Wednesday, 18 July 2018

കേരള ജയിൽ ടൂറിസം



സാഹചര്യങ്ങളുടെ സമ്മർദ്ദം മനുഷ്യരെ കുറ്റവാളികളാക്കും. 
കുറ്റം ചെയ്യാതിരിക്കുന്നത് പലർക്കും ശിക്ഷയെക്കുറിച്ചു ഭയപ്പാടു് ഉള്ളതു കൊണ്ടും. ജയിൽ ശിക്ഷ, പിഴ, ചാട്ടവാറടി (കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല) ഇവയൊക്കെ ഒഴിവാക്കാൻ ഏതുമനുഷ്യനാണ് ആഗ്രഹിക്കാത്തത്?

എന്നാൽ ജയൽശിക്ഷയെക്കുറിച്ചുള്ള ഭയം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന ജയിൽ വകുപ്പ്. ജയിൽ ടൂറിസം പദ്ധതി ആവിഷ്കരിച്ചരിക്കുന്നതിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യം ഉണ്ടെന്നു കരുതുക വയ്യ.

കുറ്റം ചെയ്യാതെ ജയിലില്‍ താമസിക്കാനുള്ള പദ്ധതിയിൽ ആൺ-പെൺ വ്യത്യാസമില്ലാതെ ചോരാം. ജയില്‍ യൂണിഫോമില്‍ തടവറയില്‍ കഴിയുന്നതിനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. നടയടി ഉണ്ടായിരിക്കില്ല. ജയില്‍ വകുപ്പ് സര്‍ക്കാരിനു  കൈമാറിയ പദ്ധതിയെജയില്‍ ടൂറിസം പദ്ധതി എന്നു വിളിക്കും.

കേരളവും ജയിൽ വകുപ്പുമൊക്കെയുണ്ടായിട്ടു ഒത്തിരി കൊല്ലമായെങ്കിലും ഇത്തരമൊരു പദ്ധതി മുമ്പ് ആരുടെയും തലയിൽ ഉദിക്കാതെ പോയത് എന്തു കൊണ്ടെന്നു അത്ഭുതപ്പെട്ടേക്കാം. അതിനു കാരണമുണ്ട്

ജയില്‍ മേധാവി ആര്‍. ശ്രീലേഖ ഐ പി എസ് ആണ്. ഇവർക്കൊപ്പമുള്ള പ്രതിഭാസമാണ് നിലവിലെ കെ എസ് ആർ ടി സി എം ടി  ടോമിൻ തച്ചങ്കരി ഐ പി എസ്. ഇവർ തമ്മിൽ മൂപ്പിളമതർക്കം നിലനിൽക്കേ തന്നെ തച്ചങ്കരി എന്തെല്ലൊം പരിഷ്കാരമാണ് സ്വന്തം വകുപ്പിൽ ചെയ്തു കൂട്ടുന്നത്? അദ്ദേഹം തന്നെ കണ്ടക്ടർ ആകുന്നു, ചെക്കിംഗ്- സ്റ്റേഷൻ മാസ്റ്റർ പണി ചെയ്യുന്നു, ഡ്രൈവറാകാൻ ഹെവി ലൈസൻസ് എടുക്കുന്നു. ചങ്ക് ബസ്, ചിൽ ബസ് തുടങ്ങിയ പരിഷ്കാരങ്ങൾ, ജീവനക്കാർക്കും അടുത്തൂൺ പറ്റിയവർക്കും കൃത്യമായി ശമ്പളവും പെൻഷനും. ജീവനക്കാർ കൊടുത്ത കേസിൽ തച്ചങ്കരിക്കു വിജയം. അങ്ങനെ എല്ലാം വെച്ചു നോക്കുമ്പോൾ തച്ചങ്കരി വാർത്തയിൽ നിറയുകയാണ്. ഇതൊക്കെ കണ്ടു കയ്യും കെട്ടിയിരുന്നാൽ തനിക്കു ലഭിക്കാവുന്ന ഉയർന്ന സ്ഥാനം തച്ചങ്കരി അടിച്ചെടുക്കുമോയെന്നു സംശയം. എങ്കിൽ തന്റെ വകുപ്പിലുമിരിക്കട്ടെ ഒരു പരിഷ്കാരം എന്ന് ശ്രീലേഖ വിചാരിച്ചാൽ തെറ്റുപറയാനില്ല.

ജയിൽ ടൂറിസംപദ്ധതി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ക്രമീകരിക്കുന്ന ജയില്‍ മ്യൂസിയത്തിന്റെ ഭാഗമായിട്ടിരിക്കും നടപ്പാക്കുക. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പദ്ധതിയിലൂടെ ജയിലില്‍ താമസിക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കും. ഒരുമിച്ചതാമസിക്കാമോ എന്നുള്ള തൊക്കെ വഴിയെ അറിയിക്കും. 24 മണിക്കൂര്‍ സമയത്തേക്ക് ജയില്‍ വേഷത്തില്‍ താമസിക്കുന്നതിന് സൗകര്യം ഒരുക്കുന്ന പദ്ധതിയുടെ ബുക്കിംഗ് ഓണ്‍ലൈന്‍ മുഖേനയാണ്. നേരത്തെ ഫീസ് അടച്ച് ബുക്ക് ചെയുന്നവര്‍ക്കാണ് പ്രവേശനം ലഭിക്കുക.

ജയില്‍ അനുഭവം ലഭിക്കുന്നതിന് സാധാരണക്കാര്‍ക്ക് പദ്ധതിയിലൂടെ അവസരം ലഭിക്കുമെന്നാണ് അറിയിപ്പ്. സാധാരണക്കാരെ ഒഴിവാക്കുന്നതായിരുന്നു അഭികാമ്യം. രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിന്  അതുങ്ങൾക്ക് ഓരോ ദിവസവും എന്തെല്ലാം ചെയ്യേണ്ടി ഇരിക്കുന്നു. അതു കൊണ്ടു പദ്ധതി രാഷ്ട്രീയക്കാർക്കും ക്രിമിനൽസിനും വേണ്ടി ക്രമീകരിക്കുന്നതാണു് ഉത്തമം. ജയിൽപ്പേടി മറേണ്ടത് അവർക്കാണ്. അതു പ്രയാസമാണെങ്കിൽ ജയിൽ ടൂറിസം വെള്ള റേഷൻ കാർഡുകാർക്കായിട്ടെങ്കിലും നിയന്ത്രിക്കേണ്ടതാണ്.

ജയില്‍ ടൂറിസം പദ്ധതി വിജയിച്ചാൽ
കോടികളാണ് സംസ്ഥാന ഖജനാവിലേക്കു വന്നു ചേരുക. അങ്ങനെയെങ്കിൽ മദ്യം, ലോട്ടറി, പ്രവാസി, കിഫ് ബി പോലുള്ളവയ്ക്ക് ഒരു റിലാക്സേഷനും ലഭിക്കും.

K A Solaman

No comments:

Post a Comment