Wednesday 25 July 2018

എന്റെ മാലിന്യം എന്റെ മാത്രം ഉത്തരവാദിത്വമല്ല.

ഈയിടെ പെയ്ത കൊടും മഴയും ചിലയിടങ്ങളിലെ വെള്ളപ്പൊക്കവും ഏറെനാശനഷ്ടങ്ങൾക്കു കാരണമായെങ്കിലും കേരളത്തിൽ എമ്പാടുമുള്ള വൻ മാലിന്യശേഖരം നീക്കി കുറെ സ്ഥലങ്ങൾ കഴുകി വൃത്തിയാക്കി എന്നുള്ളതു വാസ്തവം. മലിന്യക്കൂമ്പാരത്തിൽ ശ്വാസം മുട്ടിക്കഴിഞ്ഞ ജനത്തിന് വലിയ ആശ്വാസമായിട്ടുണ്ട് പ്രകൃതിയുടെ  നേരിട്ടുള്ള ഈ കഴുകി വൃത്തിയാക്കൽ.

കേരളീയ ഗ്രാമങ്ങൾ നഗര സ്വഭാവം കൈവരിച്ചതോടെ സംഭവിച്ചതാണ് തെരു വുകളിലെ  മാലിന്യക്കൂനകൾ. ഇവ നീക്കം ചെയ്യാൻ ബാധ്യതയുള്ള പഞ്ചായത്തു - മുനിസിപ്പൽ നഗരസഭകൾ " എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം" എന്ന പ്രകോപനപരമായ മുദ്രാവാക്യം ഫ്ളക്സ് ബോർഡുകളിൽ എഴുതിത്തൂക്കി ഉത്തരവാദിത്വത്തിൽ നിന്നു ഒഴിഞ്ഞു നില്ക്കുന്നു.

പരിസര ശൂചീകരണവും മാലിന്യ നിർമ്മാർജ്ജനവും നടത്തുന്നതിനും കൂടിയാണ് അമിത നിരക്കിലുള്ള കരമടച്ച് ജനം പഞ്ചായത്ത് - മുനിസിപ്പാലിറ്റികളെ സംരക്ഷിക്കുന്നത്. ഇങ്ങനെ നികുതിയായിക്കിട്ടുന്ന പണം ദുർവിനിയോഗം ചെയ്യുന്നതല്ലാതെ കാര്യമായ നിർമ്മാണ പ്രവർത്തനങ്ങൾ ഒരിടത്തുമില്ല. ആകെ കാണിച്ചുകൂട്ടുന്നത് റോഡ് റിപ്പയർ എന്ന ഏക ജോലിയാണ്. റോഡ് റിപ്പയറിംഗിന് കാശു മുടക്കുകയെന്നത് കടലിൽ കായം കലക്കുന്നതിനു സമാനം. സ്കൂളുകളിൽ ചെന്ന് പഠിപ്പും മുടക്കിയിട്ടു് പ്ളാസ്റ്റിക് കിറ്റുപെറുക്കൽ പോലുള്ള വേലത്തരവും കാണിക്കും. വൃത്തിയായി സൂക്ഷിക്കേണ്ട മത്സ്യ മാർക്കറ്റുകൾ ഇല്ലാതാക്കി മത്സ്യ വില്പനക്കാരെ റോഡു വശങ്ങളിൽ പ്രതിഷ്ഠിച്ചു. ഇങ്ങനെ മത്സ്യക്കച്ചവടം നടത്തുന്നവർ ശുചിത്വ മിഷന്റെ " എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം" മുദ്രാ വാക്യം കേൾക്കാത്തതകൊണ്ട്  മാലിന്യ നിക്ഷേപത്തിനു ഒരു മടിയും കാട്ടാറില്ല.

നഗരത്തിലെത്തുന്ന സാധാരണക്കാരുടെ കാര്യമാണ് കഷ്ടം. പല മുനിസിപ്പാലിറ്റികളിലും മൂത്രമൊഴിക്കുന്നതിന്
ഒരു പബ്ളിക് ടോയ് ലറ്റില്ല. ഇ-ടോയ്ലറ്റു നിർമ്മാതാക്കളുമായി ഒത്തുകളിച്ചു മുമ്പുണ്ടായിരുന്ന ടോയ്ലറ്റുകൾ പൊളിച്ചു കളഞ്ഞു ഉപയോഗിക്കാൻ കൊള്ളാത്ത ഇ- ടോയ്ലറ്റുകൾ സ്ഥാപിച്ചു. ലക്ഷങ്ങൾ ഈ ദിശയിൽ അടിച്ചു മാറ്റിയതല്ലാതെ നിലവിൽ ഇ-ടോയ്ലറ്റുമില്ല അ -ടോയ് ലറ്റുമില്ല. ടൗണിലെത്തുന്നവർക്ക് മൂത്രശങ്ക തീർക്കണമെങ്കിൽ 10 രൂപാ മുടക്കി ഇന്ത്യൻ കോഫി ഹൗസിൽ കേറി ചായ ഓർഡർ ചെയ്യണം. ലാഭ കേന്ദ്രങ്ങളായി മാറിയിരിക്കുന്ന കോഫീ ഹൗസുകൾ ഇതിന് ചാർജു ഏർപ്പെടുത്തുന്നത് എന്നാണെന്ന് പറയുക വയ്യ.

പ്രായമായവരുടെ കാര്യമാണ് ഏറെ കഷ്ടം. പല പല അവശതകളാൽ മുത്ര ശങ്കയുണ്ടായാൽ പിടിച്ചു നിർത്താൻ ഇവർക്കാവില്ല. മുണ്ടിലൊഴുക്കാൻ വിധിക്കപ്പെട്ട ഇക്കൂട്ടർക്ക് രണ്ടിനു കൂടി തോന്നിയാൽ പൊതുവഴിയിൽ ശല്യം ചെയ്തതിന്റെ പ്രോസിക്യൂഷൻ നേരിടേണ്ടി വരും.

ഇന്ന് കേരളത്തിൽ മാലിന്യം  സാമൂഹിക പ്രശ്നമായി മാറിയിരിക്കുന്നു. മാലിന്യ നിക്ഷേപവും നിർമ്മാർജനവും  പലയിടങ്ങളിലും സംഘർഷത്തിനു കാരണമാകുകയും  ചെയ്യുന്നു. അതു കൊണ്ട് മാലിന്യം വ്യക്തിയുടെ മാത്രം ഉത്തരവാദിത്യമല്ല, പഞ്ചായത്ത് - മുനിസിപ്പാലികളുടേയും  ഉത്തരവാദിത്വമാണ്., പണ്ടതു ചെയ്തിരുന്നു, തുടർന്നു ചെയ്യാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാകണം

മാലിന്യത്തിന്റെ കാര്യത്തിൽ  സര്‍‍ക്കാരിനു ഉത്തരവാദിത്വമില്ല എന്നു സ്ഥാപിക്കാനുള്ള വിഫലശ്രമം ശുചിത്വമിഷൻ മുദ്രാവാക്യത്തിലുണ്ട്.   സർക്കാർ സ്ഥാപനങ്ങൾ അവയുടെ ഉത്തരവാദിത്വം നിറവേറ്റുന്നുവെന്നു ബോധ്യമായാൽ വ്യക്തികൾ പിൻമാറില്ല.

വിടുകളിൽ ഉണ്ടാകുന്ന മാലിന്യം മാത്രമേ വ്യക്തികൾക്കു നീക്കനാവു. തെരുവുകളിൽ വീഴുന്ന മാലിന്യങ്ങൾ നീക്കാനും വീഴാതെ നോക്കാനും സർക്കാർ സ്ഥാപനങ്ങൾ തയ്യാറാകണം. റോഡു വശങ്ങൾ  മുഴുവൻ വിപണന കേന്ദ്രങ്ങൾ ആക്കുന്നതിനു പകരം നമ്മുടെ ഗ്രാമീണ ചന്തകൾ തിരികെ കൊണ്ടുവരണം. ടൗണിലെത്തുന്നവർക്ക് അത്യാവശ്യ ഉപയോഗത്തിന് കംഫർട്ട് സ്റ്റേഷനുകളും സ്ഥാപിച്ചു നൾകണം .

" എന്റെ മലിന്യം എന്റെ ഉത്തരവാദിത്വം" എന്നു പറഞ്ഞു പ്രകോപിക്കുന്നതിനു പകരം നമ്മുടെ മാലിന്യം നമുക്കൊന്നിച്ച നിർമ്മാർജനം ചെയ്യാം എന്നാണ് വേണ്ടത്.
- കെ എ സോളമൻ

No comments:

Post a Comment