ത്യൻ കോളേജ് മിന്നൽ കോളേജും, മലബാർ സിമന്റ് മിന്നൽ സിമൻ്റും ആകുമെന്നു തീർച്ച.
ജനങ്ങൾക്ക് റോഡും ആശുപത്രിയും ജോലി അവസരവും വേണമെന്നു പറയുന്ന കാലത്ത്, സർക്കാരിൻ്റെ ഏറ്റവും വലിയ ഭരണപരിഷ്‌കാരം ബ്രാണ്ടിയുടെ പേര് മാറ്റലാണ്. ഇതാണ് വികസനം എങ്കിൽ നട്ടെല്ല് വേണ്ട, നെഞ്ചത്ത് ഒരു സ്റ്റിക്കർ മതി: “ഇന്നത്തെ പേര്, നാളത്തെ പേര്, സാഹചര്യാനുസരണം.”
സത്യത്തിൽ മിന്നൽ പോലെ മാറുന്നത് ബ്രാണ്ടിയുടെ പേരല്ല, സർക്കാരിന്റെ തീരുമാനങ്ങളിലെ സ്ഥിരത തന്നെയാണ്.
No comments:
Post a Comment