Friday 27 October 2017

ബിവറേജസിലെ സ്ത്രീ മുന്നേറ്റം

ഏറെ മാനസിക പിരിമുറുക്കം നേരിടേണ്ട ജോലികൾ ചെയ്യാൻ തുടങ്ങിയതോടെ കേരളത്തിലും സ്ത്രീകളുടെ മദ്യപാനം കൂടി. സ്ത്രീകളിൽ 30 ശതമാനം മദ്യപിക്കുന്നവരാണെന്ന കണക്കിൽ എത്രത്തോളം വാസ്തവമുണ്ടെന്നു നിശ്ചയമില്ലെങ്കിലും സ്ത്രീകളിലെ മദ്യപാനാസക്തി വർദ്ധിച്ചുവെന്ന കാര്യത്തിൽ തർക്കമില്ല. മദ്യം സൗന്ദര്യം വർദ്ധിപ്പിക്കും എന്ന ധാരണയും ചില സ്ത്രീകൾക്കുണ്ട്. ഇക്കാരണങ്ങളാലാണ്  സർക്കാർ ബിവറേജസ് ഔട്ട്ലറ്റുകളിൽ സ്ത്രീകൾക്ക് പ്രത്യേകം ക്യൂവും കൗണ്ടറും ഏർപ്പാടാക്കിയത്.

ഇപ്പോൾൾ ഇതാ ഒരു പടികൂടി കടന്നു ഔട്ട് ലെറ്റുകളിൽ സ്ത്രീ ജോലിക്കാരെക്കൂടി നിയമിക്കാൻ തുടങ്ങിയിരിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനുതകുന്ന ഈ  മികച്ച കാൽവെപ്പ് കാണാൻ ആദ്യം ഭാഗ്യം ലഭിച്ചത് എറണാകുളം  പുത്തൻവേലിക്കര യിലെ കുടിയന്മാർക്കാണ്. അവിടെയുള്ള ബിവറേജസ്  ഔട്ട് ലെറ്റിൽ ഷൈനി രാജീവ് എന്ന യുവതിയെ പി എസ് സി ഉദ്യോഗസ്ഥയായി നിയമിച്ചു .മദ്യത്തിന്റെ വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കുകയെന്നതാണ്  ജോലി.

ഇത്തരം നിയമനങ്ങൾ വ്യാപകമാകുന്നതോടെ കേരളത്തിലെ ബിവറേജസ് ഔട്ട് ലെറ്റുകൾ എല്ലാം  കൂടുതൽ മദ്യപസൗഹൃദ മേഖലകളായി മാറും. അതൊടൊപ്പം പരിഗണിക്കേണ്ട വിഷയമാണ് ഡാമേജാകുന്ന കുപ്പികളുടെ എണ്ണം. പൊട്ടിപ്പോകാൻ സാധ്യതയുണ്ടെന്നു കരുതുന്നവയ്ക്കൂ പകരമായി ഒരു നിശ്ചിത അനുപാതത്തിൽ കുപ്പികൾ മദ്യ കമ്പനികൾ  ഔട്ട്‌ലെറ്റുകളിൽ ഏല്പിക്കാറുണ്ട്. പക്ഷെ കുപ്പികൾ പൊട്ടിപ്പോകാത്തതു കൊണ്ട് ഇങ്ങനെ വരുന്ന മദ്യം ബിവറേജസിലെ ഉദ്യോഗസ്ഥർ കുടിച്ചു തീർക്കുകയാണ്പതിവ്. ബിവറേജസിലെ സപ്ളൈജോലി ഏറ്റെടുക്കാൻ വില്ലേജ് ഓഫീസർമാർ വരെ തയ്യാറാകുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ജോലിക്ക്  സ്ത്രീകളെ നിയമിക്കപ്പെടുമ്പോൾ ഇങ്ങനെ ബാക്കിവരുന്ന മദ്യം ഏതു വിധം കൈകാര്യം ചെയ്യും എന്നതും വിഷയമാണ്.

ഇതോടൊപ്പം പൊതു സ്ഥലങ്ങളിൽ മദ്യപർ കുഴഞ്ഞു വീണു കിടക്കുന്ന അവസ്ഥ ഒഴിവാക്കാൻ ഔട്ട്ലറ്റിനൊപ്പം വിശ്രമ കേന്ദ്രങ്ങൾ ആരംഭിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കേണ്ടതാണ്.
മദ്യപാനികളായ പുരുഷന്മാരും സ്ത്രീകകളും ചേർന്നാണ് സംസ്ഥാന സാമ്പത്തികരംഗം സംരക്ഷിക്കുന്നത്. മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ് വേണ്ടത് എന്ന വായ്പ്പാട്ട് കൂടെക്കൂടെ പാടുന്നതിനൊപ്പം മദ്യപർക്കു വേണ്ട ചെറിയ സൗകര്യങ്ങളും സർക്കാർ ഒരുക്കിക്കൊടുക്കണം.

അതെന്തൊക്കെത്തന്നെ ആയാലും സ്ത്രീകളുടെ ക്യൂവുംസ്ത്രീ ജോലിക്കാരുടെ നിയമനവും സ്ത്രീശാക്തീകരണത്തിൽ  സർക്കാരിന്റെ  പുതിയ കാൽവെയ്പ്പായി കാണേണ്ടിയിരിക്കുന്നു.

കെ എ സോളമൻ

No comments:

Post a Comment