Tuesday, 27 March 2012
പ്രൊഫസര്‍ മാണി, ഡോക്ടര്‍ തോമസ്
സര്‍വകലാശാലകള്‍പോലുള്ള സ്ഥാപനങ്ങളില്‍ കയറിയിരുന്ന് സമ്പൂര്‍ണ ശബ്ദമലിനീകരണം നടത്തുന്ന ഒരു കൂട്ടരുണ്ട്. ഇവരെ പ്രൊഫസര്‍ ഡോക്ടര്‍മാര്‍ എന്ന് വിളിക്കും. പ്രൊഫ. (ഡോ.) കേശവന്‍ നമ്പൂതിരി, പ്രൊഫ. (ഡോ.) സാമുവല്‍ ജോണ്‍സന്‍ തുടങ്ങിയ ആളുകളെ ആര്‍ക്കും തിരുത്താനാവില്ല, സര്‍വജ്ഞപീഠം കേറിയവരാണിവര്‍. അക്കൂട്ടത്തില്‍പ്പെടുത്താവുന്ന രണ്ടുപേരാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫ. മാണിയും ഡോ. തോമസും.
അധ്യാപകനെന്ന് പറഞ്ഞ് ഇന്ന് കോളേജിന്റെ തിണ്ണമേല്‍ കേറുന്നവരെല്ലാം പ്രൊഫസറാണ്. പണ്ട് അങ്ങനെയല്ലായിരുന്നു. പത്ത് വര്‍ഷം കഴിഞ്ഞാലെ പ്രൊഫസര്‍ ഗ്രേഡ് രണ്ട് ആകുമായിരുന്നുള്ളൂ. പത്ത്-മുപ്പതുകൊല്ലം ജോലി ചെയ്തിട്ടും പ്രൊഫസറാകാതെ പിരിഞ്ഞ ഹതഭാഗ്യരുമുണ്ട്.
കോളേജ് പ്രൊഫസറല്ലെങ്കിലും സര്‍വീസ് വച്ചുനോക്കിയാല്‍ സംസ്ഥാന ധനമന്ത്രി കെ.എം.മാണി ഒരു മഹാ പ്രൊഫസര്‍ തന്നെയാണ്. പത്ത് ബജറ്റുകളാണ് അദ്ദേഹം ഇക്കാലയളവില്‍ അവതരിപ്പിച്ച് സംസ്ഥാനത്തെ ഒരു കരക്കെത്തിച്ചത്. ഡോ. തോമസാകട്ടെ മുന്‍ ധനമന്ത്രിയാണ്, രണ്ടാം അമര്‍ത്യാസെന്‍ എന്നും അറിയപ്പെടും. ജന്മനാ ഡോക്ടറുമാണ്. ഇവര്‍ രണ്ടാളുംകൂടി സംസ്ഥാന ധനസ്ഥിതി കുളംതോണ്ടുകയും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ പാതാളത്തിലോട്ട് തള്ളുകയും ചെയ്തു. എന്നിട്ട് രണ്ടുംകൂടി ചാനലില്‍ കേറിയിരുന്ന് കസര്‍ത്താണ്.
ദിവസം അരഡസന്‍ തവണ വെള്ള ജുബ്ബയും മുണ്ടും മാറ്റുകയും ഒരുഡസന്‍ പ്രാവശ്യം നെറ്റിയില്‍ കുരിശ് വരയ്ക്കുകയും ചെയ്യുന്ന മാണി താനുള്‍പ്പെടെയുള്ള തൊഴിലന്വേഷകരോട് എന്തിനീ ക്രൂരത ചെയ്തുവെന്നാണ് വിഷ്ണു പോറ്റി ചോദിക്കുന്നത്. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് പരീക്ഷ പാസായി സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും കഴിഞ്ഞിരുപ്പാണ് പോറ്റി. ഇനി നിയമനം സൂപ്പര്‍ ന്യൂമററി മാത്രം. ഇതിന് പകരം മലര്‍പ്പൊടി കച്ചവടമെന്ന് പറയുന്നതാകും ഭേദം.
പ്രൊഫസര്‍ മാണിക്ക് ഉടന്‍തന്നെ രണ്ടായിരം കോടിയുടെ വികസന കാഴ്ചപ്പാട് നടപ്പിലാക്കാനുണ്ട്. പക്ഷേ ഇസ്ലാമിക ബാങ്ക്, മണ്ണ് കച്ചവടം പോലുള്ള ഡോ. തോമസിന്റെ വഴികളില്‍ വിശ്വാസം പോരാ. ഒറ്റയടിക്ക് റോഡ് ടാക്സ് ഒരു കൊല്ലത്തേത് എന്നത് 15 വര്‍ഷത്തേക്ക് പിരിച്ച് വിത്തെടുത്ത് കുത്തിയ ചരിത്രമുണ്ട്. മാണിക്ക് അതുപോലൊന്ന് ധനതത്വ ചിന്തയില്‍ ഉരുത്തിരിയാത്തതുകൊണ്ട് പെന്‍ഷന്‍ പ്രായം 56 ആക്കി. ആനുകൂല്യമായി നല്‍കേണ്ട 2000 കോടി ഉടനെ വേണ്ട. ആറുമാസം കഴിഞ്ഞ് കൊടുക്കേണ്ടി വരികയാണെങ്കില്‍ അപ്പോള്‍ 57 ആക്കും. അതിനുള്ളില്‍ ഭരണം നഷ്ടപ്പെട്ടാല്‍ ഡോ. തോമസ് വന്ന് വേണ്ടത് ചെയ്തുകൊള്ളും. പ്രൊഫ. മാണിയുടെ പെന്‍ഷന്‍ പ്രായവര്‍ധനവും ഡോ. തോമസിന്റെ പെന്‍ഷന്‍ ഏകീകരണവും എന്തുകൊണ്ടെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഇരുവരുടെയും ജുബ്ബായുടെ കീശ തപ്പിയാല്‍ മതിയെന്നാണ് രാമന്‍ നായരുടെ അഭിപ്രായം.
ഉമ്മന്‍ചാണ്ടിയെ വിശ്വസിച്ച യുവാക്കളാണ് ആപ്പിലായത്. യുവാക്കളുമായി ആലോചിച്ചേ ഏത് നടപടിയും സ്വീകരിക്കൂവെന്നാണ് ഒരാഴ്ച മുമ്പുവരെ ചാണ്ടി പറഞ്ഞത്. ജോസ് കെ.മാണി, ചാണ്ടി ഉമ്മന്‍ , അനൂപ് ജേക്കബ് ഇവരാണ് ചാണ്ടിയുടെയും മാണിയുടെയും യുവാക്കള്‍ , അവരുടെ ഭാവി ഭദ്രമായി. അവരുമായി ആലോചിച്ചാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത്. യുവാക്കള്‍ക്ക് പക്ഷേ കിട്ടാന്‍ സാധ്യതയുള്ള ജോലിയേ നഷ്ടമാകുന്നുള്ളൂ, സാധാരണക്കാരന്റെ കീശയാണ് കാലിയാകുന്നത്, അതിനുള്ള ഭേദഗതി വാറ്റ് കോമ്പൗണ്ടിംഗിലൂടെ മാണി വിദഗ്ധമായി നിര്‍വഹിച്ചിട്ടുണ്ട്.
*****************
കൊട്ടാരം പണിയാന്‍ മാണി നല്‍കിയ 20ലക്ഷം സന്തോഷത്തോടെ സ്വീകരിക്കുമെങ്കിലും കോഴിമല രാജാവ് കൊട്ടാരം പണിയുന്നില്ല. പകരം കെല്‍ട്രോണില്‍നിന്ന് എട്ടര ലക്ഷം വച്ച് രണ്ട് ഇ-ടോയ്‌ലറ്റ് വാങ്ങി ഉപയോഗിക്കും. ബാക്കി മൂന്ന് ലക്ഷം വട്ടച്ചെലവിന് മാറ്റിവെയ്ക്കുകയും ചെയ്യും.
കെ.എ.സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment