Saturday 6 May 2017

മഹാരാജാസിലെ വാർക്കപ്പണി

എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍  വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്
അഭിമാനസ്തംഭമായ കലാലയത്തെ അപമാനത്തിന്റെ പടുകുഴിയിൽ തള്ളരുത് എന്നാണ്. ആരെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്നു വ്യക്തമാക്കുന്നതാണ് മഹാരാജാസ് കോളജ് ഹോസ്റ്റൽ മുറിയിൽ നിന്നു കണ്ടെടുത്ത വാർക്കപ്പണി സാധനങ്ങൾ. പ്രിൻസിപ്പാളിന്റെ കസേര കത്തിച്ച വിദ്വാർത്ഥികൾ കോളജിൽ നിന്നു പുറത്താക്കപ്പെടും മുമ്പ് വാർക്കപ്പണിയിൽ ഏർപ്പെട്ടിരുന്നു വെന്നത് കോളജിന്റെ അഭിമാനം ഉയർത്തുന്നു. പഠനത്തിനൊപ്പം തൊഴിൽ-കോളജിന്റെ അഭിമാനം വാനോളം ഉയർത്തുന്ന പ്രക്രിയയാണത്. വിദ്യാർത്ഥികളുടെ തൊഴിൽ എന്തെന്നു ബോധ്യപ്പെടുമ്പോൾ  ഇവർ എന്താണ് പഠിക്കുന്നതെന്ന സംശയം ബാക്കി.

വിദ്യാർത്ഥികൾക്കെല്ലാം ഇപ്പോൾ "പ്രേമം സ്റ്റൈൽ " താടിയാണ്. ചെറുപ്പക്കാരായ സാറൻമാരും താടിക്കാര്യത്തിൽ മോശക്കാരല്ല. പെമ്പിള്ളേർക്കെല്ലാം താടിക്കാരെയാണ് ഇഷ്ടം എന്ന തോന്നൽ സിനിമയിലെ ചോക്കളേറ്റ് നായകന്മാർ ഒക്കെ ചേർന്ന് സൃഷ്ടിച്ചിട്ടുണ്ട്. ഈ താടി ഭ്രമം അവസാനിക്കണമെങ്കിൽ താടിക്കാരായ നടന്മാർക്ക് കൂട്ടച്ചൊറിച്ചിൽ പിടിക്കണം. മഹാരാജാസിൽ ഒരു താടിക്കാരൻ വിദ്യാർത്ഥി നേതാവ് വിരൽ ചൂണ്ടി പ്പിടിച്ചു വനിതാ പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തുന്ന ചിത്രംതാടിക്കാരന്മാരായ ഇതര വിദ്യാർത്ഥികളെ പ്രലോഭിപ്പിച്ചു കാണും . സസ്പെൻഷൻ തുടങ്ങിയ സൈഡു വലിവുകൾ ഇത്തരം സംഭവങ്ങളോടനുബന്ധിച്ചുണ്ടാകാമെങ്കിലും അവ വിദ്യാർത്ഥികൾക്കു തുറന്നുകൊടുക്കുന്ന സാധ്യത വലുതാണ്. ഭാവിയിൽ മന്ത്രിയായി വന്ന് ഇതേ കാലലയത്തിലെ വിദ്യാർത്ഥി കളെ  ഉൽബുദ്ധരാക്കില്ലെന്നു ആരു കണ്ടു. പാവം പ്രിൻസിപ്പാളിന്റെ കാര്യമാണ് കഷ്ടം, മുജ്ജന്മ പാപത്തിന്റെ പരിഹാരക്രിയയാവും ഇപ്പോൾ അനുഭവിച്ചു കൂട്ടുന്നത്.

മഹാരാജാസ് കോളജിൽ ശക്തമായ പി റ്റി എ യും പൂര്‍വ വിദ്യാര്‍ഥി സംഘടനയും പ്രവർത്തിക്കുന്നുണ്ടെന്നാണ് വയ്പ്. മഹാരാജാസിലെ വിദ്യാർത്ഥി പേക്കൂത്തുകൾ അവസാനിപ്പിക്കാൻ ഇക്കൂട്ടർക്ക് ഒന്നും ചെയ്യാനില്ലേ?
തലമുറകളുടെ കുടിച്ചേരൽ എന്നൊക്കെ വിശേഷിപ്പിച്ചു വർഷാവർഷം അരങ്ങേറുന്ന പൂർവ്വ വിദ്യാർത്ഥി - രക്ഷാകർതൃ സമ്മേളനങ്ങൾ വാഴയ്ക്കാപ്പവും ചായയും കഴിച്ച് ഭാവി പണപ്പിരിവും തീരുമാനിച്ചു പിരിയാനുള്ള വേദികളോ?

മഹാരാജാസ് കോളജില്‍ സമീപകാലത്തുണ്ടായ അനിഷ്ട സംഭവങ്ങളിൽ വിദ്യാര്‍ത്ഥികൾക്കു കൂട്ടുനിന്ന ചിലഅധ്യാപകരും ഉണ്ടെന്നതാണ് കോളജിന്റെ അഭിമാനത്തിനു വരുത്തുന്ന വലിയ കോട്ടം.  തെറ്റായ കാര്യങ്ങള്‍ സംഭവിച്ചാല്‍ കൃത്യമായ ആത്മപരിശോധന നടത്താനും  നടപടിയെടുക്കാനും അധ്യാപകർക്കു കഴിയണം, ആയതിനെ സർക്കാർ പിന്തണയുകയും വേണം. അതല്ലാതെ വിദ്യാർത്ഥി നേതാക്കളുടെ അട്ടഹാസത്തെയും ആയുധശേഖരണത്തെയും വാർക്കപ്പണി യെന്നൊക്കെ പറഞ്ഞു നിസ്സാരവൽക്കരിക്കയല്ല മുഖ്യമന്ത്രിയും സർക്കാരും ചെയ്യേണ്ടത്.

കെ എ സോളമൻ

No comments:

Post a Comment