Wednesday 15 May 2019

കുത്തഴിഞ്ഞ പരീക്ഷാ സമ്പ്രദായം

നീലേശ്വരം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവം അധ്യാപക സമൂഹത്തെ ഒന്നടങ്കം അപഹാസ്യരാക്കിയിരിക്കുകയാണ്. പക്ഷെ ഇതു ഒറ്റപ്പെട്ട സംഭവമായി കാണാതിരിക്കുന്നതാണ് ഉചിതം

പുതിയ വിദ്യാഭ്യാസ രീതിയും 100 ശതമാനം വിജയത്തിനു വേണ്ടിയുള്ള  മത്സരവും ഇത്തരം അനഭിലഷണീയ പ്രവർത്തനങ്ങൾക്ക് പല സ്കൂളുകളെയും വേദികളാക്കുന്നുണ്ട്. കുട്ടികൾ കോപ്പിയടിച്ചാലും കണ്ടില്ലെന്നു നടിക്കുക, ശരിയുത്തരം അധ്യാപകർ പറഞ്ഞു കൊടുക്കുക, പഠനത്തിൽ പിന്നോക്കം നില്ക്കുന്നവരെ പ്രത്യേകം ഹാളിലിരുത്തി അധ്യാപക സഹായത്തോടെ പരീക്ഷ എഴുതിക്കുക ഇവയെല്ലാം പല സ്കൂളുകളിലും നടക്കുന്ന കാര്യമാണെന്നു പറഞ്ഞാൽ പരസ്യമായി നിഷേധിക്കുമെങ്കിലും വാസ്തവം മറിച്ചില്ല.

റിസൾട്ടു പ്രഖ്യാപിക്കമ്പോൾ തന്നെ 99 ശതമാനത്തോളം വിജയം രേഖപ്പെടുത്തുന്ന എസ് എസ് എൽ സി, പ്ളസ് ടു പരീക്ഷകൾ റിവാല്യുവേഷൻ, സേ എന്നിവ കഴിയുമ്പോൾ 100 ശതമാനത്തിലെത്തും. എങ്കിൽ എന്തിന് സേ പരീക്ഷയെഴുതിച്ച് കുട്ടികളെ കഷ്ടപ്പെടുത്തണമെന്ന് ഏതെങ്കിലും സ്കൂൾ അധികൃതർ വിചാരിച്ചാൽ അവരെ തെറ്റുപറയുന്നതെങ്ങനെ?

വൈരാഗ്യമുള്ള അധ്യാപകർ കോപ്പിയടി പിടിക്കും താല്പര്യമുള്ള അധ്യാപകർ കോപ്പിയടിക്കാൻ കുട്ടികളെ സഹായിക്കും. നോക്കിയെഴുതാൻ പോലും അറിയത്തവർക്ക് അധ്യാപകർ എഴുതിക്കൊടുക്കും, പരീക്ഷയിൽ ജയിപ്പിക്കും. ഈ അഴിമതി ഇല്ലാതാകണമെങ്കിൽ പരീക്ഷാസമ്പ്രദായം അർത്ഥപൂർണ്ണമാകണം, 100 ശതമാനം വിജയം ഭരണ നേട്ടമായി ഉദ്ഘോഷിക്കുന്നതു നിർത്തണം. കോളജു പരീക്ഷകളിൽ കേൾക്കുന്നുണ്ടെങ്കിലും എസ് എസ് എൽ സി - ഹയർ സെക്കണ്ടറി തലത്തിൽ കുറച്ചു കാലമായി കോപ്പിയടി റിപ്പോർട്ടു ചെയ്യുന്നില്ലായെന്നത് രസകരമായ ഒരു വസ്തുതയാണ്.

അധ്യാപകർ പരീക്ഷയെഴുതി ജയിപ്പിച്ച വിദ്യാർഥികൾക്ക് സേ പരിക്ഷ എഴുതണമെന്ന നിർദ്ദേശം സ്വീകാര്യമല്ല. എസ് എസ് എൽ സി തോറ്റിട്ടു മസ്തൂർ, പീയൂൺ പോസ്റ്റിൽ ജോലിക്കു കയറാം എന്നാഗ്രഹിച്ച കുട്ടികളുടെ പ്രതീക്ഷയാവും ഓവർ സ്മാർട്ടായ പരീക്ഷയെഴുത്തദ്ധ്യാപകർ തുലച്ചു കളഞ്ഞത്. എം എ യും, എം എസ്സി യും പാസ്സായാൽ മസ്ദൂർ ജോലിക്ക്‌ അപേക്ഷിക്കാൻ പറ്റില്ലെന്ന് ഈ അദ്ധ്യാപകർക്ക് അറിയാത്തതാണോ? ആൾമാറാട്ടം നടത്തി പരീക്ഷ പേപ്പർ തിരുത്തിയതിനു മാത്രമല്ല വിദ്യാർത്ഥികളുടെ ഭാവി തുലച്ചതിനും ഈ അധ്യാപകരക്കെതിരെ കേസെടുക്കണം.

കുറ്റക്കാരായി കണ്ടെത്തിയ പരീക്ഷാ സൂപ്രണ്ടും  അധ്യാപകരും മഞ്ഞുമലയുടെ തുമ്പു മാത്രം. പിടിക്കപ്പെടാത്തവർ മറയത്തിരുന്നു ഈ വിടുപോഷന്മാരെ ഓർത്തു ചിരിക്കുന്നുണ്ടാവും. തെറ്റു ചെയ്യുമ്പോൾ അതു പിടിക്കപ്പെടാത്ത രീതിയിൽ ചെയ്യാനറിയാത്ത കഴുതകൾ എന്നതാവും ഇവരുടെ ഊറിച്ചിരികൾക്കു പിന്നിൽ.

പഴയ ക്ളാസുമുറികൾ വെള്ളപൂശി പൊട്ടിപ്പൊളിഞ്ഞ ഇ-വേസ്റ്റ് കൊണ്ട് നിറച്ച് ഹൈടെക് ക്ളാസ് എന്ന് വിളിച്ചു കൂവുന്ന മന്ത്രിയും കൂട്ടരും പഠനവും പരീക്ഷാ സമ്പാദായവും ശരിയായ വിധത്തിലാണോ നടക്കുന്നതെന്ന് ഏതെങ്കിലും ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് നന്ന്. അന്തസ്സായി, നിലവാരം കാത്ത് പ്രവർത്തിക്കുന്ന സ്കൂളുകളെപോലും വഴി തെറ്റിക്കുന്നതാണ് ചുറ്റും നടക്കുന്ന സംഭവവികാസങ്ങൾ.

കെ എ സോളമൻ