Friday 28 May 2021

ഉപഗ്രഹ പഠനം



മുതിര്‍ന്ന ആളുകളുകൾക്ക് സ്വയം പഠനത്തിന് ഒരു സംവിധാനം എന്ന നിലയ്ക്കാണ് ഓണ്‍ലൈന്‍ ക്ളാസ് പ്രധാനമായും പ്രവര്‍ത്തിച്ചു തുടങ്ങിയത് ക്ളാസ് റൂം പoനത്തിൻ്റെ മേന്മകളാന്നും തന്നെ അതിനവകാശപ്പെടാനില്ല. അലസരായ കട്ടികളെ ക്ളാസിൽ പിടിച്ചിരുത്തി പഠിപ്പിക്കുക എന്ന അദ്ധ്യാപകരുടെ വലിയൊരു ക്ളേശം അവസാനിച്ചതോടെ ഒരു കൂട്ടം വിദ്യാർത്ഥികൾ അക്ഷരം പഠിക്കാത്തവരായി മാറി. കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ ഓൺലൈൻ ക്ളാസ് അല്ലാതെ മറ്റൊന്നും ചെയ്യാനാവാത്തതു കൊണ്ട് ഇത് ഒരു അനിവാര്യ ദുരന്തമായി കാണാനെ നിവൃത്തിയുള്ളു.

പ്രീ പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള ഓണ്‍ലൈൻ  പഠനം കൊണ്ട് കാര്യമായ പ്രയോജനമില്ല. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, കോളജ് മേഖലകളിൽ  ഓണ്‍ലൈന്‍ പഠനത്തിൻ്റെ പ്രയോജനം ലഭിക്കുന്നുണ്ടെങ്കിലും ക്ളാസ്മുറിയിൽ  നിന്ന് അധ്യാപകന്  ഗൈഡൻസ് കൊടുക്കാൻ പറ്റാതെ വന്നത് പഠനത്തിൻ്റെ ഗൗരവം കുറച്ചു.

ജൂണ്‍ ഒന്നാംതീയതി പ്രവേശനോത്സവത്തോടെ സംസ്ഥാനത്തെ സ്കൂളുകളില്‍ ഡിജിറ്റല്‍പഠനം ആരംഭിക്കുമെന്ന് പുതിയ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറയുന്നു. ഒാണ്‍ലൈന്‍ ക്ളാസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജൂലൈയില്‍ തുടങ്ങുമെന്നും പറയുന്നു.

ടെലിവിഷൻ, മൊബൈൽ, ഇൻ്റർനെറ്റ് തുടങ്ങിയവയെല്ലാം ഡിജിറ്റൽ ക്ളാസിൻ്റെയും ഓൺലൈൻ ക്ളാസിൻ്റെയും അഭിഭാജ്യ ഘടകങ്ങളായിരിക്കെ ഈ രണ്ടു രീതികളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അധ്യാപകർക്കെങ്കിലും മന്ത്രി ഉടൻ പറഞ്ഞു കൊടുക്കണ്ടതാണ്.
ഓൺലൈൻ പഠനം ഡിജിറ്റൽ പഠനത്തിൽ നിന്ന്  ഉയർന്നുവന്നതിനാൽ ഇവ സമാനമാണ് എന്ന ചിന്തിക്കുന്നവരാണ് ഭൂരിപക്ഷ ജനം
ഈ രണ്ട് പദങ്ങളും പരസ്പരം മാറിമാറി ഉപയോഗിക്കുകയും ചെയ്യുന്നു.
സർവ്വകലാശാലകളോ സ്വതന്ത്ര ഏജൻസികളോ നൽകുന്ന  എല്ലാ ഓൺലൈൻ കോഴ്സുകളെയും
പൊതുവെ ഡിജിറ്റൽ പഠനം എന്നാണു് വിളിക്കുന്നത്.

അതുകൊണ്ട്  ഡിജിറ്റൽ പഠനവും ഓൺലൈൻ പഠനവും ഒന്നല്ല രണ്ടാണ് എന്ന്  പ്രത്യേകം പറഞ്ഞ സ്ഥിതിക്ക് ഓരോന്നിലും എന്തൊക്കെ ഗാഡ്ഗെറ്റ്സ് ആകാം എന്തൊക്കെ പാടില്ല എന്ന് മന്ത്രി വ്യക്തമാക്കിയാൽ പലരുടെയും ഈ ദിശയിലുള്ള സംശയം മാറിക്കിട്ടും

ഉപഗ്രഹപഠനം ഇവയിൽ ഏതിൽ പെടുത്താമെന്നതു പോലുള്ള സംശയങ്ങൾ അധ്യാപകർക്കുപോലുമുണ്ട്.

കെ എ സോളമൻ

Tuesday 25 May 2021

സ്പീക്കറുടെ ചുമതല

സ്പീക്കറുടെചുമതല

നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയം സംസാരിക്കുമെന്ന് പറയുന്ന കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷിൻ്റേത് വേറിട്ട സമീപനമാണ്.  തീർച്ചയായും ഇത് അദ്ദേഹത്തിന്റെ മുൻഗാമികളുടെ പ്രവർത്തനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തം . മുൻ സ്പീക്കർമാരിൽ ആരും ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല.

സഭയുടെ ബിസിനസ്സ് നടത്തുന്നതിനുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും സഭയിലെ എല്ലാ അംഗങ്ങൾക്കും സംവാദങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടെന്നും ഉറപ്പാക്കേണ്ടത് സ്പീക്കറുടെ കടമയാണ്. സഭയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും എന്തു പറയുന്നു അവ കേൾക്കുക എന്നതാണ് സ്പീക്കറുടെ പ്രധാനപ്പെട്ട ചുമതല. ആയതിനാൽ സ്പീക്കർ  സംവാദത്തിൽ ഏർപ്പെട്ട് പക്ഷം പിടിക്കേണ്ട സാഹചര്യം ഒഴിവാക്കണം. പുറത്തു പക്ഷം പറഞ്ഞിട്ട് അകത്ത് മിണ്ടാതിരിക്കും എന്നു പറയുന്നതു കൊണ്ടു എന്തു പ്രയോജനമാണുള്ളത്?

സഭ എങ്ങനെ സുഗമമായി നടത്താമെന്നതിനെക്കുറിച്ച് മുൻ സ്പീക്കറും മന്ത്രിയുമായ കെ രാധാകൃഷ്ണന്റെ ഉപദേശം പുതിയ സ്പീക്കറിന് സ്വീകരിക്കാവുന്നതാണ്.

-കെ എ സോളമൻ

Sunday 23 May 2021

മാതൃകാപരം

മാതൃകാപരം

ലോകത്തിൽ ഏറ്റവുംകൂടുതലായി സ്ത്രീകളെ ബഹുമാനിക്കുന്ന രാജ്യമാണ് ഇസ്രായേൽ. അവിടെ സ്ത്രീകൾക്കായി നിർബന്ധിത സൈനിക സേവനം ഉണ്ട്. പുരുഷന്മാർക്ക് ഒപ്പം ജോലി ചെയ്ത എണ്ണമറ്റ സ്ത്രീകളുടെ പിന്തുണയില്ലാതെ ഐഡിഎഫിനും ഇസ്രായേലിനും ഇന്നത്തെ നിലയിലെത്താൻ കഴിയുമായിരുന്നില്ല.. സ്ത്രീകളുടെ സമ്പൂർണ്ണ അവകാശങ്ങളിൽ അവർ വിശ്വസിക്കുന്നു.

ഇസ്രയേലിൻ്റെ മണ്ണിൽവെച്ച് ഹമാസ് ഭീകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഈ സംസ്ഥാനത്തെ നഴ്‌സായ സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകാനുള്ള ഇസ്രായേൽ തീരുമാനം മാതൃകാപരം. അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും 9 വയസ്സുള്ള മകനെ സംരക്ഷിക്കാനും ഇസ്രായേൽ തീരുമാനിച്ചു. ഈ സാഹചര്യത്തിൽ, കേരള സംസ്ഥാന സർക്കാർ നാടകം കളി അവസാനിപ്പിച്ച് സൗമ്യയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും ആവശ്യമായ സഹായം നൽകാനും മുന്നോട്ട് വരുകയാണ് വേണ്ടത്

-കെ എ സോളമൻ

#സത്യപ്രതിജ്ഞ #എന്തുകൊണ്ട് #ഓൺലൈനിൽ #ആയിക്കൂട?



കോവിഡ് 19 വ്യാപനത്തിൻ്റെ രണ്ടാം തരംഗത്തിൻ്റെ കാരണം അന്വേഷിക്കുകയാണ് വിവിധ ഏജൻസികൾ. ഒരു വിധം നിയന്ത്രണത്തിലായിരുന്ന കോവിഡ് വ്യാപനം സകല സീമകളും ലംഘിച്ചത് ഇലക്ഷൻ പ്രചരണ കാലത്താണ്. പക്ഷെ ഇതു  ഇലക്ഷൻ കമ്മീഷനും ഭരണ-പ്രതിപക്ഷ നേതാക്കളും അംഗീകരിക്കുന്നില്ല.

രണ്ടാം വ്യാപന തരംഗം ശക്തി പ്രാപിച്ച കൊണ്ടിരിക്കെ ലോക്ഡൗൺ പ്രഖ്യാപനത്തിന്  ചിലയിടങ്ങളിൽ സർക്കാർ അയവു വരുത്തി. ആർ ബാലകൃഷ്ണപിള്ളയുടെയും ഗൗരിയമ്മയുടെയും സംസ്കാര ചടങ്ങുകളിൽ ഇതു കണ്ടതാണ്. സംസ്കാര ചടങ്ങിൽ പരമാവധി 20 പേർ മാത്രം പങ്കെടുക്കുക എന്ന് പറഞ്ഞിടത്ത് നൂറു കണക്കിന് ആളുകളാണ് സംബന്ധിച്ചത്. ഇവിരിൽ എത്ര പേർ കോവിഡ് ബാധിതരായി എന്നുള്ളത് അറിയാൻ ഇവരുടെയൊക്കെ റൂട്ടുമാപ്പ് പരിശോധിക്കേണ്ടി വരും.

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെയാണ് അത് കൃത്യമായി പാലിക്കാൻ ബാധ്യതപ്പെട്ടവർ 750 പേരെ പങ്കെടുപ്പിച്ച് മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ പോകുന്നത്.

എന്നാൽ ഇവിടെ കോവിഡ് -19 മായി ബന്ധപ്പെട്ട സാമൂഹിക അകലം പാലിക്കൽ ശുപാർശകൾ നടപ്പിലാക്കാൻ സാധ്യത ഇല്ലാത്തതിനാൽ ഒരു വെർച്വൽ സത്യപ്രതിജ്ഞയാണ് അഭികാമ്യം. പാലം പൊളിയും നിർമ്മാണവും ഓൺലൈനിൽ നിർവഹിക്കന്നവർ ഈ അതിതീവ്ര കോവിഡ് വ്യാപന കാലത്ത് എന്തുകൊണ്ട് ഒരു ഓൺലൈൻ സ്വിയറിംഗ് ഇൻ ആലോചിക്കുന്നില്ല. സത്യപ്രതിജ്ഞ ചെയ്തവർക്ക് രജിസ്റ്ററിൽ ഒപ്പിടേണ്ട അനിവാര്യത ഉണ്ടെങ്കിൽ പരിചിതമായ ഡിജിറ്റൽ ഒപ്പ് പരിഗണിക്കാവുന്നതേയുള്ളു.

ആൾക്കൂട്ടത്തെ സാക്ഷി നിർത്തിയുള്ള സത്യപ്രതിജ്ഞാ ചടങ്ങുകൾ എല്ലാം റദ്ദാക്കി  വെർച്വൽ പ്ലാറ്റ്‌ഫോമിൽ  സത്യപ്രതിജ്ഞാ പ്രക്രിയ നടത്തിയാൽ നിലവിലെ അവസ്ഥയിൽ ഭരണത്തികവ്  നഷ്ടപ്പെടുമെന്നു പറയാനാവില്ല. നിയമസഭാംഗമാകാൻ തെരഞ്ഞെടുക്കപ്പെട്ടവർ യോഗ്യതാ സർട്ടിഫിക്കറ്റ്, ഫോട്ടോ ഐഡി, മെയിലിംഗ് വിലാസം എന്നിവയുടെ ഒരു പകർപ്പ് നിയമസഭാ സെക്രട്ടറിക്ക് അയച്ചുകൊടുത്താൽ കാര്യങ്ങൾ എളുപ്പമായി.

അതുകൊണ്ടു് 20-ാം തിയതി ശുഭമുഹൂർത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് വെർച്വൽ പ്ളാറ്റുഫോമിലായാൽ കുറെപ്പേരെ കോവിഡിൽ നിന്ന് രക്ഷിച്ചെടുക്കാം. ഒപ്പം ജനങ്ങൾക്ക് നല്ല ബോധവൽക്കരണ ഉപാധിയായി അതു മാറുകയും ചെയ്യും

-കെ എ സോളമൻ

Monday 10 May 2021

കെഫോണും കിഫ്ബിയും

#കെഫോണും #കിഫ്ബിയും

ചിലരെ സംബന്ധിച്ചിടത്തോളം, ഇന്റർനെറ്റ് ഒരു പൂർണ്ണ ആസക്തിയായി മാറിയിരിക്കുന്നു. വിവരങ്ങൾ, ഇ-മെയിലുകൾ എന്നിവയ്ക്കായി ആളുകൾ കമ്പ്യൂട്ടറുകളിലേക്കോ സെൽ ഫോണുകളിലേക്കോ തിരിയുന്ന കാലം. ചിലർ ഇന്റർനെറ്റിലൂടെ ഷോപ്പുചെയ്യുന്നു, മറ്റുള്ളവർ സന്ദേശങ്ങൾ വായിക്കാനും വീഡിയോ ക്ലിപ്പുകൾ കാണാനും മണിക്കൂറുകൾ ചെലവഴിക്കുന്നു. 

ഇന്റർനെറ്റ് ആസക്തി രസകരമാണെന്ന് തോന്നാമെങ്കിലും, ചില ആളുകളിൽ ശരിക്കും ഇന്റർനെറ്റ് അമിത ഉപയോഗത്തിന് സാധ്യതയുണ്ടെന്ന് നിരവധി മനഃ ശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നു. ജനങ്ങളിലെ അതിരുവിട്ട ഇൻ്റർനെറ്റ് ആസക്തിയെ ഇന്റർനെറ്റ് ആഡിക്ഷൻ ഡിസോർഡർ എന്ന് വിളിക്കുന്നു. 

ഭാഗ്യവശാൽ, ഉയർന്ന നിലവാരമുള്ള ഗാഡ്‌ജെറ്റ് കൈവശം വയ്ക്കാൻ പണമില്ലാത്തതിനാൽ രാജ്യത്തെ പാവപ്പെട്ട ആളുകൾക്ക് ഈ തകരാർ സംഭവിച്ചിട്ടില്ല. ആയതിനാൽ, കോവിഡ് കാലമാണെങ്കിൽ പോലും അത്യാവശ്യം ജോലിക്ക് പോയി അന്നന്നേയ്ക്കുള്ള വക തേടാൻ അവർക്കു് സമയം കിട്ടുന്നു.

എന്നാൽ ഇത് കേരളത്തിൽ അവസാനിപ്പിക്കാനാണ് കഴിഞ്ഞ എൽ ഡി എഫ് സർക്കാർ പദ്ധതി ആവിഷ്കരിച്ചത്. പാവപ്പെട്ടവരെ ഇന്റർനെറ്റ് ആസക്തിയിലേക്ക് കൊണ്ടുവരാൻ 2017-ൽ കേരള സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ  അഥവാ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്.

4 വർഷം മുമ്പ് തുടക്കം കുറിച്ച ഈ ഫൈബർ ശൃംഖല  20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാൻ വിഭാവനം ചെയ്യുന്നു. സൗജന്യ ഇന്റർനെറ്റ് കണക്ഷനു പുറമേ, സൗജന്യ മൊബൈൽ ഫോണുകളുടെ വിതരണവും വിഭാവനം ചെയ്യുന്നുണ്ട്.

കെ ഫോൺ പദ്ധതിക്കുള്ള ഫണ്ട് കിഫ്ബിയിൽ നിന്നു വേണം കണ്ടെത്താൻ. പക്ഷെ കിഫ്ബിയുടെ മുഖ്യ ചുമതലക്കാരൻ മൂടും തൂത്തു സ്ഥലം വിട്ടതിനാൽ കെ ഫോൺ പദ്ധതി കോഴിയുടെ മുലയൂട്ടു പോലെ നീളും. കെ ഫോണിൽ കണ്ണും നട്ട് വേഴാമ്പിലിനെ പോലെ കാത്തിരിക്കുന്ന 20 ലക്ഷം കുടുംബക്കാർ തത്കാലം സൗജന്യ കിറ്റിൽ തൃപ്തിപ്പെടണം. പുതുതായി നല്കുന്ന ഓരോ കിറ്റിലും ഒരു കിലോ ഉപ്പുവീതം ഉൾപ്പെടുത്തിട്ടുണ്ട്. അമിതമായി ഉപ്പു തിന്ന് ബിപി ക്രമാതീതമായി കൂട്ടാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധ പുലർത്തുകയും വേണം

കെ എ സോളമൻ