Thursday 22 March 2012

സി.കെ ചന്ദ്രപ്പന്‍ അന്തരിച്ചു



തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ (76) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം നാളെ വൈകുന്നേരം ആലപ്പുഴ വലിയചുടുകാട്ടില്‍ നടക്കും.
മൃതദേഹം എം.എന്‍.സ്‌മാരകത്തില്‍ പൊതുദര്‍ശനത്തിന്‌ വയ്ക്കും. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി വനിതാ നേതാവായ ബംഗാളി വനിത ബുലുറോയ്‌ ചൗധരിയാണ്‌ ഭാര്യ. വെളിയം ഭാര്‍ഗ്ഗവന്‍ അനാരോഗ്യംമൂലം സ്ഥാനമൊഴിയേണ്ടിവന്നപ്പോള്‍ 2010 നവംബര്‍ 14 നായിരുന്നു സി. കെ ചന്ദ്രപ്പന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റത്‌.
പിറവം പ്രചരണത്തിനിടെ കുഴഞ്ഞു വീണ്‌ കൊച്ചിയിലെ ലേക്‍ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സി.കെ ചന്ദ്രപ്പനെ കഴിഞ്ഞ ദിവസമാണ്‌ തിരുവനന്തപുരത്തെ കിംസ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുവന്നത്‌. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന്‌ വൃക്കകള്‍ തകരാറിലായതിനാല്‍ ഇന്ന് രാവിലെ അദ്ദേഹത്തെ ഡയാലിസിസിന്‌ വിധേയമാക്കിയിരുന്നു.
മൂന്ന് മണിയോടെ മൃതദേഹം ആശുപത്രിയില്‍ നിന്നും ഉള്ളൂരിലെ അദ്ദേഹത്തിന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകുന്നേരത്തോടെ എം.എന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹത്തില്‍ നാളെ രാവിലെ ഏഴ് മണിവരെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സൌകര്യമൊരുക്കിയിട്ടുണ്ട്. ഏഴ് മണിക്ക് ശേഷം മൃതദേഹം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടു പോകും.
പ്രഭാത്‌ ബുക്ക്‌ ഹൗസ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായിരുന്നു. സി.പി.ഐ ദേശിയ സെക്രട്ടറിയേറ്റ്‌ അംഗവും കിസാന്‍ സഭാ ദേശിയ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചുവരവെയാണ്‌ കേരള സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കേണ്ടിവന്നത്‌. ഇക്കഴിഞ്ഞമാസം പാര്‍ട്ടി സംസ്ഥാന സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ സംസ്ഥാന കൗണ്‍സില്‍ അദ്ദേഹത്തെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

Comment: An able and pious leader. My condolence
-K A Solaman 

2 comments: