Wednesday 31 May 2017

ആന്റണിയുടെ പുതിയ വെളിപാട് !

ആരെ കൂട്ടുപിടിച്ചായാലും വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ഇതു കേട്ടാൽ തോന്നും കേരളത്തിൽ കെ.എസ്.യു, എസ്.എഫ് ഐ, എ ബി വി പി, എം എസ് എഫ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ ഒന്നും പ്രവർത്തിക്കുന്നില്ലായെന്ന്.
വിദ്യാര്‍ഥിരാഷ്ട്രീയം ഉപേക്ഷിച്ചതാണ് ഈ സംസ്ഥാനത്തോട് ചെയ്ത ഏറ്റവും വലിയ ആപത്ത് എന്നു കൂടി അദ്ദേഹം കണ്ടെത്തിയിരിക്കുന്നു.കലാലയങ്ങളിലെ ചോദ്യംചെയ്യല്‍ ശക്തിയാണ് ഇതോടെ ഇല്ലാതായതെന്നും വിദ്യാര്‍ഥിരാഷ്ട്രീയം ഉപേക്ഷിച്ചതു കൊണ്ട്  കേരളം ഒന്നും നേടിയിട്ടില്ലെന്നും ഗുണനിലവാരം ഉയര്‍ത്താന്‍ സാധിച്ചിട്ടില്ലെന്നും കൂടി അദ്ദേഹം കണ്ടെത്തുന്നു.

വിദ്യാർത്ഥി രാഷ്ടീയം ഉപേക്ഷിച്ചുവെന്ന കണ്ടെത്തൽ വസ്തുതകൾക്കു നിരക്കാത്തതാണ്. ഏതെങ്കിലും രാഷ്ട്രീയ കക്ഷി സമരം പ്രഖ്യാപിച്ചാൽ അന്നു ഇവിടെ പഠിപ്പുമുടക്കിന് ഒരു മാറ്റവുമില്ല. ഒന്നു രണ്ടു കലാലയങ്ങൾ രാഷ്ട്രീയ വിമുക്തമാക്കാൻ മാനേജ്മെന്റുകൾക്കു കഴിഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അതിനു പകരമായി മറ്റു സ്ഥല ങ്ങളിലേക്ക് വിദ്യാർത്ഥി രാഷ്ട്രീയം വ്യാപിച്ചു. പണ്ടു രാഷ്ട്രീയമില്ലാതിരുന്ന പോളിടെക്നിക് കോളജുകൾ ഇന്നു രാഷ്ട്രീയ പേക്കൂത്തുകളുടെ കേളി രംഗമാണ്. എഞ്ചിനിയറിംഗ് കോളജുകളുടെ കാര്യവും മറിച്ചല്ല.

ചില മാനേജുമെന്റുകള്‍ക്ക് തന്നിഷ്ടം പോലെ ഫീസ് പിരിക്കുന്നു ണ്ടെങ്കിൽ അതിനുകുട്ടുനിന്നത് ഇവിടെത്ത രാഷ്ട്രീയ പ്രമാണിമാരാണ്. വിദ്യാർത്ഥി നേതാക്കൾ എന്നും മുതിർന്ന നേതാക്കളുടെ ഏറാൻ മൂളികൾ ആയിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയം കൊണ്ടു നേട്ടമുണ്ടാക്കിയത് വീട്ടിൽ പാങ്ങുള്ള കുറെ നേതാക്കന്മാർ മാത്രം. ഇവർ തുലച്ചു കളഞ്ഞത് പാവപ്പെട്ട ആയിരക്കണക്കിന് വിദ്യാർത്ഥികച്ച ടെ ഭാവിയാണ്. രാഷ്ട്രീയ തിമിർപ്പിനു കലാലയങ്ങളിൽ വലിയ കുറവ് ഇല്ലെങ്കിലും അതുപോര, കുറച്ചധികം പേരെ കൂടി തുലയ്ക്കണം എന്നതാവും പുതിയ മുതലക്കണ്ണീരിനു കാരണം

വിദ്യാർത്ഥികൾക്ക സമാധാനത്തോടെ പഠിക്കാൻ കഴിയുന്ന അന്തരീക്ഷ മുണ്ടാക്കുന്നതാവണം വിദ്യാർത്ഥി രാഷ്ടീയം. എന്നാൽ കേരളത്തിലേ വിദ്യാർത്ഥി രാഷ്ട്രീയം പഠിപ്പുമുടക്കും നശീകരണവുമാണു്. ഇതു വീണ്ടും ശക്തമായി തിരികെ കൊണ്ടുവരുണമെന്ന വാദത്തോടെ ഒട്ടും യോജിക്കാനാവില്ല
വിദ്യാഭ്യാസ മേഖലയിലെ മാനേജ്മെന്റ് കൈയൂക്ക് തടയാനും അഴിമതി അവസാനിപ്പിക്കാനും ഭരിക്കുന്ന വർക്കു കഴിയണം, അല്ലാതെ വിദ്യാർത്ഥികളെ ഉപയോഗിച്ചു രാഷ്ട്രീയ മുതലെടുപ്പു നടത്തകയല്ല വേണ്ടത് -

അതെന്തായാലും ചാരായ നിരോധനം പോലെ അത്ര കഠിനമല്ല ഉപേക്ഷിക്കപ്പെട്ടുവെന്നു പറയുന്ന വിദ്യാര്‍ഥിരാഷ്ട്രീയം. പത്തോ ഇരുപതോ രൂപയ്ക്കു ചാരായം കുടിച്ചിരുന്ന സധാരണ ക്കാരൻ ഇന്ന് കൂലിയായികിട്ടുന്ന മുഴുവൻ തുകയും മുടക്കി  സർക്കാർ മദ്യം വാങ്ങിക്കുടിച്ചു നാടും വീടും നശിപ്പിക്കുന്നു.
മദ്യത്തിനു കൂടുതൽ ചെലവുണ്ടാവനാകണം വിദ്യാർത്ഥി രാഷ്ടീയം വ്യാപകമാക്കണമെന്നു പറയുന്നതിനു പിന്നിൽ.
കെ എ സേുള്ളൽ
എസ്. എൽ പുരം

Saturday 6 May 2017

മഹാരാജാസിലെ വാർക്കപ്പണി

എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍  വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്
അഭിമാനസ്തംഭമായ കലാലയത്തെ അപമാനത്തിന്റെ പടുകുഴിയിൽ തള്ളരുത് എന്നാണ്. ആരെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്നു വ്യക്തമാക്കുന്നതാണ് മഹാരാജാസ് കോളജ് ഹോസ്റ്റൽ മുറിയിൽ നിന്നു കണ്ടെടുത്ത വാർക്കപ്പണി സാധനങ്ങൾ. പ്രിൻസിപ്പാളിന്റെ കസേര കത്തിച്ച വിദ്വാർത്ഥികൾ കോളജിൽ നിന്നു പുറത്താക്കപ്പെടും മുമ്പ് വാർക്കപ്പണിയിൽ ഏർപ്പെട്ടിരുന്നു വെന്നത് കോളജിന്റെ അഭിമാനം ഉയർത്തുന്നു. പഠനത്തിനൊപ്പം തൊഴിൽ-കോളജിന്റെ അഭിമാനം വാനോളം ഉയർത്തുന്ന പ്രക്രിയയാണത്. വിദ്യാർത്ഥികളുടെ തൊഴിൽ എന്തെന്നു ബോധ്യപ്പെടുമ്പോൾ  ഇവർ എന്താണ് പഠിക്കുന്നതെന്ന സംശയം ബാക്കി.

വിദ്യാർത്ഥികൾക്കെല്ലാം ഇപ്പോൾ "പ്രേമം സ്റ്റൈൽ " താടിയാണ്. ചെറുപ്പക്കാരായ സാറൻമാരും താടിക്കാര്യത്തിൽ മോശക്കാരല്ല. പെമ്പിള്ളേർക്കെല്ലാം താടിക്കാരെയാണ് ഇഷ്ടം എന്ന തോന്നൽ സിനിമയിലെ ചോക്കളേറ്റ് നായകന്മാർ ഒക്കെ ചേർന്ന് സൃഷ്ടിച്ചിട്ടുണ്ട്. ഈ താടി ഭ്രമം അവസാനിക്കണമെങ്കിൽ താടിക്കാരായ നടന്മാർക്ക് കൂട്ടച്ചൊറിച്ചിൽ പിടിക്കണം. മഹാരാജാസിൽ ഒരു താടിക്കാരൻ വിദ്യാർത്ഥി നേതാവ് വിരൽ ചൂണ്ടി പ്പിടിച്ചു വനിതാ പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തുന്ന ചിത്രംതാടിക്കാരന്മാരായ ഇതര വിദ്യാർത്ഥികളെ പ്രലോഭിപ്പിച്ചു കാണും . സസ്പെൻഷൻ തുടങ്ങിയ സൈഡു വലിവുകൾ ഇത്തരം സംഭവങ്ങളോടനുബന്ധിച്ചുണ്ടാകാമെങ്കിലും അവ വിദ്യാർത്ഥികൾക്കു തുറന്നുകൊടുക്കുന്ന സാധ്യത വലുതാണ്. ഭാവിയിൽ മന്ത്രിയായി വന്ന് ഇതേ കാലലയത്തിലെ വിദ്യാർത്ഥി കളെ  ഉൽബുദ്ധരാക്കില്ലെന്നു ആരു കണ്ടു. പാവം പ്രിൻസിപ്പാളിന്റെ കാര്യമാണ് കഷ്ടം, മുജ്ജന്മ പാപത്തിന്റെ പരിഹാരക്രിയയാവും ഇപ്പോൾ അനുഭവിച്ചു കൂട്ടുന്നത്.

മഹാരാജാസ് കോളജിൽ ശക്തമായ പി റ്റി എ യും പൂര്‍വ വിദ്യാര്‍ഥി സംഘടനയും പ്രവർത്തിക്കുന്നുണ്ടെന്നാണ് വയ്പ്. മഹാരാജാസിലെ വിദ്യാർത്ഥി പേക്കൂത്തുകൾ അവസാനിപ്പിക്കാൻ ഇക്കൂട്ടർക്ക് ഒന്നും ചെയ്യാനില്ലേ?
തലമുറകളുടെ കുടിച്ചേരൽ എന്നൊക്കെ വിശേഷിപ്പിച്ചു വർഷാവർഷം അരങ്ങേറുന്ന പൂർവ്വ വിദ്യാർത്ഥി - രക്ഷാകർതൃ സമ്മേളനങ്ങൾ വാഴയ്ക്കാപ്പവും ചായയും കഴിച്ച് ഭാവി പണപ്പിരിവും തീരുമാനിച്ചു പിരിയാനുള്ള വേദികളോ?

മഹാരാജാസ് കോളജില്‍ സമീപകാലത്തുണ്ടായ അനിഷ്ട സംഭവങ്ങളിൽ വിദ്യാര്‍ത്ഥികൾക്കു കൂട്ടുനിന്ന ചിലഅധ്യാപകരും ഉണ്ടെന്നതാണ് കോളജിന്റെ അഭിമാനത്തിനു വരുത്തുന്ന വലിയ കോട്ടം.  തെറ്റായ കാര്യങ്ങള്‍ സംഭവിച്ചാല്‍ കൃത്യമായ ആത്മപരിശോധന നടത്താനും  നടപടിയെടുക്കാനും അധ്യാപകർക്കു കഴിയണം, ആയതിനെ സർക്കാർ പിന്തണയുകയും വേണം. അതല്ലാതെ വിദ്യാർത്ഥി നേതാക്കളുടെ അട്ടഹാസത്തെയും ആയുധശേഖരണത്തെയും വാർക്കപ്പണി യെന്നൊക്കെ പറഞ്ഞു നിസ്സാരവൽക്കരിക്കയല്ല മുഖ്യമന്ത്രിയും സർക്കാരും ചെയ്യേണ്ടത്.

കെ എ സോളമൻ

Tuesday 2 May 2017

സെൻകുമാറിനെ ആർക്കാണ് പേടി ?

സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയ സെന്‍കുമാറിന് പുനര്‍നിയമനം വച്ചു താമസിപ്പിക്കുന്നതിന് സർക്കാരിൽ തന്നെ ആർക്കോ അമിത താല്പര്യമുള്ളതുപോലെയാണ് കണ്ടാൽ തോന്നുക. പുനർനിയമനത്തിന്  വ്യക്തത ലഭിക്കാൻ സർക്കാർ കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നു വെന്നത് ഈ ദിശയിൽ കാണണം. സെൻ കുമാറിനെ തങ്ങൾക്കു പേടിയില്ലായെന്ന മന്ത്രി ജീ സുധാകരൻ കവല പ്രസംഗം നടത്തിയത് ഇതിന് തെളിവ്. തന്നെ പേടിക്കണമെന്ന് സെൻ കുമാർ ആരോടും ആവശ്യപ്പെടാത്ത സ്ഥിതിക്ക് എന്തിനു പേടിയെക്കുറിച്ചു പറയണം ?

സുപ്രീംകോടതി വിധി ആരുടെയും ജയമോ തോല്‍വിയോ അല്ലെന്നും നീതി നടപ്പാവുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് ശരിയാവണമെങ്കിൽ പുനർ നിയമനം നടക്കണം  സെന്‍കുമാറിന് നിയമനം നല്‍കാത്തത് സര്‍ക്കാരിന്റെ ദുരഭിമാനം മൂലമാണ്. ആശ്രിത വൽസരും ആസനം താങ്ങി ക ളുംമതി തങ്ങൾക്കു ഉദ്യോഗസ്ഥരായി എന്ന മനോഭാവം മന്ത്രിമാർ ഉപേക്ഷിക്കണം. വ്യത്യസ്ത അഭിപ്രായമുള്ള ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാന്‍  കഴിയണം.

സെൻകുമാറിന് പുനർ നിയമനം നൾകാതെ റിവിഷന്‍ ഹര്‍ജിയുമായി  മുന്നിട്ടിറങ്ങിയൽ സർക്കാരിനെ ആർക്കും രക്ഷിക്കാനാവില്ല. തങ്ങളുടെ ഉത്തരവു നടപ്പിലാക്കാതെ കപട നാടകം കളിക്കുന്ന സർക്കാരിന്റെ നടപടിയെ ക്കുറിച്ചു അറിയാത്തവരല്ല വിധി പ്രസ്താവിച്ച സുപ്രീംകോടതി ജഡ്ജിമാർ. ഇനിയും ഇക്കാര്യത്തിൻ പരാതിയുമായി ചെന്നു കോടതിയുടെ സമയം മെനക്കെടുത്താനാണ് ഭാവമെങ്കിൽ അതിന്റെ ഫലം സർക്കാരിന് വൈകാതെ മനസ്സിലാകും.

കെ,എ. സോളമൻ