Saturday 19 August 2017

ജനസേവനത്തിന്റെ പുതുമുറകൾ

ജനസേവനത്തിന്റെ പുതുമുറകൾ !

ഭരണം ഏതായാലും മന്ത്രിസഭയിൽ ഒരു ചാണ്ടി വേണമെന്നത് മസ്റ്റാ. യുഡിഎഫ് ഭരിക്കുമ്പോൾ ഉമ്മൻ ചാണ്ടി, എൽഡിഎഫ് എങ്കിൽ തോമസ് ചാണ്ടി.

കേരളത്തിൽ എൻ സി പി എന്നൊരു പാർട്ടി നിലനിൽക്കുന്നതുതന്നെ തോമസ് ചാണ്ടി മുതലാളി ഉള്ളത് കൊണ്ടാണ്.ഗൾഫിൽ പോയി പണംവാരിയെടുത്തതും മെഡിക്കൽ റി ഇംപേഴ്സ് ഇനത്തിൽ കോടികൾ കിട്ടിയതുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം . ഇത് പലകോടികൾ കവിയും.  ഇതിൽ നിന്ന് അൽപമെടുത്ത് ലോക്കൽ നേതാക്കൾക്ക് കൊടുക്കും. അവരാകട്ടെ "പവാർ സിന്ദാബാദ്, ചാണ്ടി സിന്ദാബാദ്, എൻസിപി ജയിക്കട്ടെ " എന്നൊക്കെ പാടിനടക്കും. എൻ സി പി പാർട്ടി നിലവിലുള്ള കാര്യം അങ്ങനെ  ജനം മനസ്സിലാക്കും. അതിന്റെ കൂടെ, തോമസ് ചാണ്ടി സ്വന്തം നിലയിൽ തന്റെ റിസോർട്ടിൽസമീപം താമസിക്കുന്ന  ഗർഭിണികകളെ സ്പീഡ് ബോട്ടിൽ കയറ്റി സുഖപ്രസവം നടത്തിക്കൊടുക്കുകയെന്ന സാമൂഹ്യ പ്രവർത്തനവും നടത്തും

കുട്ടനാട്ടിലെ ഭൂരിപക്ഷ ജനത്തിന്റെ മുഖ്യ വരുമാന മാർഗ്ഗം നെൽകൃഷിയാണ്. താറാവ് കൃഷി, മത്സ്യം വളർത്തൽ, കക്കാ സംഭരണം എന്നിവ ഉപതൊഴിൽമേഖലയിൽ ഉണ്ടെങ്കിലും ആ വകയിൽ  വരുമാനം തൂലോം തുച്ഛം. തന്മൂലം പുരക്കരം പോലും കൃത്യസമയത്ത്  കുട്ടനാട്ടുകാർക്ക് അടക്കുവാൻ കഴിഞ്ഞിരുന്നില്ല. ഇതിനൊരു മാറ്റം സംഭവിച്ചത് കുട്ടനാട് നിയോജക മണ്ഡലത്തിൽ തോമസ് ചാണ്ടി നിയമസഭാ സ്ഥാനാർത്ഥിയായി മത്സരിക്കുവാൻ തുടങ്ങിയതോടെയാണ്.

നിരോധിക്കപ്പെട്ട അഞ്ഞൂറിന്റെ നോട്ട് കുട്ടനാട്ടുകാർ ആദ്യമായി കാണുന്നത് 2006ലാണ്. അന്നാണ് തോമസ് ചാണ്ടി ആദ്യമായി കുട്ടനാട്ടിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. "ഒരു നെല്ലും ഒരു മീനും" പദ്ധതിക്ക് മുമ്പേ കുട്ടനാട്ടിൽ നിലവിലുണ്ടായിരുന്ന പദ്ധതിയാണ് "ഒരു നോട്ടും ഒരു വോട്ടും". അഞ്ഞൂറിന്റെ നോട്ടൊന്നു തന്നാൽ വോട്ടൊന്നു പകരം, ഇതായിരുന്നു വ്യവസ്ഥ.
കുട്ടനാട്ടുകാർ സത്യസന്ധരായിരുന്നതു കൊണ്ട് തോമസ് ചാണ്ടി ജയിച്ചു  തിരഞ്ഞെടുപ്പ് ദിവസം ചാണ്ടി  ബൂത്തിൽ നിന്ന് ബൂത്തിലേക്ക് സഞ്ചരിച്ചപ്പോൾ   ചാക്ക് കെട്ടഴിഞ്ഞ് അഞ്ഞൂറിന്റെ നോട്ടുകൾ വഴിയിൽ തൂവി. അവ സ്വന്തമാക്കാതെ പെറുക്കിയെടുത്ത് ചാണ്ടിയെ ഏല്പിച്ച വോട്ടർമാരും കുട്ട നാട്ടിലുണ്ട്

ചാണ്ടി ഒരു നല്ല വ്യവസായിആണെന്നതും ടൂറിസം പ്രോത്സാഹിപ്പിക്കുവാൻ അദ്ദേഹത്തിന് അതിയായ താല്പര്യം ഉണ്ടെന്നതും ഏവർക്കും അറിവുള്ളതാണ്. ഏതോ കൊതി കെറുവിന്റെ പേരിൽ ഏഷ്യാനെറ്റ് ചാനൽകാരൻ  ചാണ്ടിക്കെതിരെ ഇപ്പോൾ തിരിഞ്ഞിരിക്കുന്നു. നടി പീഡനവും നടന്റെ ജയിൽവാസവും പല ആഴ്ചകൾ ധാരകോരിയതിനുശേഷം ചാണ്ടിയെ പിടിക്രടിയിരിക്കുകയാണ് ചാനൽ പരിഷകൾ. ചിത്രം വിചിത്രം എന്ന ഭൂലോക തരികിടയിലൂടെ  ആരെയും  അപഹസിക്കാമെന്ന അഹങ്കാരത്തിലാണ് വിചിത്രചിത്രത്തിലെ പുളിന്താനും കൂട്ടുകക്ഷിയും. ഏതാനും ലക്ഷങ്ങളിൽ ഒതുക്കാവുന്നതാണ് ആലോചനയില്ലാതെ തോമസ് ചാണ്ടി നീട്ടിക്കൊണ്ടുപോകുന്നത്

പാവങ്ങൾ തിരഞ്ഞെടുത്ത്, പാവങ്ങൾക്ക് വേണ്ടി,പാവങ്ങൾ ഭരിക്കുന്ന  സർക്കാരാണ് നിലവിലെ കേരള സർക്കാർ. അങ്ങനെയുള്ള സർക്കാരിൽ ഒന്നുരണ്ടു കോടീശ്വരൻമാർ മന്ത്രിമാരായി വന്നതിൽ എന്താണ് കുഴപ്പം?  ഇപ്പോൾ നടക്കുന്ന  ബഹളം മന്ത്രിയും ചാനൽ മുതലാളിയും കൂടി തയ്യാറാക്കിയ ഒത്തു കളിയാണോ യെന്ന സംശയിക്കണം. ജനശ്രദ്ധ തിരിച്ചുവിടാൻ ഇതൊക്കെയല്ലേ നല്ല  മാർഗ്ഗങ്ങൾ?

അമേരിക്കയിൽ പോയി ഏഴ് കോടി ചെലവാക്കി ചികിത്സിച്ചു തിരികെ കിട്ടിയ ശരീരമാണ് തോമസ് ചാണ്ടിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസത്തെ നിയമസഭാ പ്രകടനം കണ്ടാൽ മറ്റൊരു ഏഴു കോടി കൂടി ഉടൻ മുടക്കേണ്ടിവരുമോ എന്നു സംശയം തോന്നിപ്പോകും. അതെന്തായാലും ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ച് ലേക്കു റിസർട്ടിൽ നിന്നും കരിമീൻ പൊള്ളിച്ചതിന്റെയും കള്ളിന്റെയും ടേസ്റ്റ് അറിഞ്ഞ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരു നേതാവും ചാണ്ടിക്കെതിരെ ഒരക്ഷരം മിണ്ടില്ല. ഏഷ്യാനെറ്റുകാരന് ചാനലിൽ കിടന്നു തുള്ളാമെന്നു മാത്രം, വാർത്തയാക്കാൻഅടുത്ത ഇക്കിളിക്കേസ് തടയുന്നതു വരെ.

കെ എ സോളമൻ

No comments:

Post a Comment