Friday 30 March 2012

ഹസാരെ സംഘം കുറ്റവാളികളുടെ കേന്ദ്രമെന്ന്‌ മുലായം സിംഗ്‌യാദവ്‌


ന്യൂദല്‍ഹി: അണ്ണാഹസാരെ സംഘം കുറ്റവാളികളുടെ കേന്ദ്രമെന്ന്‌ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിംഗ്‌ യാദവ്‌. പാര്‍ലമെന്റില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ ചില അംഗങ്ങള്‍ അഴിമതിക്കാരാണെന്നുമുള്ള ഹസാരെ സംഘാംഗം അരവിന്ദ്‌ കേജ്‌രിവാളിന്റെ പ്രസ്താവനയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരായ ആളുകളുടെ വലയത്തിലാണ്‌ ഹസാരെ എന്നും മുലായം ആരോപിച്ചു. ജന്തര്‍മന്ദിറില്‍ നടത്തിയ ഏകദിന ഉപവാസത്തിലാണ്‌ ഹസാരെ രാഷ്ട്രീയ നേതൃത്വത്തിനും പാര്‍ലമെന്റ്‌ അംഗങ്ങള്‍ക്കുമെതിരെ ആരോപണമുന്നയിച്ചത്‌. ഹസാരെയുടെ പരാമര്‍ശത്തിനെതിരെ ശരദ്‌ യാദവ്‌ പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. പ്രമേയത്തിന്‌ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. 20 കൊലപാതകക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെ 162 എംപിമാര്‍ വിവിധകേസുകളില്‍ പ്രതികളാണെന്നും ഹസാരെ ആരോപിച്ചിരുന്നു. 25 രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പേരുകള്‍ കേജ്‌രിവാള്‍ പരസ്യപ്പെടുത്തുകയും ശരദ്‌ പവാര്‍, എസ്‌.എം.കൃഷ്ണ, പി.ചിദംബരം, പ്രഫുല്‍ പട്ടേല്‍, കപില്‍ സിബല്‍, കമല്‍നാഥ്‌, ഫറൂഖ്‌ അബ്ദുള്ള, അജിത്‌ സിംഗ്‌, ശ്രീപ്രകാശ്‌ ജെയ്സ്‌വാള്‍, സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ്‌റാവു ദേശ്മുഖ്‌, എം.കെ.അഴഗിരി, ജി.കെ.വാസന്‍ എന്നിവരുടെ പേരുകളാണ്‌ കേജ്‌രിവാള്‍ പരസ്യമാക്കിയത്‌.

Comment;മുലായം  സര്ടിട്ഫിക്കറ്റ്  നല്‍കിയത് കൊണ്ട് ഹസാരെ  സംഘത്തിനു ധൈര്യമായി  ഇനി   മുന്നോട്ടു പോകാം.
-കെ   എ  സോളമന്‍  .

കൂടുതല്‍ പ്രതിരോധത്തിലായി പ്രതിരോധമന്ത്രി



ന്യൂഡല്‍ഹി: സൈനിക വാഹനങ്ങള്‍ വാങ്ങിയതിന് കരസേനാ മേധാവിയ്ക്ക് കൈക്കൂലി വാഗ്ദാനം ലഭിച്ചുവെന്നത് സംബന്ധിച്ച വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തല്‍. 14 കോടി രൂപയുടെ കൈക്കൂലി വാഗ്ദാനത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടിരിക്കെ 2009 ല്‍ സൈന്യത്തിലേക്ക് ട്രക്കുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് പ്രതിരോധമന്ത്രിയ്ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് ഒരു ദേശീയ പത്രമാണ് വെളിപ്പെടുത്തിയത്.

2009 ഒക്ടോബര്‍ അഞ്ചിന് കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് ആന്റണിയ്ക്ക് ഇത് സംബന്ധിച്ച് കത്തയച്ചിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ഹനുമന്തപ്പയുടെ കത്തിനെ തുടര്‍ന്ന് സോണിയാഗാന്ധി നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും ആന്റണി അത് ചെയ്തില്ലെന്നുമാണ് പത്രം പുറത്തുവിട്ട വാര്‍ത്ത. ഈ വാര്‍ത്ത പുറത്തുവന്നതോടെ കൂടുതല്‍ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി.

കൈക്കൂലി വിവാദത്തില്‍ എ.കെ. ആന്റണിയെ വ്യക്തിപരമായി ആക്ഷേപിക്കാതിരുന്ന ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് ആന്റണി മറുപടി പറയണമെന്നും അല്ലാത്തപക്ഷം മന്ത്രിസ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യസഭയുടെ ശൂന്യവേളയില്‍ ബി.ജെ.പി. നേതാവ് പ്രകാശ് ജാദ്‌വേക്കാണ് വിഷയം ഉന്നയിച്ചത്.

Comment:ആദര്‍ശം ഒടുക്കം രാജിയില്‍ കലാശിക്കുമോ?
-കെ എ സോളമന്‍   .

Wednesday 28 March 2012

അവയവദാന സന്ദേശവാഹകനായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി കാമറക്കുമുന്നില്‍

ചേര്‍ത്തല: അവയവ ദാനത്തിന്റെ സന്ദേശവാഹകനായി കാക്കിയണിഞ്ഞ് ബസ് കണ്ടക്ടറുടെ വേഷത്തില്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി കാമറക്കുമുന്നിലെത്തി. ജോയി കെ.മാത്യു രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'മരണാനന്തരം' എന്ന ഹ്രസ്വചിത്രത്തിലാണ് വി ഗാര്‍ഡ് സ്ഥാപനങ്ങളുടെ സാരഥി അഭിനയിച്ചത്.

വൃക്ക ദാനംചെയ്ത് തന്റെ ജീവിതംതന്നെ സന്ദേശമാക്കിയ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ആദ്യമായാണ് കാമറക്കുമുന്നില്‍ അഭിനയിച്ചത്. ദാനമായി ലഭിച്ച കണ്ണിലൂടെ കാഴ്ചകിട്ടിയ യുവാവിന്റെയും അമ്മയുടെയും ബസ് യാത്രയാണ് ചേര്‍ത്തല ഗ്രീന്‍ഗാര്‍ഡന്‍സിനു സമീപം ചിത്രീകരിച്ചത്. കവിയൂര്‍ പൊന്നമ്മയും സംവിധായകന്‍ ജോയി കെ. മാത്യുവും അമ്മയും മകനുമായി അഭിനയിച്ചപ്പോള്‍ ഇതേബസ്സിലെ കണ്ടക്ടറായാണ് ചിറ്റിലപ്പള്ളി വേഷമിട്ടത്.

മഹത്തായസന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിസിനസ്സിന്റെ തിരക്കുകള്‍ മാറ്റിവച്ച് അഭിനയിക്കാനെത്തിയത്. അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടല്ല മറിച്ച് ചിത്രത്തിലെ സന്ദേശത്തിന്റെ മൂല്യം മനസ്സിലാക്കിയാണ് അഭിനയിക്കാന്‍ തയ്യാറായതെന്ന് ചിറ്റിലപ്പള്ളി പറഞ്ഞു.


Comment: അവയവം ദാനം ചെയാത്ത മമ്മൂട്ടിയും മോഹന്‍ലാലും ഔട്ട്‌ ആകുമോ?
-കെ എ സോളമന്‍

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ്


തിരുവനന്തപുരം: സംസ്ഥാനത്തു ലോഡ് ഷെഡിങ് വേണ്ടി വരുമെന്നു മന്ത്രിസഭായോഗം. ഗാര്‍ഹിക, വ്യാവസായികാവശ്യങ്ങള്‍ക്ക് അടക്കം എല്ലാ വിഭാഗത്തിനും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. ദിവസേന അര മണിക്കൂര്‍ വീതമോ രണ്ടു തവണയായി ഒരു മണിക്കൂറോ ആകും ലോഡ് ഷെഡിങ്.
സംസ്ഥാനത്ത്‌ വൈദ്യുതി ക്ഷാമം ഉണ്ടെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗത്തിന് ശേഷം അറിയിച്ചു. ഡാമുകളില്‍ ജലനിരപ്പ്‌ കുറഞ്ഞത്‌ വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌. കേന്ദ്രത്തില്‍ നിന്ന്‌ കൂടുതല്‍ വൈദ്യുതി ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം വേണ്ടി വരും. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമോയെന്ന കാര്യം വൈദ്യുതി മന്ത്രിയും കെ.എസ്‌.ഇ.ബിയും ചേര്‍ന്ന്‌ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comment:ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്ന് പറഞ്ഞു ഡാമിലെ വെള്ളമെല്ലാം ഊറ്റിക്കളഞ്ഞു. ഇനി ലോഡ്  ഷെഡിങ്ങേ  മാര്‍ഗമുള്ളൂ



-കെ എ സോളമന്‍

Tuesday 27 March 2012

പാര്‍ട്ടിയെ വേണ്ടാത്ത മന്ത്രിയെ പാര്‍ട്ടിക്കും വേണ്ട – ബാലകൃഷ്ണപിള്ള


തിരുവനന്തപുരം: പാര്‍ട്ടിയെ വേണ്ടാത്ത മന്ത്രിയെ പാര്‍ട്ടിക്കും വേണ്ടെന്നു കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. പാര്‍ട്ടിക്കു വിധേയനാകാത്ത മന്ത്രിയെ ഇനി താങ്ങാന്‍ കഴിയില്ലെന്നും സംസ്ഥാന നേതൃയോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്‌തമാക്കി.
കെ. ബി. ഗണേഷ് കുമാറിനെ പെരെടുത്തു പറയാതെ ശക്തമായ ആരോപണങ്ങളാണ് ബാലകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. ഭൂമിയോളം സഹിച്ച്‌ നിന്നുകൊടുത്തിട്ടും ഒരു മാറ്റവുമില്ല. പാര്‍ട്ടിയെ വേണ്ടാത്ത മന്ത്രിയെ ഞങ്ങള്‍ക്കും വേണ്ട. നാളെത്തെ യു.ഡി.എഫില്‍ യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം ഉണ്ടാകും. പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കുന്ന നടപടി യു.ഡി.എഫില്‍ നിന്നുണ്ടാകും.

Comment : അച്ഛനെ വേണ്ടാത്ത മകനെ അച്ഛനും വേണ്ട എന്നും പറയാം.
-കെ എ സോളമന്‍ .

പ്രൊഫസര്‍ മാണി, ഡോക്ടര്‍ തോമസ്‌




സര്‍വകലാശാലകള്‍പോലുള്ള സ്ഥാപനങ്ങളില്‍ കയറിയിരുന്ന്‌ സമ്പൂര്‍ണ ശബ്ദമലിനീകരണം നടത്തുന്ന ഒരു കൂട്ടരുണ്ട്‌. ഇവരെ പ്രൊഫസര്‍ ഡോക്ടര്‍മാര്‍ എന്ന്‌ വിളിക്കും. പ്രൊഫ. (ഡോ.) കേശവന്‍ നമ്പൂതിരി, പ്രൊഫ. (ഡോ.) സാമുവല്‍ ജോണ്‍സന്‍ തുടങ്ങിയ ആളുകളെ ആര്‍ക്കും തിരുത്താനാവില്ല, സര്‍വജ്ഞപീഠം കേറിയവരാണിവര്‍. അക്കൂട്ടത്തില്‍പ്പെടുത്താവുന്ന രണ്ടുപേരാണ്‌ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രൊഫ. മാണിയും ഡോ. തോമസും.


അധ്യാപകനെന്ന്‌ പറഞ്ഞ്‌ ഇന്ന്‌ കോളേജിന്റെ തിണ്ണമേല്‍ കേറുന്നവരെല്ലാം പ്രൊഫസറാണ്‌. പണ്ട്‌ അങ്ങനെയല്ലായിരുന്നു. പത്ത്‌ വര്‍ഷം കഴിഞ്ഞാലെ പ്രൊഫസര്‍ ഗ്രേഡ്‌ രണ്ട്‌ ആകുമായിരുന്നുള്ളൂ. പത്ത്‌-മുപ്പതുകൊല്ലം ജോലി ചെയ്തിട്ടും പ്രൊഫസറാകാതെ പിരിഞ്ഞ ഹതഭാഗ്യരുമുണ്ട്‌.

കോളേജ്‌ പ്രൊഫസറല്ലെങ്കിലും സര്‍വീസ്‌ വച്ചുനോക്കിയാല്‍ സംസ്ഥാന ധനമന്ത്രി കെ.എം.മാണി ഒരു മഹാ പ്രൊഫസര്‍ തന്നെയാണ്‌. പത്ത്‌ ബജറ്റുകളാണ്‌ അദ്ദേഹം ഇക്കാലയളവില്‍ അവതരിപ്പിച്ച്‌ സംസ്ഥാനത്തെ ഒരു കരക്കെത്തിച്ചത്‌. ഡോ. തോമസാകട്ടെ മുന്‍ ധനമന്ത്രിയാണ്‌, രണ്ടാം അമര്‍ത്യാസെന്‍ എന്നും അറിയപ്പെടും. ജന്മനാ ഡോക്ടറുമാണ്‌. ഇവര്‍ രണ്ടാളുംകൂടി സംസ്ഥാന ധനസ്ഥിതി കുളംതോണ്ടുകയും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ പാതാളത്തിലോട്ട്‌ തള്ളുകയും ചെയ്തു. എന്നിട്ട്‌ രണ്ടുംകൂടി ചാനലില്‍ കേറിയിരുന്ന്‌ കസര്‍ത്താണ്‌.

ദിവസം അരഡസന്‍ തവണ വെള്ള ജുബ്ബയും മുണ്ടും മാറ്റുകയും ഒരുഡസന്‍ പ്രാവശ്യം നെറ്റിയില്‍ കുരിശ്‌ വരയ്ക്കുകയും ചെയ്യുന്ന മാണി താനുള്‍പ്പെടെയുള്ള തൊഴിലന്വേഷകരോട്‌ എന്തിനീ ക്രൂരത ചെയ്തുവെന്നാണ്‌ വിഷ്ണു പോറ്റി ചോദിക്കുന്നത്‌. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്‌ പരീക്ഷ പാസായി സര്‍ട്ടിഫിക്കറ്റ്‌ വെരിഫിക്കേഷനും കഴിഞ്ഞിരുപ്പാണ്‌ പോറ്റി. ഇനി നിയമനം സൂപ്പര്‍ ന്യൂമററി മാത്രം. ഇതിന്‌ പകരം മലര്‍പ്പൊടി കച്ചവടമെന്ന്‌ പറയുന്നതാകും ഭേദം.

പ്രൊഫസര്‍ മാണിക്ക്‌ ഉടന്‍തന്നെ രണ്ടായിരം കോടിയുടെ വികസന കാഴ്ചപ്പാട്‌ നടപ്പിലാക്കാനുണ്ട്‌. പക്ഷേ ഇസ്ലാമിക ബാങ്ക്‌, മണ്ണ്‌ കച്ചവടം പോലുള്ള ഡോ. തോമസിന്റെ വഴികളില്‍ വിശ്വാസം പോരാ. ഒറ്റയടിക്ക്‌ റോഡ്‌ ടാക്സ്‌ ഒരു കൊല്ലത്തേത്‌ എന്നത്‌ 15 വര്‍ഷത്തേക്ക്‌ പിരിച്ച്‌ വിത്തെടുത്ത്‌ കുത്തിയ ചരിത്രമുണ്ട്‌. മാണിക്ക്‌ അതുപോലൊന്ന്‌ ധനതത്വ ചിന്തയില്‍ ഉരുത്തിരിയാത്തതുകൊണ്ട്‌ പെന്‍ഷന്‍ പ്രായം 56 ആക്കി. ആനുകൂല്യമായി നല്‍കേണ്ട 2000 കോടി ഉടനെ വേണ്ട. ആറുമാസം കഴിഞ്ഞ്‌ കൊടുക്കേണ്ടി വരികയാണെങ്കില്‍ അപ്പോള്‍ 57 ആക്കും. അതിനുള്ളില്‍  ഭരണം നഷ്ടപ്പെട്ടാല്‍ ഡോ. തോമസ്‌ വന്ന്‌ വേണ്ടത്‌ ചെയ്തുകൊള്ളും. പ്രൊഫ. മാണിയുടെ പെന്‍ഷന്‍ പ്രായവര്‍ധനവും ഡോ. തോമസിന്റെ പെന്‍ഷന്‍ ഏകീകരണവും എന്തുകൊണ്ടെന്ന്‌ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഇരുവരുടെയും ജുബ്ബായുടെ കീശ തപ്പിയാല്‍ മതിയെന്നാണ്‌ രാമന്‍ നായരുടെ അഭിപ്രായം.

ഉമ്മന്‍ചാണ്ടിയെ വിശ്വസിച്ച യുവാക്കളാണ്‌ ആപ്പിലായത്‌. യുവാക്കളുമായി ആലോചിച്ചേ ഏത്‌ നടപടിയും സ്വീകരിക്കൂവെന്നാണ്‌ ഒരാഴ്ച മുമ്പുവരെ ചാണ്ടി പറഞ്ഞത്‌. ജോസ്‌ കെ.മാണി, ചാണ്ടി ഉമ്മന്‍ , അനൂപ്‌ ജേക്കബ്‌ ഇവരാണ്‌ ചാണ്ടിയുടെയും മാണിയുടെയും യുവാക്കള്‍ , അവരുടെ ഭാവി ഭദ്രമായി. അവരുമായി ആലോചിച്ചാണ്‌ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത്‌. യുവാക്കള്‍ക്ക്‌ പക്ഷേ കിട്ടാന്‍ സാധ്യതയുള്ള ജോലിയേ നഷ്ടമാകുന്നുള്ളൂ, സാധാരണക്കാരന്റെ കീശയാണ്‌ കാലിയാകുന്നത്‌, അതിനുള്ള ഭേദഗതി വാറ്റ്‌ കോമ്പൗണ്ടിംഗിലൂടെ മാണി വിദഗ്ധമായി നിര്‍വഹിച്ചിട്ടുണ്ട്‌.

                                           *****************

കൊട്ടാരം പണിയാന്‍ മാണി നല്‍കിയ 20ലക്ഷം സന്തോഷത്തോടെ സ്വീകരിക്കുമെങ്കിലും കോഴിമല രാജാവ്‌ കൊട്ടാരം പണിയുന്നില്ല. പകരം കെല്‍ട്രോണില്‍നിന്ന്‌ എട്ടര ലക്ഷം വച്ച്‌ രണ്ട്‌ ഇ-ടോയ്‌ലറ്റ്‌ വാങ്ങി ഉപയോഗിക്കും. ബാക്കി മൂന്ന്‌ ലക്ഷം വട്ടച്ചെലവിന്‌  മാറ്റിവെയ്ക്കുകയും ചെയ്യും.

കെ.എ.സോളമന്‍

Thursday 22 March 2012

സി.കെ ചന്ദ്രപ്പന്‍ അന്തരിച്ചു



തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ (76) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം നാളെ വൈകുന്നേരം ആലപ്പുഴ വലിയചുടുകാട്ടില്‍ നടക്കും.
മൃതദേഹം എം.എന്‍.സ്‌മാരകത്തില്‍ പൊതുദര്‍ശനത്തിന്‌ വയ്ക്കും. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി വനിതാ നേതാവായ ബംഗാളി വനിത ബുലുറോയ്‌ ചൗധരിയാണ്‌ ഭാര്യ. വെളിയം ഭാര്‍ഗ്ഗവന്‍ അനാരോഗ്യംമൂലം സ്ഥാനമൊഴിയേണ്ടിവന്നപ്പോള്‍ 2010 നവംബര്‍ 14 നായിരുന്നു സി. കെ ചന്ദ്രപ്പന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റത്‌.
പിറവം പ്രചരണത്തിനിടെ കുഴഞ്ഞു വീണ്‌ കൊച്ചിയിലെ ലേക്‍ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സി.കെ ചന്ദ്രപ്പനെ കഴിഞ്ഞ ദിവസമാണ്‌ തിരുവനന്തപുരത്തെ കിംസ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുവന്നത്‌. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന്‌ വൃക്കകള്‍ തകരാറിലായതിനാല്‍ ഇന്ന് രാവിലെ അദ്ദേഹത്തെ ഡയാലിസിസിന്‌ വിധേയമാക്കിയിരുന്നു.
മൂന്ന് മണിയോടെ മൃതദേഹം ആശുപത്രിയില്‍ നിന്നും ഉള്ളൂരിലെ അദ്ദേഹത്തിന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകുന്നേരത്തോടെ എം.എന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹത്തില്‍ നാളെ രാവിലെ ഏഴ് മണിവരെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സൌകര്യമൊരുക്കിയിട്ടുണ്ട്. ഏഴ് മണിക്ക് ശേഷം മൃതദേഹം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടു പോകും.
പ്രഭാത്‌ ബുക്ക്‌ ഹൗസ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായിരുന്നു. സി.പി.ഐ ദേശിയ സെക്രട്ടറിയേറ്റ്‌ അംഗവും കിസാന്‍ സഭാ ദേശിയ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചുവരവെയാണ്‌ കേരള സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കേണ്ടിവന്നത്‌. ഇക്കഴിഞ്ഞമാസം പാര്‍ട്ടി സംസ്ഥാന സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ സംസ്ഥാന കൗണ്‍സില്‍ അദ്ദേഹത്തെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

Comment: An able and pious leader. My condolence
-K A Solaman