Saturday 30 September 2017

എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷൻ അപകടം

മുംബൈ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ച സംഭവം ഞെട്ടലുളവാക്കുന്നതാണ്. മറ്റൊരു രാജ്യത്തും  നടക്കാൻ സാധ്യതയില്ലാത്ത ഒരു സംഭവമാണിത്. ലോക്കല്‍ സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താൻ റയിൽവേ തയ്യാറാകാത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണം.

നിരവധി ഓഫീസുകള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ തിരക്കേറിയ സ്റ്റേഷനാണ് എല്‍ഫിന്‍സ്റ്റണ്‍ റോഡ‍് സ്റ്റേഷന്‍. ഇത് റെയിൽവേയ്ക്കു വ്യക്തമായി അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ  ഏർപ്പെടുത്തുന്നതിലും റെയിൽവേക്ക് ചുമതലയുണ്ട്.
രാജ്യത്ത് ഒട്ടുമിക്ക സ്റ്റേഷനുകളിലും ആവശ്യം വേണ്ട സൗകര്യങ്ങൾ ഇല്ല. ലോക്കൽ  സ്റ്റേഷനുകളിലെ സൗകര്യങ്ങളാണ് ബുള്ളറ്റ് ട്രെയിന്‍  പദ്ധതികളേക്കാൾ അഭികാമ്യമായിട്ടുള്ളത്.  അപകടത്തിന് കാരണമായി റെയില്‍വെ മഴയെപഴിക്കുന്നത്  അപഹാസ്യമെന്നു മാത്രമല്ല ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത  മറച്ചുവെക്കാനുള്ള ഹീന ശ്രമം കൂടിയാണ്.

റെയില്‍വെ സ്റ്റേഷനുകളിലെ നടപ്പാലങ്ങളിലെ അനധികൃത വ്യാപാരികകളുടെപുറത്താക്കൽ, കൃത്യ സമയങ്ങളിലുള്ള ട്രെയിൻസർവീസ്,  യാത്രക്കാരുടെ സുരക്ഷിതത്വം ഇവയ്ക്കെല്ലാം  റെയിൽവേ മുന്തിയ പരിഗണന കൊടുക്കേണ്ടിയിരിക്കുന്നു.
മരിച്ചവർക്കും പരിക്കേറ്റവർക്കും   മതിയായ നഷ്ടപരിഹാരം ഉടൻ നൽകേണ്ടതാണ്.

കെ എ സോളമൻ