Thursday 16 November 2017

മുന്നണിപ്പോര്

മന്ത്രിപ്പണി മതിയാക്കി തോമസ് ചാണ്ടി സ്വന്തം റിസോർട്ട് ഹോട്ടലിൽ കരിമീൻ മപ്പാസ് പണിയിൽ വ്യാപൃതനായതോടെ നാട്ടിൽ സി പി എം - സി പി ഐ അണികൾ തമ്മിൽ ഗുസ്തി തുടങ്ങി. കുട്ടനാട്ടിലും മൂന്നാറിലും മികച്ച ഗുസ്തിയാണ്

മന്ത്രിസഭ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിലൂടെ സിപിഐ മുന്നണി മര്യാദ  ലംഘിച്ചു വെന്നു കോടിയേരി. രാജിക്കാര്യത്തിൽ  സിപിഐ ഖ്യാതി നേടാൻ ശ്രമിച്ചുവെന്നും കൈയ്യടി തങ്ങള്‍ക്കും വിമര്‍ശം മറ്റുള്ളവര്‍ക്കും എന്ന നിലപാട് മുന്നണി സംവിധാനത്തില്‍ നടപ്പാവില്ലെന്നും വിശദീകരണം.

തോമസ് ചാണ്ടിയുടെ രാജിയിലേക്കെത്തിച്ച കാര്യങ്ങളില്‍ സിപിഐയെ ആക്രമിക്കാൻ മുതിർന്നതോടെ ഇരു പാർട്ടികളുടെയും അണികൾ തമ്മിൽ പോരു തുടങ്ങി. പോരു ഏറ്റവുമധികം പ്രകടമാക്കുന്നത് സൈബർ മേഖലയിലാണ്. കാനത്തിനും പിണറായിക്കും എതിരെ നില്ക്കാത്ത ട്രോ ളുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ.

ചാണ്ടിയുടെ രാജിക്കാര്യം സൃഷ്ടിച്ചു മുറി വിൽ മുളകു തേക്കുന്ന പ്രവൃത്തിയാണ് മൂന്നാറിൽ നിന്നു കേൾക്കുന്നത്- അവിടെ
മറ്റാരോ നിര്‍ദ്ദേശിക്കുന്നതു പോലെയാണ് സബ്കളക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്നും ജോയ്‌സ് ജോര്‍ജിന്റെ കൊട്ടക്കാമ്പൂരിലെ ഭൂമിക്കെതിരെ നടപടിയെടുത്ത ദേവികുളം സബ് കളക്ടറുടെ നടപടി തെറ്റാണെന്നും സബ്കളക്ടര്ഐഎഎസ് പാസായത് കോപ്പിയടിച്ചാണെന്നും രാജേന്ദ്രൻ എംഎല്‍എ. വിവരവും വിദ്യാഭ്യാസവും കുറവായ വിടുവായമാർ  ദേവികുളത്തെത്തുന്ന എല്ലാ ഐഎ എസ് കാരെയും  ആക്ഷേപിക്കുന്നത് ശീലമാക്കിയിരിക്കുന്നു.. ജോയ്സ് ജോർജ് എം എൽ എ കോടതിയിൽ പോയി നിരപരാധിത്യം തെളിയിക്കാനിരിക്കെ എം എൽ എ യുടെ പ്രസ്താവന അതിരു കടന്നതാണ്. ഇനിയിപ്പോൾ രാജേന്ദ്രൻ കൈയേറിയ ഭൂമി കൂടി തിരിച്ചുപിടിച്ചാലെ ഈ പ്രശ്നത്തിനു പരിഹാരമാവു.

ചുരുക്കത്തിൽ, തോമസ് ചാണ്ടിയുടെ രാജിയെചൊല്ലി ഉയര്‍ന്ന സിപിഐ-സിപിഎം തര്‍ക്കം മൂന്നാറിലും ശക്തിപ്പെട്ടു. അക്കാരണത്താൽ എം പി, എം എൽ എ തുടങ്ങിയ നേതാക്കാൾ കൈയ്യേറിയ സ്ഥലം തിരിച്ചുപിടിക്കുന്ന ഉദ്യോഗസ്ഥരെല്ലാം മോശക്കാരാവുകയും ചെയ്യും

കൊടിയ രോഗം ബാധിച്ച തോമസ് ചാണ്ടി അമേരിക്കൻ ചികിൽസക്കായി 7 കോടി ക്കു ബില്ലു കെടുക്കുകയും 3 കോടി സർക്കാരിൽ നിന്ന് അനുവദിപ്പിച്ചെടുക്കുകയും ചെയതു കഴിഞ്ഞ 3 മാസത്തെ ചാനൽ പ്രകടനം കണ്ടാൽ ചാണ്ടിക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നമുള്ളതായി ആർക്കും തോന്നില്ല. ജനങ്ങളുടെ നികുതിപ്പണം അടിച്ചു മാറ്റുവാൻ എന്തെല്ലാം മാർഗ്ഗങ്ങൾ .

- കെ എ സോളമൻ

Friday 27 October 2017

ബിവറേജസിലെ സ്ത്രീ മുന്നേറ്റം

ഏറെ മാനസിക പിരിമുറുക്കം നേരിടേണ്ട ജോലികൾ ചെയ്യാൻ തുടങ്ങിയതോടെ കേരളത്തിലും സ്ത്രീകളുടെ മദ്യപാനം കൂടി. സ്ത്രീകളിൽ 30 ശതമാനം മദ്യപിക്കുന്നവരാണെന്ന കണക്കിൽ എത്രത്തോളം വാസ്തവമുണ്ടെന്നു നിശ്ചയമില്ലെങ്കിലും സ്ത്രീകളിലെ മദ്യപാനാസക്തി വർദ്ധിച്ചുവെന്ന കാര്യത്തിൽ തർക്കമില്ല. മദ്യം സൗന്ദര്യം വർദ്ധിപ്പിക്കും എന്ന ധാരണയും ചില സ്ത്രീകൾക്കുണ്ട്. ഇക്കാരണങ്ങളാലാണ്  സർക്കാർ ബിവറേജസ് ഔട്ട്ലറ്റുകളിൽ സ്ത്രീകൾക്ക് പ്രത്യേകം ക്യൂവും കൗണ്ടറും ഏർപ്പാടാക്കിയത്.

ഇപ്പോൾൾ ഇതാ ഒരു പടികൂടി കടന്നു ഔട്ട് ലെറ്റുകളിൽ സ്ത്രീ ജോലിക്കാരെക്കൂടി നിയമിക്കാൻ തുടങ്ങിയിരിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനുതകുന്ന ഈ  മികച്ച കാൽവെപ്പ് കാണാൻ ആദ്യം ഭാഗ്യം ലഭിച്ചത് എറണാകുളം  പുത്തൻവേലിക്കര യിലെ കുടിയന്മാർക്കാണ്. അവിടെയുള്ള ബിവറേജസ്  ഔട്ട് ലെറ്റിൽ ഷൈനി രാജീവ് എന്ന യുവതിയെ പി എസ് സി ഉദ്യോഗസ്ഥയായി നിയമിച്ചു .മദ്യത്തിന്റെ വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കുകയെന്നതാണ്  ജോലി.

ഇത്തരം നിയമനങ്ങൾ വ്യാപകമാകുന്നതോടെ കേരളത്തിലെ ബിവറേജസ് ഔട്ട് ലെറ്റുകൾ എല്ലാം  കൂടുതൽ മദ്യപസൗഹൃദ മേഖലകളായി മാറും. അതൊടൊപ്പം പരിഗണിക്കേണ്ട വിഷയമാണ് ഡാമേജാകുന്ന കുപ്പികളുടെ എണ്ണം. പൊട്ടിപ്പോകാൻ സാധ്യതയുണ്ടെന്നു കരുതുന്നവയ്ക്കൂ പകരമായി ഒരു നിശ്ചിത അനുപാതത്തിൽ കുപ്പികൾ മദ്യ കമ്പനികൾ  ഔട്ട്‌ലെറ്റുകളിൽ ഏല്പിക്കാറുണ്ട്. പക്ഷെ കുപ്പികൾ പൊട്ടിപ്പോകാത്തതു കൊണ്ട് ഇങ്ങനെ വരുന്ന മദ്യം ബിവറേജസിലെ ഉദ്യോഗസ്ഥർ കുടിച്ചു തീർക്കുകയാണ്പതിവ്. ബിവറേജസിലെ സപ്ളൈജോലി ഏറ്റെടുക്കാൻ വില്ലേജ് ഓഫീസർമാർ വരെ തയ്യാറാകുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ജോലിക്ക്  സ്ത്രീകളെ നിയമിക്കപ്പെടുമ്പോൾ ഇങ്ങനെ ബാക്കിവരുന്ന മദ്യം ഏതു വിധം കൈകാര്യം ചെയ്യും എന്നതും വിഷയമാണ്.

ഇതോടൊപ്പം പൊതു സ്ഥലങ്ങളിൽ മദ്യപർ കുഴഞ്ഞു വീണു കിടക്കുന്ന അവസ്ഥ ഒഴിവാക്കാൻ ഔട്ട്ലറ്റിനൊപ്പം വിശ്രമ കേന്ദ്രങ്ങൾ ആരംഭിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കേണ്ടതാണ്.
മദ്യപാനികളായ പുരുഷന്മാരും സ്ത്രീകകളും ചേർന്നാണ് സംസ്ഥാന സാമ്പത്തികരംഗം സംരക്ഷിക്കുന്നത്. മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ് വേണ്ടത് എന്ന വായ്പ്പാട്ട് കൂടെക്കൂടെ പാടുന്നതിനൊപ്പം മദ്യപർക്കു വേണ്ട ചെറിയ സൗകര്യങ്ങളും സർക്കാർ ഒരുക്കിക്കൊടുക്കണം.

അതെന്തൊക്കെത്തന്നെ ആയാലും സ്ത്രീകളുടെ ക്യൂവുംസ്ത്രീ ജോലിക്കാരുടെ നിയമനവും സ്ത്രീശാക്തീകരണത്തിൽ  സർക്കാരിന്റെ  പുതിയ കാൽവെയ്പ്പായി കാണേണ്ടിയിരിക്കുന്നു.

കെ എ സോളമൻ

Saturday 21 October 2017

എസ് ജാനകി വിരമിക്കുമ്പോൾ


പ്രശസ്ത ഗായിക എസ്. ജാനകി സംഗീതജീവിതം പൂര്‍ണമായും അവസാനിപ്പിക്കുന്ന വാർത്ത വേദനാജനകമാണ്. മൈസൂരുവില്‍ ഒക്ടോബര്‍ 28-ന് നടക്കുന്ന ചടങ്ങിനുശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും പാടുകയില്ലെന്ന് ജാനകി.

മലയാളികൾ നെഞ്ചിലേറ്റിയ ഒരു ഗായിക ജാനകിയെക്കഴിഞ്ഞിട്ടേ മലയാള സിനിമയിലുള്ളു. അവരുടെ എല്ലാ പഴയ ഗാനങ്ങളും ഗൃഹാതുരത്വം ഉണർത്തുന്നവയാണ്. ജാനകി പാടിയ പാട്ട് കേൾക്കാനിഷ്ടപ്പെടാത്ത മലയാളികൾ ഇല്ല. കുറച്ചു നാൾ അവർ മാറി നിന്നത് ശ്രോതാക്കളുടെ ആവശ്യപ്രകാര - മായിരുന്നില്ല. ചില കോക്കസുകൾ അവരെ മാറ്റി നിർത്തിയിരുന്നുവെന്നത് നിഷേധിക്കാനാവില്ല. എങ്കിൽ തന്നെ സിനിമകളിലോ സംഗീതപരിപാടികളിലോ പാടാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ ഇനിയണ്ടാവില്ല എന്നവർ പറയുന്നത് ഒരു പക്ഷെ ആരോഗ്യ പ്രശ്നങ്ങളാലാവും.

മലയാളികൾക്കെന്നും ജാനകി ഒരു കുടുംബാംഗത്തെ പോലെയായിരുന്നു. മലയാളത്തില്‍ അവർപാടിയ പാട്ടുകള്‍ മലയാളികൾ എന്നുംഓര്‍മമിക്കും.
ഇപ്പോഴത്തെ ഗായകർ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവരെന്ന വിലയിരുത്തൽ അവരുടെ ഹൃദയ നൈർമ്മല്യമാണ് സൂചിപ്പിക്കുന്നത്

എസ് ജാനകിക്ക് സർവവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.

കെ എ സോളമൻ

Saturday 30 September 2017

എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷൻ അപകടം

മുംബൈ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ച സംഭവം ഞെട്ടലുളവാക്കുന്നതാണ്. മറ്റൊരു രാജ്യത്തും  നടക്കാൻ സാധ്യതയില്ലാത്ത ഒരു സംഭവമാണിത്. ലോക്കല്‍ സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താൻ റയിൽവേ തയ്യാറാകാത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണം.

നിരവധി ഓഫീസുകള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ തിരക്കേറിയ സ്റ്റേഷനാണ് എല്‍ഫിന്‍സ്റ്റണ്‍ റോഡ‍് സ്റ്റേഷന്‍. ഇത് റെയിൽവേയ്ക്കു വ്യക്തമായി അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ  ഏർപ്പെടുത്തുന്നതിലും റെയിൽവേക്ക് ചുമതലയുണ്ട്.
രാജ്യത്ത് ഒട്ടുമിക്ക സ്റ്റേഷനുകളിലും ആവശ്യം വേണ്ട സൗകര്യങ്ങൾ ഇല്ല. ലോക്കൽ  സ്റ്റേഷനുകളിലെ സൗകര്യങ്ങളാണ് ബുള്ളറ്റ് ട്രെയിന്‍  പദ്ധതികളേക്കാൾ അഭികാമ്യമായിട്ടുള്ളത്.  അപകടത്തിന് കാരണമായി റെയില്‍വെ മഴയെപഴിക്കുന്നത്  അപഹാസ്യമെന്നു മാത്രമല്ല ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത  മറച്ചുവെക്കാനുള്ള ഹീന ശ്രമം കൂടിയാണ്.

റെയില്‍വെ സ്റ്റേഷനുകളിലെ നടപ്പാലങ്ങളിലെ അനധികൃത വ്യാപാരികകളുടെപുറത്താക്കൽ, കൃത്യ സമയങ്ങളിലുള്ള ട്രെയിൻസർവീസ്,  യാത്രക്കാരുടെ സുരക്ഷിതത്വം ഇവയ്ക്കെല്ലാം  റെയിൽവേ മുന്തിയ പരിഗണന കൊടുക്കേണ്ടിയിരിക്കുന്നു.
മരിച്ചവർക്കും പരിക്കേറ്റവർക്കും   മതിയായ നഷ്ടപരിഹാരം ഉടൻ നൽകേണ്ടതാണ്.

കെ എ സോളമൻ

Friday 25 August 2017

റെക്കോർഡുകളുടെ ബാബ!

ഇന്ത്യ മഹാരാജ്യം അനേകം അത്ഭുതങ്ങളുടെയും അത്ഭുത പ്രവർത്തകരുടെയും നാടാണ്. അത്തരം ഒരു അത്ഭുത പ്രവർത്തകനാണ് ആത്മീയ നേതാവും ദേരാ സച്ചാ സൗദാ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ഗുര്‍മീത് റാം റഹീം സിങ്ങ് എന്ന റോക്ക് സ്റ്റാർ ബാബ.  53 ലോക റെക്കോഡുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. ഇവയിൽ 17 എണ്ണംഗിന്നസ് റെക്കോർഡ്, 27 ഏഷ്യ ബുക്ക് റെക്കോർഡ്,  7 ഇന്ത്യാബുക്ക് റെക്കോ ർഡ്,  2 ലിംകാ ബുക്ക് റെക്കോർഡ് . കൂടാതെ യു കെ യിലെ വേൾഡ് റെക്കോർഡ് യൂനിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ഡിഗ്രി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള ഫോട്ടോ ഷൂട്ട് മലയാളപത്രങ്ങളിലും  അച്ചടിച്ചു വന്നിട്ടുള്ളതിനാൽ ബാബ  കേരളീയർക്കും പരിചിതൻ. ബാബ കേരളത്തിലെത്തിയത് റിയൽ എസ്റ്റേറ്റ് ബിസിനെന്നു അഭ്യൂഹം.

ബാബ ഇപ്പോൾ മേൽകോടതിയിൽ നോക്കിയിരുപ്പാണ്.. 14-കാരിയെ  ബലാത്സംഗം ചെയ്ത കേസിൽ സ്വാമി കറ്റക്കാരനെന്നു സിബിഐ കോടതി കണ്ടെത്തി. ചണ്ഡീഗഢില്‍ നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ അകലെ പഞ്ച്കുളയിലെ  സിബിഐ കോടതിയുടേതാണ്  നിരീക്ഷണം. ഈ പ്രദേശമാക്കെ ഇപ്പോള്‍ ഗുര്‍മീത് റാമിന്റെ അനുയായികളാല്‍ നിറഞ്ഞിരിക്കുകയാണ്. ഏതാണ്ട് ഒന്നരലക്ഷത്തിലേറെ ഗുര്‍മീത് റാം അനുയായികള്‍ ഇതിനോടകം ചണ്ഡീഗഢിലെത്തിയെന്നാണ്  രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്ക്.

സിബിഐ കോടതി വിധിയുടെ പശ്ചാത്തല ത്തിൽ ഗുര്‍മീതിന്റെ അനുയായികളെ നിയന്ത്രിക്കുക ശ്രമകരമാവും. പോലീസുകാർക്കൊപ്പം  കേന്ദ്രം 15,000 അര്‍ധസൈനികരെയും കരസേനയെയും രംഗത്തിറക്കിയിരിക്കുകയാണ്  .
തെറ്റായ വാർത്തകൾ പ്രചരിക്കാതിരിക്കാൻ രാജസ്ഥാനിലെ ഇന്റര്‍നെറ്റ് സേവനം പോലും 72 മണിക്കൂര്‍ നേരത്തേക്ക് റദ്ദാക്കി. വിധി പ്രസ്താവിക്കുന്ന പഞ്ച്കുള കോടതി സുരക്ഷാസേന വളഞ്ഞു. പ്രവേശന കവാടത്തില്‍ ജലപീരങ്കികള്‍ വിന്യസിച്ചു.കണ്ണീര്‍ വാതകവും ജലപീരങ്കിയുമായി അര്‍ധസൈനികര്‍ എന്തിനും തയ്യാറായി നില്ക്കുന്നു. മുളവടിയടക്കമുള്ള ആയുധങ്ങളുമായി ഗുര്‍മീത് അനുയായികളായ സ്ത്രീകളും പുരുഷന്മാരും റോഡില്‍ നിലയുറപ്പിച്ചത് സംഘർഷം വർദ്ധിപ്പിച്ചു.
തീവണ്ടി സര്‍വ്വീസുകളെ സംഘര്‍ഷം ബാധിക്കുമെന്ന് റെയില്‍വെ വൃത്തങ്ങള്‍  211 ട്രെയിനുകള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയുംചെയ്തു. ആസ്പത്രികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 15,000 അര്‍ധസൈനികര്‍, മുതിര്‍ന്ന 10 ഐ.പി.എസ്. ഉദ്യോഗസ്ഥര്‍, രണ്ട് ഡി.ജി.പി.തല ഉദ്യോഗസ്ഥര്‍, 100 മജിസ്ട്രേറ്റുമാര്‍ എന്നിവരാണ് സുരക്ഷയുടെ ഭാഗമായി ഇവിടെയുള്ളത്. സിര്‍സയിലും പഞ്ച്കുളയിലും അര്‍ധസൈനികര്‍ രണ്ട് തവണ മാര്‍ച്ച് നടത്തി കഴിഞ്ഞു

റോക്ക് സ്റ്റാർ സിങ്ങിന്റെ പേരിലുള്ള 15 വര്‍ഷം പഴക്കമുള്ള ബലാത്സംഗക്കേസിന്റെ വിധിയാണ്സിബിഐ കോടതി പ്രഖ്യാപിച്ചത്

2002-ല്‍ സിര്‍സയിലെ ദേരാ ആശ്രമത്തില്‍വെച്ച് 14- വയസ് കാരി വനിതാ അനുയായിയെ ഒന്നിലേറെത്തവണ ഗുര്‍മീത് ബലാത്സംഗം ചെയ്തെന്നാണ് കേസ്.  മറ്റൊരു ബലാൽസംഗവും ഒരു പത്രപ്രവർത്തകന്റെ കൊലയും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. 2007 മുതല്‍ ഗുര്‍മീതിനെതിരായ കോടതിനടപടികള്‍ തുടരുകയാണ  . ഗുർമീതിന്റെ ദേരാ സച്ചാ സൗദയ്ക്ക് ഏഴ് കോടി അനുയായികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

കപട സന്യാസികൾ വളരുന്നത് നാടിന്  ആപത്ത് എന്നതാണ് റോക്ക് ബാബ  സംഭവം വെളിപ്പെടുത്തുന്നത്. പണവും ആൾബലവും കൊണ്ട് രാജ്യത്തെ ശക്തമായ  നിയമവാഴ്ചയുടെ മുന്നിൽ ഒരു ആസാമിക്കും പിടിച്ചു നിൽക്കാൻ ആവില്ല എന്നും പഞ്ച് കുള സംഭവം കാണിച്ചുതരുന്നു. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെട്ട കേസുകളുടെ  വിധി പ്രസ്താവത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ചില ജഡ്ജിമാരുടെ ഭീരുത്വവും പഞ്ച് ഗുള സിബിഐ കോടതി തുറന്നു കാട്ടുന്നു.

സ്വാമിക്കു നൾകിയ ശിക്ഷയെക്കാപ്പം അനുയായികളെ നിയന്ത്രിക്കുന്നതിന് പോലിസിനെയും പട്ടാളത്തെയും നിയോഗിക്കുക വഴി രാജ്യത്തിനുണ്ടായ നഷ്ടവും സ്വാമിയുടെ സ്വത്തിൽ നിന്ന്   കണ്ടു കെട്ടേണ്ടതാണ്
- കെ എ സോളമൻ

Wednesday 23 August 2017

പോൺ ഫോർ യു !

- കെ എ സോളമൻ

2011 ഡിസംബറിലാണ് ആ മഹാസംഭവം. പ്രത്യേകിച്ച് ഒരു പണിയില്ലാത്തവർ കൊച്ചിയിൽ തടിച്ചു കൂടിയത് അന്നാണ്. ഇമ്മാനുവേൽ സിൽക്ക് എന്ന തുണിക്കടയുടെ ഉദ്ഘാടന മാമാങ്കം . ഉദ്ഘാടനം ചെയ്യാൻ എത്തിയത് പ്രമുഖ ബോളിവുഡ് സിനിമാ നടൻ ഷാരൂഖ് ഖാൻ. ജോലിയില്ലാപ്പട തടിച്ചുകൂടാൻ എല്ലാ പത്രങ്ങളിലും ചാനലുകളിലും പരസ്യമുണ്ടായിരുന്നു. "നിങ്ങളും ഉണ്ടാകണം എന്റെ കൂടെ " എന്നായിരുന്നു പരസ്യവാചകം. കാസർകോട്ടു നിന്നുവരെ ഷാരൂഖ്‌ഖാനെ കാണാൻ ജനം എത്തി. അന്നേ ദിനം കൊച്ചിയിലും പരിസരത്തുമുണ്ടായിരുന്ന ബിവറേജ് ഷാപ്പുകളിൽ ജനകീയ ബ്രാൻറുകൾ പൂർണ്ണമായും വിറ്റൊഴിഞ്ഞു.

ഷാരൂഖ് ഖാൻ ബോഡി ബിൽഡ് ചെയ്ത്   നടക്കുന്ന കാലമായിരുന്നു അത്. ഇമ്മാനുവലിന്  ബോഡി ബിൽഡ്ചെയ്ത നടന്മാരെ ആയിരുന്നു ഉദ്ഘാടനത്തിന് വേണ്ടിയിരുന്നത്. മമ്മൂട്ടി,  മോഹൻലാൽ, ദിലിപ് തുടങ്ങിയ തദ്ദേശീയ  നടന്മാരെ ക്ഷണിക്കാതിരിക്കാൻ  വേറെ കാരണം ഒന്നും ഉണ്ടായിരുന്നില്ല.

വൈകാതെ ഇമ്മാനുവേൽ സിൽക്ക് പൂട്ടി.

ചരിത്രം ആവർത്തിക്കുന്നത്  ആദ്യം ട്രാജഡി ആയും പിന്നീട് കോമഡിയായും . കേരളം മുഴുവൻ മൊത്തക്കച്ചവടത്തിനായി നടക്കുന്ന യൂസഫലി മുതലാളിയുടെ ലുലു മാളിലേക്ക് ഇമ്മാനുവേലിന്റെ തൊഴിലാളികളെ ഇരട്ടി ശമ്പളത്തിൻ വിലയ്ക്കെടുത്തതാണ് ഇമ്മാനുവേൽ ട്രാജഡിക്കു കാരണം. തൊഴിലാളികൾ ഇല്ലാതെ എങ്ങനെ തുണിക്കച്ചവടം നടത്തും?

2011ലെ ആവർത്തനമാണ് 2017  ഓഗസ്റ്റിൽ കൊച്ചിയിൽ കണ്ടത്. ഷാരൂഖ് ഖാനും പകരം ഫോൺ ഫോർ ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയത് ഹോളിവുഡ് - ബോളിവുഡ് സിനിമാതാരം സണ്ണി ലിയോണാണ്. ഷാരൂഖ് ഖാൻ സമാഹരിച്ചതിന്റെ പതിന്മടങ്ങ് ആളുകളെയാണ് സണ്ണിലിയോൺ ആകർഷിച്ചത്. സാധാരണ സിനിമകളേക്കാൾ മലയാളി മൂപ്പിൽസിനെ  കൂടുതൽ ആകർഷിക്കുന്നത് അഡൽറ്റ് മൂവിസാണെന്നു സണ്ണി ലിയോണിനെ അവതരിപ്പിച്ച ഫോൺ ഫോർ മുതലാളിക്കറിയാം. സണ്ണിയാകട്ടെ അഡൾട്ട് മൂവിസിന്റെ താരറാണിയും.

സണ്ണി ലിയോണിനെ കുറിച്ച് അറിയാത്തവർ സംസ്ഥാനത്തു വളരെ കുറവ്.  പോർണോഗ്രാഫിയിലൂടെ കോടികൾ സമ്പാദിച്ച ഈ ഇൻഡോ- അമേരിക്കൻ നടിയുടെ ശരീരത്തിൽ എവിടെയെല്ലാം മറുകുണ്ട് എന്ന് ആരാധകർക്കു അറിയാം. പോർണോഗ്രാഫി എന്ന ബില്യൺ ഡോളർ ബിസിനസ്സിൽ സണ്ണി ലിയോണിന്റെ സംഭാവന  ചെറുതല്ല. സിനിമയിലും അല്ലാതെയും  കണ്ടു മനസ്സിലാക്കിയ നടിയുടെ ശരീരഭാഗങ്ങൾ ഒത്തു നോക്കാൻ കൂടിയാണ് ജനം വേലയും കൂലിയും ഉപേക്ഷിച്ച് ഫോൺ ഫോറിൽ തടിച്ചുകൂടിയത്.  സിനിമാ സീരിയല് ഇംഗ്ലീഷ് - മംഗ്ളീഷ് നടി രഞ്ജിനി ഹരിദാസ് ഒപ്പമുണ്ടായിരുന്നെങ്കിലും  ജനത്തിന്റെ പൂരപ്പാട്ട് ആസ്വദിക്കാനായിരുന്നുഅവർക്ക് വിധി.

രസകരമായി ട്ടുള്ളത് ഇതുസംബന്ധിച്ചുള്ള ചാനൻചർച്ചയാണ്. പോൺ സുന്ദരിയെ കാണാൻ തടിച്ചു കൂടിയതിൽതെറ്റില്ലെന്ന് ചുംബനപ്രേമിയും തെറ്റായിപ്പോയെന്നു ചുംബന വിരുദ്ധനും.  "എനിക്ക് ഇഷ്ടം എങ്കിൽ തനിക്കെന്താ കുഴപ്പം ?"എന്ന് ഒരു വിദ്വാൻ. ഇഷ്ടമാണെന്നു കരുതി വസ്ത്രമുപേക്ഷിച്ചു നടക്കാമോയെന്നു മറു കക്ഷി

ഫോൺ ഫോർ എപ്പോൾ പൂട്ടി -യെന്നറിഞ്ഞാൽ മതി.
                                - - - - -

Saturday 19 August 2017

ജനസേവനത്തിന്റെ പുതുമുറകൾ

ജനസേവനത്തിന്റെ പുതുമുറകൾ !

ഭരണം ഏതായാലും മന്ത്രിസഭയിൽ ഒരു ചാണ്ടി വേണമെന്നത് മസ്റ്റാ. യുഡിഎഫ് ഭരിക്കുമ്പോൾ ഉമ്മൻ ചാണ്ടി, എൽഡിഎഫ് എങ്കിൽ തോമസ് ചാണ്ടി.

കേരളത്തിൽ എൻ സി പി എന്നൊരു പാർട്ടി നിലനിൽക്കുന്നതുതന്നെ തോമസ് ചാണ്ടി മുതലാളി ഉള്ളത് കൊണ്ടാണ്.ഗൾഫിൽ പോയി പണംവാരിയെടുത്തതും മെഡിക്കൽ റി ഇംപേഴ്സ് ഇനത്തിൽ കോടികൾ കിട്ടിയതുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം . ഇത് പലകോടികൾ കവിയും.  ഇതിൽ നിന്ന് അൽപമെടുത്ത് ലോക്കൽ നേതാക്കൾക്ക് കൊടുക്കും. അവരാകട്ടെ "പവാർ സിന്ദാബാദ്, ചാണ്ടി സിന്ദാബാദ്, എൻസിപി ജയിക്കട്ടെ " എന്നൊക്കെ പാടിനടക്കും. എൻ സി പി പാർട്ടി നിലവിലുള്ള കാര്യം അങ്ങനെ  ജനം മനസ്സിലാക്കും. അതിന്റെ കൂടെ, തോമസ് ചാണ്ടി സ്വന്തം നിലയിൽ തന്റെ റിസോർട്ടിൽസമീപം താമസിക്കുന്ന  ഗർഭിണികകളെ സ്പീഡ് ബോട്ടിൽ കയറ്റി സുഖപ്രസവം നടത്തിക്കൊടുക്കുകയെന്ന സാമൂഹ്യ പ്രവർത്തനവും നടത്തും

കുട്ടനാട്ടിലെ ഭൂരിപക്ഷ ജനത്തിന്റെ മുഖ്യ വരുമാന മാർഗ്ഗം നെൽകൃഷിയാണ്. താറാവ് കൃഷി, മത്സ്യം വളർത്തൽ, കക്കാ സംഭരണം എന്നിവ ഉപതൊഴിൽമേഖലയിൽ ഉണ്ടെങ്കിലും ആ വകയിൽ  വരുമാനം തൂലോം തുച്ഛം. തന്മൂലം പുരക്കരം പോലും കൃത്യസമയത്ത്  കുട്ടനാട്ടുകാർക്ക് അടക്കുവാൻ കഴിഞ്ഞിരുന്നില്ല. ഇതിനൊരു മാറ്റം സംഭവിച്ചത് കുട്ടനാട് നിയോജക മണ്ഡലത്തിൽ തോമസ് ചാണ്ടി നിയമസഭാ സ്ഥാനാർത്ഥിയായി മത്സരിക്കുവാൻ തുടങ്ങിയതോടെയാണ്.

നിരോധിക്കപ്പെട്ട അഞ്ഞൂറിന്റെ നോട്ട് കുട്ടനാട്ടുകാർ ആദ്യമായി കാണുന്നത് 2006ലാണ്. അന്നാണ് തോമസ് ചാണ്ടി ആദ്യമായി കുട്ടനാട്ടിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. "ഒരു നെല്ലും ഒരു മീനും" പദ്ധതിക്ക് മുമ്പേ കുട്ടനാട്ടിൽ നിലവിലുണ്ടായിരുന്ന പദ്ധതിയാണ് "ഒരു നോട്ടും ഒരു വോട്ടും". അഞ്ഞൂറിന്റെ നോട്ടൊന്നു തന്നാൽ വോട്ടൊന്നു പകരം, ഇതായിരുന്നു വ്യവസ്ഥ.
കുട്ടനാട്ടുകാർ സത്യസന്ധരായിരുന്നതു കൊണ്ട് തോമസ് ചാണ്ടി ജയിച്ചു  തിരഞ്ഞെടുപ്പ് ദിവസം ചാണ്ടി  ബൂത്തിൽ നിന്ന് ബൂത്തിലേക്ക് സഞ്ചരിച്ചപ്പോൾ   ചാക്ക് കെട്ടഴിഞ്ഞ് അഞ്ഞൂറിന്റെ നോട്ടുകൾ വഴിയിൽ തൂവി. അവ സ്വന്തമാക്കാതെ പെറുക്കിയെടുത്ത് ചാണ്ടിയെ ഏല്പിച്ച വോട്ടർമാരും കുട്ട നാട്ടിലുണ്ട്

ചാണ്ടി ഒരു നല്ല വ്യവസായിആണെന്നതും ടൂറിസം പ്രോത്സാഹിപ്പിക്കുവാൻ അദ്ദേഹത്തിന് അതിയായ താല്പര്യം ഉണ്ടെന്നതും ഏവർക്കും അറിവുള്ളതാണ്. ഏതോ കൊതി കെറുവിന്റെ പേരിൽ ഏഷ്യാനെറ്റ് ചാനൽകാരൻ  ചാണ്ടിക്കെതിരെ ഇപ്പോൾ തിരിഞ്ഞിരിക്കുന്നു. നടി പീഡനവും നടന്റെ ജയിൽവാസവും പല ആഴ്ചകൾ ധാരകോരിയതിനുശേഷം ചാണ്ടിയെ പിടിക്രടിയിരിക്കുകയാണ് ചാനൽ പരിഷകൾ. ചിത്രം വിചിത്രം എന്ന ഭൂലോക തരികിടയിലൂടെ  ആരെയും  അപഹസിക്കാമെന്ന അഹങ്കാരത്തിലാണ് വിചിത്രചിത്രത്തിലെ പുളിന്താനും കൂട്ടുകക്ഷിയും. ഏതാനും ലക്ഷങ്ങളിൽ ഒതുക്കാവുന്നതാണ് ആലോചനയില്ലാതെ തോമസ് ചാണ്ടി നീട്ടിക്കൊണ്ടുപോകുന്നത്

പാവങ്ങൾ തിരഞ്ഞെടുത്ത്, പാവങ്ങൾക്ക് വേണ്ടി,പാവങ്ങൾ ഭരിക്കുന്ന  സർക്കാരാണ് നിലവിലെ കേരള സർക്കാർ. അങ്ങനെയുള്ള സർക്കാരിൽ ഒന്നുരണ്ടു കോടീശ്വരൻമാർ മന്ത്രിമാരായി വന്നതിൽ എന്താണ് കുഴപ്പം?  ഇപ്പോൾ നടക്കുന്ന  ബഹളം മന്ത്രിയും ചാനൽ മുതലാളിയും കൂടി തയ്യാറാക്കിയ ഒത്തു കളിയാണോ യെന്ന സംശയിക്കണം. ജനശ്രദ്ധ തിരിച്ചുവിടാൻ ഇതൊക്കെയല്ലേ നല്ല  മാർഗ്ഗങ്ങൾ?

അമേരിക്കയിൽ പോയി ഏഴ് കോടി ചെലവാക്കി ചികിത്സിച്ചു തിരികെ കിട്ടിയ ശരീരമാണ് തോമസ് ചാണ്ടിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസത്തെ നിയമസഭാ പ്രകടനം കണ്ടാൽ മറ്റൊരു ഏഴു കോടി കൂടി ഉടൻ മുടക്കേണ്ടിവരുമോ എന്നു സംശയം തോന്നിപ്പോകും. അതെന്തായാലും ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ച് ലേക്കു റിസർട്ടിൽ നിന്നും കരിമീൻ പൊള്ളിച്ചതിന്റെയും കള്ളിന്റെയും ടേസ്റ്റ് അറിഞ്ഞ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരു നേതാവും ചാണ്ടിക്കെതിരെ ഒരക്ഷരം മിണ്ടില്ല. ഏഷ്യാനെറ്റുകാരന് ചാനലിൽ കിടന്നു തുള്ളാമെന്നു മാത്രം, വാർത്തയാക്കാൻഅടുത്ത ഇക്കിളിക്കേസ് തടയുന്നതു വരെ.

കെ എ സോളമൻ

Sunday 4 June 2017

സ്ത്രീകൾ സൈന്യത്തിൽ

സത്രീകളെ സൈന്യത്തിന്റെ മുന്‍നിരയി- ലെത്തിക്കുമെന്ന  കരസേനമേധാവി ബിബിന്‍ റാവത്തിന്റെ പ്രസ്താവന സ്വാഗതാർഹം.  പുരുഷന്‍മാര്‍ മാത്രമുള്ള പദവികളിൽ സ്ത്രീകൾ എത്തിപ്പെടുന്നത് സ്ത്രീ ശാക്തീകരണത്തിലേക്കുള്ള വലിയ കാൽ വെയ്പ്പാണ്. സൈനിക പോലീസില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കന്നത് ലിംഗാസമത്വം   കുറയാനിടയാക്കും,

നിലവിൽ ഭരണതലപ്പത്തും എക്സിക്യുട്ടിവ് മേഖലയിലും സ്ത്രീകൾ പ്രവർത്തിന്നുണ്ടെങ്കിലും ലെജിസ്ലേറ്റീവ് തലത്തിലും ആഭ്യന്തര സംരക്ഷണ കാര്യത്തിലും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. ചില രാഷ്ട്രീയ കക്ഷികൾ നേതൃസ്ഥാനത്തേക്കു സ്ത്രീകളെ പരിഗണിക്കാറെയില്ല. മെഡിക്കല്‍, ലീഗല്‍, വിദ്യാഭ്യാസം, എഞ്ചിനീയറിങ് തുടങ്ങിയ തിരഞ്ഞെടുത്ത മേഖലകളില്‍ സൈന്യത്തിന്റെ ഭാഗമാകന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ തന്ത്രപ്രധാനമായ മേഖലകളിലും സൈനിക വിന്ന്യാസങ്ങളിലും എത്തിപ്പെടുന്നതോടെ സ്ത്രീകള്‍ക്ക് കൂടുതൽ പ്രധാന്യ ലഭിക്കും. അതോടെ രാഷ്ട്രീയ കക്ഷികളും മാറി ചിന്തിക്കാൻ തുടങ്ങും. വരാൻ പോകുന്ന കാലഘട്ടം സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം തുല്യമായി പ്രവർത്തിക്കാനുള്ളതാണെന്ന് ജനറൽ റാവത്തിന്റെ പ്രസ്താവന നമ്മെ ഓർമ്മിപ്പിക്കുന്നു.
കെ എ സോളമൻ