Sunday, 23 May 2021

#സത്യപ്രതിജ്ഞ #എന്തുകൊണ്ട് #ഓൺലൈനിൽ #ആയിക്കൂട?



കോവിഡ് 19 വ്യാപനത്തിൻ്റെ രണ്ടാം തരംഗത്തിൻ്റെ കാരണം അന്വേഷിക്കുകയാണ് വിവിധ ഏജൻസികൾ. ഒരു വിധം നിയന്ത്രണത്തിലായിരുന്ന കോവിഡ് വ്യാപനം സകല സീമകളും ലംഘിച്ചത് ഇലക്ഷൻ പ്രചരണ കാലത്താണ്. പക്ഷെ ഇതു  ഇലക്ഷൻ കമ്മീഷനും ഭരണ-പ്രതിപക്ഷ നേതാക്കളും അംഗീകരിക്കുന്നില്ല.

രണ്ടാം വ്യാപന തരംഗം ശക്തി പ്രാപിച്ച കൊണ്ടിരിക്കെ ലോക്ഡൗൺ പ്രഖ്യാപനത്തിന്  ചിലയിടങ്ങളിൽ സർക്കാർ അയവു വരുത്തി. ആർ ബാലകൃഷ്ണപിള്ളയുടെയും ഗൗരിയമ്മയുടെയും സംസ്കാര ചടങ്ങുകളിൽ ഇതു കണ്ടതാണ്. സംസ്കാര ചടങ്ങിൽ പരമാവധി 20 പേർ മാത്രം പങ്കെടുക്കുക എന്ന് പറഞ്ഞിടത്ത് നൂറു കണക്കിന് ആളുകളാണ് സംബന്ധിച്ചത്. ഇവിരിൽ എത്ര പേർ കോവിഡ് ബാധിതരായി എന്നുള്ളത് അറിയാൻ ഇവരുടെയൊക്കെ റൂട്ടുമാപ്പ് പരിശോധിക്കേണ്ടി വരും.

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെയാണ് അത് കൃത്യമായി പാലിക്കാൻ ബാധ്യതപ്പെട്ടവർ 750 പേരെ പങ്കെടുപ്പിച്ച് മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ പോകുന്നത്.

എന്നാൽ ഇവിടെ കോവിഡ് -19 മായി ബന്ധപ്പെട്ട സാമൂഹിക അകലം പാലിക്കൽ ശുപാർശകൾ നടപ്പിലാക്കാൻ സാധ്യത ഇല്ലാത്തതിനാൽ ഒരു വെർച്വൽ സത്യപ്രതിജ്ഞയാണ് അഭികാമ്യം. പാലം പൊളിയും നിർമ്മാണവും ഓൺലൈനിൽ നിർവഹിക്കന്നവർ ഈ അതിതീവ്ര കോവിഡ് വ്യാപന കാലത്ത് എന്തുകൊണ്ട് ഒരു ഓൺലൈൻ സ്വിയറിംഗ് ഇൻ ആലോചിക്കുന്നില്ല. സത്യപ്രതിജ്ഞ ചെയ്തവർക്ക് രജിസ്റ്ററിൽ ഒപ്പിടേണ്ട അനിവാര്യത ഉണ്ടെങ്കിൽ പരിചിതമായ ഡിജിറ്റൽ ഒപ്പ് പരിഗണിക്കാവുന്നതേയുള്ളു.

ആൾക്കൂട്ടത്തെ സാക്ഷി നിർത്തിയുള്ള സത്യപ്രതിജ്ഞാ ചടങ്ങുകൾ എല്ലാം റദ്ദാക്കി  വെർച്വൽ പ്ലാറ്റ്‌ഫോമിൽ  സത്യപ്രതിജ്ഞാ പ്രക്രിയ നടത്തിയാൽ നിലവിലെ അവസ്ഥയിൽ ഭരണത്തികവ്  നഷ്ടപ്പെടുമെന്നു പറയാനാവില്ല. നിയമസഭാംഗമാകാൻ തെരഞ്ഞെടുക്കപ്പെട്ടവർ യോഗ്യതാ സർട്ടിഫിക്കറ്റ്, ഫോട്ടോ ഐഡി, മെയിലിംഗ് വിലാസം എന്നിവയുടെ ഒരു പകർപ്പ് നിയമസഭാ സെക്രട്ടറിക്ക് അയച്ചുകൊടുത്താൽ കാര്യങ്ങൾ എളുപ്പമായി.

അതുകൊണ്ടു് 20-ാം തിയതി ശുഭമുഹൂർത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് വെർച്വൽ പ്ളാറ്റുഫോമിലായാൽ കുറെപ്പേരെ കോവിഡിൽ നിന്ന് രക്ഷിച്ചെടുക്കാം. ഒപ്പം ജനങ്ങൾക്ക് നല്ല ബോധവൽക്കരണ ഉപാധിയായി അതു മാറുകയും ചെയ്യും

-കെ എ സോളമൻ

No comments:

Post a Comment