#ന്യൂഇന്നിംഗ്സ് #പദ്ധതി
ഇക്കൊല്ലത്തെ ബജറ്റിലല്ല, കഴിഞ്ഞ കൊല്ലത്തെ കേരള ബജറ്റിലാണ് സർക്കാർ മുതിർന്ന പൗരന്മാർക്കായി “ന്യൂ ഇന്നിംഗ്സ്” എന്ന മഹത്തായ പദ്ധതി പ്രഖ്യാപിച്ചത്. മുതിർന്ന പൗരന്മാരെ സജീവമായ സാമൂഹിക-സാംസ്‌കാരിക-ആരോഗ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുക എന്ന ഉന്നത ലക്ഷ്യത്തോടെ അവതരിപ്പിച്ചതാണ് ഈ പദ്ധതി. കേൾക്കുമ്പോൾ തന്നെ ഒരു ദേശീയ അവാർഡ് നേടിയ സിനിമയുടെ പേരുപോലെ തോന്നിയിരുന്നു. പക്ഷേ ഒന്നു സംഭവിച്ചില്ല
പദ്ധതിയുടെ നടത്തിപ്പിനായി അഞ്ച് കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അന്ന് അഭിമാനത്തോടെ അറിയിച്ചിരുന്നു. എന്നാൽ ബജറ്റ് പ്രസംഗം അവസാനിച്ചതോടെ, ഈ “ന്യൂ ഇന്നിംഗ്സ്” യഥാർത്ഥത്തിൽ ആരുടെ ഇന്നിംഗ്സാണെന്ന കാര്യത്തിൽ സർക്കാരിന് തന്നെ സംശയം തോന്നിയതുപോലെ. മുതിർന്ന പൗരന്മാർക്ക് നേരിട്ട് ലഭിക്കുന്ന ധനസഹായമോ പുതിയ പെൻഷനോ പോലുള്ള കൃത്യമായ ആനുകൂല്യങ്ങൾ ഒന്നും തന്നെ വ്യക്തമായി പ്രഖ്യാപിക്കപ്പെട്ടില്ല.
ആശയതലത്തിൽ ഇത് “ആക്റ്റീവ് ഏജിംഗ്” എന്ന മഹത്തായ തത്വചിന്തയെ മുൻനിർത്തിയുള്ള ഒരു ക്ഷേമ-പുനരധിവാസ പദ്ധതിയായി അറിയപ്പെട്ടു. എന്നാൽ കേരളത്തിലെ ബജറ്റ് ചരിത്രം പഠിച്ചാൽ മനസ്സിലാകും – ചില പദ്ധതികൾ നടപ്പാക്കാനല്ല, വെറും കയ്യടി ആശയങ്ങളായി പ്രഖ്യാപിക്കാനാണ് ഉണ്ടാക്കുന്നത്. അതിന്റെ ഒരു വ്യക്തമായ ഉദാഹരണമാണ് “ന്യൂ ഇന്നിംഗ്സ്”.
ലഭ്യമായ വിവരങ്ങൾ പ്രകാരം, പദ്ധതിയുടെ മാർഗനിർദേശങ്ങളോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയുള്ള പ്രവർത്തന ഘടനയോ പൂർണ്ണമായി രൂപം കൊണ്ടിട്ടില്ല. അതിനാൽ തന്നെ സാധാരണ മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതിയുടെ പേരിൽ നേരിട്ട് അനുഭവിക്കാവുന്ന ഒരു സേവനവും ലഭിച്ചിട്ടില്ല. പ്രത്യേക ആരോഗ്യസേവനം - ഇല്ല. തൊഴിൽ അവസരം -ഇല്ല. മാസാന്ത സഹായം -ഇല്ല. പരിശീലന പരിപാടികൾ. ഇല്ല. വിനോദമാർഗങ്ങൾ -അതും ഇല്ല. ചുരുക്കത്തിൽ പറഞ്ഞാൽ, “ന്യൂ ഇന്നിംഗ്സ്” എന്ന പേര് മാത്രം, ഇന്നിംഗ്സ് ആരംഭിച്ചിട്ടില്ല.
ഇപ്പോൾ ഈ പദ്ധതിയുടെ അവസ്ഥ തിരുനക്കര വള്ളത്തിന്റെ അവസ്ഥയാണ് -കിടന്നെടുത്ത് തന്നെയാണ് ഇപ്പോഴും കിടപ്പ്. പ്രഖ്യാപന ഘട്ടത്തിൽ നിന്നു ഒരിഞ്ചു പോലും മുന്നോട്ട് പോകാതെ, മുതിർന്ന പൗരന്മാർക്ക് യാതൊരു പ്രായോഗിക നേട്ടവും നൽകാതെ “ന്യൂ ഇന്നിംഗ്സ്” ശാന്തമായി വിശ്രമിക്കുകയാണ്.
നിലവിലെ മന്ത്രിയും മുൻ ധനമന്ത്രിയും ബജറ്റിലൂടെ പ്രഖ്യാപിച്ചിട്ടുള്ള ഒട്ടുമിക്ക പദ്ധതികളുടെയും ഗതി ഇതുതന്നെ: നടപ്പിലാക്കാൻ വേണ്ടിയല്ല, വാർത്താപ്രാധാന്യത്തിനുവേണ്ടി മാത്രം കുറെ പദ്ധതികൾ!
No comments:
Post a Comment