Wednesday, 16 November 2022

#ബാനർ #അസഭ്യം

ഗവർണർക്കെതിരായ വിദ്യാർത്ഥി സംഘടനയുടെ അസഭ്യ ബാനറിൽ ഖേദം പ്രകടിപ്പിച്ചിരിക്കുന്നു തിരുവനതപുരം സംസ്കൃത കോളേജ് പ്രിൻസിപ്പൽ. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് കേരള സർവകലാശാലയ്ക്ക് അദേഹം ഉറപ്പു നൽകി. ബാനർ നീക്കിയതായി ചൂണ്ടിക്കാണിച്ച് കോളേജ് പ്രിൻസിപ്പൽ സർവകലാശാലാ രജിസ്ട്രാർക്ക് കത്തും നൽകി.

ഇത് കേട്ടാൽ തോന്നുക പോസ്റ്റർ വെച്ചതും ഗവൺറെ അധിക്ഷേപിച്ചതും കോളേജ് പ്രിൻസിപ്പൽ ആണെന്ന്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് പ്രിൻസിപ്പലിന് എങ്ങനെ ഉറപ്പ് നൽകാനാവും? പ്രിൻസിപ്പനോട് ചോദിച്ചിട്ടാണോ വിദ്യാർഥികൾ ഇത്തരം പോസ്റ്ററുകൾ വയ്ക്കുന്നതും കോളേജിൽ പ്രകടനം നടത്തുന്നതും ?

കേരളത്തിലെ ഒട്ടുമിക്ക കോളേജുകളുടെയും സ്ഥിതി നോക്കിയാൽ മനസ്സിലാകും വിദ്യാർഥികളുടെ പാർട്ടി പ്രവർത്തനം നിയന്ത്രിക്കാൻ അധ്യാപകർക്കോ പ്രിൻസിപ്പലിനോ കഴിയില്ലയെന്ന്. താക്കീത്, സസ്പെൻഷൻ പോലെയുള്ള ശിക്ഷ നടപടികൾ കൊണ്ട് ഇന്നത്തെ വിദ്യാർത്ഥി നേതാക്കളെ നിയന്ത്രിക്കുക കോളജ് പ്രിൻസിപ്പലിന് അസാധ്യമാണ്. വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നത് പുറത്തുനിന്നുള്ള പാർട്ടി നേതാക്കളാണെന്നതാണ് കാരണം. ഏതെങ്കിലും പ്രിൻസിപ്പൽ അത്തരം സാഹസത്തിന്  മുതിർന്നാൽ അദ്ദേഹത്തിന്റെ കസേര കത്തിക്കും, ശവമടക്കു നടത്തും. വിദ്യാർത്ഥി രാഷ്ട്രീയ തിമിരം ബാധിച്ച മിക്ക കോളേജുകളിലും പ്രിൻസിപ്പൽ ജോലി വളരെ അപകടം പിടിച്ചതാണ്. അവർക്ക് പോലീസിന്റെ അല്ലെങ്കിൽ കോടതിയുടെചുമതല നിർവഹിക്കാൻ അവകാശമില്ല.

കോളേജ് കവാടത്തിൽ ഗവർണർക്കെതിരേ അസഭ്യ ബാനർ വെച്ചത് കുട്ടികളുടെ പക്വതക്കുറവ് മൂലമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിന്റെ ന്യായീകരണം സൂചിപ്പിക്കുന്നത് അവരുടെ പക്വത കുറവാണ്. കേരളവർമ്മ കോളേജിലെ തരികിട രാഷ്ട്രീയം സ്പോൺസർ ചെയ്തു പ്രിൻസിപ്പലും മേയറും പിന്നെ മന്ത്രിയുമാറിയ മാഡത്തിന് ഇങ്ങനെയൊക്കെ തോന്നുക സ്വാഭാവികം.

അസഭ്യബാനർ വിഷയത്തിൽ പ്രിൻസിപ്പൽ ഖേദം പ്രകടിപ്പിച്ചതും ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നു പറഞ്ഞതും അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണെങ്കിൽ, തെറ്റുചെയ്ത വിദ്യാർത്ഥികൾക്കെതിരെ എന്ത് നടപടി എടുത്തുവെന്നും വിദ്യാർത്ഥികളെ തെറ്റിന് പ്രേരിപ്പിച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നും പൊതു സമൂഹത്തോടു പ്രിൻസിപ്പൽ വ്യക്തമാക്കേണ്ടതാണ്. സമരക്കാരുടെ പക്വതക്കുറവായി ലഘൂകരിച്ച് തള്ളിക്കളയേണ്ട പ്രവർത്തിയായി കാണാനാവില്ല സംസ്കൃത കോളേജിലെ സംഭവം.

- കെ എ സോളമൻ

 -

No comments:

Post a Comment