Wednesday, 8 April 2026

എ ഐ എന്ന തൊലിപ്പുറ ലേപനം

#എഐ #എന്ന #തൊലിപ്പുറലേപനം
കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ എഐ (നിർമ്മിത ബുദ്ധി) എന്ന സാങ്കേതികവിദ്യയെ രാഷ്ട്രീയക്കാർ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് കുഴൽനാടൻ-  കൃഷ്ണൻകുട്ടി വാഗ്വാദം .

​സകല പാപങ്ങളും കഴുകിക്കളയാൻ ഗംഗാനദിക്ക് പകരം ഇപ്പോൾ കേരളത്തിലെ രാഷ്ട്രീയക്കാർക്ക് 'എഐ' എന്ന തൊലിപ്പുറ ലേപനം കിട്ടിയിരിക്കുകയാണ്. എന്തെങ്കിലും ഒരു ഓഡിയോ പുറത്തുവന്നാൽ, അത് സ്വന്തം ശബ്ദമാണെന്ന് സമ്മതിക്കുന്നതിന് പകരം "ഇതൊക്കെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെയ്ത പണിയാണ്  എന്ന ഒരു തള്ളു വെച്ചു കൊടുത്താൽ മതി. പണ്ട് പിടിക്കപ്പെടുമ്പോൾ 'മിമിക്രിക്കാർ ഒപ്പിച്ചു വെച്ച പണി' എന്ന് പറഞ്ഞിരുന്ന സ്ഥാനത്ത് ഇന്ന് എഐ വന്നിരിക്കുന്നു.

അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിന് പകരം, പാവം എഐയെ പ്രതിക്കൂട്ടിലാക്കി പരിഹസിക്കുന്നത് കാണുമ്പോൾ, വിവരക്കേടിന് ഡിജിറ്റൽ യുഗത്തിലും ഒരു കുറവുമില്ലെന്ന് സാരം. സത്യത്തിൽ ഈ എഐ എന്നത് രാഷ്ട്രീയക്കാരുടെ 'മുഖം രക്ഷിക്കൽ ആയുധം' ആയി മാറിയിരിക്കുകയാണ്.

​തിരഞ്ഞെടുപ്പ് കാലത്ത് ഓഡിയോ ക്ലിപ്പുകൾ പൊട്ടിമുളയ്ക്കുന്നത് സ്വാഭാവികം. എന്നാൽ അത് പുറത്തുവരുമ്പോൾ തന്നെ "ഇത് എഐ ആണ്, ഡീപ് ഫേക്ക് ആണ്" എന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി സത്യാവസ്ഥ തെളിയിക്കുന്നതിന് പകരം, ഈ സാങ്കേതിക വിദ്യയെ ഒരു പരിഹാസപാത്രമാക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്.
 യഥാർത്ഥ എഐ കണ്ടുപിടിച്ചവർ പോലും നമ്മുടെ നേതാക്കളുടെ ഈ എഐ ബുദ്ധി കണ്ട് അന്തംവിട്ടു നിൽക്കുകയാവും. എന്തിനും ഏതിനും എഐയെ ചാരി രക്ഷപ്പെടാമെന്ന ഈ വിദ്യക്ക് അറുതി വരുത്താൻ ശാസ്ത്രീയമായ അന്വേഷണം തന്നെയാണ് ആവശ്യം; അല്ലാതെ വെറുതെയുള്ള പരിഹാസമല്ല.
- കെ എ സോളമൻ

Monday, 6 April 2026

ജനങ്ങളുടെ പ്രതീക്ഷ

#ജനങ്ങളുടെ #പ്രതീക്ഷ
അടുത്ത തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന സർക്കാരിന്റെ മുൻഗണനാ വിഷയങ്ങളാകേണ്ട ചില അത്യാവശ്യ കാര്യങ്ങളിൽ ചിലത് ഇവിടെ കുറിക്കുന്നു

മദ്യ-മയക്കുമരുന്നു മാഫിയയുടെ പിടിയിലാകുന്ന വിദ്യാലയങ്ങളും ഗ്രാമങ്ങളും, ജീവൻ ഭീഷണിയാകുന്ന റോഡുകളിലെ മരണക്കുഴികൾ, തൊഴിലില്ലായ്മ മൂലം അന്യനാടുകളിലേക്ക് പലായനം ചെച്ചുന്ന യുവാക്കൾ, അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ശ്വാസം മുട്ടുന്ന ആശുപത്രികൾ : ഇവയെല്ലാം ചേർന്നാണ് കേരളത്തിന്റെ അതിജീവനത്തെ  ചോദ്യം ചെയ്യുന്നത്. കൃഷിനാശവും വിലത്തകർച്ചയും കർഷകരെ തളർത്തുമ്പോൾ സപ്ലൈക്കോ പോലുള്ള സംവിധാനങ്ങൾ വേണ്ടതായ സഹായം ചെയ്യാതെ തിരഞ്ഞെടുപ്പിനിടയിൽ പോലും ഡെഡ് സ്റ്റോക്കായിരിക്കുന്ന പുട്ടുപൊടി കച്ചവടം നടത്തുന്നു.

പെൺകുട്ടികൾക്കും സാധാരണ ജനങ്ങൾക്കും വഴിയിൽ  സുരക്ഷയില്ലാത്ത അവസ്ഥ, പി എസ് സി യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം, ഗുണ്ടാവിളയാട്ടം, പോലീസിന്റെ ഭാഗത്തുനിന്നുള്ള നീതിനിഷേധം, സർക്കാർ സേവനങ്ങൾക്ക് അമിത ഫീസും പിഴയും തുടങ്ങിയവ"വികസിത സമൂഹം" എന്ന അവകാശവാദത്തെ പരിഹാസ്യമാക്കുന്നു. വാഗ്ദാനങ്ങൾ പലപ്പോഴും പാഴ് വാക്കായി  മാറുന്ന ഭരണകൂട ശൈലി ജനങ്ങളിൽ നിരാശയും അവിശ്വാസവും വർദ്ധിപ്പിക്കുകയാണ്.

ഉരുൾപൊട്ടലുകളും പ്രളയങ്ങളും മഹാമാരികളും ദുരിതം വിതയ്ക്കുന്നോൾ  ദുരന്തനിവാരണത്തിൽ അലംഭാവം കാട്ടി പണം ഉണ്ടാക്കുന്ന ഭരണകൂട ശൈലി വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നു. ശമ്പളം, പെൻഷൻ, റേഷൻ പോലുള്ള അടിസ്ഥാന കാര്യങ്ങൾ പോലും അനിശ്ചിതത്വത്തിലായ ഒരു സാഹചര്യത്തിൽ, ജനങ്ങൾ അസാധാരണ ആനുകൂല്യങ്ങൾ ഒന്നും ആവശ്യപ്പെടുന്നില്ല. മറിച്ച്, മാന്യമായി ജീവിക്കാനുള്ള അവകാശം മാത്രം അവർ ആവശ്യപ്പെടുന്നു.  പൊതുക്കടം വർദ്ധിപ്പിച്ച് ഭരണം നടത്തി മുന്നോട്ടു പോകാം എന്ന് കരുതുന്ന സർക്കാരിനെ  ജനം വെറുക്കുന്നു.

ജനങ്ങളെ ബന്ധനത്തിലാക്കുന്ന ഒരു ഭരണകൂടമല്ല, അവരെ ശ്വാസം മുട്ടിക്കാത്ത, അവരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്ന ഒരു ഭരണകൂടമാണ് നാടിന് ആവശ്യം. ഈ കാര്യങ്ങൾ ഗൗരവത്തോടെ പരിഗണിച്ച് പ്രവർത്തിക്കാൻ വരാനിരിക്കുന്ന സർക്കാർ തയ്യാറാകുമെന്നതാണ് ജനങ്ങളുടെ പ്രതീകഷ.
-കെ എ സോളമൻ

Friday, 3 April 2026

പുട്ടുപൊടി വിപ്ലവം

#പുട്ടുപൊടി #വിപ്ലവം.
ഓണത്തിനിടെ പുട്ടുകച്ചോടം എന്ന്  കേട്ടിട്ടേയുള്ളൂ, ഇപ്പോൾ നേരിട്ട് കാണുകയാണ് സപ്ലൈകോയിൽ.
​സപ്ലൈകോ ഗോഡൗണുകളിൽ അടുക്കി വെച്ചിരിക്കുന്ന 'ശബരി' പുട്ടുപൊടി    ജനങ്ങളിലേക്ക് എത്തിക്കാൻ ഇതിലും വലിയൊരു ദേശസ്‌നേഹ തന്ത്രം വേറെയില്ല. 

ഏപ്രിൽ 9ന് വോട്ട് ചെയ്തതിനു ശേഷം വിരൽത്തുമ്പിലെ മഷി കാണിച്ചാൽ ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി  തരാമെന്ന ഓഫർ കേട്ടാൽ തോന്നും വോട്ട് ചെയ്തവർക്കെല്ലാം സപ്ലൈകോ പായസം വെച്ച് വിളമ്പുകയാണെന്ന്. എന്നാൽ, വിരലും പൊക്കിപ്പിടിച്ച് കൗണ്ടറിന് മുന്നിൽ നിൽക്കുന്ന പാവം വോട്ടറെ കാത്തിരിക്കുന്നത് മറ്റൊരു കത്തിയാണ്; അതായത്, ആരും വാങ്ങാത്ത ആ പുട്ടുപൊടി കിട്ടണമെങ്കിൽ ആയിരം രൂപയുടെ മറ്റു സാധനങ്ങൾ കൂടി വാങ്ങണം . ചുരുക്കത്തിൽ, വോട്ടറെ പുട്ടടിക്കാനല്ല, മറിച്ച് പുട്ടുപൊടി കൊണ്ട് വോട്ടറെ പുട്ടാനാണ് സപ്ലൈകോ പ്ലാനിട്ടിരിക്കുന്നത്.

​വിപണിയിലെ പ്രധാന ബ്രാൻഡുകളായ പൊൻകതിർ, ഡബിൾ ഹോഴ്സ്, നിറപറ എന്നിവ ശരാശരി നൂറു രൂപയ്ക്ക് വിൽക്കുമ്പോൾ, ആരും തിരിഞ്ഞുനോക്കാത്ത സ്വന്തം ബ്രാൻഡ് കെട്ടിക്കിടന്ന് നശിക്കാതിരിക്കാൻ കണ്ടെത്തിയ ഈ കാഞ്ഞ ബുദ്ധി സമ്മതിച്ചു കൊടുക്കണം. ജനങ്ങൾ വോട്ട് ചെയ്യുന്നത് ജനാധിപത്യം വിജയിപ്പിക്കാനാണെങ്കിൽ, സപ്ലൈകോ അത് ഉപയോഗിക്കുന്നത് അവരുടെ ഡെഡ് സ്റ്റോക്ക് വിറ്റഴിക്കാനാണ്.

 വോട്ടെണ്ണൽ ദിവസം എത്ര വോട്ട് കിട്ടിയെന്നതിനേക്കാൾ സപ്ലൈകോ ആകാംക്ഷയോടെ കാത്തിരിക്കുന്നത് എത്ര ഒരുരൂപ പാക്കറ്റ് വിറ്റുപോയി എന്നറിയാനായിരിക്കും.

 ജനങ്ങളെ  പുട്ടുവിഴുങ്ങികളാക്കുന്ന ഈ പരിപാടി കണ്ടാൽ പാവം വോട്ടർമാർ ചിരിക്കണോ അതോ കണ്ണീരു കൊണ്ട് പുട്ടുപൊടി നനയ്ക്കണോ എന്നറിയാതെ വിഷമിക്കും. ഇവിടെ പൊട്ടന്മാർ ആരാണ്,  ഈ പദ്ധതി ആവിഷ്കരിച്ചവരോ  അതിൽ വീഴാൻ പോകുന്ന പാവം വോട്ടർമാരോ?
 - കെ എ സോളമൻ

Wednesday, 1 April 2026

സൈക്കോ പാത്ത്

സൈക്കോപാത്ത്


സഹപ്രവർത്തകരെയും അണികളെയും വാത്സല്യത്തോടെ ചേർത്തുനിർത്തേണ്ട ഒരു പ്രസ്ഥാനത്തിൽ, സ്വന്തം മുൻഗാമിയെ സൈക്കോപാത്ത് (മനോരോഗി)  പോലുള്ള കടുത്ത ക്ലിനിക്കൽ പദങ്ങൾ കൊണ്ട് അഭിഷേകം ചെയ്യുന്നത് രാഷ്ട്രീയ മര്യാദയുടെ സകല അതിർവരമ്പുകളും ലംഘിക്കുന്ന ഒന്നാണ്.

പതിറ്റാണ്ടുകളോളം പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞുനിൽക്കുകയും ഭരണപരമായ മികവ് തെളിയിക്കുകയും ചെയ്ത ഒരു നേതാവിനെ, യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ 'സൈക്കോപാത്ത്' എന്ന് വിളിക്കുന്നത് അൽപ്പത്തരമാണ്.

തലമുറകൾക്ക് വഴികാട്ടിയായ ഒരു രാഷ്ട്രീയ ഭീഷ്മാചാര്യനെതിരെ ഇത്തരം പ്രയോഗങ്ങൾ നടത്തുമ്പോൾ അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ മാത്രമല്ല, മറിച്ച് ഒരു പ്രസ്ഥാനം കെട്ടിപ്പടുത്ത മൂല്യങ്ങളെക്കൂടി അവഹേളിക്കുന്നതിന് തുല്യമാണ്. ഈ കേസ് കോടതിയിലെത്തുമ്പോൾ, രാഷ്ട്രീയത്തിലെ ഈ രോഗനിർണയ യുവഡോക്ടർ വിയർക്കുമെന്ന കാര്യത്തിൽ സംശയമില്ല.

​നഷ്ടപരിഹാരമായി ചോദിച്ച 50 ലക്ഷം രൂപ കുറഞ്ഞുപോയോ എന്ന് തോന്നുംവിധം ക്രൂരമാണ് ഈ സൈക്കോപാത്ത് വിളി. രാഷ്ട്രീയ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ നിഘണ്ടുവിൽ എത്രയോ മാന്യമായ പദങ്ങൾ ബാക്കിനിൽക്കെ, മെഡിക്കൽ സർട്ടിഫിക്കറ്റുമായി നടക്കേണ്ട പദപ്രയോഗങ്ങൾ മൈക്കിന് മുന്നിൽ വിളമ്പുന്നത് ശുദ്ധവിവരക്കേടാണ്.

തന്റെ രാഷ്ട്രീയ ജീവിതം മുഴുവൻ ജനങ്ങൾക്കായി ഹോമിച്ച ജി സുധാകരൻ എന്ന നേതാവിനെ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്നവർ, കേസ് നടത്തിപ്പും വക്കീൽ ഫീസും കൊടുത്ത് മുടിയുമ്പോൾ മാത്രമേ വാക്കിന് കനമുണ്ടെന്ന്' മനസ്സിലാക്കുകയുള്ളൂ. കോടതി കയറി ഇറങ്ങി ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരേണ്ടി വരുന്ന അവസ്ഥയുണ്ടായാൽ, അത് രാഷ്ട്രീയത്തിലെ ഇത്തരം വെട്ടുക്കിളി പ്രയോഗങ്ങൾക്കെതിരെയുള്ള കൃത്യമായ മുന്നറിയിപ്പായിരിക്കും.

-കെ എ സോളമൻ

Monday, 30 March 2026

നുണേശ - നുണറായി യുദ്ധം

#നുണേശ_നുണറായി #യുദ്ധം.
അഞ്ചുകൊല്ലം നിയമസഭയിലെ എ സി തണലിലിരുന്ന്  നാടകം കളിച്ചവർ, ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടിൽ  സംവാദത്തിന് തയാറെടുക്കുന്നു. ഇതു കാണുമ്പോൾ ഏപ്രിൽ 9 -ന് പോളിംഗ് ബൂത്തിലേക്ക് പോകാനൊരുങ്ങുന്ന മൊത്തം മലയാളിയുടെ  കണ്ണുകളാണ് ഒരുമിച്ചു തള്ളുന്നത്. ഇവർ നടത്താൻ പോകുന്ന ഈ വിശുദ്ധയുദ്ധം കണ്ടിട്ട് വേണം ജനത്തിന് വോട്ടുപെട്ടിയിൽ വിരലമർത്താൻ! 

ആറര ലക്ഷം കോടി രൂപയുടെ പൊതുക്കടം തലയിൽ വെച്ച് തന്ന സർക്കാരിനോട് 'ഇതെന്താ ഇങ്ങനെ?' എന്ന് ചോദിക്കാൻ പോലും നാവുപൊങ്ങാത്ത പ്രതിപക്ഷം, ഇപ്പോൾ സംവാദത്തിന് തീയതി  കുറിക്കുന്നതു കണ്ടാൽ തോന്നും ഇവർ നാളിതുവരെ വേറെ ഏതോ ഗ്രഹത്തിലായിരുന്നു എന്ന്. പോളിംഗ് ബൂത്തിനോട് വിരക്തി തോന്നി നിൽക്കുന്ന പാവം വോട്ടർമാരെ എങ്ങനെയെങ്കിലും ഒന്നുണർത്താൻ വേണ്ടിയുള്ള ഈ ഫ്രണ്ട്‌ലി മാച്ച്'  കണ്ടുനിൽക്കാൻ നല്ല രസമുണ്ടാകും.

​ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഈ പങ്കുകച്ചോടം കാണുമ്പോൾ ഓർമ്മ വരുന്നത്,  തട്ടുപൊളിപ്പൻ സിനിമയിലെ വില്ലനും നായകനും ഷൂട്ടിംഗ് കഴിഞ്ഞു ഒരേ പ്ലേറ്റിൽ നിന്ന് ബിരിയാണി കഴിക്കുന്നതാണ്. അഴിമതിയും കടക്കെണിയും നാടിനെ വിഴുങ്ങുമ്പോൾ, പ്രക്ഷോഭങ്ങൾ വെറും പത്രക്കുറിപ്പുകളിൽ ഒതുക്കി 'എനിക്കൊന്ന് നിനക്കൊന്ന്' എന്ന മട്ടിലുള്ള ഈ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് ഇനി അധികം ആയുസ്സില്ല.

എൻഡിഎ എന്ന ബദൽ ശക്തി ഇവർക്കിടയിൽ ഒരു ഭീഷണിയായി വളരുന്നത് കാണുമ്പോഴുള്ള വെപ്രാളമാണ് ഇപ്പോൾ സംവാദമായി പുറത്തുവരുന്നത്. പാത്രം കാലിയാണെങ്കിലും തവി തട്ടി ശബ്ദമുണ്ടാക്കി ജനങ്ങളെ പറ്റിക്കാൻ നോക്കുന്ന ഈ ചർച്ചകൾ വെറും പ്രഹസനമെന്ന് വോട്ടിംഗ് മെഷീന് മുന്നിൽ നിൽക്കുമ്പോൾ ജനം തെളിയിക്കും.
-കെ എ സോളമൻ

Saturday, 28 March 2026

ഡീൽ രാഷ്ട്രീയം

#ഡീൽ_രാഷ്ട്രീയം.
​ഈ വരാനിരിക്കുന്ന ഏപ്രിൽ 9-ന് കേരളത്തിലെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പോകുന്നത് വോട്ട് ചെയ്യാൻ മാത്രമല്ല, ഒരു വലിയ രഹസ്യ ഡീൽ' ദൗത്യത്തിന്റെ ഭാഗം അഭിനയിക്കാൻ കൂടിയാണ്. മുന്നണികൾ തമ്മിൽ ഡീലുകൾ നിലവിലുണ്ടെന്ന പരക്കെയുള്ള പ്രചരണം യാഥാർത്ഥ്യമാക്കാൻ

എൽ.ഡി.എഫ്-യു.ഡി.എഫ് ഡീൽ,  ബി.ജെ.പി-എൽ.ഡി.എഫ് ഡീൽ, ബി.ജെ. പി -യു. ഡി. എഫ് ഡീൽഎന്നിങ്ങനെ വിവിധതരം ഡീലുകളാണ് നിലവിലുള്ളത്. ഇത്തരം കോമ്പിനേഷൻ ഡീലുകളെക്കുറിച്ച് കേട്ടാൽ, നമ്മുടെ രാഷ്ട്രീയ നേതാക്കൾ പകൽ സമയം പരസ്പരം കൊമ്പുകോർക്കുകയും  രാത്രിയിൽ ഒരുമിച്ചു പപ്പടം ചുട്ടുതിന്നുകയമാണെന്നു തോന്നും. 

ജനങ്ങൾ ഈ കത്തുന്ന വെയിലത്ത് വിയർപ്പൊഴുക്കി ഏത് പാർട്ടിക്കാരനെ വിജയിപ്പിക്കണം എന്ന് തല പുകയ്ക്കുമ്പോൾ, നേതാക്കൾ എ സി മുറികളിലിരുന്ന് വോട്ട് മറിക്കാനുള്ള ' ഗൂഢതന്ത്രങ്ങൾ' മെനയുകയാണെന്ന ഈ ഡീൽ പുരാണം സത്യത്തിൽ വോട്ടർമാരുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന ഒന്നാണ്.
തങ്ങളുടെ വോട്ട് ബാങ്കിലെ ആൾക്കാരെ ഒരു ആട്ടിൻകൂട്ടത്തെപ്പോലെ ആജ്ഞാനുവർത്തികളായി കാണുന്ന ഈ പ്രവണത  അസംബന്ധമല്ലാതെ മറ്റെന്താണ്?

​ഒരു വോട്ടർ സ്വന്തം രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുമ്പോൾ, അത് മറ്റേതോ മുന്നണിയുടെ ഡീലിന്റെ ഭാഗമാണെന്ന് വ്യാഖ്യാനിക്കുന്നത് ജനങ്ങളെ ഒന്നടങ്കം വിഡ്ഢികളാക്കുന്നതിന് തുല്യം. പണ്ടൊക്കെ രാഷ്ട്രീയത്തിൽ ആശയങ്ങൾ തമ്മിലായിരുന്നു പോരാട്ടമെങ്കിൽ, ഇന്നതിൽ അന്തർധാരകളുടെ പ്രളയമാണ്. നേതാക്കന്മാർ പറയുന്ന സെക്കൻഡുകൾക്കുള്ളിൽ സ്വന്തം നിലപാടുകൾ മാറ്റാൻ റെഡിയായി നിൽക്കുന്ന റിമോട്ട് കൺട്രോൾ വോട്ടർമാർ ഇവിടെ ഉണ്ടെന്നാണോ ഇവർ കരുതുന്നത്? 

ഇത്തരം ഡീൽ ആരോപണങ്ങൾ പടച്ചുവിടുന്നതിലൂടെ യഥാർത്ഥ വികസന ചർച്ചകളെ മുക്കിക്കളയാം എന്ന തന്ത്രം അധികകാലം ചെലവാകുമെന്നു തോന്നുന്നില്ല. സ്വന്തം അണികളെപ്പോലും വിശ്വസിക്കാത്ത ഈ രാഷ്ട്രീയ നേതാക്കൾ ജനങ്ങളെ പരിഹസിക്കുന്നത് അവസാനിപ്പിച്ച്, അവരുടെ രാഷ്ട്രീയ പ്രബുദ്ധത അംഗീകരിക്കാനുള്ള മാന്യത കാണിക്കണം.
-കെ എ സോളമൻ

Thursday, 26 March 2026

കായംകുളം വാൾ

#കായംകുളം_വാൾ
കായംകുളം വാളിന്റെ മൂർച്ചയെക്കുറിച്ച് വീരഗാഥകൾ കേട്ടിട്ടുള്ള മലയാളികൾക്ക്, ഇപ്പോൾ കായംകുളത്തുനിന്ന് കേൾക്കുന്ന കണ്ണീർ പുരാണം അല്പം അമ്പരപ്പുണ്ടാക്കുന്നതാണ്. ശത്രുവിനെ വെട്ടാനും കുത്താനും ഒരേപോലെ ഉപയോഗിച്ചിരുന്ന ഇരുതലമൂർച്ചയുള്ള വാളിന്റെ സ്ഥാനത്ത്, വോട്ടറെ വീഴ്ത്താൻ  'കായംകുളം കരച്ചിൽ' എന്ന മുറിവാളാണ് സ്ഥാനാർത്ഥികൾ ഇപ്പോൾ പുറത്തെടുക്കുന്നത്. 

തോൽവി ഓർത്തു കൊണ്ടുള്ള  വിലാപമായാലും വ്യക്തിപരമായ സൗന്ദര്യാധിക്ഷേപങ്ങൾക്കെതിരെയുള്ള വിതുമ്പലായാലും, കായംകുളത്തെ തിരഞ്ഞെടുപ്പ് ഗോദ ഇപ്പോൾ ഒരു മെലോഡ്രാമ സിനിമയുടെ സെറ്റായി മാറി. 
വോട്ട് ചോദിച്ചു വരുമ്പോൾ സ്ഥാനാർത്ഥികളുടെ കൈവശം വികസന രേഖകൾക്ക് പകരം കർച്ചീഫുകൾ കരുതേണ്ടി വരുന്നത് ജനാധിപത്യത്തിലെ കൗതുകകരമായ ഒരു കാഴ്ചതന്നെയാണ്.
​അമിതമായ ഈ വൈകാരിക പ്രകടനം വോട്ടർമാരുടെ ഉള്ളലിയിക്കുമെന്നാണോ അതോ അവരെ ചിരിപ്പിക്കുമെന്നാണോ സ്ഥാനാർത്ഥികൾ ചിന്തിക്കുന്നത്?

കായംകുളത്തിന്റെ പൗരുഷം വിളിച്ചോതുന്ന ചരിത്രത്തെ സാക്ഷിനിർത്തിക്കൊണ്ട്, കണ്ണീർ വാർക്കുന്ന ഈ മനക്കട്ടി യില്ലാത്ത നേതാക്കൾ നാടിന്റെ സാരഥികളായാൽ നാളെ ജനങ്ങൾക്കും കരയേണ്ടി വരുമോ എന്ന ആശങ്ക പ്രസക്തം. രാഷ്ട്രീയ പോരാട്ടങ്ങൾ ആശയങ്ങൾ കൊണ്ടും കർമ്മപദ്ധതികൾ കൊണ്ടും ആകണമെന്നിരിക്കെ, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ കണ്ണീർപ്പുഴയൊഴുകി കായംകുളം കായൽ കരകവിയാതിരുന്നാൽ മതിയായിരുന്നു.

വോട്ടർമാരെ സ്വാധീനിക്കാൻ കരച്ചിലിനേക്കാൾ നല്ലത് അല്പം കാര്യക്ഷമതയാണെന്ന് തിരിച്ചറിഞ്ഞ്, സ്ഥാനാർത്ഥികൾ തങ്ങളുടെ കണ്ണുനീർ ഗ്രന്ഥികൾക്ക് അല്പം വിശ്രമം നൽകുന്നതാകും നാടിന് നല്ലത്.
-കെ എ സോളമൻ

Monday, 23 March 2026

രാഷ്ട്രീയ നിഴൽയുദ്ധം ആലപ്പുഴ മോഡൽ

#രാഷ്ട്രീയനിഴൽയുദ്ധം #ആലപ്പുഴമോഡൽ
​ആലപ്പുഴയുടെ കായൽക്കാറ്റിൽ ഒരേ തോണിയിൽ തുഴഞ്ഞിട്ടും രണ്ടു തീരങ്ങളിൽ മാത്രം കണ്ണുനട്ടിരുന്ന മല്ലയ്യമാരാണ് തോമസ് ഐസക്കും ജി. സുധാകരനും. ഒരാൾ ലോകം മുഴുവൻ തന്റെ സിദ്ധാന്തങ്ങൾ കൊണ്ട് അളക്കുകയും അമേരിക്കയെ തിരുത്തുകയും ചെയ്യുമ്പോൾ, മറ്റൊരാൾ ആലപ്പുഴയുടെ മണ്ണിൽ ചവിട്ടി നിൽക്കാനാണ് ആഗ്രഹിച്ചത്.

ഡൽഹിയിലെ വലിയ കസേര വാഗ്ദാനം ചെയ്തിട്ടും എനിക്ക് എന്റെ അമ്പലപ്പുഴ മതി എന്ന് പറഞ്ഞ് ഒതുങ്ങിക്കൂടിയ സുധാകരൻ കാണിച്ച ആ തന്റേടം ഇന്ന് ഐസക്കിന് സ്വപ്നങ്ങളിൽ പോലും അപ്രാപ്യമാണ്. ഐസക്ക് ഇന്ന് തിരഞ്ഞെടുപ്പ് ഗോദയിൽ അനാഥനായി നിൽക്കുമ്പോൾ, കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്രനായി അമ്പലപ്പുഴയിൽ സുധാകരൻ നടത്തുന്ന കരുത്തുറ്റ നീക്കങ്ങൾ രാഷ്ട്രീയ കേരളത്തിന് പുതിയൊരു പാഠപുസ്തകമാണ്.

​യു. പ്രതിഭ എന്ന പണ്ടത്തെ  പ്രതിഭാഹരി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന കാലത്ത് ഐസക്ക് പോയോ എന്ന് മൂന്നുവട്ടം ചോദിച്ചറിഞ്ഞതിനു ശേഷം മാത്രം വേദിയിലെത്തിയ സുധാകരന്റെ ആ മുൻകരുതൽ വെറുതെയല്ലായിരുന്നു എന്ന് കാലം തെളിയിക്കുന്നു. "ചോദ്യങ്ങൾ ചോദിച്ചു പഠിക്കണം" എന്ന് കുട്ടികളെ ഉപദേശിച്ച് കയ്യടി വാങ്ങി സ്ഥലംവിട്ട ഐസക്കിന്റെ തന്ത്രം, ആ പാവം കുട്ടികൾ സുധാകരന്റെ മേൽ പ്രയോഗിച്ചപ്പോൾ കണ്ടതാണ് യഥാർത്ഥ യാഥാർത്ഥ്യബോധം. 

ഐസക്കിന്റെ വാക്കുകളിൽ പുളകിതരായ കുട്ടികളെ നിശബ്ദരായി ഇരുത്താൻ സുധാകരൻ കാണിച്ച ആ ആർജ്ജവം, വെറും ഉപദേശിയായ ഐസക്കും പ്രായോഗികവാദിയായ ജിയും തമ്മിലുള്ള ആകാശഭൂമി വ്യത്യാസം കൃത്യമായി വരച്ചുകാട്ടുന്നു. 2018-ൽ വെള്ളപ്പൊക്ക കാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ പിരിവ് നടത്തിയ ചേർത്തലയിലെ ഓമനക്കുട്ടന്റെ കാര്യത്തിൽ ഐസക്ക് ആലിംഗനത്തിലൂടെ നാടകം കളിച്ചപ്പോൾ, വസ്തുതകൾ നിരത്തി അതിനെ തിരുത്തിയ സുധാകരൻ തന്നെയായിരുന്നു ശരിയായ ജനനായകൻ.

​സിനിമാക്കാരെ 'കോമാളികൾ' എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന ഐസക്കിന്റെ ആ പഴയ പല്ലവി ഇപ്പോൾ സ്വന്തം തലയിൽ തന്നെ ഇടിത്തീയായി വീണിരിക്കുകയാണ്. ഇന്നസെന്റിനെയും മുകേഷിനെയും രാഷ്ട്രീയത്തിലേക്ക് ആനയിച്ചവർ തന്നെ രമേഷ് പിഷാരടിയെ പരിഹസിക്കാൻ ഇറങ്ങുന്നത് കണ്ടാൽ മൂക്കത്ത് വിരൽ വെക്കാത്തവരുണ്ടാകില്ല. 

മൂന്നാറിലെ കാറ്റും കുളിരും ആവോളം ആസ്വദിക്കണമെന്ന് ആവശ്യപ്പെട്ട ഐസക്കിനെ ഇന്ന് സോഷ്യൽ മീഡിയയിൽ  അലക്കി  ഇഞ്ചപ്പരുവമാക്കുന്നത് കാണുമ്പോൾ രാഷ്ട്രീയക്കാർ വിചാരിക്കുന്നതു പോലെ എല്ലാം പെട്ടെന്ന് മറക്കുന്നവരല്ല ജനങ്ങൾ എന്ന് വ്യക്തം. എന്തായാലും വിജയരാഘവനെ പോലെ സുധാകരനെതിരെ ഒരു കമന്റ് പാസാക്കാൻ ഐസക്ക് ധൈര്യപ്പെടില്ല, ആലപ്പുഴയുടെ മണ്ണിൽ ആര് വാഴും ആര് വീഴും എന്ന് സുധാകരന് അറിയാവുന്നതുപോലെ ഇടക്കാലത്ത് കോന്നിയും, റാന്നിയും പത്തനംതിട്ട മുഴുവനും നന്നാക്കാൻ പോയ ഐസക്കിന് അറിയില്ല.
- കെ എ സോളമൻ

Sunday, 22 March 2026

പെരുമ്പാവൂർ ഇളയദളപതി

#പെരുമ്പാവൂർ #ഇളയദളപതി
പെരുമ്പാവൂരിലെ 'ഇളയദളപതി'  എൽദോസ് കുന്നപ്പിള്ളിയുടെ രാഷ്ട്രീയ ലീലാവിലാസങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു തമിഴ് പടം പോലെ ഹിറ്റാണ്. നടൻ വിജയന്റെ അനിയനാണോ എന്ന് തോന്നിപ്പിക്കുന്ന സ്‌റ്റൈലും, കണ്ണടയും, ആ പൊട്ടിച്ചിരിയുമൊക്കെ കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും. 

ഇടയ്ക്കൊക്കെ പൊട്ടിമുളയ്ക്കുന്ന പൊട്ടക്കവിതകളും അത് ഉറക്കെ ചൊല്ലി ആളുകളെ ചിരിപ്പിക്കുന്ന ശൈലിയും കൂടിയാകുമ്പോൾ കുന്നപ്പിള്ളി ഒരു സംഭവമാണെന്ന് തോന്നും. പക്ഷേ, ഈ കവിതയും ചിരിയുമൊന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഏശിയില്ല എന്നതാണ് സത്യം. ഏതോ തരുണീമണിയുടെ കത്രികപ്പൂട്ടിൽ പെട്ട് പുളയുന്ന കുന്നപ്പിള്ളിയെ വീണ്ടും കളത്തിലിറക്കിയാൽ പെരുമ്പാവൂർ കൈവിട്ടുപോകുമെന്ന് കോൺഗ്രസിലെ കെ.സി.ക്കും വി.ഡി.ക്കും കൃത്യമായി അറിയാം.

​സീറ്റ് നിഷേധിക്കപ്പെട്ട് മനംനൊന്തു നടന്ന കുന്നപ്പിള്ളി നേരെ ചെന്നത് എ.കെ. ആന്റണിയെന്ന സടകൊഴിഞ്ഞ സിംഹത്തിന്റെ മടയിലേക്കാണ്. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു എന്ന് നമ്മൾ കരുതിയ ആന്റണി, സുധാകരനെ കണ്ണൂർ സീറ്റിൽ സമാധാനിപ്പിച്ചതുപോലെ കുന്നപ്പിള്ളിക്കും വേണ്ടുവോളം ' മനസ്സമാധാനംനൽകി വിട്ടു. സീറ്റ് നിഷേധിക്കപ്പെട്ട് നിരാശ ബാധിച്ചു നടക്കുന്ന നേതാക്കളുടെ അത്താണിയാണ് ഇപ്പോൾ അന്തോണിച്ചൻ

 മകൻ അനിൽ ആന്റണിയെ ബിജെപിയിലേക്ക് വിട്ട ശേഷം സ്വന്തം വീട്ടിൽ നഷ്ടപ്പെട്ട മനസ്സമാധാനം ആന്റണി, കുന്നപ്പിള്ളിക്ക് ദാനം നൽകിയത് വലിയൊരു ആശ്വാസമായി. മകന് കൊടുക്കാൻ കഴിയാത്തത് മനംനൊന്തു വന്ന എം.എൽ.എയ്ക്ക് നൽകാൻ ആന്റണിക്ക് സാധിച്ചു എന്നതാണ് രാഷ്ട്രീയ കേരളത്തിലെ മറ്റൊരു കൗതുക കാഴ്ച.

​സീറ്റ് കിട്ടിയില്ലെങ്കിലും കുന്നപ്പിള്ളി തന്റെ ' മെഴുകൽ പ്രക്രിയ നിർത്താൻ ഭാവമില്ല. എലിസബത്ത് ആന്റണി കൃപാസനത്തിൽ പോയി മകന്റെ രാഷ്ട്രീയ ഭാവിക്ക് വേണ്ടി മുട്ടുകുത്തി പ്രാർത്ഥിച്ചതുപോലെ, കുന്നപ്പിള്ളിയും കുടുംബവ്വം വല്ല പള്ളികളിലും പോയി അടുത്ത ഊഴത്തിനായി പ്രാർത്ഥിക്കുമോ എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. എന്തായാലും കുന്നപ്പിള്ളിയുടെ സിനിമ സ്‌റ്റൈൽ ലുക്കും ഗോഗോ വിളികളും പെരുമ്പാവൂരിൽ ഇത്തവണ ചിലവാകില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് കവിതയെഴുത്തും വായനയും  കൊണ്ട് തൽക്കാലം അഡ്ജസ്റ്റ് ചെയ്യുന്നതാണ് ബുദ്ധി.
-കെ എ സോളമൻ

Friday, 20 March 2026

പ്രസാദ രൂപേണ വിപ്ലവ വിമർശനം

#പ്രസാദരൂപേണ #വിപ്ലവ #വിമർശനം!
​സ്വന്തം വകുപ്പിൽ പത്തു ചീരത്തൈകൾ മുളപ്പിക്കാൻ പെടാപ്പാട് പെട്ട മന്ത്രി പ്രസാദ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുടെ മൊത്തവ്യാപാരി ചമയുന്നു.
വൈരുദ്ധ്യാത്മക ഭൗതികവാദവുമായി സഖാവ് ജി. സുധാകരനെ അളക്കാൻ അദ്ദേഹം ഇറങ്ങിയിരിക്കുന്ന കാഴ്ച വളരെ രസകരമായിട്ടുണ്ട്.

 ഭാരതാംബയുടെ ചിത്രം കണ്ടാൽ ഷോക്കടിക്കുന്ന പ്രസാദിന്, ആഡംബര ബസിലിരുന്ന് സാധാരണക്കാരെ ദൂരദർശിനിയിലൂടെ നോക്കിക്കണ്ട ശീലമേയുള്ളൂ. ഊരാളുങ്കൽ വക ഉടൻ പൊളിയും നിർമ്മിതികൾ വികസനമായി കൊട്ടിഘോഷിക്കുമ്പോൾ, ചേർത്തലയിലെ മണ്ണിൽ പ്രസാദ് വിതച്ചതിനേക്കാൾ വലിയ വീറും വാശിയും സുധാകരൻ എന്ന രാഷ്ട്രീയ ഭീഷ്മർക്ക് പണ്ടേയുണ്ട്.  എം.എ. ബേബി പോലും ബഹുമാനത്തോടെ നോക്കുന്ന സുധാകരനെതിരെ പ്രസാദ് നടത്തിയ പ്രസംഗം കേട്ടാൽ തോന്നും സി.പി.ഐ ഇപ്പോൾ സി.പി.എമ്മിന്റെ സദാചാര പോലീസ്' പണി കൂടി ഏറ്റെടുത്തുവെന്ന്!

​സുധാകരന്റെ രാഷ്ട്രീയ എതിരാളികളെ സുഖിപ്പിക്കാൻ പ്രസാദ് നടത്തിയ ഈ പ്രകടനം അങ്ങേയറ്റം വിഷലിപ്തമാണ്. നവകേരള ബസിന്റെ പുഷ്ബാക്കിലിരുന്നു പുറത്തുനിന്ന സാധാരണക്കാരെ കാണാതിരുന്ന മന്ത്രി, സുധാകരന്റെ രാഷ്ട്രീയ ധാർമ്മികതയെക്കുറിച്ച് കൂടുതൽ ക്ലാസ്സെടുക്കാതിരുന്നാൽ ചിലപ്പോൾ കെട്ടിവെച്ച കാശ് കിട്ടിയേക്കും.

സുധാകരൻ ചേർത്തലയിൽ വന്ന് നാട്ടുകാരോടു സൗമ്യമായി സംസാരിക്കാൻ തീരുമാനിച്ചാൽ, പ്രസാദിന്റെ വിപ്ലവ മൂല്യങ്ങൾ വെട്ടിയ വഴയില പോലെ വാടിപ്പോകുമെന്നുറപ്പ്. സുധാകരനെപ്പോലൊരു അതികായനെതിരെ വിമർശനം തൊടുക്കുന്നത് അല്പം ആലോചിച്ചിട്ടു മതി..
-കെ എ സോളമൻ

Tuesday, 17 March 2026

ജനസേവനം എന്ന കസേരകളി

#ജനസേവനം #എന്ന #കസേരകളി.
​ഡൽഹിയിലെ തണുപ്പും മടുപ്പും മാറ്റി അല്പം നാടൻ കാറ്റേൽക്കാൻ കൊതിക്കുന്ന പാവം എംപിമാരെ നമ്മൾ തെറ്റിദ്ധരിക്കരുത്. അഞ്ച് വർഷത്തേക്ക് വോട്ടർമാർ ചാർത്തിക്കൊടുത്ത വിധി വെറുമൊരു കടലാസ് കഷ്ണമാണെന്നും, അതിനേക്കാൾ വലുത് നിയമസഭയിലെ ' അധികാരക്കസേര ആണെന്നും തിരിച്ചറിയുന്ന ഇവരുടെ ദീർഘവീക്ഷണം അപാരമാണ്.

പാർലമെന്റിൽ പോയി ശമ്പളം വാങ്ങി ഉറങ്ങുന്നതിനേക്കാൾ  സ്വന്തം നാട്ടിലെ ഭരണസിരാകേന്ദ്രത്തിൽ ഇരുന്നുകൊണ്ട് കുറച്ചു സമ്പാദ്യം ഉണ്ടാക്കുന്നതാണ് മെച്ചം എന്ന തിരിച്ചറിവ് സാമ്പത്തിക ഭദ്രതയ്ക്കുള്ള തത്രപ്പാടായി വേണം കാണാൻ. 

ഉപതിരഞ്ഞെടുപ്പ് വരുത്തിവെക്കുന്ന കോടികളുടെ ബാധ്യത പൊതുജനത്തിന്റെ നടുവൊടിക്കുമെങ്കിലും, സ്വന്തം പോക്കറ്റ് വീർപ്പിക്കാനുള്ള വ്യഗ്രതയിൽ ഇത്തരം ചില്ലറ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ ജനപ്രതിനിധികൾക്ക് നേരമില്ല.
​ജനാധിപത്യമെന്നത് ഇവർക്ക് കസേര കളി പോലെയാണ്; ഒരു കസേരയിൽ നിന്ന് അടുത്തതിലേക്ക് ചാടുമ്പോൾ വോട്ടർമാരുടെ മുഖത്തേൽക്കുന്ന അടി വിശ്വാസവഞ്ചനയുടെ കരിനിഴലാണെന്ന് ഇവർ സൗകര്യപൂർവ്വം മറക്കുന്നു. 

പുതുമുഖങ്ങൾക്കും യോഗ്യരായ പൗരന്മാർക്കും വഴിമാറിക്കൊടുക്കുന്നത് പോയിട്ട്, രാഷ്ട്രീയത്തിലെ ഈ  അള്ളിപ്പിടിത്തക്കാർ' അഴിമതിയുടെ പുതിയ അധ്യായങ്ങൾ രചിക്കാനാണ് മത്സരിക്കുന്നത്.

തനിക്ക് ലഭിച്ച ജനവിധി കാലഹരണപ്പെട്ടതാണെന്നും അധികാരം കൂടുതൽ സമ്പാദിക്കാനാണെന്നും ഉള്ള ഇവരുടെ നിലപാട് പൊതുസേവനത്തെയല്ല, മറിച്ച് ലജ്ജയില്ലാത്ത  ആർത്തിയെയാണ് വിളിച്ചോതുന്നത്. രാജിയും ഉപതിരഞ്ഞെടുപ്പും ഇവർക്കൊരു വിനോദമായിരിക്കാം, പക്ഷേ ജനാധിപത്യം വഞ്ചിക്കപ്പെടുന്നുവെന്നത് വോട്ടർമാരെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണ്.

എം പി മാർക്ക് സ്ഥാനം രാജിവെക്കാതെ എംഎൽഎ സീറ്റിലേക്ക് മത്സരിക്കാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിൽ ആ നിയമം പൊളിച്ചടുക്കേണ്ട സമയം കഴിഞ്ഞു. അതിന് നമ്മുടെ നിയമ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ജനമാണ് ഇക്കൂട്ടരെ തിരഞ്ഞുപിടിച്ച് തോൽപ്പിക്കേണ്ടത്.

നമ്മുടെ ഭാവി എപ്പോഴും അവ്യക്തവും മൂടൽമഞ്ഞു നിറഞ്ഞതും ആയിരിക്കും, പക്ഷേ ഒരു അത്യാഗ്രഹി  പ്രതിനിധിയായി  അധികാരത്തിൽ വന്നാൽ, ഭാവി കൂടുതൽ അവ്യക്തവും മൂടൽമഞ്ഞു നിറഞ്ഞതും ആയിമാറും

-കെ എ സോളമൻ

Sunday, 15 March 2026

ജി_സുധാകരൻ #എന്തുകൊണ്ടു #സ്വതന്ത്രനാകുന്നു?

#ജി_സുധാകരൻ #എന്തുകൊണ്ടു #സ്വതന്ത്രനാകുന്നു?
ആലപ്പുഴയിൽ രാഷ്ട്രീയ പാർട്ടികളിൽ ഇപ്പോൾ ഒരു പുതിയ ഭാഷയും പുതിയ വ്യാകരണവും രൂപപ്പെട്ടതുപോലെയുണ്ട്. പാർട്ടി വിട്ട ഒരാളെ “സഖാവ്” എന്നു വിളിച്ചാൽ അത് വലിയ കുറ്റമാണെന്നാണ് ചില പ്രവർത്തകർ സദസ്സിൽ നിന്നുതന്നെ  വിളിച്ചുപറയുന്നത്.

സഖാവ് എന്ന പദം ഇത്രയും മഹത്തായതാണെന്ന വിശ്വാസം സഖാക്കൾക്കു മാത്രമേ ഉണ്ടാകു;  മറ്റുള്ളവർ ആ പദത്തെ എങ്ങനെ കാണുന്നുവെന്ന് അറിയണമെങ്കിൽ  സാമൂഹ്യമാധ്യമങ്ങളിൽ ഒന്ന് ചുറ്റിക്കറങ്ങുകയേ വേണ്ടൂ. "സ്വർണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ " എന്നാണ് പരക്കെ കേൾക്കുന്ന ജനഗീതം.

ആലപ്പുഴയുടെ രാഷ്ട്രീയ ചരിത്രം നോക്കിയാൽ, അവിടെ പല നേതാക്കളും പലപ്പോഴായി പാർട്ടികൾ മാറിയും സഖ്യങ്ങൾ പുതുക്കിയും നടന്നിട്ടുള്ളവരാണ്. സുധാകരനെ സഖാവ് എന്നു വിളിക്കുന്നത്  വലിയ അപരാധമെന്ന് പറയുന്നവരെയെല്ലാം  സഖാവ് ആക്കിയത് അദ്ദേഹമാണ്.  യഥാർത്ഥത്തിൽ ആലപ്പുഴയിൽ സഖ്യതയുടെ വലിയ പാഠം പഠിപ്പിച്ചവരിൽ പ്രമുഖൻ 63 വർഷം പാർട്ടി ചുമതല വഹിച്ച സുധാകരൻ അല്ലാതെ മറ്റാരാണ്? സുധാകരൻ തൻ്റെ രഷ്ട്രീയ ഗുരുവാണെന്ന് പാർട്ടി സെക്രട്ടറി എം എ ബേബി തന്നെ പ്രസ്താവിച്ചിട്ടുണ്ട്.

അംഗത്വം പുതുക്കാതെ സ്വതന്ത്രനായി മത്സരിക്കാൻ പോകുന്നതാണ് ചിലർക്കിപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പാതകമായി തോന്നുന്നത്. എന്നാൽ അതേ സുധാകരൻ ഏതെങ്കിലും  പാർട്ടിയിൽ ചേർന്നിരുന്നെങ്കിൽ അതു രാഷ്ട്രീയത്തിന്റെ സ്വാഭാവിക പ്രക്രിയയെന്നായി അവർ തന്നെ വിശേഷിപ്പിച്ചേനെ. 

കോൺഗ്രസിനോടുള്ള ആഭിമുഖ്യം അദ്ദേഹം തുറന്നു പറഞ്ഞാൽ ഇണ്ടി സഖ്യത്തിലേക്ക് തള്ളിക്കളയാനും, സ്വതന്ത്രനായി നിൽക്കുകയാണെങ്കിൽ കുറ്റപ്പെടുത്താനും തയ്യാറായ ഈ രാഷ്ട്രീയ തർക്കശാസ്ത്രം കേട്ടാൽ തോന്നുക,  അദ്ദേഹത്തിന് ശാന്തമായി പ്രവർത്തിക്കാൻ കഴിയുന്ന ഏക സ്ഥലം ഇനി ബിജെപിയാണെന്നതാണ്.
അതുകൊണ്ട് അദ്ദേഹം ബി ജെ പി യിൽ ചേർന്നു ശക്തമായ നിലപാട് എടുക്കുകയായിരുന്നു വേണ്ടത്. അധിക്ഷേപം നടത്തുന്ന കുറെപ്പേരുടെ വായ് അതോടെ താനെ അടയും.

രാഷ്ട്രീയത്തിൽ ഇക്കാലത്ത്  സഖ്യങ്ങളും സൗഹൃദങ്ങളും മണിക്കൂറുകൾക്കുള്ളിൽ മാറും. ഇന്ന് പറഞ്ഞ പുരുഷമായ വാക്കുകൾ നാളെ വെള്ളം തൊടാതെ വിഴുങ്ങേണ്ടിയും വരും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ  പ്രസംഗങ്ങളിലും ആരോപണങ്ങളിലും അല്പം സംയമനം പാലിക്കുന്നതാണ് നല്ലതെന്ന് പാർട്ടി നേതാക്കൾ മനസ്സിലാക്കിയാൽ നന്ന്. 

 ജി. സുധാകരൻ തൻ്റെ പഴയ രാഷ്ട്രീയ പാർട്ടിയിൽ തുടരാതെ വിട്ടുപോകുന്നതിനുള്ള  പ്രധാനകാരണം സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ളതല്ല, മറിച്ച് തന്നെക്കാൾ താഴ്ന്നവരാൽ ഭരിക്കപ്പെടേണ്ടിവരുമെന്ന ചിന്തയാണ്.
-കെ എ സോളമൻ

Wednesday, 11 March 2026

ജനസേവനത്തിൻ്റെ പുതുവഴികൾ

#ജനസേവനത്തിന്റെ #പുതുവഴികൾ
കേരള രാഷ്ട്രീയത്തിലെ അപൂർവ പ്രതിഭാസങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് കെ ബി ഗണേഷ്കുമാർ എന്ന ഗണേശൻമന്ത്രി. ജനസേവനത്തിന്‍റെ പുതിയ മാനദണ്ഡം കണ്ടെത്തിയതുപോലെയാണ് അദ്ദേഹം സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും.

കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ മണിയറ രഹസ്യങ്ങൾ പോലും പൊതുജന വിനോദ പരിപാടിയാക്കി മാറ്റുന്ന അദ്ദേഹത്തിൻ്റെ കഴിവ് അപാരം. പൊതു പ്രവർത്തനം എന്ന വാക്കിന് പുതിയ അർത്ഥതലങ്ങൾ കണ്ടെത്തിയിരിക്കുകയാണ് അദ്ദേഹം. 5000 സ്ത്രീകളുടെ പ്രണയ സാഫല്യം ഒറ്റയ്ക്കു പൂർത്തികരിച്ചു കൊടുക്കുമ്പോൾ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിൻ്റെ  വകുപ്പിലെ കെഎസആർടിസി  ബസുകൾ സ്റ്റീയറിംഗ് ഇല്ലാതെ ഓടിയാലുംഅദ്ദേഹത്തിന് അതു പ്രശ്നമല്ല

ഇതെല്ലാം നടന്നുകൊണ്ടിരിക്കുമ്പോഴും മന്ത്രിസഭയിലെ കസേര അതേപടി ഉറപ്പിച്ചു നിർത്താൻ അദ്ദേഹത്തിന് അറിയാം. അട്ടക്കുളങ്ങര ജയിൽ റിസോർട്ടിൽ ഉല്ലാസവാസം നടത്തിയ ഒരു സ്ത്രീ എഴുതി എന്ന് അവകാശപ്പെടുന്ന ഒരു കത്തുപയോഗിച്ചാണ് അദ്ദേഹം ഉമ്മൻചാണ്ടിയെ താഴെയിറക്കിയതും. പിണറായിയെ കസേരയിൽ ഉപവിഷ്ടനാക്കിയതും. പിണറായിക്ക് അതു മറക്കാനാവില്ല,
അതുകൊണ്ടാണ് കിഴൂട്ട് നാടകം സൃഷ്ടിച്ച പ്രകമ്പനം സർക്കാർ നിശ്ശബ്ദമായി സഹിക്കുന്നതും മന്ത്രിയെ സംരക്ഷിക്കുന്നതും.
വിവാദങ്ങൾക്കും വിചിത്ര പ്രസ്താവനകൾക്കും സംസ്ഥാനം സാക്ഷ്യം വഹിക്കുമ്പോൾ എല്ലാം സുഖകരം എന്ന ആലസ്യത്തിലാണ് സർക്കാർ.

ഗണേശൻമന്ത്രിയുടെ നെടുനീളൻ കുൽസിതങ്ങൾ കണ്ടുകൊണ്ട് എങ്ങനെ നിശ്ശബ്ദമായി നിൽക്കാൻ പത്തനാപുരം  ജനങ്ങൾക്കു കഴിയുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. 
രാഷ്ട്രീയത്തിലെ ഇത്തരം സ്ത്രീലമ്പടന്മാരുടെ  ജഗുപ്സാവഹ നാടകങ്ങൾ തുടരണോ വേണ്ടയോ എന്ന് ജനങ്ങൾ ഇനിയെങ്കിലും തീരുമാനിക്കണം.

ഒരു സ്ത്രീലമ്പടൻ സ്ത്രീകളെ പ്രണയിക്കുന്നുവെന്ന് പറയുന്നത് ഒരു കൊലയാളി തൻ്റെ കൊലകളെ സ്നേഹിക്കുന്നുവെന്ന് പറയുന്നതു പോലെയാണ്.
-കെ എ സോളമൻ

അഭിനന്ദനങ്ങൾ സഞ്ജു സാംസൺ

#അഭിനന്ദനങ്ങൾ #സഞ്ജു_സാംസൺ
ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശമായി മാറിയ സഞ്ജു സാംസൺ, തന്റെ അസാമാന്യമായ ബാറ്റിംഗ് മികവിലൂടെയും കായികക്ഷമതയിലൂടെയും  ലോകത്തിന്റെയാകെ പ്രശംസ ഏറ്റുവാങ്ങി. ക്രീസിലെ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും, സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ ടീമിനെ വിജയത്തിലേക്ക് നയിക്കാനുള്ള കഴിവും സഞ്ജുവിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു.

അന്താരാഷ്ട്ര തലത്തിൽ അദ്ദേഹം കൈവരിച്ച ഓരോ നേട്ടവും ഇന്ത്യൻ ക്രിക്കറ്റിന്റെ യശസ്സ് ഉയർത്തി. കോടിക്കണക്കിന് വരുന്ന ക്രിക്കറ്റ് പ്രേമികൾക്ക്, പ്രത്യേകിച്ച് മലയാളി സമൂഹത്തിന് വലിയ അഭിമാനമാണ് ഇതു നൽകുന്നത്. ഒരു കേരളീയൻ എന്ന നിലയിൽ സഞ്ജുവിന്റെ ഓരോ വിജയവും ഓരോ മലയാളിയുടെയും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന വലിയൊരു ആഘോഷമായി മാറിയിരിക്കുന്നു.

​കളിക്കളത്തിലെ മികവിനൊപ്പം തന്നെ സഞ്ജുവിനെ ജനപ്രിയനാക്കുന്നത് അദ്ദേഹത്തിന്റെ വിനയപൂർവ്വമായ പെരുമാറ്റവും മാതൃകാപരമായ സ്വഭാവശുദ്ധിയുമാണ്. തൻ്റെ ബാല്യകാല സുഹൃത്തുക്കളോടും നാട്ടുകാരോടും എന്തിന് തന്നെ വീട്ടിൽ നിന്ന് ബസ്റ്റാൻറിലേക്കും തിരിച്ചും എത്തിച്ച ഓട്ടോറിക്ഷ തൊഴിലാളിക്കുളംടുപോലും അദ്ദേഹം തന്റെ നേട്ടം പങ്കുവെക്കുന്നു.

വിജയങ്ങളിലും പരാജയങ്ങളിലും ഒരുപോലെ സൂക്ഷിക്കുന്ന ആത്മസംയമനവും, സഹതാരങ്ങളോടും ആരാധകരോടും കാണിക്കുന്ന ബഹുമാനവും അദ്ദേഹത്തെ ഒരു യഥാർത്ഥ കായിക പ്രതിഭയാക്കുന്നു. താൻ കടന്നുവന്ന വഴികളെ മറക്കാതെ, ലാളിത്യത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന സഞ്ജു പുതിയ തലമുറയിലെ താരങ്ങൾക്ക് ഒരു വലിയ മാതൃകയാണ്.

മികച്ച പ്രകടനങ്ങളിലൂടെയും നന്മനിറഞ്ഞ വ്യക്തിത്വത്തിലൂടെയും ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ സ്വന്തമായൊരിടം ഉറപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 

അഭിനന്ദങ്ങൾ.സഞ്ജു സാംസൺ. കൂടുതൽ നേട്ടങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു.
-കെ എ സോളമൻ

Sunday, 8 March 2026

കേരളം രക്ഷപെടണമെങ്കിൽ

#കേരളം രക്ഷപെടാൻ ബിജെപി #അധികാരത്തിൽ വരണം.
​കേരളത്തെ കടക്കെണിയിലാക്കിയ ഇടത് സർക്കാരിനും അവർക്ക് ഒത്താശ പാടുന്ന കോൺഗ്രസ് രാഷ്ട്രീയത്തിനും അറുതിവരുത്താൻ ബിജെപിയുടെ കരുത്തുറ്റ മുന്നേറ്റം അനിവാര്യമായിരിക്കുകയാണ്. 

6.5 ലക്ഷം കോടി രൂപയുടെ ഭീമമായ കടബാധ്യതയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ട ഭരണകൂടവും, പുറമെ എതിർപ്പ് പ്രകടിപ്പിക്കുമ്പോഴും ദേശീയ തലത്തിൽ 'ഇണ്ടി'  സഖ്യത്തിന്റെ ഭാഗമായി പന്തിഭോജനം നടത്തുന്ന കോൺഗ്രസും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്.

 ബിജെപിയുടെ വളർച്ച തടയാൻ കെ. മുരളീധരനെപ്പോലുള്ള നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ വെറും രാഷ്ട്രീയ പാപ്പരത്തമാണ്. മറ്റ് പാർട്ടികളിൽ നിന്ന് ആളുകളെ ഇറക്കുമതി ചെയ്തല്ല, മറിച്ച് നിലവിലെ ദുർഭരണത്തിൽ മനംമടുത്ത കേരളത്തിലെ സാധാരണ ജനങ്ങൾ സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ബിജെപിയെ നെഞ്ചേറ്റുന്നതാണ് ഇന്ന് നാം കാണുന്ന മാറ്റത്തിന്റെ കാതൽ.

​അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ ഇടത്-കോൺഗ്രസ് മുന്നണികളെ തുരത്തി കേരളത്തെ രക്ഷിക്കാൻ ബിജെപി അധികാരത്തിൽ വരണമെന്നത് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളുമെന്ന വ്യാമോഹം നടക്കില്ലെന്ന് മാത്രമല്ല, വികസന മുരടിപ്പും സാമ്പത്തിക തകർച്ചയും സമ്മാനിച്ച പഴയ രാഷ്ട്രീയ ശൈലികളെ ജനങ്ങൾ തന്നെ തൂത്തെറിയും. 

വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ജനങ്ങളെ വിഭജിക്കുന്ന സഖ്യങ്ങൾക്കൊന്നും ബിജെപിയുടെ ജനകീയ മുന്നേറ്റത്തെ തടയാനാവില്ല. ജനപക്ഷത്ത് നിന്നുള്ള വികസനവും സുതാര്യമായ ഭരണവും ഉറപ്പാക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള ഒരു പുതിയ രാഷ്ട്രീയ ക്രമമാണ് കേരളം ഇനി ആഗ്രഹിക്കുന്നത്.
-കെ എ സോളമൻ

Saturday, 7 March 2026

ലവാൻ അല്ലെടാ ലേവൻ

#ലവാൻ #അല്ലെടാ #ലേവൻ
മട്ടാഞ്ചേരി വാർഫിനു സമീപമുള്ള അതീവ സുരക്ഷാ മേഖലയിൽ കടന്നുകയറി ഇറാൻ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർ പിടിയിലായെന്നു വാർത്ത. ഇതു കേട്ടപ്പോൾ ആദ്യം തോന്നിയത്; ഇവർ വാർത്ത തേടിപ്പോയതോ, അതോ കപ്പലിന്റെ പേര് ശരിയായി ഉച്ചരിക്കാൻ ക്ലാസ് എടുക്കാനോ എന്നായിരുന്നു. ലവൻ ആണോ, ലാവൻ ആണോ, ലവാൻ ആണോ എന്ന് പോലും തിരിച്ചറിയാത്ത അവസ്ഥ. 

ബ്രേക്കിങ് ന്യൂസ്” സൃഷ്ടിക്കുക എന്നതാണ് ഓരോ ചാനലിന്റെയും പ്രധാന ലക്ഷ്യം. റിപ്പബ്ലിക് ചാനൽ ആയാലും മരംമുറി ചേനൽ ആയാലും ഉദ്ദേശ്യം ഒന്നുതന്നെ. അതിനുവേണ്ടി മരിക്കാൻ വരെ ഇക്കൂട്ടർ തയ്യാറാണ്. അതുകൊണ്ടാണ് സിഐഎസ്എഫ്  അനുമതി നിഷേധച്ചിട്ടും മറൈൻ ഡ്രൈവിൽ നിന്ന് വാടക ബോട്ട് എടുത്ത് നിരോധിത മേഖലയിലേക്ക്  കടന്നത്. വാർത്ത ശേഖരണത്തേക്കാൾ വിവരശൂന്യതയുടെ സാഹസിക  പ്രകടനമാണ് ഇവർ അവിടെ നടത്തിയത്..

അതിലും രസകരമായിട്ടുള്ളത് മറ്റൊന്നാണ്. ഐ.ആർ.ഐ.എസ് ലവൻ ഇറാന്റെ യുദ്ധക്കപ്പലാണെങ്കിൽ, യുദ്ധകാലത്ത് അതുപയോഗിച്ച്യു യുദ്ധം ചെയ്യാതെ ഇവിടെ മട്ടാഞ്ചേരി വാർഫിന് സമീപം പാർക്ക് ചെയ്തിരിക്കുന്നത് എന്തിന്?   യുദ്ധകാലത്തല്ലേ യുദ്ധക്കപ്പലിന്റെ ആവശ്യം? 
 
യുദ്ധക്കപ്പലിനെ യുദ്ധത്തിന് അയയ്ക്കാതെ, കേരളത്തിലെ തുറമുഖത്ത് ബ്രേക്കിങ് ന്യൂസ്’ സൃഷ്ടിക്കാനായി ഡോക്ക് ചെയ്യുക എന്നത് ഇറാന്റെ തന്ത്രമാണോ എന്ന് സംശയിക്കുന്നവരുണ്ട്.  ചില ചാനലുകൾക്ക് ടി ആർ പിയും,  റിപ്പോർട്ടർമാർക്ക് റിമാൻഡും ഇതിലൂടെ ലഭിക്കുമെന്ന സൗകര്യമുണ്ട്. . മറ്റുള്ളവർക്ക് ഇതെല്ലാം ഒരു ലൈവ് ടെലിവിഷൻ റിയാലിറ്റി ഷോയായി തോന്നുകയും ചെയ്യും.
-കെ എ സോളമൻ

Friday, 6 March 2026

കേരള ഭരണം അവസാന ലാപ്പിൽ

#കേരളഭരണം #അവസാന ലാപ്പിൽ
കേരളത്തിലെ ഇപ്പോഴത്തെ ഭരണസംവിധാനം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു എന്നതിന് പുതിയ തെളിവുകൾ കണ്ടു തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളിൽ ഇടപെട്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ  കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടത് ഭരണകൂടത്തിന്റെ “സൃഷ്ടിപരമായ നിയമന ശൈലിക്ക്” ചെറിയൊരു ഇടവേള നൽകിയെന്നു തോന്നുന്നു.

 ആരെയും എവിടെയും നിയമിക്കാം, അതിന് അക്ഷരാഭ്യാസം പോലും വേണ്ട. എന്ന സർക്കാർ സ്വാതന്ത്ര്യം അല്പ മൊന്നു ചുരുങ്ങി. ചില ഓഫീസുകളുടെ വാതിൽക്കൽ ഐഎഎസ് മാത്രമേ പ്രവേശിക്കാവൂ എന്ന ബോർഡ് പതിപ്പിക്കേണ്ട അവസ്ഥയാണെന്നാണ് കേൾവി. എക്സൈസ് കമ്മീഷണർ സ്ഥാനം ഉൾപ്പെടെ ചില കസേരകൾ ഇനി കേഡർ പട്ടിക നോക്കി മാത്രമേ നിറയ്ക്കാനാകൂ എന്നത് ഭരണകൂടത്തിന് പുതിയൊരു ഭരണപരിചയമായി മാറി..

 രാഷ്ട്രീയ അന്തരീക്ഷവും പതുക്കെ മാറുന്നുവെന്ന സൂചനകൾ വേറെയും കാണാം. മുമ്പ് മൈക്കിലൂടെ മുഴങ്ങിക്കേട്ട കുന്തം കൊടച്ചക്രം വാക്കുകൾക്ക് പകരം മന്ത്രിമാർ ഇപ്പോൾ കുറച്ച് സൗമ്യമായ ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു, പോലീസിന്റെ അടിമ ശബ്ദം അല്പം മാറിയത് വലിയ ആശ്വാസമാണ്, ഇടയ്ക്കിടെ തിരിച്ചെത്തുന്ന ലോഡ് ഷെഡ്ഡിംഗും  തൂത്തു വൃത്തിയാക്കിയ ആറ്റുകാൽ ക്ഷേത്ര പരിസരങ്ങൾ വീണ്ടും ശുചിയാക്കാൻ പാർട്ടി കേഡറുകൾ ഇറങ്ങുന്നതും ഭരണമാറ്റത്തിന് മുൻപുള്ള ട്രെയ്‌ലർ എന്ന്  വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.  

ഓരോ ജില്ലയിൽ നിന്നുമുള്ള പ്രമുഖ മാർക്സിസ്റ്റ് നേതാക്കൾ പാർട്ടി വിട്ട് പുറത്തേക്ക് നടക്കുന്നതും അവരെ "ഘർവാപ്പസി "ക്ക് പ്രേരിപ്പിക്കാൻ നേതാക്കളിൽ പെട്ട വട്ടപ്പൊട്ടുകാരികൾ വരെ വീടു കേറി ഇറങ്ങുന്നതും കാണാൻ നല്ല കൗതുകം.  കേരളത്തിൽ പുതിയ സർക്കാർ വരാനുള്ള തയ്യാറെടുപ്പാണോ ഇതെല്ലാം എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ സംശയം.
-കെ എ സോളമൻ

Tuesday, 3 March 2026

കുടുംബം, പാർട്ടി, പ്ലാറ്റ്ഫോം

#കുടുംബം, #പാർട്ടി, #പ്ളാറ്റ്ഫോം
ആരോഗ്യമന്ത്രി വീണാ ജോർജ് ഇനി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ജോർജ് ജോസഫ് സിപിഎം നേതൃത്വത്തിന് കത്ത് നൽകി. ഇതോടെ കേരള രാഷ്ട്രീയത്തിന് പുതിയൊരു കുടുംബനീതിശാസ്ത്രം ലഭിച്ചിരിക്കുന്നു. ഭാര്യ മത്സരിക്കാതിരിക്കാൻ ഭർത്താവ് ആവശ്യപ്പെടും, ഭർത്താവ് മത്സരിക്കാതിരിക്കാൻ ഭാര്യ ആവശ്യപ്പെടും.

 നേരിട്ട് ഭാര്യയോട് പറയാവുന്ന കാര്യം പാർട്ടിയോട് ഔദ്യോഗികമായി അറിയിക്കുന്ന ഈ വിവാഹ ഡിപ്ലോമസി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലും ചർച്ചയായി. ഇതുവരെയും പാർട്ടി സീറ്റ് കിട്ടാതെ വിഷണ്ണനായിരിക്കുന്ന തോമസ് ഐസക്ക്, വീണ ജോർജിന്റെ കത്ത് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ടും നൽകി.  ആറന്മുള സീറ്റിൽ ഇനി ഐസക്ക് മത്സരിക്കട്ടെ എന്ന പാർട്ടി തന്ത്രവും ഇതിന് പിന്നിൽ ഉണ്ടോ എന്ന് സംശയിക്കണം. ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരുചുക്കുമറിയില്ല എന്നതാണല്ലോ പൊതുവൃത്താന്തം .

പാർട്ടി സെക്രട്ടറിഎം വി ഗോവിന്ദൻ ഭാര്യ പി കെ ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കുമ്പോളാണ് പത്തനംതിട്ടയിൽ മറ്റൊരു ഭർത്താവ് ഭാര്യയെ സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെടുന്നത്. വിചിത്രമായ ഈ അഭ്യർത്ഥന കണ്ടാൽ തോന്നുക ഭാര്യ മത്സരിച്ചാൽ ഉടനെ ജയിക്കും എന്നാണ്. ഇത്തരം ധ്വനി വിരുദ്ധത സൂചിപ്പിക്കുന്നത് നമ്പർവൺ കേരളത്തിൽ രാഷ്ട്രീയം മാത്രമല്ല, കുടുംബവും സമരത്തിലാണ് എന്നതാണ്.

ഇതൊക്കെ  കേട്ടാൽ ഒരുകാര്യം വ്യക്തം: വീണാ ജോർജ് മത്സരിച്ചാൽ ജയിക്കുമോ എന്ന ഭയമല്ല, തോറ്റാൽ ആരാണ് ഉത്തരവാദി എന്ന ഭർത്തൃചിന്തയാണ് പ്രധാന വിഷയം. ആരോഗ്യ മന്ത്രിയായി നടത്തിയ പ്രകടനം ജനങ്ങൾക്കറിയാം എന്ന ബോധ്യമാണ് ഈ കത്തിനുള്ള യഥാർത്ഥ പ്രരണ. 

അതിനിടയിൽ മാധ്യമപ്രവർത്തകരുടെ മുന്നിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന വീണാ ജോർജിന്റെ നാടകീയ പ്രകടനവും കൂടി ചേർന്നാൽ, ഈ രാഷ്ട്രീയ സീരിയൽ ഇനി ‘കുടുംബം, പാർട്ടി, പ്ലാറ്റ്‌ഫോം’ എന്ന മൂന്നു ഭാഗങ്ങളുള്ള ഒരു മഹാനാടകം തന്നെയായി മാറും.  രാഷ്ട്രീയം ഒരു അഴുക്കുചാലാണെന്നും അതിൽ ഇറങ്ങുന്നവർക്ക് അഴുക്ക് പുരളുമെന്നുമാകാം മന്ത്രി ഭർത്താവിൻറെ കത്തിന്റെ സാരം.
-കെ എ സോളമൻ

Saturday, 28 February 2026

ചിരിയുടെ മഹാമാരി

#ചിരിയുടെ #മഹാമാരി
ചിരി മനുഷ്യന് ലഭിച്ച ഏറ്റവും വലിയ ഔഷധമാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. കോർട്ടിസോൾ കുറച്ച് എൻഡോർഫിൻ വർധിപ്പിക്കുന്ന ഈ പ്രകൃതിദത്ത മരുന്ന് ഇനി സർക്കാർ നയമായി മാറുന്ന കാലമാണെന്ന് തോന്നുന്നു. കാരണം കേരളത്തിൽ ഇപ്പോൾ ചിരിയുടെ മഹാമാരി പടർന്നിരിക്കുകയാണ്. പുഞ്ചിരി മുതൽ പൊട്ടിച്ചിരി വരെ എല്ലാ വകഭേദങ്ങളും മുഖ്യമന്ത്രിയുടെ മുഖത്ത് ഒരുമിച്ച് പരീക്ഷിക്കപ്പെടുന്ന കാലം. 

കഴിഞ്ഞ അഞ്ചു വർഷം അല്പാല്പം ചിരിച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ കുടിശ്ശിക നിവാരണം പോലെ ഉദ്ഘാടന വേദികളിൽ തുടർച്ചയായ ചിരി വിതരണം വേണ്ടിവരില്ലായിരുന്നു. പത്രങ്ങളിലെ ഉദ്ഘാടന പരസ്യങ്ങൾ കണ്ടാൽ പാതിവെന്ത ബിരിയാണി പോലെ. കണ്ടാൽ കഴിക്കണമെന്നു തോന്നും, പക്ഷേ കഴിച്ചാൽ വയറ്റിൽ എന്ത് സംഭവിക്കും എന്ന് അറിയില്ല.

അതിനിടയിൽ മോഹൻലാലുമായി ഒപ്പം ചേർന്നിരുന്ന് തയ്യാറാക്കിയ എപ്പിസോഡിൽ മുഖ്യമന്ത്രി ചിരിയോട് ചിരി. രജനികാന്തിൻ്റെ ഇടിപ്പടങ്ങൾ ചിരിച്ചുകൊണ്ട് കാണുന്ന മുഖ്യമന്ത്രി ജയിലർ സിനിമയിലെ തലവെട്ട് രംഗം കണ്ടിട്ടു ചിരി നിർത്തിക്കാണില്ല എന്നാണ്  എപ്പിസോഡ് കണ്ടവരുടെ അനുമാനം.

 ശാസ്ത്രം പറയുന്നത് ചിരി പ്രതിരോധശേഷി കൂട്ടുമെന്നാണെങ്കിൽ, രാഷ്ട്രീയ ശാസ്ത്രം പറയുന്നത് ചിരി വോട്ടർമാരുടെ ക്ഷമശേഷി പരിശോധിക്കുമെന്നായിരിക്കും.
ഇതെല്ലാം കണ്ട പ്രതിപക്ഷ നേതാക്കൾക്കൾക്കുണ്ടായത് ലളിതമായൊരു സംശയം: ഇലക്ഷന് മുമ്പേ ഇത്രയു മങ്ങു ചിരിച്ചുമറിഞ്ഞാൽ, ഇലക്ഷൻ കഴിയുമ്പോൾ എന്ത് ചെയ്യും എന്നാണ്. ജനങ്ങൾ വല്ലാത്ത പ്രതിസന്ധിയിലാണ്, ഇതൊക്കെ കണ്ടു ചിരിക്കണോ, കരയണോ എന്നറിയാതെ.

ഇവിടെ ഒരു വശത്ത് എൻഡോർഫിൻ ഉത്പാദിപ്പിക്കുന്ന ചിരി.  മറുവശത്ത് ഭരണം ഓർക്കുമ്പോൾ കോർട്ടിസോൾ കൂട്ടുന്ന ചിരി. ഒടുവിൽ കേരളം ലോകത്തിന് നൽകുന്ന പുതിയ സന്ദേശം ഇതായിരിക്കും: ചിരി ആരോഗ്യത്തിന് മെച്ചം, എന്നാൽ അമിതമായ ചിരി രാഷ്ട്രീയ പാർശ്വഫലങ്ങൾ ഉണ്ടാക്കും.

ആസൂത്രിതമായ ചിരിയേക്കാൾ നിരാശാജനകമായി മറ്റൊന്നുമില്ല
-കെ എ സോളമൻ

Friday, 27 February 2026

മന്നംസമാധി പൊതുസ്മാരകമാക്കണം

#മന്നംസമാധി #പൊതുസ്മാരകമാക്കണം
എൻ എസ് എസ്യുടെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്വീകരിച്ച നിഷോധാത്മക നിലപാട് രാജ്യത്തിന്റെ ഭരണഘടനാപരമായ ബഹുമാനത്തെയും പൊതുസ്ഥലങ്ങളുടെ ജനാധിപത്യ സ്വഭാവത്തെയും ചോദ്യം ചെയ്യുന്നതാണ്. ഭാരതത്തിന്റെ ഉപരാഷ്ട്രപതിക്കു പോലും മന്നം സമാധിയിൽ പ്രവേശനം നിഷേധിക്കുന്നത് വ്യക്തിപരമായ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പ്രകടനമല്ലാതെ മറ്റൊന്നുമല്ല. 

മന്നം എന്ന  മഹാനായ വ്യക്തിയുടെ സ്മാരകം ഏതെങ്കിലും സംഘടനയുടെ സ്വകാര്യ കോട്ടയല്ല; അത് കേരളത്തിന്റെ സാമൂഹിക ചരിത്രത്തിന്റെ പൊതുസ്മാരകമാണ്. ബിജെപി നേതാക്കളെ അകറ്റിനിർത്തണമെന്ന നിർബന്ധം കാണിച്ചു ഭരണഘടനാപദവിയിലുള്ളവരെ പോലും അപമാനിക്കുന്ന ഈ സമീപനം സംഘടനയെ ജനാധിപത്യവിരുദ്ധമായി മാറ്റുകയാണ്. ഇത് അനുവദനീയമല്ല, രാഷ്ട്രത്തിന്റെ സുപ്രധാന പദവികളോടുള്ള അവഹേളനമാണ് ഇതിലൂടെ നടക്കുന്നത്.

ഇത്തരം നടപടികൾക്കെതിരെ കേന്ദ്ര സർക്കാരിനു നിയമപരവും ഭരണപരവുമായ ഇടപെടൽ നടത്താൻ കഴിയും. മന്നം സമാധിയെ പൊതുസ്മാരകമായി പ്രഖ്യാപിച്ച് കേന്ദ്രത്തിൻ്റെ അല്ലെങ്കിൽ സംസ്ഥാനത്തിൻ്റെ നിയന്ത്രണത്തിൽ കൊണ്ടുവരണം. അവിടെ പൊതുജനങ്ങൾക്ക് സ്വതന്ത്രമായി പ്രവേശിക്കാനും പുഷ്പാർച്ചന നടത്താനും സൗകര്യം ഒരുക്കണം. സുരക്ഷയും ശുചിത്വവും ഉറപ്പാക്കുകയും വേണം. 

ഒരു സ്വകാര്യ സംഘടനയുടെ തീരുമാനപ്രകാരം രാഷ്ട്രപദവിയിലുള്ളവർക്ക് പോലും വിലക്ക് ഏർപ്പെടുത്താൻ അനുവദിക്കുന്നത് അപകടകരമായ പ്രവണതയാണ്.  അതിനാൽ എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ ഈ  നിലപാടിനെ ശക്തമായി അപലപിക്കേണ്ടതും, മന്നം സമാധിയെ എല്ലാവർക്കും തുറന്ന കൊടുക്കുന്ന പൊതുസ്മാരകമാക്കി മാറ്റാനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കേണ്ടതുമാണ്.
-കെ എ സോളമൻ

Thursday, 26 February 2026

ശബ്ദമലിനീകരണം തടയേണ്ടത് സാമൂഹിക ഉത്തരവാദിത്വം

#ശബ്ദമലിനീകരണം #തടയേണ്ടത് #സാമൂഹിക #ഉത്തരവാദിത്വം
രാത്രി 10 മണിക്ക് ശേഷം മൈക്കും ഉച്ചഭാഷിണിയും നിരോധിച്ച സർക്കാർ നിർദ്ദേശങ്ങൾ നടപ്പാക്കേണ്ടത് നിയമപരമായ ബാധ്യത മാത്രമല്ല, സാമൂഹിക ഉത്തരവാദിത്വവുമാണ്. എന്നാൽ ചില കലാകാരന്മാരും പരിപാടി നടത്തിപ്പുകാരും ഇതിനെ ചോദ്യം ചെയ്യുന്നതും, രാത്രി മുഴുവൻ പരിപാടി വേണം, നാട്ടുകാർ ഉറങ്ങരുത്, എന്ന തരത്തിലുള്ള സമീപനം സ്വീകരിക്കുന്നതും അങ്ങേയറ്റം ജനവിരുദ്ധമാണ്. 

ഉത്സവവും ആഘോഷവും സമൂഹത്തിന് സന്തോഷംനൽകാൻ ഉള്ളതാണ് അല്ലാതെ  രോഗികളെയും പ്രായമായവരെയും കുട്ടികളെയും പീഡിപ്പിക്കുന്ന ശബ്ദയാതനകൾ ആകരുത്. ഏഴു മണിക്ക് ആരംഭിച്ചാൽ പത്തുമണിക്ക് തന്നെ പരിപാടി മാന്യമായി അവസാനിപ്പിക്കാം. അതിന് തയ്യാറാകാത്തത് കലയുടെ സ്വാതന്ത്ര്യമല്ല, നിയമലംഘനവും സാമൂഹിക അഹങ്കാരവുമാണ്. ആരാധനാലയങ്ങളിലെ ചടങ്ങുകൾ പോലും മൈക്ക് ഇല്ലാതെ 10 മണിക്കു ശേഷം നടത്താവുന്ന സാഹചര്യമുണ്ട്. എങ്കിൽപോലും ചെണ്ടമേളവും വാദ്യാഘോഷവും നടത്തി ജനങ്ങളുടെ ഉറക്കം കവർന്നെടുക്കുന്ന കൂട്ടരുണ്ട്. ഒരു വിധത്തിലും ന്യായീകരിക്കാൻ കഴിയില്ല ഇത്തരം ശബ്ദ കോലാഹലം.

ശബ്ദമലിനീകരണത്തിനെതിരായ നിയമത്തിൽ വെള്ളം ചേർക്കാൻ ഒരു സമൂഹത്തിനും അവകാശമില്ല. ഓണാഘോഷമാകട്ടെ, ഉത്സവമാകട്ടെ, രാഷ്ട്രീയമോ സാംസ്കാരികമോ ആയ പരിപാടിയാകട്ടെ, രാത്രി 10 മണിക്ക് ശേഷം മൈക്ക് ഒഴിവാക്കുക എന്നത് ചർച്ചാവിഷയമല്ല, അനിവാര്യതയാണ്. ഈ നിയമം കർശനമായി നടപ്പാക്കാൻ പോലീസ് മുന്നോട്ടുവരണം.  നിയമം ലംഘിക്കുന്നവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. ശബ്ദം കുറയുമ്പോൾ മാത്രമേ പൊതുജനങ്ങൾക്ക് സമാധാനം ലഭിക്കൂ, രോഗികൾക്ക് ആശ്വാസം ഉണ്ടാകൂ, കുട്ടികൾക്ക് ആരോഗ്യകരമായ ഉറക്കം ലഭിക്കൂ. 

മൈക്ക് രഹിതമായി ആഘോഷിക്കാൻ അനവധി വഴികളുള്ളപ്പോൾ, എന്തിനാണ് ചിലർ ഹൈ ഡസിബൽ ശബ്ദം ഉണ്ടാക്കി സാധാരണ മനുഷ്യരുടെ സ്വൈരം കവർന്നെടുക്കുന്നത്? ഇത് സംസ്കാരമല്ല, ക്രൂരതയാണ്, ഇതിനെതിരെ സമൂഹം ശക്തമായി പ്രതികരിക്കണം.
- കെ എ സോളമൻ

പേശിവലിവ് ഒരു ദേശീയ ദുരന്തം

#പേശിവലിവ് #ഒരുദേശീയദുരന്തം
ആരോഗ്യ വകുപ്പുമന്ത്രി വീണാജോർജിൻ്റെ ചികിത്സാ കഥ കേട്ടാൽ തോന്നും അവരുടെ കഴുത്തിലെ പേശിയല്ല, സർക്കാരിന്റെ പി.ആർ. പേശിയാണ് വലിഞ്ഞതെന്ന്. ഒരു പെയിൻകില്ലർ കൊണ്ട് തീരാവുന്ന വേദനയ്ക്ക് എംആർഐയും എംആർ ആൻജിയോഗ്രാമും, മെഡിക്കൽ ബോർഡും, ബോർഡിന് മുകളിൽ  ബോർഡും ചേർന്ന് എൽ ഡി എഫ് സർക്കാർ അസംബന്ധ നാടകം കളിക്കുന്നു. ഏതു കഠിന ഹൃദയനെയും കരയിപ്പിക്കുന്നതാണ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ്റെ കഥന കഥാപ്രസംഗം
ഇതൊക്കെ കണ്ടാൽ തോന്നുക ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നത് ആശുപത്രികളല്ല, മറിച്ച് നാടകസെറ്റുകളാണെന്ന്. 

റെയിൽവേ സി.സി.ടി.വി.യുടേത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പറയുന്നത് അക്രമം നടന്നില്ല എന്നാണ്. പക്ഷെ സർക്കാർ റിപ്പോർട്ടുകളിൽ പ്രതിപാദിക്കുന്നത് പേശിവലിവ് എന്ന  ദേശീയ ദുരന്തത്തെപറ്റിയാണ്.  ഡോക്ടർമാരുടെ എത്തിക്സും മെഡിക്കൽ ഉപകരണങ്ങളും ചേർന്ന് ഒരു നാടകമൊരുക്കുമ്പോൾ, ചോർന്നുപോകുന്നത് പൊതുജനങ്ങളുടെ വിശ്വാസമാണ്.

ഇതിനിടയിൽ കെ.എസ്.യുക്കാരെ റിമാൻഡ് ചെയ്ത് ക്രമസമാധാനം ഉറപ്പാക്കിയെന്ന സർക്കാർ വിശദീകരണം കേട്ടാൽ തോന്നും , സമാധാനം  ജയിലിന്റെ മതിലുകൾക്കുള്ളിൽ മതി. പുറത്തു വേണ്ട എന്ന്. സർക്കാരിൻറെ കെടുകാര്യസ്ഥതയ്ക്കെതിരെ
പ്രതിഷേധം സ്വാഭാവികം; പക്ഷേ അതിനെ ആക്രമണ നാടകംആക്കി മാറ്റി അധികാരത്തിന്റെ തിരക്കഥ എഴുതുന്നത് ദുരന്ത കോമഡിയാണ്. മന്ത്രിസഭയിലെ പുരുഷ മന്ത്രിമാരുടെ താളത്തിന് തുള്ളി, ആരോഗ്യവകുപ്പ് ഒരു സർക്കസ് ക്യാമ്പായി മാറ്റുന്നതുകാണുന്നോൾ ജനങ്ങൾ ചിന്തിക്കുന്നത് വകുപ്പ് മന്ത്രിയുടെ ബുദ്ധിക്കുറവിനെ കുറിച്ചാണ്.

 ആരോഗ്യ വകുപ്പിൽ ജനങ്ങൾ ഇപ്പോൾ കാണുന്നത് ചികിത്സയല്ല, മറിച്ച് ജയിൽ വകുപ്പിൽ  ചപ്പാത്തി പരത്തി ലാഭം എടുക്കുന്നത് പോലുള്ള  കഥകളാണ്. തമ്മിൽതല്ലി തലകീറിയും, പാർട്ടി ഓഫീസ് തല്ലിപ്പൊളിച്ചും മുന്നേറുന്ന ഇണ്ടി സഖ്യത്തിലെ ഘടകകക്ഷികളോടു പറയാനുള്ളത് രക്തസാക്ഷികളെ സൃഷ്ടിക്കരുത് എന്നാണ്. പ്രായോഗിക ബുദ്ധിയുടെ അഭാവമാകും  തൻറെ പഴയകാല അഭിനയത്തികവും ചാനൽ കെട്ടുപാടും ഉപയോഗിച്ച് മുങ്ങിത്താഴുന്ന കപ്പലിനെയും അതിലെ കാരണഭൂത് ക്യാപ്റ്റനെയും താങ്ങി നിർത്താമെന്ന
വീണാമന്ത്രിയുടെ കൈവിട്ട കളിക്കു കാരണം.
-കെ എ സോളമൻ

Tuesday, 24 February 2026

മലബാർ മാജിക്

#മലബാർ #മാജിക്
സർക്കാരിന്റെ പുതിയ ഭരണസൂത്രവാക്യമായി “ആരേലും ചോദിച്ചാൽ, ഉടൻ പേര് മാറ്റാം " എന്നായാൽ നന്നായിരിക്കും.ഇന്നലെ മലബാർ മിസ്റ്ററി, ഇന്ന് മിന്നൽ മാജിക്; നാളെ എന്തായിരിക്കും , “മഴവിൽ മാജിക്, മസ്കിറ്റോ വണ്ടർ?” 

ഒരു ബ്രാൻഡിക്ക് പേരിടാൻമന്ത്രിസഭ വേണ്ട, മന്ത്രിയുടെ പ്രസ് മീറ്റും വേണ്ട. ക്യാപ്റ്റൻ, കപ്പൽ, കപ്പിത്താൻ, കാരണഭൂത്  എന്നിങ്ങനെ ഒത്തിരി കെ- പേരുള്ളപ്പോൾ എന്തിനാണ് പുതിയ ഒരു പേര് ? തദ്ദേശീയ ബ്രാണ്ടി പുറത്തിറക്കിയാൽ ടൂറിസം വികസിക്കുമെന്നാണ് എക്സൈസ് മന്ത്രി പറയുന്നത്.  പക്ഷേ ടൂറിസത്തെ കുറിച്ച് പറയാൻ യോഗ്യനായ ടൂറിസം മന്ത്രിയുടെ പൊടി പോലും പരിസരത്തൊന്നും കാണുന്നില്ല. തൊഴിലായ്മയും വിലക്കേറ്റവും ഒക്കെ പരണത്താക്കി, ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക ബോധവും മാറ്റി വെച്ച് മദ്യത്തിന് പേരിടുക എന്ന ഒറ്റ പ്രക്രിയയിൽ എത്തിനില്ക്കുകയാണ് ഭരണയന്ത്രം

മലബാർ എന്ന വാക്ക് കേട്ടാൽ ആരുടെയോ നെറ്റി ചുളിയുമെന്ന ഭയത്തിൽ, സർക്കാരിന്റെ ആത്മവിശ്വാസം തന്നെ ബ്രാണ്ടിക്കുപ്പിയിലെ ലേബലിനൊപ്പം അഴിച്ചുമാറ്റുന്ന കാഴ്ചയാണ് നാം കാണുന്നത്  ഇതേ തർക്കലോജിക്ക് തുടർന്നാൽ നാളെ മലബാർ ക്രിസ്ത്യൻ കോളേജ് മിന്നൽ കോളേജും, മലബാർ സിമന്റ് മിന്നൽ സിമൻ്റും ആകുമെന്നു തീർച്ച.

ജനങ്ങൾക്ക് റോഡും ആശുപത്രിയും ജോലി അവസരവും വേണമെന്നു പറയുന്ന കാലത്ത്, സർക്കാരിൻ്റെ ഏറ്റവും വലിയ ഭരണപരിഷ്‌കാരം ബ്രാണ്ടിയുടെ പേര് മാറ്റലാണ്. ഇതാണ് വികസനം എങ്കിൽ നട്ടെല്ല് വേണ്ട, നെഞ്ചത്ത് ഒരു സ്റ്റിക്കർ മതി: “ഇന്നത്തെ പേര്, നാളത്തെ പേര്, സാഹചര്യാനുസരണം.” 

സത്യത്തിൽ മിന്നൽ പോലെ മാറുന്നത് ബ്രാണ്ടിയുടെ പേരല്ല, സർക്കാരിന്റെ തീരുമാനങ്ങളിലെ സ്ഥിരത തന്നെയാണ്.
- കെ എ സോളമൻ

ഡേറ്റ ചോർത്തൽ

#ഡേറ്റ #ചോർത്തൽ
സർക്കാർ പറയുന്നത് “ഡിജിറ്റൽ കേരളം” എന്നാണ്; ഹൈക്കോടതി പറയുന്നത് “ഡിജിറ്റൽ ചോർത്തൽ” എന്നും. സ്പാർക്കിൽ സൂക്ഷിച്ചിരുന്ന ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് കാണുമ്പോൾ തോന്നുന്നു, ഇത് ഇന്റർനെറ്റിലൂടെ വന്നതല്ല, ടെലിപതി വഴിയാണ് എത്തിയതെന്ന്. 

വ്യക്തിഗത ഡേറ്റകൾ ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന മുൻ ഉത്തരവ് ഉണ്ടെന്ന കാര്യം സർക്കാരിന് അറിയില്ല. ഇത്തരം നാട്യം  നമ്പർ വൺ സംസ്ഥാനത്തിന്റെ വലിയൊരു ഭരണപരിഷ്കാരമാണ്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്ന് കേരള ഹൈക്കോടതി പറഞ്ഞപ്പോൾ സർക്കാർ മറുപടി പറയുന്നത് എവിടെ നിന്നു കിട്ടിയെന്നു തങ്ങൾക്കു അറിയില്ല എന്നാണ്. 

സ്പ്രിംഗ്ലറിൽ തുടങ്ങിയ ഡേറ്റാ മഹായാത്ര ഇപ്പോൾ മെസ്സേജ് സംവിധാനത്തിലേക്കെത്തിയിരിക്കുന്നു. ജനങ്ങൾക്ക് തിരിക മറുപടി കൊടുക്കാൻ  പോലും സൗകര്യമില്ലാത്ത ഏകപക്ഷീയ സന്ദേശ യാത്ര.  ജനാധിപത്യപരമല്ലാത്ത ഡിജിറ്റൽ ഉപദേശം അവസാനിപ്പിക്കുക തന്നെ വേണം. ജനങ്ങൾക്ക് ആവശ്യമില്ലാത്ത വിവരങ്ങൾ സർക്കാർ പ്രചരിപ്പിക്കുന്നതിനെ കോടതി ചോദ്യം ചെയ്തപ്പോൾ പോലും സർക്കാർ നിലപാട് വിചിത്രം.  ജനങ്ങളുടെ സ്വകാര്യത സർക്കാർ അതിന്റെ പൊതു പദ്ധതിയിൽ പെടുത്തിയിരിക്കുന്നു.

അനധികൃത ഡേറ്റ ചോർത്തലിനെതിരെ കോടതിയെ സമീപിച്ച വ്യക്തികൾ അഭിനന്ദനാർഹരാണ്. അവർ ഇല്ലായിരുന്നെങ്കിൽ സ്വകാര്യത എന്ന വാക്ക് സർക്കാർ ഡിക്ഷണറിയിൽ നിന്ന് തന്നെ ഡിലീറ്റ് ചെയ്തേനേ!

ഏകപക്ഷീയ മെസ്സേജിങ് സമ്പ്രദായത്തിന് തന്നെ ഒടുക്കം ഉണ്ടാകണം. മെസ്സേജ് ലഭിച്ചാൽ തിരികെ മെസ്സേജ് അയക്കാൻ സംവിധാനം വേണം.
-കെ എ സോളമൻ

Sunday, 22 February 2026

മലബാർ മാജിക്

#മലബാർ #മാജിക്
സർക്കാരിന്റെ പുതിയ ഭരണസൂത്രവാക്യമായി “ആരേലും ചോദിച്ചാൽ, ഉടൻ പേര് മാറ്റാം " എന്നായാൽ നന്നായിരിക്കും.ഇന്നലെ മലബാർ മിസ്റ്ററി, ഇന്ന് മിന്നൽ മാജിക്; നാളെ എന്തായിരിക്കും , “മഴവിൽ മാജിക്, മസ്കിറ്റോ വണ്ടർ?” 

ഒരു ബ്രാൻഡിക്ക് പേരിടാൻമന്ത്രിസഭ വേണ്ട, മന്ത്രിയുടെ പ്രസ് മീറ്റും വേണ്ട. ക്യാപ്റ്റൻ, കപ്പൽ, കപ്പിത്താൻ, കാരണഭൂത്  എന്നിങ്ങനെ ഒത്തിരി കെ- പേരുള്ളപ്പോൾ എന്തിനാണ് പുതിയ ഒരു പേര് ? തദ്ദേശീയ ബ്രാണ്ടി പുറത്തിറക്കിയാൽ ടൂറിസം വികസിക്കുമെന്നാണ് എക്സൈസ് മന്ത്രി പറയുന്നത്.  പക്ഷേ ടൂറിസത്തെ കുറിച്ച് പറയാൻ യോഗ്യനായ ടൂറിസം മന്ത്രിയുടെ പൊടി പോലും പരിസരത്തൊന്നും കാണുന്നില്ല. തൊഴിലായ്മയും വിലക്കേറ്റവും ഒക്കെ പരണത്താക്കി, ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക ബോധവും മാറ്റി വെച്ച് മദ്യത്തിന് പേരിടുക എന്ന ഒറ്റ പ്രക്രിയയിൽ എത്തിനില്ക്കുകയാണ് ഭരണയന്ത്രം

മലബാർ എന്ന വാക്ക് കേട്ടാൽ ആരുടെയോ നെറ്റി ചുളിയുമെന്ന ഭയത്തിൽ, സർക്കാരിന്റെ ആത്മവിശ്വാസം തന്നെ ബ്രാണ്ടിക്കുപ്പിയിലെ ലേബലിനൊപ്പം അഴിച്ചുമാറ്റുന്ന കാഴ്ചയാണ് നാം കാണുന്നത്  ഇതേ തർക്കലോജിക്ക് തുടർന്നാൽ നാളെ മലബാർ ക്രിസ്ത്യൻ കോളേജ് മിന്നൽ കോളേജും, മലബാർ സിമന്റ് മിന്നൽ സിമൻ്റും ആകുമെന്നു തീർച്ച.

ജനങ്ങൾക്ക് റോഡും ആശുപത്രിയും ജോലി അവസരവും വേണമെന്നു പറയുന്ന കാലത്ത്, സർക്കാരിൻ്റെ ഏറ്റവും വലിയ ഭരണപരിഷ്‌കാരം ബ്രാണ്ടിയുടെ പേര് മാറ്റലാണ്. ഇതാണ് വികസനം എങ്കിൽ നട്ടെല്ല് വേണ്ട, നെഞ്ചത്ത് ഒരു സ്റ്റിക്കർ മതി: “ഇന്നത്തെ പേര്, നാളത്തെ പേര്, സാഹചര്യാനുസരണം.” 

സത്യത്തിൽ മിന്നൽ പോലെ മാറുന്നത് ബ്രാണ്ടിയുടെ പേരല്ല, സർക്കാരിന്റെ തീരുമാനങ്ങളിലെ സ്ഥിരത തന്നെയാണ്.
- കെ എ സോളമൻ

Saturday, 21 February 2026

സംസ്ഥാന സർക്കാരിൻറെ എൻപി ആർ വിരുദ്ധത

സംസ്ഥാന സർക്കാരിൻറെഎൻ.പി.ആർ വിരുദ്ധത
​ഭാരതത്തിന്റെ ഫെഡറൽ സംവിധാനത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികര വിഭജനം വ്യക്തമാണ്. എന്നാൽ, ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ പി ആർ) നടപ്പിലാക്കില്ലെന്ന കേരള സർക്കാരിന്റെ വാശി, ഭരണഘടനാപരമായ തത്വങ്ങളുടെ ലംഘനവും രാജ്യത്തിന്റെ സുരക്ഷാ-വികസന താല്പര്യങ്ങൾക്ക് വിഘാതവുമാണ്. ഈ നിലപാടിനെ വസ്തുനിഷ്ഠമായി പരിശോധിച്ചാൽ പലവിധ പോരായ്മകൾ പ്രകടമാകും'

​ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം സെൻസസ്, പൗരത്വം തുടങ്ങിയവ പൂർണ്ണമായും കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങളാണ്. ആർട്ടിക്കിൾ 256 അനുസരിച്ച്, പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണ്. ഇതിന് വിരുദ്ധമായി ഒരു സംസ്ഥാന സർക്കാർ നിലപാടെടുക്കുന്നത് ഭരണഘടനാപരമായ ഒരു പ്രതിസന്ധി സൃഷ്ടിക്കും.. കേന്ദ്ര നയങ്ങളോട് രാഷ്ട്രീയമായ വിയോജിപ്പുകൾ ആകാം, എന്നാൽ അത് ഭരണപരമായ നിസ്സഹകരണത്തിലേക്ക് വളരുന്നത് രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കും.

​ഒരു രാജ്യത്തിന്റെ വികസന പദ്ധതികൾ കൃത്യമായി ആസൂത്രണം ചെയ്യുന്നതിന് അവിടെയുള്ള ജനങ്ങളെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ അത്യാവശ്യമാണ്. അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താനും വിഭവങ്ങൾ കൃത്യമായി കൈമാറാനും  എൻ.പി.ആർ  ഉപകരിക്കും. 2010-ലും 2015-ലും നടന്ന എൻ.പി.ആർ വിവരശേഖരണത്തിന്റെ തുടർച്ച മാത്രമാണിത്. അന്ന് സഹകരിച്ചവർ ഇന്ന് രാഷ്ട്രീയം പറഞ്ഞ് ഇതിനെ എതിർക്കുന്നത് നീതീകരിക്കാനാവില്ല
​രാജ്യത്തെ ജനങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നത് ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. അനധികൃത കുടിയേറ്റം തടയുന്നതിനും ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം ഡാറ്റാബേസുകൾ ലോകത്തെ എല്ലാ വികസിത രാജ്യങ്ങളിലും നിലവിലുണ്ട്. ഇതിനെ പൗരത്വവുമായി മാത്രം ബന്ധിപ്പിച്ച് ഭീതി പടർത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനേ ഉപകരിക്കൂ.
​കേരളത്തിന്റെ ഈ നീക്കം ഭരണപരമായ കാരണങ്ങളേക്കാൾ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ളതാണെന്ന വിമർശനം ശക്തമാണ്. സെൻസസ് നടപടികളിൽ നിന്ന് എൻ.പി.ആറിനെ മാത്രം മാറ്റിനിർത്തുന്നത് ഉദ്യോഗസ്ഥ തലത്തിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കും. ഒരു സംസ്ഥാനം മാത്രം മാറി നിൽക്കുന്നത് രാജ്യത്തിന്റെ ആകെത്തുകയിലുള്ള വിവരശേഖരണത്തെ  സാരമായി ബാധിക്കുകതന്നെ ചെയ്യും.​.

ഫെഡറലിസം എന്നത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് സഹകരണമാണ്. രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ജനാധിപത്യപരമായ മറ്റ് വഴികളുണ്ട്. എന്നാൽ, രാജ്യത്തിന്റെ ഭരണഘടനാപരമായ പ്രക്രിയകളെ സ്തംഭിപ്പിക്കുന്നത് ആരോഗ്യകരമായ ഒരു കീഴ് വഴക്കമല്ല. ദേശീയ താല്പര്യത്തേക്കാൾ രാഷ്ട്രീയ താല്പര്യത്തിന് മുൻതൂക്കം നൽകുന്ന ഇത്തരം നിലപാടുകൾ സംസ്ഥാന സർക്കാർ പുന:പരിശോധിക്കേണ്ടതുണ്ട്.

സംസ്ഥാന സർക്കാരിൻറെഎൻ.പി.ആർ വിരുദ്ധത ഭരണഘടനാപരമായ ബാധ്യതകളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ഇത് അംഗീകരിക്കില്ല.
YF
- കെ എ സോളമൻ


K A Solaman, Kaithakkal, SL Puram PO, Alappuzha DT, Kerala 688523
Ph 9142020185
(കെ എ സോളമൻ, എസ് എൽ പുരം )

Wednesday, 18 February 2026

നമ്പർവൺ ലിക്വർസ്റ്റേറ്റ്

#നമ്പർവൺ #ലിക്വർസ്റ്റേറ്റ്
സ്കൂളുകളാണ് തുറക്കുന്നത്, ബാറുകളല്ലെന്ന് മുദ്രാവാക്യം മുഴക്കി അധികാരത്തിലേറിയ സർക്കാർ, പിണറായി 1.0 കഴിഞ്ഞ് പിണറായി 2.0 അവസാനിക്കുമ്പോൾ “ബാറുകളാണ് തുറക്കുന്നത്, ബാക്കിയൊക്കെ അടയ്ക്കാം” എന്ന പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്ന പോലെ തോന്നുന്നു.

ഭരണത്തിൻ്റെ പാലം കുലുങ്ങുമ്പോൾ കുപ്പി തുറക്കുക എന്നതാണ് കേരളത്തിലെ ഏറ്റവും സ്ഥിരതയുള്ള സാമ്പത്തിക പദ്ധതി. ഈ തിരിച്ചറിവിന്റെ ഫലമായാണ് ബാറുകളുടെ പ്രവർത്തന സമയം രാത്രി 12 വരെ നീട്ടിയത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഫണ്ട് ശേഖരിക്കാനുള്ള ‘ലിക്വിഡ് ബജറ്റ്’ ആണിതെന്ന് പൊതുജനം കരുതുന്നതിൽ തെറ്റല്ല.

അയൽ സംസ്ഥാനങ്ങളെ മാതൃകയാക്കിയാണ് തീരുമാനം എന്ന മന്ത്രി വിശദീകരണം കേട്ടാൽ, നാളെ ടൂറിസം വളർത്താൻ 24 മണിക്കൂർ ‘വെൽക്കം ഡ്രിങ്ക്’ പദ്ധതി വരുമോ എന്ന് പോലും സംശയം തോന്നും. കേരളത്തിൽ ടൂറിസം എന്ന് പറഞ്ഞാൽ കടൽത്തീരം, കായൽ, കാടുകൾ അല്ല; കുപ്പിയും കപ്പും കൌണ്ടറുമാണെന്ന് പണ്ടേ ഉറപ്പിച്ചവരാണ് നമ്മൾ. മൂന്നാറിലേക്ക് ക്ഷണിക്കുന്നതും അതിനുതന്നെ. ഇതിൽ മാറ്റം വരുത്തരുത് എന്നതാണ് സർക്കാരിന്റെ സാംസ്കാരിക സംരക്ഷണ നയം..

രാത്രി പത്ത് മണിക്ക് അടച്ചാലും വീട്ടിലെത്താത്ത കുടിയന്മാർ, പന്ത്രണ്ടായാലും വഴിതെറ്റി നടക്കുമെന്ന സത്യമാണ് ഈ നയത്തിന്റെ ഏറ്റവും വലിയ സാമൂഹ്യ സംഭാവന. “കുടിയന്റെ കണ്ണിൽ പകൽ പോലും രാത്രി” എന്ന പഴമൊഴി ഇന്നത്തെ ഭരണതത്വമായി മാറിയിരിക്കുന്നു. 

മദ്യവർജന സമരക്കാർക്കാണ് ഏറ്റവും വലിയ ദുഃഖം; ഇടതന്മാർ ഭരിക്കുമ്പോൾ അവർക്കൊരുവിധപ്പെട്ട സമരവുമില്ല. വലതന്മാർ വന്നാൽ മാത്രമാണ് അവർക്കു സമരം. അതുകൊണ്ട് തന്നെ അടുത്ത സർക്കാർ വന്നാൽ മദ്യവർജന സമരത്തിന് പുതുജീവൻ ലഭിക്കുമെന്ന പ്രതീക്ഷയും ഇപ്പോൾ കുപ്പിക്കുള്ളിൽ തിളങ്ങുന്നു. 

ഇങ്ങനെ സ്കൂൾ അടയ്ക്കാതെ ബാർ തുറന്ന്, സംസ്കാരത്തെ കുപ്പിയിൽ നിറച്ച്, തെരഞ്ഞെടുപ്പ് ഫണ്ടിനെ ഗ്ലാസിലാക്കി കുടിക്കുന്ന ഭരണകൂടം ലോകത്തിന് മുന്നിൽ കേരളത്തെ ‘നമ്പർ വൺ ലിക്വർ സ്റ്റേറ്റ്’ ആക്കാനുള്ള മഹത്തായ ദൗത്യത്തിലാണ്. അതുകൊണ്ട് നമുക്ക് "ഒന്നായി തുടരാം", ലിക്വർ സ്റ്റേറ്റായി!
-കെ എ സോളമൻ

Monday, 16 February 2026

പ്രായാധിക്യം ബുദ്ധിയെ ബാധിക്കും

#പ്രായാധിക്യം #ബുദ്ധിയെ #ബാധിക്കും
മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യർ കേരളത്തെക്കുറിച്ച് നടത്തിയ പ്രസ്താവന രാഷ്ട്രീയ വിലയിരുത്തലിനേക്കാൾ വ്യക്തിപരമായ വികാരപ്രകടനമായാണ് തോന്നുന്നത്.  കേട്ടറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് പറയുന്നത് ഗൗരവമുള്ള രാഷ്ട്രീയ നിരീക്ഷണമല്ല, മറിച്ച് ഏകപക്ഷീയമായ പ്രശംസാപരമായ പ്രചാരണമാണ്.  ഈ പി ആർ വർക്കിന് എന്ത് തടഞ്ഞു എന്ന് അയ്യർ വ്യക്തമാക്കിയാൽ ചിത്രം കുറെ കൂടി തെളിഞ്ഞു കിട്ടും.

ഒരു സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ നേരിട്ട് മനസ്സിലാക്കാതെയും ജനങ്ങളുടെ പ്രയാസങ്ങളും വിമർശനങ്ങളും പരിഗണിക്കാതെയും ഇത്തരമൊരു വിധി പ്രസ്താവന  ഒരു മുതിർന്ന നേതാവിൻ്റേതായി വരാൻ പാടില്ലായിരുന്നു. “ഗാന്ധിയൻ സത്യം” എന്ന പേരിൽ അദ്ദേഹം പറഞ്ഞ വാക്കുകളിൽ പിണറായിക്ക് വേണ്ടിയുള്ള രാഷ്ട്രീയ ന്യായീകരണം മാത്രമേയുള്ളൂ.

കോൺഗ്രസ് നേതാക്കളെ വ്യക്തിപരമായി അപമാനിക്കുന്ന പരാമർശങ്ങൾ അയ്യരുടെ രാഷ്ട്രീയ സംസ്കാരത്തെ തന്നെ ചോദ്യം ചെയ്യുന്നു. ശശി തരൂർ ഒന്താണെന്നും, കെ സി വേണുഗോപാൽ റൗഡിയാണെന്നുമുള്ള വിവാദ പരാമർശങ്ങൾ പക്വതയുടെ അടയാളമല്ല. വാക്കുകളുടെ നിയന്ത്രണം നഷ്ടപ്പെട്ട ഇത്തരം നിലപാടുകൾ കൊണ്ട്  ചെറുതാകുന്നത് മറ്റുള്ളവരല്ല ,  സ്വയം തന്നെയാണെന്ന് അയ്യർ മനസ്സിലാക്കിയാൽ കൊള്ളാം.

 കേരളത്തെക്കുറിച്ച് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ വിധിയെഴുതുന്ന അയ്യരുടെ ഈ നിലപാട്, “പ്രായാധിക്യം ബുദ്ധിയെ ബാധിക്കും” എന്ന പഴമൊഴിയെ സാക്ഷ്യപ്പെടുത്തുന്ന തരത്തിലാണ്. കേരളത്തിൻ്റ യാഥാർത്ഥപ്രശ്നങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത് അവിടെ താമസിക്കുന്ന ജനങ്ങളാണ്, അല്ലാതെ ടൂറിസ്റ്റ് പാക്കേജിൽപ്പെട്ടു റിസോർട്ടുകളിൽ പന്തിഭോജനത്തിന് എത്തുന്ന, പല്ലുപോയ, ശോഷിച്ച കുതിരകളല്ല.
- കെ എ സോളമൻ

Sunday, 15 February 2026

ക്രൈം ഫെസ്റ്റിവൽ

#ക്രൈംഫെസ്റ്റിവൽ
ചാനലുകളും പത്രങ്ങളും തുറന്നാൽ കേരളം ഒരു ക്രൈം ഫെസ്റ്റിവൽ നടത്തുകയാണോ എന്നു തോന്നും. വിവാഹ റിസപ്ഷനിൽ കുപ്പിവെള്ളം ചോദിച്ചതിന് പാതിരപ്പള്ളിയിൽ കത്തിക്കുത്ത്, കോഴിക്കോട് ടൗൺ എസ്‌ഐയെ പഴയ കേസുകളിൽ പ്രതിയായ ഒരാൾ കുത്തിപ്പരുക്കേൽപ്പിക്കുന്നു, തിരുവനന്തപുരത്ത്  മാളിനകത്ത് പോലീസ് ഓഫീസറെ ആക്രമിച്ചവർക്ക് പകരം പോലീസ് ഓഫീസർക്കെതിരെ കേസ്.  

ഇതൊക്കെ കേട്ടാൽ  കേരളം നിയമത്തിന്റെ നാടല്ല, കങ്കാരു കോടതി  ആണെന്ന് തോന്നിപ്പോകും. ചെറിയൊരു വാക്കേറ്റം പോലും  നേരെ സംഘർഷത്തിലും കത്തിക്കുത്തിലും അവസാനിക്കുന്നു. കുപ്പിവെള്ളം മുതൽ കുപ്പായം വരെ എല്ലാം ജീവനും മരണവും നിശ്ചയിക്കുന്ന വിഷയങ്ങളായി മാറിയ കാലം. ബാഗിൽ വെടിയുണ്ടയുമായി പണ്ടൊരാൾ നടന്ന പോലെ  എളിയിൽ കത്തിയുമായി നടക്കുന്ന കീലേരിജനം.!

അതേസമയം, ഭരണക്കാർ പോകുന്നത് ഇതൊന്നും വലിയ പ്രശ്നമല്ലെന്ന മട്ടിലാണ്. പോലീസിനു പോലും സുരക്ഷിതത്വമില്ലാത്ത നാടിനെ ക്രമസമാധാനത്തിന്റെ മാതൃക എന്ന് വിശേഷിപ്പിക്കുന്നതിന് അപാരമായ തൊലിക്കട്ടി വേണം. തെരുവിലൂടെ നടന്നു പോകാൻ പേടിക്കുന്ന സാധാരണക്കാരനും, കടമ ചെയ്യാൻ മടിക്കുന്ന പോലീസുകാരനും: ഇവർക്കൊപ്പമാണെപ്പോഴുമെന്ന് കേരള സർക്കാർ !

കുറ്റവാളിക്ക് ധൈര്യവും നിയമം പാലിക്കുന്നവന് ഭയവും ഉള്ള ഈ അവസ്ഥയെ വികസനം എന്ന് വിളിക്കണോ, അതോ ഭരണപരാജയത്തിന്റെ ലൈവ് ടെലികാസ്റ്റ് എന്ന് പറയണോ? കേരളം  പഠിപ്പിക്കുന്നത് പുതിയ പാഠമാണ്:  നീതി ലഭിക്കണമെങ്കിൽ ആദ്യം നാം ജീവിച്ചിരിക്കണം!
-കെ എ സോളമൻ

Saturday, 14 February 2026

പിളർപ്പുൽസവം

#പിളർപ്പുൽസവം
കേരള കോൺഗ്രസ് (എം) എന്ന പാർട്ടിയിൽ ‘പാർട്ടി തീരുമാനിക്കും’ എന്ന വാചകം കേൾക്കുമ്പോൾ തന്നെ ചിരി വരും. പാർട്ടി എന്നാൽ ഒരേ ഒരാൾ, അതായത് പാർട്ടി ചെയർമാൻ. പാർട്ടി ചെയർമാൻ പറയുന്നതാണ് പാർട്ടി ഭരണഘടന. ചെയർമാൻ ഇന്നലെ കെ. എം. മാണി, ഇന്ന് മകൻ ജോസ് കെ. മാണി. 

പക്ഷേ ഈ ചെയർമാൻ കസേരയിൽ ഇരുന്ന് പാലാ ഭൂപടം തുറക്കണമോ വേണ്ടയോ എന്ന് ജോസ് കെ മാണി ചിന്തിക്കുമ്പോൾ മറുവശത്ത് മന്ത്രിക്കസേരയിൽ ഇരുന്ന് കണക്കുകൂട്ടുന്ന മറ്റാരാൾ ഉണ്ട്: റോഷി അഗസ്റ്റിൻ. ജോസ് കെ മാണിയുടെ തോൽവിയിൽ തനിക്ക് കിട്ടിയ മന്ത്രി കസേരയിൽ റോഷി അഗസ്റ്റിൽ ഏറെ സന്തുഷ്ടനാണ്. അത് തുടരണമെങ്കിൽ ചെയർമാൻ വീണ്ടും തോൽക്കണം. അതിനു പറ്റിയ മണ്ഡലം പാലാ തന്നെയെന്ന് റോഷി അഗസ്റ്റിൻ കണക്കുകൂട്ടുന്നു

 ചെയർമാൻ പാലായിൽ തന്നെ മത്സരിക്കും എന്ന് റോഷി പ്രഖ്യാപിക്കുമ്പോൾ, അത് സ്വന്തം മന്ത്രിസ്ഥാനം സംരക്ഷിക്കാനുള്ള ജ്യോതിഷ പ്രവചനമാണെന്ന് വ്യാഖ്യാനിക്കുന്നവരും പാർട്ടിയിലുണ്ട്. ജോസ് മാണി പറയുന്നത് തീരുമാനം പാർട്ടി എടുക്കും എന്നാണ്.  പാർട്ടിതീരുമാനം എടുത്താൽ പോലും റോഷി സമ്മതിക്കുമോ എന്നതാണ് യഥാർത്ഥ പ്രശ്നം..

കേരള കോൺഗ്രസിന്റെ ചരിത്രം തന്നെ ഒരു ജ്യാമിതീയ രീതിയിലാണ്: പിളരുക, വളരുക, വീണ്ടും പിളരുക  എന്നതാണ് ആ രീതി.  ഇപ്പോൾ ജോസ് കെ. മാണിക്ക് മുന്നിലുള്ള മഹത്തായ രാഷ്ട്രീയ പരീക്ഷണം റോഷിയെ സ്നേഹത്തോടെ അയാളുടെ വഴിക്കുവിടുക എന്നതാണ്. അങ്ങനെ ചെയ്താൽ പാർട്ടിക്ക് ആശ്വാസമാകും , ഇല്ലെങ്കിൽ  ശ്വാസംമുട്ടും. അതോടെ  റോഷി മറ്റൊരു കേരള കോൺഗ്രസിൻ്റെ പുതിയ പതിപ്പുമായി രംഗത്തിറങ്ങും. അങ്ങനെ ചരിത്രം ആവർത്തിക്കപ്പെടും.

ജോസ് കെ മാണിക്ക് സ്വന്തം ലോഗോയുമായി പാലയിലോ മറ്റു മണ്ഡലങ്ങളിലോ  വീണ്ടും പരീക്ഷണം നടത്താം. പുകഞ്ഞ കൊള്ളി പുറത്തു തള്ളുന്നത് ലോകത്ത് ആദ്യ സംഭവമല്ല. ഒരുപക്ഷേ ജനം ചോദിക്കുമായിരിക്കും "ഇത് തിരഞ്ഞെടുപ്പാണോ, അതോ കേരള കോൺഗ്രസിന്റെ  പിളർപ്പു മഹോൽസവമോ " എന്ന് ' അത് കാര്യമാക്കാനില്ല.
'കെ എ സോളമൻ

Thursday, 12 February 2026

സാഹചര്യബോധവും വേണം

#സാഹചര്യബോധവും #വേണം.
റോഡിൽ അടിയന്തരമായി വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമ്പോൾ, കാൽനടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ, വളരെ മിതവേഗത്തിൽ ഒരു ബൈക്ക് ഫുട്പാത്തിലൂടെ നീങ്ങുന്നത് പലർക്കും പ്രായോഗികമായൊരു പരിഹാരമായി തോന്നാം. എന്നാൽ നിയമപരമായി ഫുട്പാത്ത് പൂർണമായും കാൽനടക്കാർക്കായി മാറ്റിവച്ച സ്ഥലമാണ്; അവിടെ ഏതുവാഹനവും കയറ്റുന്നത് നിയമലംഘനമായിത്തന്നെയാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ പ്രശ്നം ബുദ്ധിമുട്ടുണ്ടാക്കിയോ ഇല്ലയോ എന്നതിലുപരി, നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണോ എന്ന ചോദ്യത്തിലേക്കാണ് എത്തുന്നത്. ഒരാൾക്ക് ഇളവ് അനുവദിച്ചാൽ, മറ്റുള്ളവരും അതേ അവകാശവാദം ഉന്നയിക്കാനും അതുവഴി ഫുട്പാത്തിന്റെ സുരക്ഷ തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട്.

 ഈ സാഹചര്യത്തിൽ ബൈക്ക് തടഞ്ഞ സ്ത്രീയുടെ നടപടി മഹാവിപ്ലവമായി ചാനലുകൾ  ഉയർത്തിക്കാട്ടുന്നതും എല്ലാവരും അങ്ങനെ തന്നെ ഇടപെടണം എന്ന തരത്തിൽ പൊതുവായ ആഹ്വാനം നൽകുന്നതും മന്ത്രി നേരിട്ട് അവരെ അഭിനന്ദിക്കുന്നതും അത്ര നിഷ്പക്ഷമല്ല. കാൽനടക്കാർ ഇല്ലാത്ത സാഹചര്യത്തിൽ, മര്യാദയോടെ നീങ്ങിയ ഒരു യാത്രക്കാരനെ തടഞ്ഞത് അനാവശ്യ സംഘർഷത്തിന് ഇടയാക്കിയേക്കാം. ബൈക്ക് യാത്രക്കാരൻ കടുംപിടുത്തക്കാരൻ അല്ലാത്തതുകൊണ്ട് അയാൾ റോഡിലെ ബ്ലോക്കിലേക്ക് വീണ്ടും ഇറങ്ങുകയായിരുന്നു.

ഇവിടെ ശരിയായ സമീപനം വ്യക്തിയെ ശിക്ഷിക്കുന്നതിലല്ല, മറിച്ച് ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളുടെ അപര്യാപ്തതയെ ചൂണ്ടിക്കാട്ടി അധികാരികൾ പരിഹാരം കാണുന്നതിലായിരിക്കണം. നിയമബോധവും മനുഷ്യസഹജമായ സാഹചര്യബോധവും തമ്മിൽ സന്തുലനം പാലിക്കുമ്പോഴാണ് ഇത്തരം വിഷയങ്ങളിൽ സമൂഹം കൂടുതൽ നീതിപൂർണമായി മുന്നോട്ട് പോകുക. കടുംപിടുത്തമല്ല പ്രായോഗിക സമീപനമാണ് ഒട്ടുമിക്ക കാര്യത്തിലും വേണ്ടത്. ഫുട്പാത്തിൽ അങ്ങോട്ടുമിങ്ങോട്ടും മാറിനിന്ന് ബൈക്ക്  തടഞ്ഞുകൊണ്ടുള്ള ആ സ്ത്രീയുടെ പ്രകടനം  അത്രപന്തിയുള്ളതായി തോന്നിയില്ല. മറ്റുള്ള സ്ത്രീകളെ അത് ആവേശം കൊള്ളിക്കാനും ഇടയില്ല.
-കെ എ സോളമൻ

Wednesday, 11 February 2026

സച്ചിദാനന്ദ കാവ്യം

#സച്ചിദാനന്ദകാവ്യം
കേരളത്തിലെ ഭരണവും തുടർഭരണവും ഇനി ജനങ്ങൾ അല്ല, കവികളും അക്കാദമി ചെയർമാന്മാരും ചേർന്ന് തീരുമാനിക്കുന്ന കാലം വന്നിരിക്കുന്നു എന്ന തോന്നലാണ് കെ. സച്ചിദാനന്ദന്റെ പുതിയ രാഷ്ട്രീയ കവിത കേൾക്കുമ്പോൾ ഉണ്ടാകുന്നത്. “മുന്നണികൾ മാറി ഭരിക്കണം” എന്ന മഹത്തായ കണ്ടെത്തൽ ഇരു മുന്നണികളും ചേർന്ന് സംസ്ഥാനത്തെ കടത്തിൽ മുക്കി, യുവാക്കളെ വിമാനത്താവളത്തിലേക്ക് കയറ്റിവിട്ട്, സർവകലാശാലകളെ സമരവേദികളാക്കി മാറ്റിയ ശേഷമാണ് അദ്ദേഹത്തിന് ബോധ്യമായത് എന്നതാണ് ഇതിലെ സാഹിത്യരസം.

ഒന്നര ലക്ഷം രൂപ എന്ന പൊതുക്കടം ഓരോ കുഞ്ഞിന്റെയും തോളിൽ കെട്ടിവെച്ചവരോട് ഇതെല്ലാം ആരുണ്ടാക്കിയ ദുരന്തമാണെന്ന് ചോദിക്കാതെ, ജനാധിപത്യത്തിൽ മാറിമാറി ഭരിക്കണം എന്ന പൊതുവാചകം പറയുന്നത് കാലാവസ്ഥ റിപ്പോർട്ട് പോലെ സുരക്ഷിതവും ഉത്തരവാദിത്വമില്ലാത്തതുമായ നിലപാടായി മാറുന്നു.

ഇതിലും രസകരം, കേരളത്തിൽ യഥാർത്ഥത്തിൽ എ-ടീമും ബി-ടീമുമെന്ന പോലെ അഭിനയിച്ച രണ്ടു മുന്നണികൾ ചേർന്ന് സൃഷ്ടിച്ച ‘ഇണ്ടി സഖ്യ ഭരണസംസ്കാരം’ കണ്ടില്ലെന്ന മട്ടിലാണ് ഈ ഉപദേശം. പ്രതിപക്ഷം ഭരണപക്ഷത്തിന് കൈകൊടുക്കുകയും, സമരം സമവാക്യമായി തീരുകയും, പിൻവാതിൽ നിയമനം പൊതുനയം ആകുകയും ചെയ്ത കാലത്ത് “മാറിമാറി ഭരിച്ചാൽ നാട് രക്ഷപ്പെടും” എന്ന വാചകം ഒരു കവിതയല്ല, രാഷ്ട്രീയ കോമഡിയാണ്. 

ഒഴുക്ക് ഏതു ദിശയിലേക്കെന്ന് തിരിച്ചറിഞ്ഞ് അതേ ഒഴുക്കിൽ ഒഴുകുന്ന ചില സാംസ്കാരിക ശബ്ദങ്ങൾ പറയുന്ന ഇത്തരം ഉപദേശങ്ങൾ, ജനങ്ങളുടെ യാഥാർത്ഥ്യ ദുരിതങ്ങളെ സ്പർശിക്കാതെ വേദിയിലെ മൈക്കിൽ മാത്രം മുഴങ്ങുന്ന പ്രതിധ്വനികളായി മാറുകയാണ്. സച്ചിദാനന്ദകാവ്യം ഇവിടെ ആരുടെയും തലവേദന മാറ്റുന്ന ലേപനം അല്ല
- കെ എ സോളമൻ

സമരം സീസൺ രണ്ട്

#സമരം #സീസൺരണ്ട്
ഇത് കേരള സർവകലാശാലയുടെ “സമരം സീസൺ 2” ആണെങ്കിൽ, സർക്കാരിന്റെ പ്രതികരണം “നിശ്ശബ്ദത സീസൺ ഫൈനൽ” തന്നെയാണ്. എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടന കേരളസർവകലാശാല രജിസ്ട്രാർ ഓഫിസ് തകർക്കുമ്പോൾ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ധ്യാനമുദ്രയിൽ.  ഗവർണറുടെ കണ്ണ് തുറക്കുന്നതുവരെ സമരക്കാരെ നേരിടാതെ കാത്തുനിൽക്കുന്ന കേരള പോലീസിന്റെ അവസ്ഥ അതിദയനീയം

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായിക്ക് ഒരു പോലീസ്, കേരളഗവർണർക്കു മറ്റൊരു പോലീസ്. ഇതു  ഭരണഘടനാ പരീക്ഷണമാണോ അതോ പുതിയ പാഠ്യപദ്ധതിയിലുളള “രണ്ട് അധികാരങ്ങൾ, ഒരു നിയമം” എന്ന കൈപുസ്തകത്തിന്റെ തലക്കെട്ടാണോ ?. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് എന്ന് സർക്കാർ വിളിക്കുന്ന കേരള സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ  ബ്രോഷറിൽ ബാരിക്കേഡ്, ജലപീരങ്കി, ലാത്തി എന്നിവയുടെ  ചിത്രം കൊടുത്താൽ വളരെ ഉചിതമായിരിക്കും 

 പതിവായി എസ്എഫ്ഐ കോലാഹലം തുടങ്ങുമ്പോൾ ഭരതനാട്ട്യത്തിന്റെ മുദ്രയും വായുവിലേക്കു എറിയുന്ന പഞ്ചുമായി എത്തുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിണി എവിടെയാണ്? അവരും മുഖ്യമന്ത്രിയെ പോലെ ധ്യാനമുദ്രയിൽ തന്നെ? സമരം നടക്കുമ്പോൾ മന്ത്രിയുടെ നിസംഗത ഒരു അക്കാദമിക് പരീക്ഷണമായി മാറിയിരിക്കുന്നു. പ്രതിഷേധത്തെ അവഗണിച്ചാൽ അത് സ്വയം അവസാനിക്കുമെന്ന സിദ്ധാന്തം ആരുടെ തലയിലാണ് ഉദിച്ചത് ?

രാഷ്ട്രീയ അതിപ്രസരത്തിൽ കുടുങ്ങിയ കുറച്ച് വിദ്യാർത്ഥികൾ സർവകലാശാലയെ ബന്ദിയാക്കുമ്പോൾ സർക്കാർ കാണിക്കുന്ന അലംഭാവം ഇവിടെ ഒരു സർക്കാരുണ്ടോ എന്ന ചോദ്യം ആവർത്തിക്കുന്നു. എല്ലാം കണ്ടുകൊണ്ടിരിക്കാം, ഒരു അക്രമവും തടയില്ല എന്ന നയമാണ് സർക്കാരിനെങ്കിൽ കേരള സർവകലാശാല പഠനകേന്ദ്രമല്ല, സ്ഥിരം സമരകേന്ദ്രം എന്ന ബോർഡ് വെക്കുന്നതാകും അഭികാമ്യം.
-കെ എ സോളമൻ

Sunday, 8 February 2026

ന്യൂ ഇന്നിംഗ്സ് പദ്ധതി

#ന്യൂഇന്നിംഗ്സ് #പദ്ധതി
ഇക്കൊല്ലത്തെ ബജറ്റിലല്ല, കഴിഞ്ഞ കൊല്ലത്തെ കേരള ബജറ്റിലാണ് സർക്കാർ മുതിർന്ന പൗരന്മാർക്കായി “ന്യൂ ഇന്നിംഗ്സ്” എന്ന മഹത്തായ പദ്ധതി പ്രഖ്യാപിച്ചത്. മുതിർന്ന പൗരന്മാരെ സജീവമായ സാമൂഹിക-സാംസ്‌കാരിക-ആരോഗ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുക എന്ന ഉന്നത ലക്ഷ്യത്തോടെ അവതരിപ്പിച്ചതാണ് ഈ പദ്ധതി. കേൾക്കുമ്പോൾ തന്നെ ഒരു ദേശീയ അവാർഡ് നേടിയ സിനിമയുടെ പേരുപോലെ തോന്നിയിരുന്നു. പക്ഷേ ഒന്നു സംഭവിച്ചില്ല

 പദ്ധതിയുടെ നടത്തിപ്പിനായി അഞ്ച് കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അന്ന് അഭിമാനത്തോടെ അറിയിച്ചിരുന്നു. എന്നാൽ ബജറ്റ് പ്രസംഗം അവസാനിച്ചതോടെ, ഈ “ന്യൂ ഇന്നിംഗ്സ്” യഥാർത്ഥത്തിൽ ആരുടെ ഇന്നിംഗ്സാണെന്ന കാര്യത്തിൽ സർക്കാരിന് തന്നെ സംശയം തോന്നിയതുപോലെ. മുതിർന്ന പൗരന്മാർക്ക് നേരിട്ട് ലഭിക്കുന്ന ധനസഹായമോ പുതിയ പെൻഷനോ പോലുള്ള കൃത്യമായ ആനുകൂല്യങ്ങൾ ഒന്നും തന്നെ വ്യക്തമായി പ്രഖ്യാപിക്കപ്പെട്ടില്ല.

ആശയതലത്തിൽ ഇത് “ആക്റ്റീവ് ഏജിംഗ്” എന്ന മഹത്തായ തത്വചിന്തയെ മുൻനിർത്തിയുള്ള ഒരു ക്ഷേമ-പുനരധിവാസ പദ്ധതിയായി അറിയപ്പെട്ടു. എന്നാൽ കേരളത്തിലെ ബജറ്റ് ചരിത്രം പഠിച്ചാൽ മനസ്സിലാകും – ചില പദ്ധതികൾ നടപ്പാക്കാനല്ല, വെറും കയ്യടി ആശയങ്ങളായി പ്രഖ്യാപിക്കാനാണ് ഉണ്ടാക്കുന്നത്. അതിന്റെ ഒരു വ്യക്തമായ  ഉദാഹരണമാണ് “ന്യൂ ഇന്നിംഗ്സ്”.

ലഭ്യമായ വിവരങ്ങൾ പ്രകാരം, പദ്ധതിയുടെ മാർഗനിർദേശങ്ങളോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയുള്ള പ്രവർത്തന ഘടനയോ പൂർണ്ണമായി രൂപം കൊണ്ടിട്ടില്ല. അതിനാൽ തന്നെ സാധാരണ മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതിയുടെ പേരിൽ നേരിട്ട് അനുഭവിക്കാവുന്ന ഒരു സേവനവും ലഭിച്ചിട്ടില്ല. പ്രത്യേക ആരോഗ്യസേവനം - ഇല്ല. തൊഴിൽ അവസരം -ഇല്ല. മാസാന്ത സഹായം -ഇല്ല. പരിശീലന പരിപാടികൾ. ഇല്ല. വിനോദമാർഗങ്ങൾ -അതും ഇല്ല. ചുരുക്കത്തിൽ പറഞ്ഞാൽ, “ന്യൂ ഇന്നിംഗ്സ്” എന്ന പേര് മാത്രം, ഇന്നിംഗ്സ് ആരംഭിച്ചിട്ടില്ല.

ഇപ്പോൾ ഈ പദ്ധതിയുടെ അവസ്ഥ തിരുനക്കര വള്ളത്തിന്റെ അവസ്ഥയാണ് -കിടന്നെടുത്ത് തന്നെയാണ് ഇപ്പോഴും കിടപ്പ്. പ്രഖ്യാപന ഘട്ടത്തിൽ നിന്നു ഒരിഞ്ചു പോലും മുന്നോട്ട് പോകാതെ, മുതിർന്ന പൗരന്മാർക്ക് യാതൊരു പ്രായോഗിക നേട്ടവും നൽകാതെ “ന്യൂ ഇന്നിംഗ്സ്” ശാന്തമായി വിശ്രമിക്കുകയാണ്. 

നിലവിലെ മന്ത്രിയും മുൻ ധനമന്ത്രിയും ബജറ്റിലൂടെ പ്രഖ്യാപിച്ചിട്ടുള്ള ഒട്ടുമിക്ക പദ്ധതികളുടെയും ഗതി ഇതുതന്നെ: നടപ്പിലാക്കാൻ വേണ്ടിയല്ല, വാർത്താപ്രാധാന്യത്തിനുവേണ്ടി മാത്രം കുറെ പദ്ധതികൾ!
കെ. എ. സോളമൻ

Saturday, 7 February 2026

ജനം ആഗ്രഹിക്കുന്നത്

#ജനം #ആഗ്രഹിക്കുന്നത്
എംപി സ്ഥാനത്ത് തുടരുമ്പോൾ തന്നെ എംഎൽഎ സ്ഥാനാർത്ഥിയാകാനുള്ള മോഹം പ്രകടിപ്പിക്കുന്നത് രാഷ്ട്രീയ മര്യാദയ്ക്കു നേരെയുള്ള തുറന്ന അവഹേളനമാണ്. 

പാർലമെന്റിലേക്ക് തിരഞ്ഞെടുത്ത ജനപ്രതിനിധിക്ക് നിശ്ചിത കാലാവധി നൽകിയിരിക്കുന്നത് രാജ്യതല വിഷയങ്ങളിൽ ഇടപെടാനും മണ്ഡലത്തിന്റെ ശബ്ദമാകാനും വേണ്ടിയാണ്. കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് ഇനിയും മൂന്നുവർഷം കാലാവധിയുണ്ട്. ആ കാലാവധി പൂർണമാക്കാതെ അധികാരലാഭം പ്രതീക്ഷിച്ച് മറ്റൊരു പദവിയിലേക്ക് ചാടാൻ ശ്രമിക്കുന്നത് ജനവിധിയെ അവഹേളിക്കുന്ന പ്രവണതയാണ്.

മന്ത്രിയായാൽ നേട്ടേമേറെ എന്ന കണക്കുകൂട്ടലാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നത് ദൗർഭാഗ്യകരമാണ്. രാഷ്ട്രീയം സേവനമല്ല, ലാഭമാണെന്ന ധാരണ ശക്തിപ്പെടുമ്പോൾ ജനാധിപത്യത്തിന്റെ മൂല്യങ്ങളാണ് ചവിട്ടിയരക്കപ്പെടുന്നത്. 
ആയതിനാൽ എംപിമാരുടെ എംഎൽഎ സ്ഥാനാർത്ഥി മോഹം ശക്തമായി ചോദ്യം ചെയ്യപ്പെടണം. മത്സരിക്കണമെങ്കിൽ ആദ്യം എംപി സ്ഥാനം രാജിവെക്കുക എന്നത് ഒരു നൈതികവും നിയമപരവുമായ മാനദണ്ഡമാകണം. അല്ലാതെ രണ്ടും പിടിക്കാം എന്ന സമീപനം അനുവദിച്ചാൽ അവസരവാദ മാകും.

ജനങ്ങൾ നൽകിയ ഉത്തരവാദിത്വം പൂർത്തീക്കരിക്കാതെ മന്ത്രി സ്ഥാനം ലക്ഷ്യം വെച്ച് ഓടുന്ന നേതാക്കളെ ജനാധിപത്യം ഒരിക്കലും മഹത്വപ്പെടുത്തരുത്. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തിൻ്റെ സേവന കാലാവധി പൂർത്തിയാക്കാതെ മറ്റൊരു മത്സരത്തിന് ഇറങ്ങാൻ നേതാക്കളെ അനുവദിക്കാത്ത രീതിയിലുള്ള നിയമനിർമാണം രാജ്യത്ത് ഉണ്ടാകണം

ജനങ്ങളുടെ ആഗ്രഹം വ്യക്തമാണ്, പദവികൾ മാറ്റിമാറ്റി കളിക്കുന്ന രാഷ്ട്രീയക്കാരല്ല, നൽകിയ ചുമതല നിഷ്ഠയോടെ നിർവഹിക്കുന്ന പ്രതിനിധികളെയാണ് കേരളത്തിനും രാജ്യത്തിനും ആവശ്യം.
-കെ എ സോളമൻ

Thursday, 5 February 2026

സാരിയും ചുരിദാറും

#സാരിയും #ചുരിദാറും
അധ്യാപികമാരുടെ വസ്ത്രധാരണം അവരുടെ തൊഴിൽസൗകര്യത്തെയും പ്രവർത്തനക്ഷമതയെയും മുൻനിർത്തിയാകണം തീരുമാനിക്കപ്പെടേണ്ടത്. ക്ലാസ് മുറിയിലേയ്ക്ക് മാത്രമല്ല, ലാബ് പ്രവർത്തനങ്ങൾ, കായിക പ്രവർത്തനങ്ങൾ, സ്കൂൾ പരിപാടികൾ തുടങ്ങിയ വൈവിധ്യമാർന്ന ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ട അധ്യാപികമാർക്ക് ചുരിദാർ കൂടുതൽ പ്രായോഗികവും സൗകര്യപ്രദവുമാണ്.

ഒരു അധ്യാപികയുടെ യോഗ്യതയും അച്ചടക്കവും അവൾ ധരിക്കുന്ന വസ്ത്രത്തിന്റെ രൂപത്തിലൂടെ അളക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന ഭരണഘടനാപരമായ മൂല്യത്തെ മാനിച്ചുകൊണ്ട്, ജോലിക്ക് തടസ്സമാകാത്തതും മാന്യവുമായ വസ്ത്രം തെരഞ്ഞെടുക്കാൻ അധ്യാപികമാർക്ക് അവകാശമുണ്ട്. 

ചുരിദാർ ധരിച്ചെത്തിയ പ്രധാനാദ്ധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിക്കാതെ, കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം സ്‌കൂളിൻ്റെ മാനേജരുടെ നിർദ്ദേശപ്രകാരം  സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞ നടപടി അതിരുകടന്നതാണ്. പ്രധാന അധ്യാപികയെക്കാൾ അധികാരം ഒരു സ്കൂൾ ഗേറ്റ് കീപ്പറിന് കിട്ടുന്നത് എങ്ങനെയാണ്? ഗുണ്ടകളാണോ സ്കൂൾ നടത്തിക്കൊണ്ടുപോകുന്നത്? നമ്പർ വൺ കേരളത്തിനു മാത്രം ആഹ്ളാദിക്കാവുന്ന സംഭവം!

ചുരിദാർ ധരിച്ചതിന്റെ പേരിൽ ഒരു അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിക്കാതിരുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും തൊഴിൽമാനത്തെയും ചോദ്യം ചെയ്യുന്ന നടപടിയാണ്. വിദ്യാഭ്യാസ- സ്ഥാപനങ്ങളിൽ അച്ചടക്കവും മര്യാദയും പാലിക്കേണ്ടത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കടമയാണ്; എന്നാൽ അതിന്റെ പേരിൽ അനാവശ്യമായ വസ്ത്രചട്ടങ്ങൾ മാനേജർമാർ  അടിച്ചേൽപ്പിക്കുന്നത് അധികാരദുരുപയോഗമാണ്,  ധിക്കാരമാണ്.

ഇത്തരം അവിവേകപരമായ തീരുമാനങ്ങൾ എടുക്കുന്ന എല്ലാ സ്കൂൾ - കോളജ് മാനേജ്മെറ്റുകളെയും അവരുടെ യഥാർത്ഥ ഉത്തരവാദിത്വം എന്തെന്ന് ബോധ്യപ്പെടുത്തേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണ്.
കെ എ സോളമൻ

Tuesday, 3 February 2026

മാനുഷിക മാനം

#മാനുഷിക_മാനം
രാജ്യസഭയുടെ മേശപ്പുറത്ത് തൻ്റെ കൃത്രിമ കാലുകൾ വച്ചുകൊണ്ട് സദാനന്ദൻ മാസ്റ്റർ നടത്തിയ പ്രസംഗം ഒരു നാടകീയ സ്റ്റണ്ടല്ല, മറിച്ച് ശക്തമായ  ധാർമ്മിക പ്രസ്താവനയായിരുന്നു. രാഷ്ട്രീയ അക്രമത്തിൽ വ്യക്തിപരമായുണ്ടായ നഷ്ടത്തെ കുറിച്ചുള്ള  നിശബ്ദവും എന്നാൽ വാചാലവുമായ ഓർമ്മപ്പെടുത്തലായിരുന്നു അത്. പ്രത്യയശാസ്ത്രത്തിന്റെ പേരിൽ അദ്ദേഹം സഹിച്ച വേദനയുടെ സാക്ഷ്യവും അതിൽ ഉണ്ടായിരുന്നു. പാർലമെന്റ് വെറും നടപടിക്രമങ്ങളുടെ ഒരു ഹാളല്ല; അത് സത്യത്തിനും മനസ്സാക്ഷിക്കും ജീവിതാനുഭവം പങ്കുവെക്കുന്നതിനും വേണ്ടിയുള്ള ഒരു വേദി കൂടിയാണ്.

അസഹിഷ്ണുത ക്രൂരതയായി മാറുമ്പോൾ ജനാധിപത്യത്തിന്റെ ദുർബലതയെ അടിവരയിടാൻ മാസ്റ്റർ ശ്രമിച്ചു. അത്തരമൊരു പ്രവൃത്തിക്ക് സഹാനുഭൂതിയും പ്രതിഫലനവും ആവശ്യമാണ്. അടയാളങ്ങളിലൂടെ സംസാരിക്കുന്ന ഒരു ഇരയുടെ വേദന ജനാധിപത്യത്തിന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ, അത് ഒരു ജീവനുള്ള ധാർമ്മിക സ്ഥാപനമായി മാറുന്നതിനുപകരം  ശൂന്യമായ ആചാരമായി മാറാനുള്ള സാധ്യതയുണ്ട്.

 പോയിന്റ്ഓഫ് ഓർഡർ ആയി ഇടുങ്ങിയ രീതിയിൽ രൂപപ്പെടുത്തിയ ജോൺ ബ്രിട്ടാസിന്റെ എതിർപ്പ് നിർവികാരവും ഒഴിഞ്ഞുമാറുന്നതുമായി തോന്നി. മാസ്റ്ററുടെ ആരോപണത്തിന്റെയും രാഷ്ട്രീയ അക്രമ പ്രശ്നത്തിന്റെയും സാരാംശത്തിൽ ഇടപെടുന്നതിനുപകരം, നടപടിക്രമപരമായ ഔപചാരികതയ്ക്ക് പിന്നിൽ ഒളിക്കാൻ അദ്ദേഹം തീരുമാനിച്ചു.  പാർലമെന്ററി മാന്യതയെ പ്രതിരോധിക്കുക എന്നതല്ല ഈ പ്രതികരണം, മറിച്ച് അസ്വസ്ഥമായ ഒരു വിവരണത്തെ നിശബ്ദമാക്കാനുള്ള  ശ്രമമായി തോന്നി. 

വിരോധാഭാസമെന്നു പറയട്ടെ, മുൻകാലങ്ങളിൽ പ്രതിപക്ഷ ബെഞ്ചുകൾ പലപ്പോഴും തടസ്സപ്പെടുത്തലുകളും പ്ലക്കാർഡുകളും അനുവദിക്കുമ്പോൾ, നിയമങ്ങൾ തിരഞ്ഞെടുത്ത് പ്രയോഗിക്കുന്നത് അസ്വസ്ഥത ഉളവാക്കുന്ന ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്. പ്രതീകാത്മക പ്രതിഷേധത്തെ അടിച്ചമർത്തുന്നതിലല്ല, മറിച്ച് വേദനാജനകമായ സത്യങ്ങളെ തുറന്ന മനസ്സോടെയും വിനയത്തോടെയും നേരിടുന്നതിലാണ് യഥാർത്ഥ ജനാധിപത്യ മനോഭാവം. 

ആ അർത്ഥത്തിൽ, ബ്രിട്ടാസിന്റെ പ്രതികരണം സഭയുടെ അന്തസ്സിനെ ഇകഴ്ത്തി.  അതേസമയം മാസ്റ്ററുടെ പ്രസംഗം രാഷ്ട്രീയത്തിന്റെ മാനുഷിക മാനത്തെ ഉറപ്പിക്കുകയായിരുന്നു.
- കെ എ സോളമൻ

Monday, 2 February 2026

മഞ്ഞക്കുറ്റിയും അതിവേഗ ദുരിതവും

#മഞ്ഞക്കുറ്റിയും #അതിവേഗദുരിതവും
കേരളത്തിലെ സാധാരണക്കാരന്റെ പുരയിടങ്ങളിലേക്ക് അതിക്രമിച്ച് കയറിയ മഞ്ഞക്കുറ്റികൾ വെറും സർവേ കല്ലുകളായിരുന്നില്ല. ജനങ്ങളുടെ ഉറക്കം കെടുത്താൻ വന്ന സാക്ഷാൽ യമരാജന്റെ അടയാളങ്ങളായിരുന്നു അവ.

അതിരാവിലെ അടുക്കളവാതിൽ തുറക്കുമ്പോൾ ചാണകം മെഴുകിയ തറയിലോ, പൂമുഖത്തെ തുളസിത്തറയ്ക്കരികിലോ ഒരു മഞ്ഞക്കുറ്റി മുളച്ചു നിൽക്കുന്നത് കണ്ട വീട്ടുകാരന്റെ അവസ്ഥ ചിന്തിച്ചാൽ മതി.
പണ്ട് ആരെങ്കിലും ചതിച്ചാൽ “നിൻ്റെ തറവാട് കുറ്റിയും പറിച്ചേ പോകൂ” എന്ന് ശപിക്കുമായിരുന്നു. ആ ശാപം കെ-റെയിലിന്റെ രൂപത്തിൽ സർക്കാർ നേരിട്ട് നടപ്പാക്കിയ പ്രതീതിയായിരുന്നു അന്ന്.

ഈ മഞ്ഞക്കുറ്റികൾ വരുത്തിയ ‘വികസനങ്ങൾ’ അനവധിയാണ്. കുറ്റി അടിക്കാൻ വരുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നൂറുകണക്കിന് പോലീസുകാർ എത്തുന്നതോടെ, പാവം വീട്ടുകാരൻ സ്വന്തം പറമ്പിൽ പോലും ‘അറസ്റ്റിന്റെ’ ഭയത്തോടെ നിൽക്കേണ്ട അവസ്ഥയായി.

മഞ്ഞക്കുറ്റി കണ്ടാൽ ബാങ്കുകൾക്കും അലർജിയാണ്. അതോടെ മകളുടെ കല്യാണവും വീടുപണിയും സ്വാഭാവികമായും നിലച്ചു.
കിടപ്പുമുറിയിലും അടുക്കളയിലും വരെ വികസനം എത്തിയ ഏക പദ്ധതിയായിരുന്നു കെ-റെയിൽ. ചോറും കറിയും വെക്കുന്നതിനിടയിൽ പുകയടുപ്പിന് സമീപം ഒരു മഞ്ഞക്കുറ്റി കണ്ടതിന്റെ ‘ത്രില്ല്’ വേറെ തന്നെയായിരുന്നു. ആ വേഗവികസനം ജനങ്ങളെ വേഗത്തിൽ തന്നെ തളർത്തിക്കളഞ്ഞു.

കെ-റെയിൽ പദ്ധതി ഉപേക്ഷിക്കപ്പെട്ട മട്ടാണെങ്കിലും, മഞ്ഞക്കുറ്റികൾക്ക് സർക്കാർ ഇന്നും സംരക്ഷണം നൽകുന്നു. അതിന് കാരണം ഇല്ലാതില്ല.

ഒന്നിന് 5000 രൂപ വീതം മുടക്കി മണ്ണിൽ കുത്തിയ ഈ മഞ്ഞക്കുറ്റികൾ ആദ്യം ജനങ്ങളെ ദ്രോഹിച്ചത് “ഇതാ വികസനം വരുന്നു” എന്ന പേരിലായിരുന്നു.
കണ്ണൂരിൽ നിന്ന് അപ്പക്കുട്ടയുമായി കൊച്ചിയിലെത്തി അപ്പം വിറ്റ് ലാഭമുണ്ടാക്കി അന്നുതന്നെ വീട്ടിലെത്തി വിശ്രമിക്കുന്ന വികസനമാണ് ആദ്യ സ്വപ്നം. 

വയലും പറമ്പും വീടും കടന്നുപോകുന്ന വഴി വരച്ചിട്ട്, ഒരു കുന്തംപോലെ കുത്തിനിർത്തിയ ഈ കുറ്റികൾ ജനങ്ങളുടെ മനസ്സിൽ കുത്തിയത് അതികഠിനമായാണ്. “ഭൂമി പോകുമോ? വീട് പോകുമോ? കേസ് വരുമോ?” എന്ന പേടിയിൽ ഉറക്കം നഷ്ടപ്പെട്ട അനവധി ആളുകൾ. മുടിക്കു പിടിച്ചു വലിച്ചിഴക്കപ്പെട്ട ഒരു കൂട്ടം. സ്ത്രീകൾ.

ഈ കുറ്റികൾ നീക്കം ചെയ്യാതെ നിലനിർത്തുന്നതിന് പിന്നിൽ ഒരു തെരഞ്ഞെടുപ്പ് തന്ത്രമുണ്ടെന്ന സംശയം ശക്തമാണ്. ഭരണത്തിന്റെ അന്ത്യനാളുകളിൽ ഊർദ്ധ്വൻ വലിക്കുന്ന സർക്കാർ കണ്ടെത്തിയ പുതിയ വികസനമന്ത്രമാണ് ആർ.ആർ.ടി.എസ്-  റാപ്പിഡ് റീജിയണൽ ട്രാൻസിറ്റ് സിസ്റ്റം.
റെയിൽവേ ലൈൻ തന്നെ; അതിനും കുറ്റികൾ വേണം. പഴയ കുറ്റികൾ വീണ്ടും ഉപയോഗിക്കാം. പഴയ കുറ്റി ഒന്നിൻ്റെ 5000-നൊപ്പം പുതിയൊരു 5000 കൂടി കണക്കിൽ കൂട്ടാം. ലാഭം ഇരട്ടിയാകും.

സർക്കാരിന് സമയവും പണവും സ്വന്തമായി ഇല്ലാത്തതിനാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തലേദിവസം കെ-റെയിൽ കേസുകൾ പിൻവലിച്ച് ജനങ്ങളുടെ സിംപതി നേടാം. അങ്ങനെ വോട്ട് ബാങ്ക് വിപുലപ്പെടുത്തുകയും ചെയ്യാം.

മണ്ണിൽ കുത്തിയ മഞ്ഞക്കുറ്റികൾ വെറും കല്ലുകൾ ആയിരുന്നില്ല, അവ ഭരണകൂടത്തിന്റെ ധാർഷ്ട്യത്തിന്റെയും, സാധാരണക്കാരന്റെ നെഞ്ചിലേറ്റ മുറിവുകളുടെയും പ്രതികങ്ങളാണ്. ഇവയോട് ജനം എങ്ങനെ പ്രതികരിക്കും എന്ന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കാണാം
- കെ എ സോളമൻ

Sunday, 1 February 2026

സിലബസ് ചുരുക്കുമ്പോൾ

#സിലബസ് #ചുരുക്കുമ്പോൾ
പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കും എന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ  പ്രഖ്യാപനം കേട്ടാൽ ആദ്യം തോന്നുക ഇതൊരു അക്കൗണ്ടിങ് പരീക്ഷയാണോ എന്നതാണ്. ഉള്ളടക്കം അതേപോലെ തന്നെ, പക്ഷേ വലുപ്പം 25 ശതമാനം കുറയും. ഇത് എങ്ങനെയാണെന്ന് അറിയാൻ ഗണിതശാസ്ത്രജ്ഞൻ പൈതഗോറസിനെ തന്നെ വീണ്ടും വിളിച്ചുവരുത്തേണ്ടിവരും. 

സിലബസ് ചുരുക്കൽ കരിക്കുലം കമ്മിറ്റി അംഗീകരിച്ചുവെന്ന് മന്ത്രി പറയുന്നു; പക്ഷേ കമ്മിറ്റി തന്നെ ഇത് അറിഞ്ഞിട്ടില്ലെന്ന വാർത്ത പുറത്തുവരുമ്പോൾ, വിദ്യാഭ്യാസ വകുപ്പ് ഒരു കുറിപ്പ് കൈമാറ്റ വകുപ്പായി’ മാറിയതാണോ എന്ന സംശയം സ്വാഭാവികം. അടുത്ത മേയിൽ പുതിയ സർക്കാർ വരും, പുതിയ മന്ത്രി വരും എന്നുറപ്പുള്ളപ്പോൾ, ഇത്തരമൊരു ദീർഘകാല മാറ്റം പ്രഖ്യാപിക്കുന്നത് “ഞാൻ പോകും മുമ്പ് ഒരു അടയാളം ഇരിക്കട്ടെ " എന്ന മന്ത്രിയുടെ മാനസികാവസ്ഥയല്ലേ? 

സിലബസ് രൂപപ്പെടുത്തുന്നത് ദേശീയ തലത്തിലുള്ള ഘടനയും മറ്റ് സംസ്ഥാനങ്ങളുമായുള്ള ഏകോപനവും കണക്കിലെടുത്താണെന്ന അടിസ്ഥാന ബോധം പോലും ഈ പ്രഖ്യാപനത്തിൽ കാണുന്നില്ല.  സിലബസ് കൂടുതലാണെന്ന് കുട്ടികൾ പരാതി പറഞ്ഞു എന്നതുകൊണ്ട് സിലബസ് കുറച്ചുവെന്ന മന്ത്രിയുടെ വിശദീകരണം കേട്ടാൽ, നാളെ ഒന്നാം ക്ലാസ് കുട്ടികൾ അക്ഷരം ബുദ്ധിമുട്ടാണ്, ചിത്രങ്ങൾ മതി എന്ന് പറഞ്ഞാൽ അക്ഷരമാല തന്നെ ഉപക്ഷിക്കുമോ? എം.ബി.ബി.എസ്. വിദ്യാർത്ഥികൾ അനാട്ടമിക്ക് നീളക്കൂടുതൽ ആണെന്നു പറഞ്ഞാൽ ഹൃദയം വേണ്ട
 ശ്വാസകോശം മാത്രം പഠിച്ചാൽ മതിയെന്നു നിർദ്ദേശിക്കുമോ? 

വിദ്യാഭ്യാസം ശാസ്ത്രീയ ആസൂത്രണത്തിലൂടെ മുന്നോട്ടുപോകേണ്ട വിഷയമാണ്, ജനപ്രിയതയുടെ വോട്ടെടുപ്പ് നടത്തേണ്ട കാര്യമല്ല. സിലബസ് കുറച്ചാൽ ബുദ്ധിമുട്ട് കുറയും എന്ന ലോജിക് സ്വീകരിച്ചാൽ, നാളെ പരീക്ഷ തന്നെ ഒഴിവാക്കിയാൽ  വലിയ ആശ്വാസമാവില്ലേ?

ബോധമുള്ള ആരുമില്ലേ വിദ്യാഭ്യാസ വകുപ്പിൽ എന്ന ചോദ്യം,  പാഠപുസ്തകത്തിലെ  ഒരു ചോദ്യമായി തന്നെ ഉൾപ്പെടുത്തേണ്ടതായിരിക്കുന്നു.
- കെ എ സോളമൻ

Thursday, 29 January 2026

സർക്കാരിൻറെ ഇടക്കാലതമാശ

സർക്കാരിന്റെ ഇടക്കാലതമാശ

മെയ് പകുതിവരെ മാത്രം ആയുസുള്ള മന്ത്രിസഭ ഫുൾ ബജറ്റ് അവതരിപ്പിക്കുന്നത് കണ്ടാൽ തോന്നുക, മരണശയ്യയിലെ രോഗി പുതിയ വീടിന്റെ പ്ലാൻ വരയ്ക്കുന്നതുപോലെയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ ബജറ്റ് പുതിയ സർക്കാരിന് ബാധകമല്ലെന്ന സത്യം അറിഞ്ഞിട്ടും ധനമന്ത്രി ബാലഗോപാൽ “ദീർഘകാല വികസന സ്വപ്നങ്ങൾ” വാരിക്കോരി വിതറിയിരിക്കുന്നു 

ഖജനാവ് ശൂന്യവും ട്രഷറി പൂട്ടലിന്റെ ഭീഷണിയും നിലനിൽക്കുമ്പോൾ പാലങ്ങളും പാതകളും സുവർണ്ണഭാവിയുമൊക്കെ പ്രഖ്യാപിക്കുന്നത് സാമ്പത്തിക ശാസ്ത്രമല്ല, രാഷ്ട്രീയ മാജിക്കാണ്. കെ റെയിൽ പോയി, പകരം റാപ്പിഡ് റീജിയണൽ ട്രാൻസിറ്റ് സിസ്റ്റം വരുന്നു. വായിൽ കൊള്ളുന്ന ലളിതമായ ഒരു പേരെങ്കിലും ഈ സ്ഥിരം റെയിൽവേ മേമ്പൊടിക്ക് ഇടാമായിരുന്നു

ഇതൊരു വികസന ബജറ്റെന്നാണ് അവകാശവാദം. എന്നാൽ ശരിക്കും പൊട്ടന്മാരായ കുറെ വോട്ടർമാരെ മയക്കാനുള്ള മാജിക് ഷോയാണ്.  ഇലക്ഷൻ കഴിഞ്ഞാൽ തിരശ്ശീല വീഴും, മാജീഷ്യനും മായും, ബാക്കി ചവറ്റുകൊട്ട മാത്രം. പുതിയ സർക്കാർ മറുമുന്നണിയുടേതാണെങ്കിൽ ചവിട്ടുകൊട്ട ഉൾപ്പെടെ തോട്ടിൽ എറിയും..

ഇടതു സർക്കാരിന്റെ ഈ ഫുൾ ബജറ്റ് വസ്തുതകളെ അഭിമുഖീകരിക്കുന്ന രേഖയല്ല, മറിച്ച് യാഥാർഥ്യത്തിൽ നിന്ന് ഓടിയൊളിക്കുന്ന പ്രസംഗപുസ്തകമാണ്. കാശില്ലാത്ത ഖജനാവിൽ നിന്ന് കോടികളുടെ സ്വപ്നങ്ങൾ പ്രഖ്യാപിക്കുന്നത് കടലിൽ നിന്ന് മണൽകൊട്ടാരം പണിയുന്നതിനു തുല്യം. പുതിയ സർക്കാർ വന്നാൽ ഇതെല്ലാം വീണ്ടും എഴുതേണ്ടി വരും.

 ഇപ്പോഴത്തെ ബജറ്റ് ചരിത്ര വസ്തു ആകുന്നത് “ഇടക്കാല സർക്കാരിന്റെ ഇടക്കാല തമാശ” എന്ന പേരിലാകും. അതിനാൽ ഈ ബജറ്റ് വികസനത്തിന്റെ റോഡ് മാപ്പല്ല, രാഷ്ട്രീയത്തിന്റെ കാർട്ടൂൺ മാപ്പാണ്. ആകെയുള്ള ഏക ആശ്വാസം, ഈ ബജറ്റിൽ തൻറെ മുൻഗാമിയായ ധനശാസ്ത്രജ്ഞൻ്റേതു പോലെ മൊഞ്ചത്തിക്കവിതകൾ തലങ്ങും വിലങ്ങും ചേർത്തട്ടില്ല എന്നതാണ്

പണം ഇല്ലാത്തിടത്ത് വികസനസ്വപ്നങ്ങൾ എഴുതി വയ്ക്കുന്നത് ബജറ്റല്ല; അത് ജനങ്ങളെ കബളിപ്പിക്കുന്ന കഥാപ്രസംഗമാണ്.
-കെ എ സോളമൻ

Wednesday, 28 January 2026

തെറ്റായ ആക്ടിവിസം

#തെറ്റായ #ആക്ടിവിസം
വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷണിനെതിരെ സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി സമർപ്പിച്ച ഹർജി അനാവശ്യമാണ്. സർവകലാശാലകളിലെ അഴിമതി തുറന്നുകാട്ടുന്നതിലൂടെ കമ്മിറ്റി വിശ്വാസ്യത നേടിയിട്ടുണ്ടെങ്കിലും, ഭരണഘടനാപരമായി രൂപീകരിച്ച തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തീരുമാനിക്കപ്പെടുന്ന ഒരു ദേശീയ സിവിലിയൻ ബഹുമതിയെക്കുറിച്ച് വിധി പറയാൻ അതിന് അധികാരമില്ല. 

വെള്ളാപ്പള്ളിക്കെതിരെ കെട്ടിക്കിടക്കുന്ന കേസുകളും ധാർമ്മിക സൂചനകളും ദേശീയ അംഗീകാരത്തിന്റെ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് തത്വാധിഷ്ഠിത ആശങ്കയ്ക്ക് പകരം മുൻവിധിയോടെയുള്ള സമീപനമാണ്. എസ്എൻഡിപി യോഗത്തിലൂടെയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ശ്രീനാരായണ ട്രസ്റ്റിലൂടെയും ഈഴവ സമൂഹത്തിന് വെള്ളാപ്പള്ളി നടേശൻ നൽകിയ ആജീവനാന്ത സേവനം നിഷേധിക്കാനാവാത്ത സാമൂഹിക സംഭാവനയാണ്. പതിറ്റാണ്ടുകളായുള്ള പൊതുപ്രവർത്തനം തിരഞ്ഞെടുത്ത ചില ആരോപണങ്ങളുമായി ബന്ധപ്പെടുത്തി ചുരുക്കുന്നത് ബൗദ്ധികമായി സത്യസന്ധമല്ലാത്തതും രാഷ്ട്രീയ പ്രേരിതവുമാണ്.

കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം, കമ്മിറ്റിയുടെ നടപടി പത്മ അവാർഡ് തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ തന്നെ അധികാരത്തെയും സത്യസന്ധതയെയും ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. ശ്രീനാരായണ ഗുരുവിന്റെ കാൽക്കൽ പത്മഭൂഷൺ സമർപ്പിച്ച നടേശന്റെ പ്രവൃത്തി എളിമയുടെയും ആദരവിന്റെയും പ്രതീകമായിരുന്നു, സമൂഹത്തിലുടനീളം ഇത് വ്യാപകമായി പ്രശംസിക്കപ്പെട്ടു. ഈ ബഹുമതിയെ വിവാദപരമായി വ്യാഖ്യാനിക്കുന്നത് നടേശൻ പൊതുജീവിതത്തിൽ സ്ഥിരമായി ഉയർത്തിപ്പിടിച്ച ശ്രീനാരായണ ഗുരുവിന്റെ മൂല്യങ്ങളെയും അവാർഡിനെയും അനാദരിക്കുന്നതിന് തുല്യമാണ്. 

സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ൻ കമ്മിറ്റിയുടെ നീക്കം ഒരു തത്വാധിഷ്ഠിത പ്രതിഷേധമായി തോന്നുന്നില്ല, മറിച്ച് അതിന്റെ നിയമാനുസൃതമായ ഇടപെടലിന്റെ മേഖലയ്ക്ക് പുറത്ത് ശ്രദ്ധ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു തന്ത്രമായി കാണണം. അത്തരം തെറ്റായ ആക്ടിവിസം അതിന്റെ ധാർമ്മിക നിലയെ ക്ഷയിപ്പിക്കുകയും ഉന്നത വിദ്യാഭ്യാസത്തിൽ അത് അഭിസംബോധന ചെയ്യേണ്ട യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു. 

പത്മഭൂഷൺ പുരസ്കാരം നൽകിയ ഇന്ത്യൻ രാഷ്ട്രപതിയെ പോലും ഉപദേശിച്ചു നേരെയാക്കാൻ ശ്രമിക്കുന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ നടപടി അല്പം അതിരു കടന്നതായിപ്പോയി.

-കെ എ സോളമൻ