Monday 10 May 2021

കെഫോണും കിഫ്ബിയും

#കെഫോണും #കിഫ്ബിയും

ചിലരെ സംബന്ധിച്ചിടത്തോളം, ഇന്റർനെറ്റ് ഒരു പൂർണ്ണ ആസക്തിയായി മാറിയിരിക്കുന്നു. വിവരങ്ങൾ, ഇ-മെയിലുകൾ എന്നിവയ്ക്കായി ആളുകൾ കമ്പ്യൂട്ടറുകളിലേക്കോ സെൽ ഫോണുകളിലേക്കോ തിരിയുന്ന കാലം. ചിലർ ഇന്റർനെറ്റിലൂടെ ഷോപ്പുചെയ്യുന്നു, മറ്റുള്ളവർ സന്ദേശങ്ങൾ വായിക്കാനും വീഡിയോ ക്ലിപ്പുകൾ കാണാനും മണിക്കൂറുകൾ ചെലവഴിക്കുന്നു. 

ഇന്റർനെറ്റ് ആസക്തി രസകരമാണെന്ന് തോന്നാമെങ്കിലും, ചില ആളുകളിൽ ശരിക്കും ഇന്റർനെറ്റ് അമിത ഉപയോഗത്തിന് സാധ്യതയുണ്ടെന്ന് നിരവധി മനഃ ശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നു. ജനങ്ങളിലെ അതിരുവിട്ട ഇൻ്റർനെറ്റ് ആസക്തിയെ ഇന്റർനെറ്റ് ആഡിക്ഷൻ ഡിസോർഡർ എന്ന് വിളിക്കുന്നു. 

ഭാഗ്യവശാൽ, ഉയർന്ന നിലവാരമുള്ള ഗാഡ്‌ജെറ്റ് കൈവശം വയ്ക്കാൻ പണമില്ലാത്തതിനാൽ രാജ്യത്തെ പാവപ്പെട്ട ആളുകൾക്ക് ഈ തകരാർ സംഭവിച്ചിട്ടില്ല. ആയതിനാൽ, കോവിഡ് കാലമാണെങ്കിൽ പോലും അത്യാവശ്യം ജോലിക്ക് പോയി അന്നന്നേയ്ക്കുള്ള വക തേടാൻ അവർക്കു് സമയം കിട്ടുന്നു.

എന്നാൽ ഇത് കേരളത്തിൽ അവസാനിപ്പിക്കാനാണ് കഴിഞ്ഞ എൽ ഡി എഫ് സർക്കാർ പദ്ധതി ആവിഷ്കരിച്ചത്. പാവപ്പെട്ടവരെ ഇന്റർനെറ്റ് ആസക്തിയിലേക്ക് കൊണ്ടുവരാൻ 2017-ൽ കേരള സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ  അഥവാ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്.

4 വർഷം മുമ്പ് തുടക്കം കുറിച്ച ഈ ഫൈബർ ശൃംഖല  20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാൻ വിഭാവനം ചെയ്യുന്നു. സൗജന്യ ഇന്റർനെറ്റ് കണക്ഷനു പുറമേ, സൗജന്യ മൊബൈൽ ഫോണുകളുടെ വിതരണവും വിഭാവനം ചെയ്യുന്നുണ്ട്.

കെ ഫോൺ പദ്ധതിക്കുള്ള ഫണ്ട് കിഫ്ബിയിൽ നിന്നു വേണം കണ്ടെത്താൻ. പക്ഷെ കിഫ്ബിയുടെ മുഖ്യ ചുമതലക്കാരൻ മൂടും തൂത്തു സ്ഥലം വിട്ടതിനാൽ കെ ഫോൺ പദ്ധതി കോഴിയുടെ മുലയൂട്ടു പോലെ നീളും. കെ ഫോണിൽ കണ്ണും നട്ട് വേഴാമ്പിലിനെ പോലെ കാത്തിരിക്കുന്ന 20 ലക്ഷം കുടുംബക്കാർ തത്കാലം സൗജന്യ കിറ്റിൽ തൃപ്തിപ്പെടണം. പുതുതായി നല്കുന്ന ഓരോ കിറ്റിലും ഒരു കിലോ ഉപ്പുവീതം ഉൾപ്പെടുത്തിട്ടുണ്ട്. അമിതമായി ഉപ്പു തിന്ന് ബിപി ക്രമാതീതമായി കൂട്ടാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധ പുലർത്തുകയും വേണം

കെ എ സോളമൻ

No comments:

Post a Comment