Monday 29 April 2019

മാത്യത്വം പുനർനിർവചിക്കപ്പെടുമ്പോൾ

മാതൃത്വത്തെ വാഴ്ത്താത്ത കവികളില്ല, വര്‍ണ്ണിക്കാത്ത എഴുത്തുകാരുമില്ല. പുരാണങ്ങളിലും ഇതിഹാസങ്ങളിലും മാതൃത്വത്തിന്റെ മഹത്യത്തെപ്പറ്റി വർണ്ണനകൾ ധാരാളം. താരാട്ടുപാട്ടുകളും കിളി കൊഞ്ചലുകളും എത്രയോ എഴുതപ്പെട്ടിരിക്കുന്നു, പാടിപ്പതിഞ്ഞിരിക്കുന്നു.

ഉണ്ണിയേശുവിനോടു പരിശുദ്ധ മാതാവും ഉണ്ണിക്കണ്ണനോടു  യശോദാമ്മയും കാണിച്ച സ്നേഹ  വാല്സല്യങ്ങൾ മാതൃ സങ്കല്പത്തിന്റെ ഉദാത്തമായ മാതൃകകൾ
നിന്നെ പ്രസവിച്ച ഉദരവും പാലൂട്ടിയ സ്തനങ്ങളും  ഭാഗ്യം ചെയ്തവയെന്ന ബൈബിൾ വാക്യം മാതൃത്യത്തിന്റെ മഹത്യം ഉദ്ഘോഷിക്കുന്നു.

ദൈവത്തില്‍ നിന്ന് നമ്മള്‍ക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് അമ്മ. നമ്മൾ അമ്മയ്ക്കായി എന്ത് ചെയ്താലും അമ്മ  അനുഭവിച്ച ത്യാഗങ്ങള്‍ വച്ച് നോക്കുമ്പോള്‍ അതൊക്കെ നിസ്സാരം
അമ്മയോടുള്ള സ്നേഹം നിസ്സീമമാണ്.

അമ്മയെക്കുറിച്ച് മഹത് വ്യക്തികൾ പറഞ്ഞിട്ടുള്ളത് കേൾക്കുക

"ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്‍റെ അമ്മയാണ്. അമ്മ പഠിപ്പിച്ചുതന്ന ധാര്‍മ്മികവും, ബുദ്ധിപരവും, ബൗദ്ധികവുമായ പാഠങ്ങളാണ് എന്‍റെ ജീവിതത്തിലെ എല്ലാ വിജയങ്ങള്‍ക്കും ആധാരമായത്."

"അമ്മാര്‍ തങ്ങളുടെ കുട്ടികളുടെ കൈകള്‍ കുറച്ച് നേരത്തേക്ക് പിടിക്കുന്നു, എന്നാല്‍ അവരുടെ ഹൃദയം മക്കളെ എപ്പോഴും പിന്തുടരുന്നു."
-ജോര്‍ജ് വാഷിംഗ്‌ടണ്‍

"ഞാന്‍ എന്‍റെ അമ്മയുടെ പ്രാര്‍ത്ഥനകളെ കുറിച്ച് ഓര്‍ക്കാറുണ്ട്. അത് എപ്പോഴും എന്‍റെ കൂടെത്തന്നെയുണ്ട്. എന്‍റെ ജീവിതത്തോട് ചേര്‍ന്നുതന്നെ.."
- എബ്രഹാം ലിങ്കണ്‍

"നിങ്ങള്‍ക്ക് വെളിപ്പെടുത്താനാകാത്ത സ്വത്തുക്കളുണ്ടാകാം. പെട്ടികള്‍ നിറയെ ആഭരണങ്ങള്‍ ഉണ്ടാകാം. നിധിപേടകം നിറയെ സ്വര്‍ണ്ണമുണ്ടാകാം..എന്നാല്‍ എന്നെക്കാള്‍ ധനികനാകുവാന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ല. കാരണം, എന്നെ നന്നായി നോക്കുന്ന അമ്മയുണ്ട് എനിക്ക്." -
-സ്ട്രിക്ക്ലാന്‍ഡ് ഗില്ലിയന്‍

"എന്‍റെ അമ്മ കഠിനാധ്വാനിയാണ്. തന്‍റെ പരിശ്രമങ്ങളെല്ലാം ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ അമ്മയ്ക്ക് സാധിക്കുമായിരുന്നു. അതോടൊപ്പം വിനോദത്തിനുള്ള വഴിയും അമ്മ കണ്ടെത്തുമായിരുന്നു. ‘സന്തോഷിക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.' എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു".
- ജെന്നിഫര്‍ ഗാര്‍നര്‍.

" ആരാണ് ഞാന്‍ വീഴുമ്പോള്‍ ഓടിവന്ന് സഹായിച്ച്, നല്ല കഥകള്‍ പറഞ്ഞുതന്ന്, മുറിവേറ്റ ഭാഗത്ത് ചുംബിച്ച് സുഖപ്പെടുത്തുന്നത്?.. എന്‍റെ അമ്മ.."
- ആന്‍ ടെയ്ലര്‍
 
"ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ അമ്മമാര്‍ക്ക് മാത്രമേ സാധിക്കു. കാരണം, അതിന് തന്‍റെ കുട്ടികളിലൂടെ ജന്മം നല്‍കുന്നത് അവരാണ്."
- മാക്സിം ഗോര്‍ക്കി.

"ലോകത്തിന് നിങ്ങള്‍ വെറുമൊരു ആള്‍ മാത്രമായിരിക്കാം. എന്നാല്‍ അമ്മ എന്ന ഒരാള്‍ക്ക് നിങ്ങള്‍ തന്നെയാണ് ലോകം."

"വികാരപരമായി എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുകയും എന്നെ നയിക്കുകയും ചെയ്യുന്നയാളാണ്‌ എന്‍റെ അമ്മ. എന്‍റെ എല്ലാ അവസ്ഥകളിലും കൂടെ നിന്ന്, എന്നെ സഹായിക്കുന്ന ഒരമ്മയെ ലഭിച്ചതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം." - എമ്മ സ്റ്റോണ്‍

"അമ്മ എന്‍റെ സുഹൃത്താണോ? ഞാന്‍ പറയും, ആദ്യം അവര്‍ എന്‍റെ അമ്മയാണ്. ദൈവികമായാണ് ഞാന്‍ അവരെ കാണുന്നത്. ആരെക്കാളും ഞാന്‍ അമ്മയെ സ്നേഹിക്കുന്നു. അതേ, അമ്മ എന്‍റെ ഏറ്റവും നല്ല സുഹൃത്താണ്, എനിക്ക് എന്ത് കാര്യവും തുറന്നു സംസാരിക്കാന്‍ കഴിയുന്ന എന്‍റെ സുഹൃത്ത്." - സോഫിയ ലോറന്‍

ലോകം അമ്മയെ കാണുന്നത് ഇങ്ങനെ ആയിരിക്കെ അമ്മ കൊടും കുറ്റവാളി യെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ നിരാകരിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. വിഭ്രാന്തക മനസ്സുകൾക്ക്  അടിമപ്പെട്ട് ചില സ്ത്രീകൾ നടത്തുന്ന ക്രൂരതകൾ പൊടിപ്പും തൊങ്ങലും വെച്ച് ആഴ്ചകൾ ആഘോഷിക്കുന്നതാണോ യഥാർത്ഥ മാധ്യമധർമ്മം? പെടുമരണങ്ങളുടെ വാർത്താ പേജിൽ മാത്രമായി ചുരുക്കേണ്ട ഇത്തരം വാർത്തകൾ പത്രത്തിന്റെ ഫ്റണ്ട് പേജിൽ നിറക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? അമ്മയെന്ന ദൈവത്തെ തമസ്കരിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണോ ഇത്തരം വാർത്തകൾ അവ അർഹിക്കാത്തപ്രധാന്യം കൊടുത്ത് പ്രസിദ്ധീകരിക്കുന്നതെന്ന് സംശയിക്കണം. അമ്മയെന്ന സ്വത്വത്തെ പുനർനിർവചിക്കാൻ കച്ചവട സംസ്കാരത്തിൽ മാത്രം വിശ്വസിക്കുന്ന ചിലമാധ്യമങ്ങൾ നടത്തുന്ന ശ്രമം അതിഹീനമെന്നു തന്നെ വിശേഷിപ്പിക്കണം
- കെ എ സോളമൻ

Tuesday 16 April 2019

ആമ്പുലൻസ് അഡ് വെഞ്ചർ!

മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേയ്ക്കു ആമ്പുലൻസിൽ കൊണ്ടുപോയ കുഞ്ഞിന് യോജിച്ച രീതിയിലുള്ള ഹൃദയചികിൽസ പരിയാരം, കോഴിക്കോട്, തൃശൂർ, കൊച്ചി പോലുള്ള  മെഡിക്കൽ കോളജുകളിൽ ലഭ്യമാകാതെ പോയത്  ആരോഗ്യമേഖലയിലുള്ള സർക്കാർ പിഴവിനെയാണ് സൂചിപ്പിക്കുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിൽ ഉള്ള മെഡിക്കൽ കോളജുകളിലും  ആശുപത്രികളിലും ‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെ കേരളം നമ്പർ വൺ എന്നു പറയുന്നതിൽ എന്താ അർത്ഥം? പ്രൈവറ്റ് ആശുപത്രികളിലേക്ക് രോഗികളെ റഫർ ചെയ്യുന്ന ഇടത്താവളമായി മാറിയിരിക്കുന്നു സർക്കാർ ആശുപത്രികൾ. പ്രൈവറ്റ് സ്ഥാപനങ്ങളുമായി ടൈ അപ് ഉള്ള ഡോക്ടർമാർ സർക്കാർ ആശുപത്രികളിൽ പ്രവർത്തിക്കുന്നവെന്ന ആരോപണം തള്ളിക്കളയാനാവില്ല.

അടിയന്തിര ചികിത്സക്കായി അഞ്ഞൂറും അറുനൂറും കീലോമീറററുകൾ താണ്ടുന്ന ആമ്പുലൻസ് സാഹസങ്ങൾ പരിമിതപ്പെടുത്തേണ്ടിയിരിക്കുന്നു. ഒരു ജീവൻ രക്ഷിക്കാൻ പല ജീവനുകൾ അപകടത്തിലാക്കുന്നതാണ് ഒട്ടുമിക്ക ആമ്പുലൻസ് സർവീസുകളും. ആമ്പുലൻസ് വരുത്തുന്ന അപകടങ്ങളുടെ എണ്ണം നാൾക്കുനാൾ പെരുകിക്കൊണ്ടിരിക്കുകയാണ്. ആമ്പുലൻസുകൾക്കു മാത്രമായി ഒരു ഹൈവേ വേണ്ടി വരുന്ന അവസ്ഥ ആശങ്കാജനകം.

സര്‍ക്കാര്‍ ആശുപത്രികള്‍ വിപുലീകരിക്കണം. കിഫ്ബി യിൽ വന്നു കുന്നിക്കുന്നുവെന്നു പറയുന്ന പണത്തിൽ കുറച്ച് സർക്കാർ മെഡിക്കൽ കോളജുകളുടെ വികസനത്തിനും നീക്കിവെക്കണം. സാധാരണ ജനം മാത്രമല്ല,, മന്ത്രിമാരും എം എൽ എ -എം പി മാരും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിൽസ തേടണം. മയോക്ളിനിക് ചികിൽസയും അപ്പോളോ ആശുപത്രി സന്ദർശനവും രോഗികൾ സ്വന്തം കീശയിലെ പണം കൊണ്ടു നടത്തണം.

വേർതിരിവില്ലാതെ ജനങ്ങളും ഭരണ കർത്താക്കളും സർക്കാർ ആശുപത്രിയിൽ ചികിൽസ തേടുന്ന സാഹചര്യമുണ്ടായാൽ നമ്മുടെ ആരോഗ്യമേഖല നന്നാവും. ഇല്ലെങ്കിൽ വഴിയാത്രക്കാരെ മുഴവൻ വിറപ്പിച്ചു കൊണ്ട് ആമ്പുലൻസുകൾ തലങ്ങും വിലങ്ങും പറന്നു കൊണ്ടിരിക്കും. മയക്കുമരുന്നു കടത്തുകാരും മറ്റു സാമൂഹ്യ വിരുദ്ധരും ഈ സൗകര്യം പ്രയോജനപ്പെടുത്തുകയും ചെയ്യും

- കെ എ സോളമൻ

Friday 12 April 2019

മസാല ബോണ്ട് കമ്മീഷൻ ആർക്ക് ?

കിഫ്ബി മസാലബോണ്ടു സംബന്ധിച്ചുള്ള സമ്പൂർണമായ അജ്ഞതയാണ് അതിനെതിരെ വിമർശനമുന്നയിക്കുന്നവർ ചെയ്യുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്.
അദ്ദേഹം പറയുന്നു:
"ബോണ്ടു വിൽപനയ്ക്കുള്ള കമ്മിഷൻ എത്ര ശതമാനാണെന്നാണ്  ഷിബു ബേബിജോണിനറിയേണ്ടത്. രമേശ് ചെന്നിത്തലയും ഇതേ ആരോപണം ആവർത്തിച്ചിട്ടുണ്ട്.  കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് കമ്മിഷനുറപ്പിച്ച് കച്ചവടം ചെയ്ത ശീലത്തിൽ നിന്നായിരിക്കാം ആ സംശയമുയർന്നത്. അക്കാലത്തെ കച്ചവടങ്ങൾ പോലെയല്ല അന്താരാഷ്ട്ര വിപണിയിൽ നിന്ന് ഇതുപോലെ പണം സമാഹരിക്കുന്നത്
ഇടപാടുകാരുമായി കേരള സർക്കാരോ കിഫ്ബിയോ നേരിട്ടു നടത്തുന്നതല്ല ഈ ബോണ്ട് വിൽപന. ക്ലിയറിംഗ് ഹൌസു വഴിയാണ് വിൽപന നടക്കുക. ക്ലിയറിംഗ് ഹൌസ് വഴി നടത്തുന്നതിനുള്ള മുന്നുപാധിയാണ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്യപ്പെടുക എന്നത്.  അതിനുശേഷമാണ് ക്ലിയറിംഗ് ഹൌസുകൾ ബോണ്ടുകൾ വിൽപനയ്ക്കു വെയ്ക്കുന്നത്. 
നിക്ഷേപകർ എത്ര പലിശയ്ക്ക് എത്ര കോടി ഡോളർ ബോണ്ടിൽ നിക്ഷേപിക്കാൻ തയ്യാറാകുമെന്ന് ക്വോട്ടു ചെയ്യുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ക്വോട്ടു ചെയ്യുന്നവർക്ക് ബോണ്ടു വിൽപന ഏർപ്പാടു ചെയ്യുന്നത് ക്ലിയറിംഗ് ഹൌസാണ്. ഒരേ നിരക്കിൽ നാം വിൽക്കാൻ തീരുമാനിച്ച ബോണ്ടിനേക്കാൾ കൂടുതൽ ആവശ്യക്കാർ വന്നാൽ മാത്രമേ ക്ലിയറിംഗ് ഹൌസുകാർ നമ്മളോട് ബന്ധപ്പെടുകയുള്ളൂ. ഇത്തരമൊരു ഇടപാടിൽ ആർക്ക് ആരാണ് കമ്മിഷൻ കൊടുക്കുന്നത്?
അപ്പോൾപ്പിന്നെ ഒരു സംശയമുയരാം. എന്തിനാണ് സിഡിപിക്യൂവിൻ്റെ പ്രതിനിധികൾ കേരളത്തിൽ ചർച്ചയ്ക്കു വന്നത്? തങ്ങൾ പണം നിക്ഷേപിക്കുന്ന ബോണ്ടുകളുടെ ഉടമസ്ഥരെക്കുറിച്ചും നിക്ഷേപത്തിൻ്റെ സുരക്ഷിതത്ത്വത്തെക്കുറിച്ചും ഏതൊരു നിക്ഷേപകനും വിശദമായ അന്വേഷണം നടത്തും.  കിഫ്ബിയുടെ പ്രവർത്തനത്തെയും സർക്കാരിൻ്റെ സ്ഥിതിയെയും കുറിച്ച് അവർക്ക് ബോധ്യവും വിശ്വാസവുമുള്ളതുകൊണ്ടാണ് നിക്ഷേപമുണ്ടായത്."

ഇതോടനുബന്ധിച്ചു വായിക്കാവുന്ന ഒരു  കഥകൂടിയുണ്ട്. ഇവിടെ ഒരു സ്വകാര്യ എയിഡഡ്കോളജിന് കുറച്ചു ഹാർഡ് വെയഴ്സ് വാങ്ങേണ്ട സാഹചര്യമുണ്ടായി. മാനേജർ സ്ഥലത്തെ കച്ചവടക്കാരനായ വാസുദേവക്കമ്മത്തിനെ വിളിച്ചു. കമ്മത്ത് മൂന്നു കൊട്ടേഷനുകളുമായി ജീവനക്കാരനെ അയച്ചു. ഒന്ന് അദ്ദേഹത്തിന്റെയും മറ്റേതു രണ്ടും വേറെ പേരുകളിലും. കച്ചവടം കമ്മത്തുമായി ഉറപ്പിക്കാൻ ഒരു തടസ്സവുമുണ്ടായില്ല. പരീക്ഷ സമയങ്ങളിൽ കുട്ടികൾക്കുള്ള ഉത്തരക്കടലാസിനുള്ള പേപ്പർ നൾകന്നതും കമ്മത്തു തന്നെ. അതിനു പറ്റിയ ക്വട്ടേഷനുകളും കമ്മത്തിന്റെ പക്കലുണ്ട്. കഥയിലെകമ്മത്തിനെ ചിലപ്പോൾ സി ഡി ബി ക്യൂവെന്നും വിളിക്കും.

വിശാലമായ ലോകത്ത് സി ഡി ബി ക്യുവിനെ പോലുള്ള കമ്മീഷൻ ഏജന്റുമാർക്കേ കേരള ബോണ്ടിൽ താല്പര്യമുണ്ടാകേണ്ട കാര്യമുള്ളു. മറിച്ച് ലോകത്തുള്ള സകല സാമ്പത്തിക സ്ഥാപനങ്ങൾക്കും കേരള ബോണ്ടിൽ താല്പര്യമുണ്ടാകാൻ എന്തു തരം മസാലയാണ് അതിനകത്തുള്ളത്?
സാധാരണ ഗതിയിൽ കമ്പനികൾ ഡിബഞ്ചർ, ഷെയർ ഇഷ്യു ചെയ്യുമ്പോൾ ക്ളയന്റസ് ചെയ്യുന്നത് അവരുടെ പ്രവർത്തന രീതി വിലയിരുത്തുക എന്നതാണ്. അതിനായി ലഭ്യമായിട്ടുള്ള ലിറ്ററേച്ചുകൾ വായിക്കും ,അല്ലാതെ കമ്പനി എം ഡി യെ ആരും നേരിട്ടു സന്ദർശിക്കാറില്ല, സന്ദർശനം അനുവദിക്കാറുമില്ല. അനിൽ അമ്പാനി ഷെയറു ഇഷ്യു നടത്തിയാൽ അദ്ദേഹറത്തോടു ഒരു ഇൻവെസ്റ്ററും ഒന്നും ചോദിക്കാറില്ല. എത്ര ആയിരം  കോടികളാണ് ആർ കോം, ആർ പവർ പബ്ളിക് ഇഷ്യുവിലൂടെ അനിൽ അമ്പാനി അടിച്ചു മറ്റിയത്?

അപ്പോൾപ്പിന്നെ ഒരു സംശയമുയരാം. എന്തിനാണ് സിഡിപിക്യൂവിൻ്റെ പ്രതിനിധികൾ കേരളത്തിൽ ചർച്ചയ്ക്കു വന്നത്? തങ്ങളുടെ നിക്ഷേപത്തിൻ്റെ സുരക്ഷിതത്ത്വത്തെക്കുറിച്ചും ഏതൊരു നിക്ഷേപകനും വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നു പറയുമ്പോൾ അതു കമ്മീഷൻ ഇടപാടു തന്നെയാണ്.

മസാല ഇടപാടു വഴി കേരള കിഫ് ബി സമാഹരിക്കുന്നത് 7150 കോടി രൂപ. 3 ശതമാനം പലിശയ്ക്ക് ആഭ്യന്തരമായി പണം ലഭ്യമാകുമെന്നു പറയുന്നിടത്താണ് 9.72 ശതമാനം പലിശ 20 കൊല്ലത്തേക്ക് സി ഡിബി ക്യുവിന് നൾകാൻ പോകുന്നത്. 7150 കോടിയുടെ യുടെ ഒരു ശതമാനം 71.5 കോടി വരും. 6.72 ശതമാനം കണക്കാക്കിയാൽ അതു 480 കോടി കവിയും. ഈ കമ്മീഷൻ തുക കുർത്തയുടെ കീശയിലോട്ടോ അതോ ഷർട്ടിന്റെ പോക്കറ്റിലേക്കോ എന്നത് അന്വേഷിച്ചാലേ കണ്ടെത്താനാവു.

ബോണ്ടു വിൽപന കമ്മിഷൻ എത്ര ശതമാനാണെന്ന  ഷിബു ബേബിജോണിന്റെയും. രമേശ് ചെന്നിത്തലയും ചോദ്യം സ്വാഭാവികം  യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് കമ്മിഷനുറപ്പിച്ച് കച്ചവടം ചെയ്ത ശീലമുണ്ടെന്നു് ധനമന്ത്രി കണ്ടെത്തുയും ചെയ്തു. അങ്ങനെ യെങ്കിൽ ജനത്തിനുള്ള സംശയം മറ്റൊന്നാണ്. നിങ്ങൾ രണ്ടു കൂട്ടരും ഒരേ കോർട്ടിൽ പന്തുതട്ടുന്നവർ. ഒരു കൂട്ടർ ക്കറിയാവുന്ന കളികൾ മറു കുട്ടരും അറിയേണ്ടതാണ്. അവർ കമ്മീഷൻ ഏജന്റന്മാരും നിങ്ങൾ പുണ്യടത്മാക്കളും എന്ന വാദം എന്തായാലും വിലപ്പോകില്ല.

നിങ്ങൾ രണ്ടു കുട്ടരോടും പറയാനുള്ളത് ഒന്നേയുള്ളു. കേരളത്തെ ഇങ്ങനെ പണയം വെച്ചു തിന്നരുത് . ഇതാണ് പോക്കെങ്കിൽ ഭാവി  തലമുറ നിങ്ങളെയോർത്തു ലജ്ജിക്കും.
- കെ എ സോളമൻ

Sunday 7 April 2019

മസാലബോണ്ട്, ഡാ !

ഓണത്തിനിടെ പുട്ടുകച്ചോടം എന്നാണ് ചൊല്ല്. ആരും ശ്രദ്ധിക്കാനിടയില്ലാത്ത ഏർപ്പാട് എന്നർത്ഥം.  ലോകസഭ ഇലക്ഷൻ .കൊടുമ്പിരിക്കൊണ്ടിരിക്കുന്ന നേരത്ത് പുരയുടെ ഏതു കഴുക്കോലൂരി വിറ്റാലും ആരും അങ്ങോട്ടു നോക്കില്ല. ഈ തക്കം പ്രയോജനപ്പെടുത്തുകയാണ് മസാല ബോണ്ടുകച്ചോടത്തിലൂടെ സംസ്ഥാന ധനവകുപ്പ്.

ഓട്ടക്കലം എന്നു ഹീബ്റു ഭാഷയിൽ അർത്ഥമുള്ള കിഫ്ബി എന്നൊരു സാധനം കേരള സർക്കാരിനുണ്ട്. അതുണ്ടാക്കിയിട്ട് രണ്ടു കൊല്ലമേ ആയുള്ളു. സർക്കാർ പണം അതിലോട്ടിട്ടു തിരിച്ചെടുക്കുന്നതിന് വലിയൊരു സർക്കാർ സംഘം തന്നെയുണ്ട്. മുൻ ചീഫ്സെക്രട്ടറി കെ എം എബ്രാഹം ആണ് അതിന്റെ മുഖ്യ ചുമതലക്കാരൻ. അടുത്തൂൺ പറ്റി പിരിഞ്ഞാലും ചില ആശ്രിതരെ സർക്കാർ പിരിച്ചു വിടില്ല, ചെല്ലും ചെലവും കൊടുത്തു കൂടെ നിർത്താൻ സർക്കാർ ഓരോ തസ്തിക നിർമ്മിച്ചു ഖജനാവു മുടിക്കും. അക്കൂട്ടത്തിൽ ഒന്നാണ് ഇതെന്നു കരുതിയാൽ മതി. കിഫ് ബി ഇല്ലാതിരുന്ന കാലത്ത് സംസ്ഥാനത്ത് ഒരുവിധ വികസനവും നടന്നിരുന്നില്ലായെന്നതാണ് വകുപ്പ് മന്ത്രി തോമസ്ജി ഐസക് ജിയുടെ നിലപാട്.

പെട്രോൾ ടാക്സും, രജിസ്ട്രേഷൻ നികുതിയുമായി കിഫ് ബി യുടെ അണ്ണാക്കിലേക്കു വീഴുന്ന തുക ഒന്നിനും തികയുന്നില്ല. എന്നു വെച്ചാൽ സർക്കാർ ഖജനാവ് എപ്പോഴും പൂച്ചപെറ്റു കിടക്കുന്ന പുകയടുപ്പു പോലെ.

ഇങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് മസാലേ ബോണ്ട് എന്ന തകർപ്പൻ ആശയം ആരുടെയോ കഷണ്ടിത്തലയിൽ മുഴച്ചത്. ബോണ്ടിന്റെ സങ്കേതികത്വം എന്തു തന്നെയായാലും ഇന്നു ജനിച്ച കുട്ടി 20 വയസ്സാകുമ്പോൾ മസാല ബോണ്ടിൽ തിരിച്ചടവു നടത്തിയാൽ മതി. അത്രയും നാൾ ലാവ്ലിനോ സി ഡി പി ക്യുവിനോ കടക്കാരനായി സ്വസ്ഥതയോടെ കഴിയാം

മസാല ബോണ്ടു വഴി  സർക്കാർ കിഫ്ബിയിലേക്കു ഇതിനകം 2150 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം വികസന- പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന്റെ പേരിൽ മസാല ബോണ്ട് ഇറക്കുന്നത്. ഇതു കണ്ട് മറ്റു സംസ്ഥാനങ്ങൾ നെയ്റോസ്റ്റുബോണ്ടോ, ഇഡ്ഡലി ബോണ്ടോ ഇറക്കാനുള്ള  സാധ്യതയും തള്ളിക്കളയാനാവില്ല.

2150 കോടി കിട്ടിയെങ്കിലും സംസ്ഥാന ട്രഷറിയിൽ ആളനക്കം കുറവ് ആയതിനാൽ 5000 കോടിയുടെ രണ്ടാംമസാല ബോണ്ടിനു തയ്യാറെടുക്കുകയാണ് രണ്ടാം അമർത്യാസെൻ. ആദ്യ മസാലബോണ്ട്
കാനഡ കേന്ദ്രീകരിച്ചുള്ള കരിമ്പട്ടിക കമ്പനിക്കാണ് വിറ്റതെങ്കിൽ അടുത്ത 5000 കോടി മസാല ലണ്ടനിലും സിങ്കപ്പൂരിലുമായാണ് വിറ്റഴിക്കുന്നത്.. ലോകത്ത് രാജ്യങ്ങൾ ഏറെയുള്ളതിനാൽ  ഈ ദിശയിൽ എത്തിച്ചേ രാവുന്ന തുകയുടെ വലിപ്പം ഓർത്തിട്ട് കൈയ്യിലെയും താടിയിലെയും രോമം എഴുന്നേറ്റു നില്ക്കുന്നു. പക്ഷെ ചൈനയിലും ക്യൂബയിലും പോളണ്ടിലും മസാല ബോണ്ട് ഇറക്കാൻ ഉദ്ദേശിക്കുന്നില്ല

കെ.എസ്.എഫ്.ഇ.യുടെ പ്രവാസിച്ചിട്ടി കാറ്റുതി പോയ സാഹചര്യത്തിലാണ് കേരള ജനതയെ മൊത്തം പണയം വെച്ച് മസാല കച്ചോടത്തിന് ഇറങ്ങിത്തിരിച്ചത്.

ഷെയറ്, സ്റ്റോക്ക്, സ്റ്റോക്ക് എക്സ്ചേഞ്ച് ഇവയൊക്കെ എന്തെന്നു ചോദിച്ചു നടന്ന പാർട്ടിയായിരുന്നു. പക്ഷെ  ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് മേയ് 17നു നടക്കുന്ന രണ്ടാം ഗഡു മസാല ചടങ്ങ് നടത്തുന്നത്.

ബോണ്ട് കച്ചോടത്തിന്  കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടേണ്ടതുണ്ട്. എന്തു കണ്ടിട്ടാണ് കേന്ദ്ര സർക്കാർ ഈ അന്തംവിട്ട കളിക്കു കൂട്ടുനില്ക്കുന്നതെന്നു മാത്രം മനസ്സിലാകുന്നില്ല.

കേരളം നമ്പർ വൺ എന്നാണ് എല്ലാം ശരിയാക്കിയതിനു ശേഷമുള്ള പരസ്യവാചകം. എന്തടിസ്ഥാനത്തിലാണ് നമ്പർ വൺ ആയതെന്നു ചോദിച്ചാൽ അതിനുള്ള മറുപടിയാണ് മസാല ബോണ്ട്‌. മസാല വിറ്റ് കാശുണ്ടാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. കേരളം നമ്പർ വോൺ, ഡാ!
- കെ എ സോളമൻ