Wednesday 25 July 2018

എന്റെ മാലിന്യം എന്റെ മാത്രം ഉത്തരവാദിത്വമല്ല.

ഈയിടെ പെയ്ത കൊടും മഴയും ചിലയിടങ്ങളിലെ വെള്ളപ്പൊക്കവും ഏറെനാശനഷ്ടങ്ങൾക്കു കാരണമായെങ്കിലും കേരളത്തിൽ എമ്പാടുമുള്ള വൻ മാലിന്യശേഖരം നീക്കി കുറെ സ്ഥലങ്ങൾ കഴുകി വൃത്തിയാക്കി എന്നുള്ളതു വാസ്തവം. മലിന്യക്കൂമ്പാരത്തിൽ ശ്വാസം മുട്ടിക്കഴിഞ്ഞ ജനത്തിന് വലിയ ആശ്വാസമായിട്ടുണ്ട് പ്രകൃതിയുടെ  നേരിട്ടുള്ള ഈ കഴുകി വൃത്തിയാക്കൽ.

കേരളീയ ഗ്രാമങ്ങൾ നഗര സ്വഭാവം കൈവരിച്ചതോടെ സംഭവിച്ചതാണ് തെരു വുകളിലെ  മാലിന്യക്കൂനകൾ. ഇവ നീക്കം ചെയ്യാൻ ബാധ്യതയുള്ള പഞ്ചായത്തു - മുനിസിപ്പൽ നഗരസഭകൾ " എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം" എന്ന പ്രകോപനപരമായ മുദ്രാവാക്യം ഫ്ളക്സ് ബോർഡുകളിൽ എഴുതിത്തൂക്കി ഉത്തരവാദിത്വത്തിൽ നിന്നു ഒഴിഞ്ഞു നില്ക്കുന്നു.

പരിസര ശൂചീകരണവും മാലിന്യ നിർമ്മാർജ്ജനവും നടത്തുന്നതിനും കൂടിയാണ് അമിത നിരക്കിലുള്ള കരമടച്ച് ജനം പഞ്ചായത്ത് - മുനിസിപ്പാലിറ്റികളെ സംരക്ഷിക്കുന്നത്. ഇങ്ങനെ നികുതിയായിക്കിട്ടുന്ന പണം ദുർവിനിയോഗം ചെയ്യുന്നതല്ലാതെ കാര്യമായ നിർമ്മാണ പ്രവർത്തനങ്ങൾ ഒരിടത്തുമില്ല. ആകെ കാണിച്ചുകൂട്ടുന്നത് റോഡ് റിപ്പയർ എന്ന ഏക ജോലിയാണ്. റോഡ് റിപ്പയറിംഗിന് കാശു മുടക്കുകയെന്നത് കടലിൽ കായം കലക്കുന്നതിനു സമാനം. സ്കൂളുകളിൽ ചെന്ന് പഠിപ്പും മുടക്കിയിട്ടു് പ്ളാസ്റ്റിക് കിറ്റുപെറുക്കൽ പോലുള്ള വേലത്തരവും കാണിക്കും. വൃത്തിയായി സൂക്ഷിക്കേണ്ട മത്സ്യ മാർക്കറ്റുകൾ ഇല്ലാതാക്കി മത്സ്യ വില്പനക്കാരെ റോഡു വശങ്ങളിൽ പ്രതിഷ്ഠിച്ചു. ഇങ്ങനെ മത്സ്യക്കച്ചവടം നടത്തുന്നവർ ശുചിത്വ മിഷന്റെ " എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം" മുദ്രാ വാക്യം കേൾക്കാത്തതകൊണ്ട്  മാലിന്യ നിക്ഷേപത്തിനു ഒരു മടിയും കാട്ടാറില്ല.

നഗരത്തിലെത്തുന്ന സാധാരണക്കാരുടെ കാര്യമാണ് കഷ്ടം. പല മുനിസിപ്പാലിറ്റികളിലും മൂത്രമൊഴിക്കുന്നതിന്
ഒരു പബ്ളിക് ടോയ് ലറ്റില്ല. ഇ-ടോയ്ലറ്റു നിർമ്മാതാക്കളുമായി ഒത്തുകളിച്ചു മുമ്പുണ്ടായിരുന്ന ടോയ്ലറ്റുകൾ പൊളിച്ചു കളഞ്ഞു ഉപയോഗിക്കാൻ കൊള്ളാത്ത ഇ- ടോയ്ലറ്റുകൾ സ്ഥാപിച്ചു. ലക്ഷങ്ങൾ ഈ ദിശയിൽ അടിച്ചു മാറ്റിയതല്ലാതെ നിലവിൽ ഇ-ടോയ്ലറ്റുമില്ല അ -ടോയ് ലറ്റുമില്ല. ടൗണിലെത്തുന്നവർക്ക് മൂത്രശങ്ക തീർക്കണമെങ്കിൽ 10 രൂപാ മുടക്കി ഇന്ത്യൻ കോഫി ഹൗസിൽ കേറി ചായ ഓർഡർ ചെയ്യണം. ലാഭ കേന്ദ്രങ്ങളായി മാറിയിരിക്കുന്ന കോഫീ ഹൗസുകൾ ഇതിന് ചാർജു ഏർപ്പെടുത്തുന്നത് എന്നാണെന്ന് പറയുക വയ്യ.

പ്രായമായവരുടെ കാര്യമാണ് ഏറെ കഷ്ടം. പല പല അവശതകളാൽ മുത്ര ശങ്കയുണ്ടായാൽ പിടിച്ചു നിർത്താൻ ഇവർക്കാവില്ല. മുണ്ടിലൊഴുക്കാൻ വിധിക്കപ്പെട്ട ഇക്കൂട്ടർക്ക് രണ്ടിനു കൂടി തോന്നിയാൽ പൊതുവഴിയിൽ ശല്യം ചെയ്തതിന്റെ പ്രോസിക്യൂഷൻ നേരിടേണ്ടി വരും.

ഇന്ന് കേരളത്തിൽ മാലിന്യം  സാമൂഹിക പ്രശ്നമായി മാറിയിരിക്കുന്നു. മാലിന്യ നിക്ഷേപവും നിർമ്മാർജനവും  പലയിടങ്ങളിലും സംഘർഷത്തിനു കാരണമാകുകയും  ചെയ്യുന്നു. അതു കൊണ്ട് മാലിന്യം വ്യക്തിയുടെ മാത്രം ഉത്തരവാദിത്യമല്ല, പഞ്ചായത്ത് - മുനിസിപ്പാലികളുടേയും  ഉത്തരവാദിത്വമാണ്., പണ്ടതു ചെയ്തിരുന്നു, തുടർന്നു ചെയ്യാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാകണം

മാലിന്യത്തിന്റെ കാര്യത്തിൽ  സര്‍‍ക്കാരിനു ഉത്തരവാദിത്വമില്ല എന്നു സ്ഥാപിക്കാനുള്ള വിഫലശ്രമം ശുചിത്വമിഷൻ മുദ്രാവാക്യത്തിലുണ്ട്.   സർക്കാർ സ്ഥാപനങ്ങൾ അവയുടെ ഉത്തരവാദിത്വം നിറവേറ്റുന്നുവെന്നു ബോധ്യമായാൽ വ്യക്തികൾ പിൻമാറില്ല.

വിടുകളിൽ ഉണ്ടാകുന്ന മാലിന്യം മാത്രമേ വ്യക്തികൾക്കു നീക്കനാവു. തെരുവുകളിൽ വീഴുന്ന മാലിന്യങ്ങൾ നീക്കാനും വീഴാതെ നോക്കാനും സർക്കാർ സ്ഥാപനങ്ങൾ തയ്യാറാകണം. റോഡു വശങ്ങൾ  മുഴുവൻ വിപണന കേന്ദ്രങ്ങൾ ആക്കുന്നതിനു പകരം നമ്മുടെ ഗ്രാമീണ ചന്തകൾ തിരികെ കൊണ്ടുവരണം. ടൗണിലെത്തുന്നവർക്ക് അത്യാവശ്യ ഉപയോഗത്തിന് കംഫർട്ട് സ്റ്റേഷനുകളും സ്ഥാപിച്ചു നൾകണം .

" എന്റെ മലിന്യം എന്റെ ഉത്തരവാദിത്വം" എന്നു പറഞ്ഞു പ്രകോപിക്കുന്നതിനു പകരം നമ്മുടെ മാലിന്യം നമുക്കൊന്നിച്ച നിർമ്മാർജനം ചെയ്യാം എന്നാണ് വേണ്ടത്.
- കെ എ സോളമൻ

Monday 23 July 2018

ആവിഷ്കാരസ്വാതന്ത്ര്യം രാഷ്ട്രീയ ലാഭത്തിനാകരുത്

മാതൃഭൂമി വാരിക മൂന്നാഴ്ച പ്രസിദ്ധീകരിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത ഹരീഷിന്റെ നോവൽ  ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള പുതിയ ചോദ്യങ്ങളിലേക്കാണ്  കേരള സമൂഹത്തെ നയിച്ചിരിക്കുന്നത്. നോവൽ നിർത്തിവെച്ചത് ആവിഷ്കാരസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമെന്ന് സർക്കാരും ഇടതു നേതാക്കളും ഇടതു സഹയാത്രികരായ എഴുത്തുകാരും പറയുമ്പോൾ അങ്ങനെയല്ലായെന്ന് വലതു ചിന്താഗതിക്കാരും  ചില നിഷ്പക്ഷമതികളും വാദിക്കുന്നു .

ഈ സന്ദർഭത്തിൽ ബന്ധപ്പെട്ടവർ മനസ്സിക്കേണ്ട പ്രധാന സംഗതി എന്നെന്നുവെന്നാൽ സ്വാതന്ത്ര്യമുണ്ടെന്നു കരുതി, വ്യക്തികളുടെയും സമൂഹങ്ങളുടെയും വിശ്വാസത്തെയും ആത്മീയാചാര്യന്മാരെയും ആക്രമിക്കാനും അവഹേളിക്കാനും ആര്‍ക്കും അവകാശമില്ല. സ്വാതന്ത്ര്യത്തിന് ചില പരിധികളും പരിമിതികളുമുണ്ട്. ഇല്ലെങ്കില്‍ സമൂഹത്തിന്റെ നിലനില്‍പ്പുതന്നെ അസാധ്യമാകും. അമ്പലത്തിലും പള്ളിയിലും പോകുന്നത് വ്യഭിചാര ചിന്തയോടെ  എന്നെഴുതി വെച്ചാൽ അതു ആവിഷ്കര സ്വാതന്ത്ര്യമല്ല, സമൂഹത്തോടു കാട്ടുന്ന തികഞ്ഞ അവഹേളനമാണ് '

‘ഷാര്‍ലി എബ്‌ദോ’ എന്ന പത്രം പ്രവര്‍ത്തിച്ചിരുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനു വളരെ പ്രാധാന്യം നല്‍കുന്ന ഫ്രഞ്ച് സാംസ്‌കാരിക പശ്ചാത്തലത്തിലായിരുന്നു.  വരുംവരായ്കകളെ പരിഗണിക്കാതെ അവര്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച.  ആത്മഹത്യാപരമായി മാറിയ ആസംഭവം ഒഴിവാക്കപ്പെട്ടണ്ടതായി രുന്നുവെന്ന് ഒട്ടുമിക്ക സ്വതന്ത്ര ചിന്താഗതിക്കാർക്കും അഭിപ്രായമുണ്ട്.
.
മറ്റുള്ളവരുടെ വിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റേയും മേൽകയ്യേറ്റം നടത്തുന്നത്ശരിയല്ല. ഒരുത്തന്റെ ഭാര്യയെ മറ്റൊരുത്തൻ അവഹേളിച്ചാല്‍, പ്രതികരണം ചിലപ്പോൾ കായികമായിട്ടായിരിക്കും. അന്നേരം ആവിഷ്കാരസ്വാതന്ത്യം പൊക്കിപ്പിടിച്ചിട്ടു വലിയ കാര്യമില്ല.

പരിധികളില്ലാത്ത സ്വാതന്ത്ര്യം – ആവിഷ്‌ക്കാര സ്വാതന്ത്ര്യമായാലും – അപകടകരമാണ്. ഷാര്‍ലി എബ്‌ദോ സംഭവവും തൊടുപുഴ പ്രഫസറുടെ വച്ചുപിടിപ്പിച്ച കൈപ്പത്തിയും അതാണ് സൂചിപ്പിക്കുന്നത്.

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ഹരീഷും മാത്രഭുമിയും ചെയ്ത തെറ്റു അവർ മനസ്സിലാക്കി. എന്നാൽ സർക്കാർ വിടാൻ ഭാവമില്ല. നോവലെഴുത്തും പ്രസിദ്ധീകരണവുമായി മുന്നോട്ടു പോകാനാണ് എഴുത്തുകാരനോടും  പ്രസാധകനോടും സർക്കാർ ആവശ്യപ്പെടുന്നത്. അധികാരത്തിൽ വന്നു കഴിഞ്ഞാൽ സമൂഹത്തിലെ നാനാജാതി മതസ്ഥർക്കും വേണ്ടി പ്രവർത്തിക്കേണ്ട സർക്കാർ ഒരു  സമൂഹത്തിന് എതിരായി പ്രവർത്തിക്കുന്നത് രാഷ്ടീയ ലാഭത്തിനു വേണ്ടിയാണ്. കുരങ്ങുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ റോളിലാണ് സർക്കാർ . പ്രശ്നങ്ങൾ ഇല്ലാതാക്കുകയല്ല, സൃഷ്ടിക്കലാണ് ലക്ഷ്യം
- കെ എ സോളമൻ

Wednesday 18 July 2018

കേരള ജയിൽ ടൂറിസം



സാഹചര്യങ്ങളുടെ സമ്മർദ്ദം മനുഷ്യരെ കുറ്റവാളികളാക്കും. 
കുറ്റം ചെയ്യാതിരിക്കുന്നത് പലർക്കും ശിക്ഷയെക്കുറിച്ചു ഭയപ്പാടു് ഉള്ളതു കൊണ്ടും. ജയിൽ ശിക്ഷ, പിഴ, ചാട്ടവാറടി (കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല) ഇവയൊക്കെ ഒഴിവാക്കാൻ ഏതുമനുഷ്യനാണ് ആഗ്രഹിക്കാത്തത്?

എന്നാൽ ജയൽശിക്ഷയെക്കുറിച്ചുള്ള ഭയം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന ജയിൽ വകുപ്പ്. ജയിൽ ടൂറിസം പദ്ധതി ആവിഷ്കരിച്ചരിക്കുന്നതിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യം ഉണ്ടെന്നു കരുതുക വയ്യ.

കുറ്റം ചെയ്യാതെ ജയിലില്‍ താമസിക്കാനുള്ള പദ്ധതിയിൽ ആൺ-പെൺ വ്യത്യാസമില്ലാതെ ചോരാം. ജയില്‍ യൂണിഫോമില്‍ തടവറയില്‍ കഴിയുന്നതിനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. നടയടി ഉണ്ടായിരിക്കില്ല. ജയില്‍ വകുപ്പ് സര്‍ക്കാരിനു  കൈമാറിയ പദ്ധതിയെജയില്‍ ടൂറിസം പദ്ധതി എന്നു വിളിക്കും.

കേരളവും ജയിൽ വകുപ്പുമൊക്കെയുണ്ടായിട്ടു ഒത്തിരി കൊല്ലമായെങ്കിലും ഇത്തരമൊരു പദ്ധതി മുമ്പ് ആരുടെയും തലയിൽ ഉദിക്കാതെ പോയത് എന്തു കൊണ്ടെന്നു അത്ഭുതപ്പെട്ടേക്കാം. അതിനു കാരണമുണ്ട്

ജയില്‍ മേധാവി ആര്‍. ശ്രീലേഖ ഐ പി എസ് ആണ്. ഇവർക്കൊപ്പമുള്ള പ്രതിഭാസമാണ് നിലവിലെ കെ എസ് ആർ ടി സി എം ടി  ടോമിൻ തച്ചങ്കരി ഐ പി എസ്. ഇവർ തമ്മിൽ മൂപ്പിളമതർക്കം നിലനിൽക്കേ തന്നെ തച്ചങ്കരി എന്തെല്ലൊം പരിഷ്കാരമാണ് സ്വന്തം വകുപ്പിൽ ചെയ്തു കൂട്ടുന്നത്? അദ്ദേഹം തന്നെ കണ്ടക്ടർ ആകുന്നു, ചെക്കിംഗ്- സ്റ്റേഷൻ മാസ്റ്റർ പണി ചെയ്യുന്നു, ഡ്രൈവറാകാൻ ഹെവി ലൈസൻസ് എടുക്കുന്നു. ചങ്ക് ബസ്, ചിൽ ബസ് തുടങ്ങിയ പരിഷ്കാരങ്ങൾ, ജീവനക്കാർക്കും അടുത്തൂൺ പറ്റിയവർക്കും കൃത്യമായി ശമ്പളവും പെൻഷനും. ജീവനക്കാർ കൊടുത്ത കേസിൽ തച്ചങ്കരിക്കു വിജയം. അങ്ങനെ എല്ലാം വെച്ചു നോക്കുമ്പോൾ തച്ചങ്കരി വാർത്തയിൽ നിറയുകയാണ്. ഇതൊക്കെ കണ്ടു കയ്യും കെട്ടിയിരുന്നാൽ തനിക്കു ലഭിക്കാവുന്ന ഉയർന്ന സ്ഥാനം തച്ചങ്കരി അടിച്ചെടുക്കുമോയെന്നു സംശയം. എങ്കിൽ തന്റെ വകുപ്പിലുമിരിക്കട്ടെ ഒരു പരിഷ്കാരം എന്ന് ശ്രീലേഖ വിചാരിച്ചാൽ തെറ്റുപറയാനില്ല.

ജയിൽ ടൂറിസംപദ്ധതി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ക്രമീകരിക്കുന്ന ജയില്‍ മ്യൂസിയത്തിന്റെ ഭാഗമായിട്ടിരിക്കും നടപ്പാക്കുക. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പദ്ധതിയിലൂടെ ജയിലില്‍ താമസിക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കും. ഒരുമിച്ചതാമസിക്കാമോ എന്നുള്ള തൊക്കെ വഴിയെ അറിയിക്കും. 24 മണിക്കൂര്‍ സമയത്തേക്ക് ജയില്‍ വേഷത്തില്‍ താമസിക്കുന്നതിന് സൗകര്യം ഒരുക്കുന്ന പദ്ധതിയുടെ ബുക്കിംഗ് ഓണ്‍ലൈന്‍ മുഖേനയാണ്. നേരത്തെ ഫീസ് അടച്ച് ബുക്ക് ചെയുന്നവര്‍ക്കാണ് പ്രവേശനം ലഭിക്കുക.

ജയില്‍ അനുഭവം ലഭിക്കുന്നതിന് സാധാരണക്കാര്‍ക്ക് പദ്ധതിയിലൂടെ അവസരം ലഭിക്കുമെന്നാണ് അറിയിപ്പ്. സാധാരണക്കാരെ ഒഴിവാക്കുന്നതായിരുന്നു അഭികാമ്യം. രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിന്  അതുങ്ങൾക്ക് ഓരോ ദിവസവും എന്തെല്ലാം ചെയ്യേണ്ടി ഇരിക്കുന്നു. അതു കൊണ്ടു പദ്ധതി രാഷ്ട്രീയക്കാർക്കും ക്രിമിനൽസിനും വേണ്ടി ക്രമീകരിക്കുന്നതാണു് ഉത്തമം. ജയിൽപ്പേടി മറേണ്ടത് അവർക്കാണ്. അതു പ്രയാസമാണെങ്കിൽ ജയിൽ ടൂറിസം വെള്ള റേഷൻ കാർഡുകാർക്കായിട്ടെങ്കിലും നിയന്ത്രിക്കേണ്ടതാണ്.

ജയില്‍ ടൂറിസം പദ്ധതി വിജയിച്ചാൽ
കോടികളാണ് സംസ്ഥാന ഖജനാവിലേക്കു വന്നു ചേരുക. അങ്ങനെയെങ്കിൽ മദ്യം, ലോട്ടറി, പ്രവാസി, കിഫ് ബി പോലുള്ളവയ്ക്ക് ഒരു റിലാക്സേഷനും ലഭിക്കും.

K A Solaman