Monday, 5 March 2012

തത്സമയം- കഥ -കെ എ സോളമന്‍


മേലോട്ടുയര്‍ത്തിയ ഗ്ളാസ് ചുണ്ടോടു ചേര്‍ത്തില്ല, ആഗസ്തി ഞെട്ടി ത്തരിച്ചിരുന്നു പോയി, ഭീതി പ്പെടുത്തുന്നതാണ്ലോക വിഷന്‍ ചാനലില്‍ കാണിച്ചു കൊണ്ടിരിക്കുന്ന ദൃശ്യം. ആഗസ്തി   കസേരയില്‍ നിന്നെഴുന്നേറ്റു ടി വി യുടെ വോളിയം കൂട്ടി.

പന്ത്രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യനെ രണ്ടു പോലീസുകാര്‍  ചേര്‍ന്ന് മര്‍ദ്ദിക്കുന്ന രംഗം. പോലീസുകാരില്‍ ഒരുത്തന്‍ കൊന്‍സ്ടബിള്‍   ആണ്, വേഷത്തില്‍ മറ്റെയാള്‍ എസ്  ഐ യും ആവണം. കപ്പടമീശയാണ് പോലീസിന്റെ വേഷത്തിലെ പ്രധാന ഇനം എന്ന്  ഈ   പോലീസുകാരന്‍  കരുതുന്നണ്ട്.  വെട്ടി വൃത്തിയാക്കിയ മീശയാണെങ്കിലും എസ് ഐയുടെ മുഖത്തെ ക്രൌര്യത്തിനു ഒട്ടും കുറവില്ല.
ഒരു ലിറ്റര്‍ പെട്രോള്‍ ചോര്‍ത്തി എന്നതാണ് പയ്യന്റെ പേരിലെ കുറ്റം. റെയില്‍വേ സ്റേ ഷനില്‍   പാര്‍ക്ക്‌ ചെയ്തിരുന്ന മോട്ടോര്‍ ബൈക്കില്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോള്‍ മോഷ്ട്ടിച്ഛത്രേ. കണ്ടവരായി ആരു മില്ല, പക്ഷെ പോലീസിനു  തെളിവുണ്ട്, സംശയാസ്പദ നിലയില്‍ ഇവനെയാണ് കണ്ടത്.  തൊണ്ടി മുതലായ പെട്രോളും കാനും അവന്റെ സപീപത്തുണ്ട്.

പയ്യന്‍ പറഞ്ഞു: "സാര്‍ എനിക്കറിയില്ല   , ഇത് ഞാന്‍ വാങ്ങി ക്കൊണ്ട് വന്ന പെട്രോളാണ്  ,  വാങ്ങാന്‍ കാശു തന്ന ആള്‍ ഇവിടെത്തന്നെ യുണ്ടായിരുന്നു.'
"എന്നിട്ടെവിടട, " പോലീസ് ആക്രോശിച്ചു. " നിന്നെ ക്കൊണ്ട് പറയിക്കാമെന്നു നോക്കട്ടെ". എസ് ഐ കോണ്‍സ്ടബിളിനെ  നോക്കി ആoഗ്യം കാട്ടിയതും, അയാള്‍ പയ്യനെ കുനിച്ചു നിര്‍ത്തി നട്ടെല്ലില്‍ കൈമുട്ടു കൊണ്ട് മര്‍ദ്ദിച്ചു. പയ്യന്‍ വേദന സഹിക്ക വയ്യാതെ പുളയുന്നത് കണ്ടു ആഗസ്തി ഞെട്ടി.
പോലീസുകാരന്റെ കൈ വേദനിച്ചിട്ടാവണം  ,അയാള്‍    ഇടി നിറുത്തിയത്തോടെ     എസ് ഐ മര്‍ദ്ദനം ഏറ്റെടുത്തു.  കൈമുട്ടിനു പകരം, ലാത്തി അല്ല, നീളം കൂടിയ ചൂരല്‍ കൊണ്ട് എസ് ഐ പയ്യന്റെ കൈവെള്ളയില്‍ ആഞ്ഞടിച്ച്ചു.  ആ  രംഗം തുടര്‍ന്ന് കാണാന്‍ വയ്യാതെ ആഗസ്തി ടി വി ഓഫ് ചെയ്തു.

മൊബൈല്‍  എടുത്തു ആഗസ്തി തന്റെ സാംസ്കാരിക സുഹൃത്തുക്കളെ വിളിച്ചു, എന്നിട്ട് രോഷം കൊണ്ട്. " എന്തൊരു കാടന്‍ ലോക മാണിത്, ജന മൈത്രി പോലീസാണത്രെ  .  കൊച്ചു കുട്ടികളെ കുനിച്ചു നിറുത്തി  നട്ടെല്ലിനു കൈമുട്ട് കൊണ്ടിടിക്കുന്നതാണോ ജനമൈത്രി? നിങ്ങള്‍  പ്രതികരിക്കാനില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക്  പ്രതികരിക്കും",  ആഗസ്തി പറഞ്ഞു. ആഗാസ്തിയുടെ സുഹൃത്തുക്കള്‍ ആരും തന്നെ ആഗസ്തി കണ്ട വാര്‍ത്ത ടി വി യില്‍ കണ്ടിരുന്നില്ല. വേറിട്ടൊരു ചാനലില്‍ , യേശുദാസ്  അമ്പതു വര്ഷം പൂര്‍ത്തിയാക്കിയ പരിപാടി കാണുകയായിരുന്നു അവരെല്ലാം.
ഇന്ത്യന്‍ പ്രസിഡണ്ട്‌, പ്രധാന  മന്ത്രി, മുഖ്യമന്ത്രി, ആഭ്യന്തര  മന്ത്രി തുടങ്ങി ഒട്ടു മിക്ക അധികാരികള്‍ക്കും ആഗസ്തി പരാതി പോസ്റ്റ്‌ ചെയ്തു. മനുഷ്യാവകാശ കമ്മീഷനുള്ളത് രജിസ്റേഡ്  പോസ്റ്റില്‍ അയച്ചു. കോടതിയില്‍ സ്വകാര്യ പെറ്റീഷന്‍   നല്‍കാന്‍  വക്കീലിനെയും ഏര്‍പാടാക്കി.

ഇത്രയുമൊക്കെ  ചെയ്തു വീട്ടിലെത്തിയ ആഗാസ്തിക്ക്  എന്തോ  നല്ല കാര്യം ചെയ്ത സംതൃപ്തി തോന്നി . തന്നെ പ്പോലെ  പ്രതികരിക്കുന്നവരാകണം  മറ്റുള്ളവരും. ഈ നാടു നന്നാക്കി എടുക്കാന്‍ ആത്മാര്‍ത്ഥയുള്ള കുറച്ചു പേര്‍ വിചാരിച്ചാല്‍ മതി.
ഭാര്യയോടു  ഒരു  ചായ കൊണ്ട് വരാന്‍ പറഞ്ഞിട്ട്  ആഗസ്തി ടി വി യുടെ മുന്നിലെ ചാരു കസേരയില്‍ ഇരുന്നു . എന്നിട്ട്  ഭാര്യ കണ്ടുകൊണ്ടിരുന്ന കണ്ണീര്‍ ചാനലില്‍ നിന്ന് ലോക വിഷന്‍ ചാനലിലേക്കു  റിമോട്ടില്‍ ഞെക്കി.
കൊലകൊമ്പന്മാരായ രാഷ്ട്രീയ നേതാക്കളെ കൈ വെള്ളയിലിട്ടു     അമ്മാനമാടുന്ന ലോകവിഷന്‍ കളമൊഴി അപ്പോള്‍ : " രാവിലെ സംപ്രേഷണം ചെയ്ത  പോലീസ് മര്‍ദ്ദനത്തിന്റെ ബാക്കി  ഭാഗം രാത്രി പത്തിന്  . പിറവം കള്ളു ഷാപ്പിലെ കുടിയന്‍മാരെ അണിനിരത്തി  ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ പങ്കജാക്ഷിയും കാമറാമാന്‍ പപ്പുക്കുറുപ്പും  ചേര്‍ന്ന്  തയ്യാറാക്കിയ  ഈ "തത്സമയം " പരിപാടി മാര്‍ച് പതിനേഴു വരെ സംപ്രേക്ഷിക്കും , അന്നാണ് പിറവം തെരെഞ്ഞുടുപ്പ്. "

-കെ എ സോളമന്‍

No comments:

Post a Comment