Monday 6 February 2023

#ആദരാഞ്ജലികൾ !

#ആദരാഞ്ജലികൾ
ശ്രീ വൈരം വിശ്വൻ.

ചേർത്തലയിലെ സംസ്കാരിക സദസ്സുകളിൽ സ്ഥിര സാന്നിധ്യമായിരുന്നു വൈരം വിശ്വൻ. മികച്ച കവിതകൾ എഴുതിയിരുന്നു. അവയെല്ലാം വളരെ ഹൃദ്യമായി വേദികളിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

സ്റ്റേജ് ആർട്ടിസ്റ്റ് ആയി വളരെക്കാലം പ്രവർത്തിച്ചു കണ്ടിട്ടുണ്ട്. ചേർത്തലയിലെ മിക്ക നാടക ട്രൂപ്പുകളുടെയും സ്ഥിരം മേക്കപ്പ്മാൻ.

സാമൂഹ്യ തിന്മകൾക്ക് എതിരെ ഒറ്റയാൾ പോരാട്ടം നടത്തിയിരുന്ന കരപ്പുറം രാജശേഖരൻ എന്ന കരപ്പുറം ആശാൻറെ എല്ലാ പ്രകടനങ്ങൾക്കും വൈരം വിശ്വന്റെ സഹായമുണ്ടായിരുന്നു. വൈരം വിശ്വന്റെ മേക്കപ്പുകളും കരപ്പുറം ആശാന്റെ സ്വതസ്സിദ്ധമായ കഴിവുകളും ഒരുമിച്ചു ചേർന്നപ്പോൾ ഒറ്റയാൾ പോരാട്ടങ്ങൾ പത്ര മാധ്യമങ്ങളിലൂടെ കേരളമൊട്ടുക്കും ശ്രദ്ധിക്കപ്പെട്ടു.  

വൈരം വിശ്വൻ  എന്ന പേരിൻറെ പ്രത്യേകത മൂലം അദ്ദേഹത്തെ എല്ലാവരും  ശ്രദ്ധിച്ചിരുന്നു. വൈരവേലി എന്ന വീട്ടുപേരിൽ നിന്നാണ് വൈരം എന്ന വാക്ക് അദ്ദേഹം തിരഞ്ഞെടുത്തത്.

സ്വന്തം മാതാവിനെ കുറിച്ച് പറയുമ്പോൾ ചിലപ്പോളെല്ലാം അദ്ദേഹത്തിൻറെ കണ്ഠമിടറിയത് എല്ലാവരുംശ്രദ്ധിച്ചിരുന്നു.  അദ്ദേഹത്തെയും മറ്റു സഹോദരങ്ങളേയും വളർത്തി വലുതാക്കാൻ അമ്മ സഹിച്ചത്യാഗങ്ങൾ. ആ കഥകൾ എന്റേത് കൂടി ആണെന്ന് തോന്നിയത് കൊണ്ടാവാം അദ്ദേഹത്തോട് മറ്റാരോടും തോന്നാത്ത അടുപ്പം എനിക്കു തോന്നിയത്.

അനാരോഗ്യം മൂലം കുറച്ചുകാലമായി സാംസ്കാരിക വേദികളിൽ എത്താറില്ലായിരുന്നു. പുതു തലമുറയ്ക്കു പ്രയോജനപ്പെടുന്ന രീതിയിലുള്ള   ഒത്തിരി അനുഭവങ്ങൾ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു.
ആദരാഞ്ജലികൾ
- കെ എ സോളമൻ

Sunday 5 February 2023

#നവോത്ഥാന #കെബഡ്ജറ്റ്

#നവോത്ഥാന #കെ-ബഡ്ജറ്റ്

സംസ്ഥാന ബഡ്ജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിതോടെ നാട് യുദ്ധക്കളമായി മാറി. എങ്ങും ലാത്തി ചാർജും ജലപീരങ്കി പ്രയോഗവും. 

ഈ ജലപീരങ്കിളിലൂടെ ചീറ്റിക്കുന്നത് ഓടയിലെ വെള്ളമല്ലെങ്കിൽ അതിനൊപ്പം സോപ്പു കൂടി നൽകിയിരുന്നെങ്കിൽ പിന്നീട് വീട്ടിൽ പോയി കുളിക്കേണ്ട ആവശ്യം വരില്ലായിരുന്നു.  കുളിക്കാനായി കഷായ സോപ്പ് ആണ് കൊടുക്കുന്നതെന്ന് വാർത്ത നൽകാമെന്നേറ്റാൽ കഷായ സോപ്പ് കമ്പനി തന്നെ സോപ്പിനുള്ള ചെലവ് വഹിക്കുമായിരുന്നു.

മുൻമന്ത്രി ഐസക്കിന്റേത് പോലെ ബഡ്ജറ്റിൽ, സ്കൂളിൽ പഠിക്കുന്ന മൊഞ്ചത്തികളുടെ കവിതകൾ ഒന്നുമില്ലായിരുന്നു. തന്മൂലം ബജറ്റ് പ്രസംഗം ശ്രവിക്കാനിരുന്ന സഭാംഗങ്ങളിൽ എത്ര പേര് ഉറങ്ങിയെന്നതു വ്യക്തമല്ല. ഉറങ്ങുന്നവരുടെ ചിത്രം പുറത്ത് പോകാതിരിക്കാൻ സഭാ റ്റി.വി മുൻകരുതൽ എടുത്തിരുന്നു എന്ന് വേണം കരുതാൻ.

ഒരു മന്ത്രി ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ തന്റെ പൂർവികരെ ചെറുതായിട്ടൊന്നു സ്മരിക്കുക എന്നത് ഒരു മര്യാദയാണ്, പ്രത്യേകിച്ചും സ്വന്തം പാർട്ടിയിൽ പെട്ട മുൻ ധനകാര്യ മന്ത്രിമാരെ. തൻറെ മുൻഗാമിയായിരുന്ന ഡോക്ടർ തോമസ് ഐസക്ക് മന്ത്രിയെ ബജറ്റിൽ  ഒരിടത്ത് പോലും  മന്ത്രി ബാലഗോപാൽ സ്മരിക്കാതിരുന്നത് ബഹുമാനക്കുറവ് ആണെന്നു തന്നെ പറയണം.

കവിതകൾ തുന്നിച്ചേർത്ത ബഡ്ജറ്റ് മന്ത്രി തോമസ് ഐസക്ക് വായിച്ചു കഴിയുമ്പോൾ കേട്ടിരിക്കുന്നവർക്ക് പോലും കവിതകൾ എഴുതാൻ തോന്നും. ഉദാഹരണത്തിന് ഭർത്താക്കന്മാർ ഇല്ലാതെ പ്രസവിക്കുന്ന സ്ത്രീകൾക്ക് 2000 രൂപ രൊക്കം കേഷ് ഐസക്ക് മന്ത്രി പ്രഖ്യാപിച്ചപ്പോൾ അതിൽ ആവേശം മൂത്ത് ഒരു അഭിനവ കുഞ്ചൻ നമ്പ്യാർ എഴുതിയ തുള്ളൽക്കവിതയിലെ നാലു വരികൾ ഇങ്ങനെ:

"എന്നിട്ടരിശം തീരാഞ്ഞൈസക്
പെണ്ണങ്ങൾക്കൊരു കൊട്ടു കൊടുത്തു
ഭർത്താവില്ലാ പേറിനു പോയാൽ
രണ്ടായിരം ക രൊക്കം ബാങ്കിൽ "

എത്ര പെണ്ണുങ്ങൾ ഈ വിധം പ്രസവിച്ചെന്നും ഒരു പ്രസവത്തിന്  2000 രൂപ കണക്കിൽ ഖജനാവിൽ നിന്ന് ബാങ്കിലേക്ക് എത്ര തുക പോയെന്നും സംബന്ധിച്ച് കണക്കുകൾ ഒന്നും ലഭ്യമല്ലെങ്കിലും ഈ ദിശയിൽ ഒരു വരി പോലും എഴുതാൻ കവികളെ  ബാലഗോപാലിന്റെ വരണ്ട ബജറ്റ് സഹായിച്ചില്ല എന്നുള്ളതാണ് വാസ്തവം.

സർവ്വതും മാറ്റി വെക്കപ്പെട്ട ബാലഗോപാലിന്റെ ബഡ്ജറ്റിൽ കവിതയും മാറ്റിവെച്ചിരിക്കുകയാണ്. എന്തെല്ലാമാണ് മാറ്റിവെച്ചിരിക്കുന്നത് എന്ന് നോക്കുക:

പാലക്കാട് വ്യവസായ ഇടനാഴിയുടെ വികസനത്തിന് 1000 കോടി മാറ്റി വെച്ചു. കെ.ഫോൺ പദ്ധതിക്ക് 100 കോടി മാറ്റിവെച്ചു.  സൗജന്യ ഇന്റർനെറ്റ് നൽകുന്നതിന് 2 കോടി. നീക്കിവെച്ചു. ശബരിമല വിമാനത്താവളത്തിന് 2കോടി രൂപ മാറ്റി വെച്ചു. ഉന്നത വിദ്യാഭ്യാസത്തിന് 815 കോടി മാറ്റി വെച്ചു.  തിരുവനന്തപുരം കാൻസർ സെന്ററിന് 81 കോടി മാറ്റി വെച്ചു.  മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് 8 കോടിയും മാറ്റി വെച്ചു. കുടുംബശ്രീകൾക്ക് 260 കോടി മാറ്റി വെച്ചു , ഊർജ മേഖലക്ക് 1185 കോടി മാറ്റിവെച്ചു. കയർ വ്യവസായത്തിന്റെ യന്ത്ര വൽക്കരണത്തിന് 40 കോടി മാറ്റി വെച്ചു. പൈപ്പ് മാറ്റി സ്ഥാപിക്കാൻ 50 കോടി മാറ്റി വെച്ചു. .കുട്ടനാട് പാടശേഖരങ്ങളുടെ പുറംബണ്ട് നിർമ്മിക്കുവാൻ 100 കോടി മാറ്റി വെച്ചു. നഗര വികസനത്തിന് 1055 കോടി മാറ്റി വെച്ചു.  അവയമാറ്റത്തിന് 30 കോടി മാറ്റി വെച്ചു. റീബിൽഡ് കേരളക്ക് 904 കോടി മാറ്റി വെച്ചു. ഇങ്ങനെ നോക്കിയാൽ സർവ്വവും മാറ്റിവച്ചിരിക്കുകയാണ്. ആ കൂട്ടത്തിൽ മൊഞ്ചത്തിക്കവിതകളും മാറ്റിവെച്ചു!

ഈ മാറ്റിവെച്ചിരിക്കുന്ന തുകകൾ എല്ലാം തിരിച്ചെടുക്കാൻ ചെല്ലുമ്പോൾ അവിടെ ഉണ്ടാകുമോ എന്നുള്ള കാര്യത്തിൽ കിഫ്ബിക്ക് ഒരു ചെറിയ സംശയം ഉണ്ട് .

അതിനിടെ  ബാലഗോപാൽജി മേക്ക് ഇൻ കേരള എന്ന ഒരു പദ്ധതി കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങ് ഡൽഹിയിലെ മോദിജി മേക് ഇൻ ഇന്ത്യ പ്രഖ്യാപിച്ചു നടപ്പിലാക്കുമ്പോൾ സമാന്തര സാമന്ത രാജ്യമായ കേരളത്തിലും അങ്ങനെയൊരു പദ്ധതി പ്രഖ്യാപിച്ചു നടപ്പിലാക്കാതിരിക്കേണ്ടേ എന്നുള്ളതായിരിക്കും ഇതിന് പിന്നിലുള്ള വികാരം . അഥവാ നടപ്പിലാക്കുകയാണെങ്കിൽ പ്രധാനമായിട്ടും ഉത്പാദിപ്പിക്കപ്പെടുക ചിലവ് കുറഞ്ഞ മെനിസ്ട്രുവൽ കപ്പായിരിക്കും. ആർപ്പോ ആർത്തവം ഉപേക്ഷിച്ചിട്ട് നമുക്ക് വേറെ കാതലായ ഒരു സംരംഭവും ഏറ്റെടുക്കാനാവില്ല, പ്രത്യേകിച്ചും നവീന നവോത്ഥാന കാലഘട്ടത്തിൽ. അതിനിടെ സൗജന്യമായി നൽകിയ നവോത്ഥാന കപ്പുകൾ ഗുണമേന്മ ഇല്ലാത്തതാണെന്നു ഉപഭോക്തൃ വിമർശനവും പുറത്തുവന്നിട്ടുണ്ട്.

പുതിയ ബഡ്ജറ്റിന്റെ  പേരിൽ തല്ലു പിടിക്കുന്ന ജനങ്ങളുടെയും അവരെ തല്ലി ഓടിക്കുന്ന പോലീസിന്റെയും കാര്യമാണ് കഷ്ടം. സമരങ്ങളുടെയും  ബഹളങ്ങളുടെയും ഇടയിൽ മാധ്യമങ്ങൾ കൈവിട്ടുകളയാത്ത നർമ്മവും നാം കാണണം. അല്ലെങ്കിൽ അവർ ഇന്നു തന്നെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചിരുന്ന് തമാശ പൊട്ടിച്ചു രസിക്കുന്ന ഫോട്ടോ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുമായിരുന്നോ?

- കെ എ സോളമൻ .