Sunday, 7 April 2019

മസാലബോണ്ട്, ഡാ !

ഓണത്തിനിടെ പുട്ടുകച്ചോടം എന്നാണ് ചൊല്ല്. ആരും ശ്രദ്ധിക്കാനിടയില്ലാത്ത ഏർപ്പാട് എന്നർത്ഥം.  ലോകസഭ ഇലക്ഷൻ .കൊടുമ്പിരിക്കൊണ്ടിരിക്കുന്ന നേരത്ത് പുരയുടെ ഏതു കഴുക്കോലൂരി വിറ്റാലും ആരും അങ്ങോട്ടു നോക്കില്ല. ഈ തക്കം പ്രയോജനപ്പെടുത്തുകയാണ് മസാല ബോണ്ടുകച്ചോടത്തിലൂടെ സംസ്ഥാന ധനവകുപ്പ്.

ഓട്ടക്കലം എന്നു ഹീബ്റു ഭാഷയിൽ അർത്ഥമുള്ള കിഫ്ബി എന്നൊരു സാധനം കേരള സർക്കാരിനുണ്ട്. അതുണ്ടാക്കിയിട്ട് രണ്ടു കൊല്ലമേ ആയുള്ളു. സർക്കാർ പണം അതിലോട്ടിട്ടു തിരിച്ചെടുക്കുന്നതിന് വലിയൊരു സർക്കാർ സംഘം തന്നെയുണ്ട്. മുൻ ചീഫ്സെക്രട്ടറി കെ എം എബ്രാഹം ആണ് അതിന്റെ മുഖ്യ ചുമതലക്കാരൻ. അടുത്തൂൺ പറ്റി പിരിഞ്ഞാലും ചില ആശ്രിതരെ സർക്കാർ പിരിച്ചു വിടില്ല, ചെല്ലും ചെലവും കൊടുത്തു കൂടെ നിർത്താൻ സർക്കാർ ഓരോ തസ്തിക നിർമ്മിച്ചു ഖജനാവു മുടിക്കും. അക്കൂട്ടത്തിൽ ഒന്നാണ് ഇതെന്നു കരുതിയാൽ മതി. കിഫ് ബി ഇല്ലാതിരുന്ന കാലത്ത് സംസ്ഥാനത്ത് ഒരുവിധ വികസനവും നടന്നിരുന്നില്ലായെന്നതാണ് വകുപ്പ് മന്ത്രി തോമസ്ജി ഐസക് ജിയുടെ നിലപാട്.

പെട്രോൾ ടാക്സും, രജിസ്ട്രേഷൻ നികുതിയുമായി കിഫ് ബി യുടെ അണ്ണാക്കിലേക്കു വീഴുന്ന തുക ഒന്നിനും തികയുന്നില്ല. എന്നു വെച്ചാൽ സർക്കാർ ഖജനാവ് എപ്പോഴും പൂച്ചപെറ്റു കിടക്കുന്ന പുകയടുപ്പു പോലെ.

ഇങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് മസാലേ ബോണ്ട് എന്ന തകർപ്പൻ ആശയം ആരുടെയോ കഷണ്ടിത്തലയിൽ മുഴച്ചത്. ബോണ്ടിന്റെ സങ്കേതികത്വം എന്തു തന്നെയായാലും ഇന്നു ജനിച്ച കുട്ടി 20 വയസ്സാകുമ്പോൾ മസാല ബോണ്ടിൽ തിരിച്ചടവു നടത്തിയാൽ മതി. അത്രയും നാൾ ലാവ്ലിനോ സി ഡി പി ക്യുവിനോ കടക്കാരനായി സ്വസ്ഥതയോടെ കഴിയാം

മസാല ബോണ്ടു വഴി  സർക്കാർ കിഫ്ബിയിലേക്കു ഇതിനകം 2150 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം വികസന- പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന്റെ പേരിൽ മസാല ബോണ്ട് ഇറക്കുന്നത്. ഇതു കണ്ട് മറ്റു സംസ്ഥാനങ്ങൾ നെയ്റോസ്റ്റുബോണ്ടോ, ഇഡ്ഡലി ബോണ്ടോ ഇറക്കാനുള്ള  സാധ്യതയും തള്ളിക്കളയാനാവില്ല.

2150 കോടി കിട്ടിയെങ്കിലും സംസ്ഥാന ട്രഷറിയിൽ ആളനക്കം കുറവ് ആയതിനാൽ 5000 കോടിയുടെ രണ്ടാംമസാല ബോണ്ടിനു തയ്യാറെടുക്കുകയാണ് രണ്ടാം അമർത്യാസെൻ. ആദ്യ മസാലബോണ്ട്
കാനഡ കേന്ദ്രീകരിച്ചുള്ള കരിമ്പട്ടിക കമ്പനിക്കാണ് വിറ്റതെങ്കിൽ അടുത്ത 5000 കോടി മസാല ലണ്ടനിലും സിങ്കപ്പൂരിലുമായാണ് വിറ്റഴിക്കുന്നത്.. ലോകത്ത് രാജ്യങ്ങൾ ഏറെയുള്ളതിനാൽ  ഈ ദിശയിൽ എത്തിച്ചേ രാവുന്ന തുകയുടെ വലിപ്പം ഓർത്തിട്ട് കൈയ്യിലെയും താടിയിലെയും രോമം എഴുന്നേറ്റു നില്ക്കുന്നു. പക്ഷെ ചൈനയിലും ക്യൂബയിലും പോളണ്ടിലും മസാല ബോണ്ട് ഇറക്കാൻ ഉദ്ദേശിക്കുന്നില്ല

കെ.എസ്.എഫ്.ഇ.യുടെ പ്രവാസിച്ചിട്ടി കാറ്റുതി പോയ സാഹചര്യത്തിലാണ് കേരള ജനതയെ മൊത്തം പണയം വെച്ച് മസാല കച്ചോടത്തിന് ഇറങ്ങിത്തിരിച്ചത്.

ഷെയറ്, സ്റ്റോക്ക്, സ്റ്റോക്ക് എക്സ്ചേഞ്ച് ഇവയൊക്കെ എന്തെന്നു ചോദിച്ചു നടന്ന പാർട്ടിയായിരുന്നു. പക്ഷെ  ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് മേയ് 17നു നടക്കുന്ന രണ്ടാം ഗഡു മസാല ചടങ്ങ് നടത്തുന്നത്.

ബോണ്ട് കച്ചോടത്തിന്  കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടേണ്ടതുണ്ട്. എന്തു കണ്ടിട്ടാണ് കേന്ദ്ര സർക്കാർ ഈ അന്തംവിട്ട കളിക്കു കൂട്ടുനില്ക്കുന്നതെന്നു മാത്രം മനസ്സിലാകുന്നില്ല.

കേരളം നമ്പർ വൺ എന്നാണ് എല്ലാം ശരിയാക്കിയതിനു ശേഷമുള്ള പരസ്യവാചകം. എന്തടിസ്ഥാനത്തിലാണ് നമ്പർ വൺ ആയതെന്നു ചോദിച്ചാൽ അതിനുള്ള മറുപടിയാണ് മസാല ബോണ്ട്‌. മസാല വിറ്റ് കാശുണ്ടാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. കേരളം നമ്പർ വോൺ, ഡാ!
- കെ എ സോളമൻ

No comments:

Post a Comment