#ക്രൈംഫെസ്റ്റിവൽ
ചാനലുകളും പത്രങ്ങളും തുറന്നാൽ കേരളം ഒരു ക്രൈം ഫെസ്റ്റിവൽ നടത്തുകയാണോ എന്നു തോന്നും. വിവാഹ റിസപ്ഷനിൽ കുപ്പിവെള്ളം ചോദിച്ചതിന് പാതിരപ്പള്ളിയിൽ കത്തിക്കുത്ത്, കോഴിക്കോട് ടൗൺ എസ്‌ഐയെ പഴയ കേസുകളിൽ പ്രതിയായ ഒരാൾ കുത്തിപ്പരുക്കേൽപ്പിക്കുന്നു, തിരുവനന്തപുരത്ത് മാളിനകത്ത് പോലീസ് ഓഫീസറെ ആക്രമിച്ചവർക്ക് പകരം പോലീസ് ഓഫീസർക്കെതിരെ കേസ്.
ഇതൊക്കെ കേട്ടാൽ കേരളം നിയമത്തിന്റെ നാടല്ല, കങ്കാരു കോടതി ആണെന്ന് തോന്നിപ്പോകും. ചെറിയൊരു വാക്കേറ്റം പോലും നേരെ സംഘർഷത്തിലും കത്തിക്കുത്തിലും അവസാനിക്കുന്നു. കുപ്പിവെള്ളം മുതൽ കുപ്പായം വരെ എല്ലാം ജീവനും മരണവും നിശ്ചയിക്കുന്ന വിഷയങ്ങളായി മാറിയ കാലം. ബാഗിൽ വെടിയുണ്ടയുമായി പണ്ടൊരാൾ നടന്ന പോലെ എളിയിൽ കത്തിയുമായി നടക്കുന്ന കീലേരിജനം.!
അതേസമയം, ഭരണക്കാർ പോകുന്നത് ഇതൊന്നും വലിയ പ്രശ്നമല്ലെന്ന മട്ടിലാണ്. പോലീസിനു പോലും സുരക്ഷിതത്വമില്ലാത്ത നാടിനെ ക്രമസമാധാനത്തിന്റെ മാതൃക എന്ന് വിശേഷിപ്പിക്കുന്നതിന് അപാരമായ തൊലിക്കട്ടി വേണം. തെരുവിലൂടെ നടന്നു പോകാൻ പേടിക്കുന്ന സാധാരണക്കാരനും, കടമ ചെയ്യാൻ മടിക്കുന്ന പോലീസുകാരനും: ഇവർക്കൊപ്പമാണെപ്പോഴുമെന്ന് കേരള സർക്കാർ !
കുറ്റവാളിക്ക് ധൈര്യവും നിയമം പാലിക്കുന്നവന് ഭയവും ഉള്ള ഈ അവസ്ഥയെ വികസനം എന്ന് വിളിക്കണോ, അതോ ഭരണപരാജയത്തിന്റെ ലൈവ് ടെലികാസ്റ്റ് എന്ന് പറയണോ? കേരളം പഠിപ്പിക്കുന്നത് പുതിയ പാഠമാണ്: നീതി ലഭിക്കണമെങ്കിൽ ആദ്യം നാം ജീവിച്ചിരിക്കണം!
No comments:
Post a Comment