Saturday 26 November 2022

വൈകി കിട്ടുന്ന നീതി

#വൈകിക്കിട്ടുന്ന #നീതി

കേരളത്തിൽ ക്രമസമാധാനം പരിതാപകരമായ അവസ്ഥയിലാണെന്നത് വസ്തുതയാണ്. അതുകൊണ്ട് ജനങ്ങൾക്ക് ഇപ്പോഴും വിശ്വാസമുള്ള ഏക സ്ഥാപനം ജുഡീഷ്യറിയാണ്. നിർഭാഗ്യവശാൽ,  ജുഡീഷ്യറിയുടെ  എല്ലാ പ്രവർത്തനങ്ങളും  പ്രശംസനീയമല്ല

20 വർഷത്തോളമായി ഹൈക്കോടതിയിൽ കേസുകൾ കെട്ടിക്കിടക്കുന്നത് കോടതി രജിസ്‌ട്രാർ അവ ജഡ്ജിമാരുടെ ശ്രദ്ധയിൽപ്പെടുത്താത്തതു കൊണ്ടാണെന്ന കോടതിയുടെ നിരീക്ഷണം വളരെ ശ്രദ്ധേയമാണ്.

ഇത്തരം  കേസുകളിൽ ഭൂരിഭാഗവും സാധാരണ പൗരന്മാരെ ബാധിക്കുന്നതാണ്. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെട്ട കേസുകൾക്കാണ് കോടതി സമയം കൂടുതലും ചെലവഴിക്കുന്നത്, അത്തരം കേസുകൾക്കാകട്ടെ ഒരു കുറവുമില്ല. സെൻസേഷണൽ കേസുകൾ കോടതി അടിയന്തര പ്രാബല്യത്തിൽ പരിശോധിക്കുമ്പോൾ, സാധാരണക്കാരുടെ എല്ലാ കേസുകളും മരവിപ്പിക്കപ്പെടുന്നു. ഡൽഹി ആസ്ഥാനമായുള്ള ഹൈ പ്രൊഫൈൽ അഭിഭാഷകർ കേസുകൾ വാദിക്കാനെത്തുമ്പോൾ , കേസുകൾ കോടതിക്കകത്തും പുറത്തും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു.രാഷ്ട്രീയക്കാരുടെഅഴിമതിയുടെ കേസ് ആണെങ്കിൽ പറയാനുമില്ല

എല്ലാ കോടതികളിലും നിശ്ചിത സമയത്തിനുള്ളിൽ കേസുകൾ കേൾക്കാനുള്ള സംവിധാനം ഉണ്ടാകേണ്ടതാണ്, അല്ലെങ്കിൽ വൈകുന്ന നീതി, നീതി നിഷേധമായി മാറും

കെ.എ. സോളമൻ

Monday 21 November 2022

#കെറെയിൽ #പോയി

#കെറെയിൽ #പോയി

സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിനായി കെ-റെയിൽ ഓഫീസുകളിലേക്ക് നിയമിച്ച സംസ്ഥാന സർക്കാർ ജീവനക്കാരെ പഴയ ലാവണത്തിലേക്ക് തിരിച്ചയയ്ക്കാൻ സർക്കാർ തീരുമാനിച്ചത് നന്നായി. അസംഭവ്യവും ഉപയോഗശൂന്യവുമായ പദ്ധതിക്കായി ജീവനക്കാരുടെ സേവനം ഇനിയും പാഴാക്കുന്നത് ബുദ്ധിശൂന്യമാണ്

എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായി സിൽവർലൈനിനെ ഉയർത്തിക്കാട്ടി,  പാതയ്ക്ക് സമീപം താമസിക്കുന്ന ജനങ്ങൾക്ക് പരിധിയില്ലാത്ത ദുരിതങ്ങൾ സൃഷ്ടിച്ചുകൊണ്ട് പൊതു പണം തട്ടിയെടുക്കാൻ കണ്ടുപിടിച്ചതായിരുന്നു കെ - റെയിൽ.  ഇന്ത്യൻ റെയിൽവേ സമാന്തര പാത നിലനിർത്തുമ്പോൾ സെമി-റാപ്പിഡ് ട്രെയിൻ പദ്ധതി ആവശ്യമില്ലാത്ത ഒരു സംരംഭമാണ്

കെ കല്ലിടൽ സാഹസികതയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇനി വേണ്ടത്. ജനങ്ങൾക്കെതിരെ ചുമത്തിയ എല്ലാ ക്രിമിനൽ കേസുകളും പിൻവലിക്കണം, ചിന്താശൂന്യമായ കെ  കല്ലിടൽ നടപടിയിലൂടെ ജനങ്ങളെ കഷ്ടപ്പെടുത്തിയതിന് മന്ത്രിമാർ മാപ്പ് പറയുകയും വേണം.

-കെ എ സോളമൻ

Wednesday 16 November 2022

#ബാനർ #അസഭ്യം

ഗവർണർക്കെതിരായ വിദ്യാർത്ഥി സംഘടനയുടെ അസഭ്യ ബാനറിൽ ഖേദം പ്രകടിപ്പിച്ചിരിക്കുന്നു തിരുവനതപുരം സംസ്കൃത കോളേജ് പ്രിൻസിപ്പൽ. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് കേരള സർവകലാശാലയ്ക്ക് അദേഹം ഉറപ്പു നൽകി. ബാനർ നീക്കിയതായി ചൂണ്ടിക്കാണിച്ച് കോളേജ് പ്രിൻസിപ്പൽ സർവകലാശാലാ രജിസ്ട്രാർക്ക് കത്തും നൽകി.

ഇത് കേട്ടാൽ തോന്നുക പോസ്റ്റർ വെച്ചതും ഗവൺറെ അധിക്ഷേപിച്ചതും കോളേജ് പ്രിൻസിപ്പൽ ആണെന്ന്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് പ്രിൻസിപ്പലിന് എങ്ങനെ ഉറപ്പ് നൽകാനാവും? പ്രിൻസിപ്പനോട് ചോദിച്ചിട്ടാണോ വിദ്യാർഥികൾ ഇത്തരം പോസ്റ്ററുകൾ വയ്ക്കുന്നതും കോളേജിൽ പ്രകടനം നടത്തുന്നതും ?

കേരളത്തിലെ ഒട്ടുമിക്ക കോളേജുകളുടെയും സ്ഥിതി നോക്കിയാൽ മനസ്സിലാകും വിദ്യാർഥികളുടെ പാർട്ടി പ്രവർത്തനം നിയന്ത്രിക്കാൻ അധ്യാപകർക്കോ പ്രിൻസിപ്പലിനോ കഴിയില്ലയെന്ന്. താക്കീത്, സസ്പെൻഷൻ പോലെയുള്ള ശിക്ഷ നടപടികൾ കൊണ്ട് ഇന്നത്തെ വിദ്യാർത്ഥി നേതാക്കളെ നിയന്ത്രിക്കുക കോളജ് പ്രിൻസിപ്പലിന് അസാധ്യമാണ്. വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നത് പുറത്തുനിന്നുള്ള പാർട്ടി നേതാക്കളാണെന്നതാണ് കാരണം. ഏതെങ്കിലും പ്രിൻസിപ്പൽ അത്തരം സാഹസത്തിന്  മുതിർന്നാൽ അദ്ദേഹത്തിന്റെ കസേര കത്തിക്കും, ശവമടക്കു നടത്തും. വിദ്യാർത്ഥി രാഷ്ട്രീയ തിമിരം ബാധിച്ച മിക്ക കോളേജുകളിലും പ്രിൻസിപ്പൽ ജോലി വളരെ അപകടം പിടിച്ചതാണ്. അവർക്ക് പോലീസിന്റെ അല്ലെങ്കിൽ കോടതിയുടെചുമതല നിർവഹിക്കാൻ അവകാശമില്ല.

കോളേജ് കവാടത്തിൽ ഗവർണർക്കെതിരേ അസഭ്യ ബാനർ വെച്ചത് കുട്ടികളുടെ പക്വതക്കുറവ് മൂലമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിന്റെ ന്യായീകരണം സൂചിപ്പിക്കുന്നത് അവരുടെ പക്വത കുറവാണ്. കേരളവർമ്മ കോളേജിലെ തരികിട രാഷ്ട്രീയം സ്പോൺസർ ചെയ്തു പ്രിൻസിപ്പലും മേയറും പിന്നെ മന്ത്രിയുമാറിയ മാഡത്തിന് ഇങ്ങനെയൊക്കെ തോന്നുക സ്വാഭാവികം.

അസഭ്യബാനർ വിഷയത്തിൽ പ്രിൻസിപ്പൽ ഖേദം പ്രകടിപ്പിച്ചതും ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നു പറഞ്ഞതും അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണെങ്കിൽ, തെറ്റുചെയ്ത വിദ്യാർത്ഥികൾക്കെതിരെ എന്ത് നടപടി എടുത്തുവെന്നും വിദ്യാർത്ഥികളെ തെറ്റിന് പ്രേരിപ്പിച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നും പൊതു സമൂഹത്തോടു പ്രിൻസിപ്പൽ വ്യക്തമാക്കേണ്ടതാണ്. സമരക്കാരുടെ പക്വതക്കുറവായി ലഘൂകരിച്ച് തള്ളിക്കളയേണ്ട പ്രവർത്തിയായി കാണാനാവില്ല സംസ്കൃത കോളേജിലെ സംഭവം.

- കെ എ സോളമൻ

 -

Tuesday 15 November 2022

ജീവിതപങ്കാളി കടന്നുവരുമ്പോൾ

#ജീവിതപങ്കാളി #കടന്നുവരുമ്പോൾ .

കോതകുറുശിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം തടയുന്നതിനിടെ വെട്ടേറ്റ ഇവരുടെ മകളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : പത്ര വാർത്തയാണ്

ഈ വാർത്ത ഇനി വരാൻ പോകുന്നത് ഇങ്ങനെ ആയിരിക്കും
കോതകുറുശിയിൽ ജീവിതപങ്കാളി(പു) ജീവിത പങ്കാളി (സ്ത്രീ) യെ വെട്ടിക്കൊലപ്പെടുത്തി. ജീവിതപങ്കാളി ( പു) നെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം തടയുന്നതിനിടെ വെട്ടേറ്റ ഇവരുടെ മകളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭർത്താവിനും ഭാര്യയ്ക്കും അനുയോജ്യമായ ലിംഗ നിഷ്പക്ഷ പദം കണ്ടെത്തിയതയോടെ ചിലയിനം അപേക്ഷാഫോറങ്ങളിൽ ഇനിമുതൽ ഭാര്യയ്ക്കും ഭർത്താവിനും പകരം ജീവിതപങ്കാളിയെന്നേ അച്ചടിക്കു . അപേക്ഷ ഫോമുകളിൽ വരുത്തിയ മാറ്റം ചാനൽ -പത്ര റിപ്പോർട്ടിങ്ങിലും വൈകാതെ വേണമല്ലോ, അതല്ലേ നവോത്ഥാനം? മകൾ എന്നതിന് അനുയോജ്യമായ ലിംഗ നിഷ്പക്ഷ പദം കണ്ടെത്താത്തതുകൊണ്ട് മകൾ മകളായി തന്നെ തുടരും മകൻ മകനായും

ഭർത്താവ് എന്നയാൾ  വൈവാഹിക ബന്ധത്തിലെ പുരുഷനാണ്, അവനെ ഇണ എന്നും വിളിക്കാം. തന്റെ ഇണയെ സംബന്ധിച്ച് ഒരു ഭർത്താവിന്റെ അവകാശങ്ങളും കടമകളും, സമൂഹങ്ങളിലും  സംസ്‌കാരങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു, അതു കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു എന്നും പറയാം

റേഷൻ കാർഡിൽ കുടുംബനാഥനായി വിരാജിച്ചിരുന്ന ഭർത്താവ് ഒരു സർക്കാർ ഉത്തരവിലൂടെ കുടുംബനാഥൻ അല്ലാതായി. കുടുംബനാഥൻ മൂലയ്ക്ക് ഒതുങ്ങിയ ഭവനങ്ങളിൽ ഭാര്യ എന്ന ജീവിത പങ്കാളിയാണ് ഇപ്പോൾ കുടുംബനാഥ

ഒരു വിവാഹത്തിന് രണ്ട് കക്ഷികൾ,  അത് ദ്വിഭാര്യത്വത്തിനും ബഹുഭാര്യത്വത്തിനും എതിരായ നിയമങ്ങളാൽ നടപ്പിലാക്കപ്പെട്ടിരിക്കുന്നു, ഇതാണ് ഇവിടെ കാലങ്ങളായി പിന്തുടർന്നു  പോന്നിരുന്നത്. കുടുംബനാഥനായി കരുതപ്പെട്ടിരുന്നത് ഭർത്താവിനെയാണ് അദ്ദേഹമാണ് കുടുംബത്തിന്റെ വരുമാനസ്രോതസ്സ് അല്ലെങ്കിൽ അന്നദാതാവ് :

ഇന്ന്, പല കുടുംബങ്ങളിലും ഭർത്താവിനെ അന്നദാതാവായി പരിഗണിക്കപ്പെടുന്നില്ല, പ്രത്യേകിച്ചും അയാളുടെ ഇണയ്ക്ക് സാമ്പത്തികമായി കൂടുതൽ പ്രതിഫലം ലഭിക്കുന്ന തൊഴിൽ ഉണ്ടെങ്കിൽ. അത്തരംഭവനങ്ങളിൽ ഹൗസ് വൈഫ് ഇല്ല പകരമുള്ളത് ഹൗസ് ഹസ്ബൻഡ് ആണ്! ഹൗസ് ഹസ്ബൻഡ് കഞ്ഞി വെയ്ക്കും  കറിവെയ്ക്കും അലക്കും അങ്ങനെ അല്ലറ ചില്ലറ വീട്ടുജോലികളുമായി കഴിഞ്ഞുകൂടും

വൈവാഹിക ബന്ധത്തിലുള്ള സ്ത്രീയാണ് ഭാര്യ. ദർത്താവിൽ നിന്ന് വേർപിരിഞ്ഞ ഒരു സ്ത്രീ വിവാഹമോചന വിധി നടപ്പിലാകുന്നത് വരെ ഭാര്യയായി തുടരുന്നു. ഭർത്താവ് മരിച്ചാൽ ഭാര്യയെ വിധവ എന്ന് വിളിക്കുന്നു. ഇനി മുതൽ ജീവിതപങ്കാളി (പു) മരിച്ചാൽ ജീവിതപങ്കാളി (സ്ത്രീ)യെ വിധവ എന്ന് വിശേഷിപ്പിക്കാനാവില്ല.. ഇത്തരമൊരു സാഹചര്യത്തിൽ വിധവയ്ക്ക് പകരമുള്ള മറ്റൊരു ലിംഗ നിഷ്പക്ഷ പദം കണ്ടെത്തേണ്ടിയിരിക്കുന്നു ജീവിത പങ്കാളി നഷ്ടപ്പെട്ട സ്ത്രീകളെ വിശേഷിപ്പിക്കാൻ. നവോത്ഥാന പരിഷ്കർത്താക്കൾ പറ്റിയ പദം ഉടനെ കണ്ടുപിടിക്കുമെന്നുതന്നെ വിശ്വസിക്കാം

ഭാര്യ എന്ന സ്ഥാനത്തിന് പകരം ജീവിതപങ്കാളി ആകുന്നതോടെ  സമൂഹത്തിലും നിയമത്തിലും സ്ത്രീയുടെ  പദവിയും കടമയും അവകാശങ്ങളും എന്തൊക്കെയെന്ന് നിയമ പുസ്തകങ്ങളിൽ മാറ്റങ്ങൾ എഴുതി ചേർക്കേണ്ടിവരും.

കീപ്പ് ഒരു ഇംഗ്ലീഷ്പദമാണ്. പക്ഷേ ഇതു മലയാളത്തിൽ സാധാരണമായി ഉപയോഗിച്ചു വരുന്നു. സൂക്ഷിച്ചു വെയ്ക്കപ്പെട്ട സ്ത്രീയെന്നു വേണമെങ്കിൽ അർത്ഥം പറയാം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാകത്തിൽ കാമവെറിയനും ധൂർത്തനുമായ ഒരു പുരുഷൻ വീടും പണവും നൽകി സംരക്ഷിക്കുന്ന പഴയ കാലത്തെ സ്ത്രീ.  ഇത്തരം സ്ത്രീകൾ ഇന്നും ഉണ്ടായിരിക്കാം പക്ഷേ കാര്യങ്ങൾ കുറച്ച് കൂടി സങ്കീർണമാണ്. 

പുതിയ  പരിഷ്കാരങ്ങളിലൂടെ ഇവരും ജീവിതപങ്കാളി എന്നഗണത്തിൽ പെടും. അങ്ങനെ വന്നാൽ ജീവിതപങ്കാളി (പൂ)വിൻറെ കാലശേഷം സ്വത്ത് പങ്കുവയ്ക്കുമ്പോൾ കൂടുതൽ നിയമപ്രശ്നങ്ങൾ ഉൽഭവിക്കും. ജീവിതപങ്കാളി (സ്ത്രീ)യുടെ കാലശേഷവും ഇതുതന്നെയാണ് സംഭവിക്കുക എന്നാൽ ജീവിതപങ്കാളി(പു)വിന്റതുപോലെ അത്രയ്ക്ക് വ്യാപകമായിരിക്കില്ല

ഭാര്യയ്ക്കും  ഭർത്താവിനും പകരം ജീവിതപങ്കാളി ഉത്ഭവിച്ചതോടെ നിയമപ്രശ്നങ്ങൾ കുഴഞ്ഞ് മാറിയാനാണ് സാധ്യത :

അതിരിക്കട്ടെ, ഭാര്യ, ഭർത്താവ് എന്ന വാക്കുകൾക്ക് എന്താണ് കുഴപ്പം ? കുഴപ്പം പിടിച്ച എന്തെങ്കിലും അർത്ഥം അവയ്ക്ക് ഉണ്ടെങ്കിൽ അങ്ങനെ ഒന്നില്ല എന്ന് ഉത്തരവ് ഇറക്കിയാൽ പോരെ?  

നല്ലതൊന്നും ചെയ്യാനില്ലാത്ത അവസ്ഥയിലാണ്ഭാര്യക്ക് ഭർത്താവിനും പകരം ജീവിതപങ്കാളി എന്ന വികല ചിന്ത ഉണ്ടാകുന്നത്.

ഇവിടെ സർ / മാഡംം സംബോധനകൾ വേണ്ട എന്ന് പറഞ്ഞ് ഒരു കൂട്ടർ ഹാലിളക്കി. ഇപ്പോൾ ഈ സംബോധനങ്ങളുടെ അവസ്ഥ എന്താണെന്ന് വ്യക്തമല്ല. പിന്നീട് ഒരു കൂട്ടർ നവോത്ഥാനത്തിന്റെ പേരിൽ ലിംഗ നിഷ്പക്ഷ യൂണിഫോമുമായി വന്നു. പക്ഷേ അതും കാര്യമായി ക്ലച്ച് പിടിച്ചില്ല,.പരക്കെ ചർച്ച ചെയ്യപ്പെട്ടെങ്കിലും .

 
എന്നാൽ യാതൊരുവിധ ചർച്ചയും കൂടാതെയാണ് ഭാര്യയെയും ഭർത്താവിനെയും വെട്ടി അപേക്ഷ ഫാറങ്ങളിൽ ജീവിതപങ്കാളി കടന്നുവന്നത്. ഇതുകൊണ്ട് എന്തെങ്കിലും പറയത്തക്ക പ്രയോജനം ഉണ്ടാകമെന്ന് കരുതാനാവില്ല. ആരോടും ചർച്ച നടത്താതെ  നവോത്ഥാനത്തിന്റെയും ലിംഗ സമത്വത്തിന്റെയും പേരിൽ ഭാര്യയെയും  ഭർത്താവിനെയും വെട്ടി പകരം ജീവിതപങ്കാളി എന്ന ലിംഗ നിഷ്പക്ഷ പ്രയോഗം കൊണ്ടുവന്ന പുളിന്താന്മാരുടെ തലയിൽ നെല്ലിക്കാത്തളം വയ്ക്കണം

-കെ എ സോളമൻ

Tuesday 8 November 2022

അനാവശ്യമായ പ്രതിഷേധം

#അനാവശ്യമായ #പ്രതിഷേധം

 എപിജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ (കെടിയു) ചുമതലയുള്ള വൈസ് ചാൻസലറായി ഡോ. സിസ തോമസിന്റെ നിയമനം സസ്‌പെൻഡ് ചെയ്യാൻ കേരള ഹൈക്കോടതി വിസമ്മതിച്ചത് കേരള സംസ്ഥാന സർക്കാരിന് കിട്ടിയ മറ്റൊരു പ്രഹരമാണ്.

 ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സിസ തോമസിനെ നിയമിച്ചത്, അത് തികച്ചും മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.  സർക്കാരിന് നേരിട്ടുള്ള അധികാരപരിധിയില്ലാത്ത എല്ലാ സർവകലാശാലകളും സ്വതന്ത്ര സ്ഥാപനങ്ങളാണ്.  എന്നിരുന്നാലും, യുജിസി മാർഗനിർദേശങ്ങൾ ലംഘിച്ച് അധ്യാപക നിയമനം ഉൾപ്പെടെ എല്ലാ സർവകലാശാല കാര്യങ്ങളിലും ഭരണകക്ഷി രാഷ്ട്രീയക്കാർ നേരിട്ട് ഇടപെടുന്നു.  ഇതാണ് ചാൻസലർ ചോദ്യം ചെയ്തത്.

 കോടതി വ്യവഹാരങ്ങളിൽ ഹാജരാകാൻ പുറമേ നിന്ന് അഭിഭാഷകരെ നിയോഗിച്ച് നികുതിദായകരുടെ പണം സർക്കാർ പാഴാക്കുകയാണ്.  ചാൻസലർ ഗവർണറുടെ നടപടി ശരിയായ ദിശയിലാണ്, അദ്ദേഹത്തിനെതിരായ സിപിഎമ്മിന്റെ പ്രതിഷേധം ന്യായീകരിക്കാവുന്നതല്ല.

 കെ.എ.  സോളമൻ