Tuesday, 16 April 2019

ആമ്പുലൻസ് അഡ് വെഞ്ചർ!

മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേയ്ക്കു ആമ്പുലൻസിൽ കൊണ്ടുപോയ കുഞ്ഞിന് യോജിച്ച രീതിയിലുള്ള ഹൃദയചികിൽസ പരിയാരം, കോഴിക്കോട്, തൃശൂർ, കൊച്ചി പോലുള്ള  മെഡിക്കൽ കോളജുകളിൽ ലഭ്യമാകാതെ പോയത്  ആരോഗ്യമേഖലയിലുള്ള സർക്കാർ പിഴവിനെയാണ് സൂചിപ്പിക്കുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിൽ ഉള്ള മെഡിക്കൽ കോളജുകളിലും  ആശുപത്രികളിലും ‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെ കേരളം നമ്പർ വൺ എന്നു പറയുന്നതിൽ എന്താ അർത്ഥം? പ്രൈവറ്റ് ആശുപത്രികളിലേക്ക് രോഗികളെ റഫർ ചെയ്യുന്ന ഇടത്താവളമായി മാറിയിരിക്കുന്നു സർക്കാർ ആശുപത്രികൾ. പ്രൈവറ്റ് സ്ഥാപനങ്ങളുമായി ടൈ അപ് ഉള്ള ഡോക്ടർമാർ സർക്കാർ ആശുപത്രികളിൽ പ്രവർത്തിക്കുന്നവെന്ന ആരോപണം തള്ളിക്കളയാനാവില്ല.

അടിയന്തിര ചികിത്സക്കായി അഞ്ഞൂറും അറുനൂറും കീലോമീറററുകൾ താണ്ടുന്ന ആമ്പുലൻസ് സാഹസങ്ങൾ പരിമിതപ്പെടുത്തേണ്ടിയിരിക്കുന്നു. ഒരു ജീവൻ രക്ഷിക്കാൻ പല ജീവനുകൾ അപകടത്തിലാക്കുന്നതാണ് ഒട്ടുമിക്ക ആമ്പുലൻസ് സർവീസുകളും. ആമ്പുലൻസ് വരുത്തുന്ന അപകടങ്ങളുടെ എണ്ണം നാൾക്കുനാൾ പെരുകിക്കൊണ്ടിരിക്കുകയാണ്. ആമ്പുലൻസുകൾക്കു മാത്രമായി ഒരു ഹൈവേ വേണ്ടി വരുന്ന അവസ്ഥ ആശങ്കാജനകം.

സര്‍ക്കാര്‍ ആശുപത്രികള്‍ വിപുലീകരിക്കണം. കിഫ്ബി യിൽ വന്നു കുന്നിക്കുന്നുവെന്നു പറയുന്ന പണത്തിൽ കുറച്ച് സർക്കാർ മെഡിക്കൽ കോളജുകളുടെ വികസനത്തിനും നീക്കിവെക്കണം. സാധാരണ ജനം മാത്രമല്ല,, മന്ത്രിമാരും എം എൽ എ -എം പി മാരും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിൽസ തേടണം. മയോക്ളിനിക് ചികിൽസയും അപ്പോളോ ആശുപത്രി സന്ദർശനവും രോഗികൾ സ്വന്തം കീശയിലെ പണം കൊണ്ടു നടത്തണം.

വേർതിരിവില്ലാതെ ജനങ്ങളും ഭരണ കർത്താക്കളും സർക്കാർ ആശുപത്രിയിൽ ചികിൽസ തേടുന്ന സാഹചര്യമുണ്ടായാൽ നമ്മുടെ ആരോഗ്യമേഖല നന്നാവും. ഇല്ലെങ്കിൽ വഴിയാത്രക്കാരെ മുഴവൻ വിറപ്പിച്ചു കൊണ്ട് ആമ്പുലൻസുകൾ തലങ്ങും വിലങ്ങും പറന്നു കൊണ്ടിരിക്കും. മയക്കുമരുന്നു കടത്തുകാരും മറ്റു സാമൂഹ്യ വിരുദ്ധരും ഈ സൗകര്യം പ്രയോജനപ്പെടുത്തുകയും ചെയ്യും

- കെ എ സോളമൻ

No comments:

Post a Comment