Wednesday 1 July 2020

സെഞ്ചുറിയിലെത്തിയ വിജയശതമാനം


ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. റെഗുലർ വിഭാഗത്തിൽ 4,22,092 വിദ്യാർഥികൾ പരീക്ഷയെഴുതി. ഇതിൽ 4,17,101 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 98.82 ശതമാനം ആണ് ഇത്തവണത്തെ എസ്എസ്എൽസി വിജയ ശതമാനം. കഴിഞ്ഞവർഷത്തേക്കാൾ  കൂടുതൽ.

ഇനി പുനർമൂല്യനിർണയമുണ്ട്, പിന്നീട് സേ പരീക്ഷയും. മൂന്നു വിഷയങ്ങൾ വരെ കുട്ടികൾക്ക് സേ എഴുതി ജയിക്കാം. പുനർനിർണയവും സേ പരീക്ഷയും കഴിയുമ്പോൾ വിജയശതമാനം 100 തികയും. എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും സന്തുഷ്ടരാക്കുന്ന 100 ശതമാനം വിജയം ഭരണ നേട്ടമായി ചിത്രീകരിക്കുകയും ചെയ്യുന്നു. കുറെ കൊല്ലമായി ഈ കലാ പരിപാടി തുടർന്നു പോരുന്നു.

അമ്പതു കൊല്ലം മുന്നിലുള്ള ചരിത്രം നോക്കിയാൽ  അന്നു വിജയശതമാനം 30-35 മാത്രമായിരുന്നു.  65 -70 ശതമാനം വിദ്യാർത്ഥികൾ തോൽക്കുന്നു. ഒരു വിഷയത്തിനു മാത്രം തോൽക്കുന്നവർ അനേകം പേർ. അവരെല്ലാം ഇന്നത്തെ വിജയശതമാനം കണ്ട് അത്ഭുതപ്പെടുകയാണ്. ഇന്നാർക്കും തോൽവിയില്ല

പഠനത്തില്‍ നിശ്ചിത നിലവാരത്തിലെത്താതെ വരുമ്പോഴാണ് തോല്‍വി സംഭവിക്കുക. തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

എന്തൊക്കെയാണ് തോൽവിയുടെ കാരണങ്ങൾ? പഠനങ്ങളുടെ  അടിസ്ഥാനത്തിൽ തോൽവിക്ക് കുറച്ച് കാരണങ്ങളുണ്ട്.

കുട്ടിയുടെ വികാസപരമായ കാലതാമസം, ശാരീരികവും ബൗദ്ധികവും ഭാഷാപരവുമായ വൈകല്യങ്ങള്‍, ദാരിദ്ര്യം , ആത്മബോധ ക്കുറവ്, അനാരോഗ്യകരമായ കുടംബപശ്ചാത്തലം, വിദ്യാഭ്യാസത്തിനു വീട്ടിലുള്ള അസൗകര്യം, പെരുമാറ്റ പ്രശ്നങ്ങള്‍, വൈകാരിക പ്രശ്നങ്ങള്‍, സാംസ്കാരിക പശ്ചാത്തലം, നിലവാരമില്ലാത്ത  അധ്യാപന രീതി, വിദ്യാലയങ്ങളിലെ വിഭവ അപര്യാപ്തത തുടങ്ങിയവയാണ് കുട്ടികളുടെ പഠന പ്രക്രിയയെ സാരമായി ബാധിക്കുന്നത്.

100 ശതമാനം വിജയം ഉറപ്പാക്കിയതോടെ ഈ കുറവുകളെല്ലാം ഒറ്റയടിക്കു പരിഹരിച്ചുവെന്നു വേണം കരുതാൻ. തോല്‍വിയുടെയും പഠനപിന്നാക്കാവസ്ഥയുടെയും കാരണങ്ങള്‍ ഓരോ കുട്ടിയ്കും വ്യത്യസ്തമായിരിക്കേ അവയെല്ലാം കണ്ടെത്തി പരിഹരിക്കാൻ നമ്മുടെ  വിദ്യാലയങ്ങൾക്കു കഴിഞ്ഞുവെന്നത് അത്ഭുതകരമായിരിക്കുന്നു..

മാറി മാറി വന്ന മുന്നണി ഭരണം കൊണ്ട് ഇവിടെ ദാരിദ്യമില്ല, ബൗദ്ധികവും ഭാഷാപരവുമായ വൈകല്യങ്ങളില്ല, ആത്മബോധ  ക്കുറവില്ല, അനാരോഗ്യകരമായ കുടംബപശ്ചാത്തലമില്ല,  100 ശതമാനം വിജയം ഉറപ്പാക്കിയതോടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതായി എന്നു വേണം കരുതാൻ

എസ് എസ് എൽ സി  കഴിഞ്ഞാൽപിന്നെ പ്ളസ് ടു. ഭൗതിക സാഹചര്യത്തിനു മാറ്റമില്ലാത്തതിനാൽ 100 ശതമാനത്തിനടുത്തു തന്നെയാണ് അവിടെയും വിജയം.

പിന്നെയാണ് കൂട്ടപ്പൊരിച്ചിൽ. എൻട്രൻസ് പരീക്ഷയെന്നാണ് പേര്. എഞ്ചിനിയറിംഗ് കോഴ്സുകൾ പലതിനും ഡിമാൻ്റ് കുറഞ്ഞതിനാൽ മെഡിസിനാണ് തള്ളി.ക്കയറ്റം. പത്തിലും പ്രസ് ടുവിലും വിദ്യാർത്ഥികളുടെ മനസ്സ് വേദനിപ്പിക്കാതെ ജയിപ്പിച്ചു കൊണ്ട്  വന്നിട്ട് ഇവിടെ. ഒരു കൂട്ടക്കുരുതിയുണ്ട്. ഭൗതിക സാഹചര്യം വെച്ചു  നോക്കുമ്പോൾ മെഡിക്കൽ എൻട്രൻസിൽ വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസിക സംഘർഷം ഒരു സംഘർഷമേ അല്ലെന്നാണ് വിദ്യാഭ്യാസ വിചക്ഷണരുടെ കണ്ടെത്തൽ. 

 ഇനി അഥവ സർക്കാരിന് അങ്ങനെ തോന്നുന്നവെങ്കിൽ എല്ലാവരെയും ഡോക്ടർമാരാക്കാൻ സർക്കാർ സൗകര്യം ഒരുക്കട്ടെ. അതെങ്ങനെയായാലും  എസ് എസ് എൽ സി 100 ശതമാനം വിജയം ഭരണ നേട്ടമായി തുടരുക തന്നെ ചെയ്യും.

കെ എ സോളമൻ