#ആദരാഞ്ജലികൾ
ശ്രീ വൈരം വിശ്വൻ.
ചേർത്തലയിലെ സംസ്കാരിക സദസ്സുകളിൽ സ്ഥിര സാന്നിധ്യമായിരുന്നു വൈരം വിശ്വൻ. മികച്ച കവിതകൾ എഴുതിയിരുന്നു. അവയെല്ലാം വളരെ ഹൃദ്യമായി വേദികളിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
സ്റ്റേജ് ആർട്ടിസ്റ്റ് ആയി വളരെക്കാലം പ്രവർത്തിച്ചു കണ്ടിട്ടുണ്ട്. ചേർത്തലയിലെ മിക്ക നാടക ട്രൂപ്പുകളുടെയും സ്ഥിരം മേക്കപ്പ്മാൻ.
സാമൂഹ്യ തിന്മകൾക്ക് എതിരെ ഒറ്റയാൾ പോരാട്ടം നടത്തിയിരുന്ന കരപ്പുറം രാജശേഖരൻ എന്ന കരപ്പുറം ആശാൻറെ എല്ലാ പ്രകടനങ്ങൾക്കും വൈരം വിശ്വന്റെ സഹായമുണ്ടായിരുന്നു. വൈരം വിശ്വന്റെ മേക്കപ്പുകളും കരപ്പുറം ആശാന്റെ സ്വതസ്സിദ്ധമായ കഴിവുകളും ഒരുമിച്ചു ചേർന്നപ്പോൾ ഒറ്റയാൾ പോരാട്ടങ്ങൾ പത്ര മാധ്യമങ്ങളിലൂടെ കേരളമൊട്ടുക്കും ശ്രദ്ധിക്കപ്പെട്ടു.
വൈരം വിശ്വൻ എന്ന പേരിൻറെ പ്രത്യേകത മൂലം അദ്ദേഹത്തെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. വൈരവേലി എന്ന വീട്ടുപേരിൽ നിന്നാണ് വൈരം എന്ന വാക്ക് അദ്ദേഹം തിരഞ്ഞെടുത്തത്.
സ്വന്തം മാതാവിനെ കുറിച്ച് പറയുമ്പോൾ ചിലപ്പോളെല്ലാം അദ്ദേഹത്തിൻറെ കണ്ഠമിടറിയത് എല്ലാവരുംശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തെയും മറ്റു സഹോദരങ്ങളേയും വളർത്തി വലുതാക്കാൻ അമ്മ സഹിച്ചത്യാഗങ്ങൾ. ആ കഥകൾ എന്റേത് കൂടി ആണെന്ന് തോന്നിയത് കൊണ്ടാവാം അദ്ദേഹത്തോട് മറ്റാരോടും തോന്നാത്ത അടുപ്പം എനിക്കു തോന്നിയത്.
അനാരോഗ്യം മൂലം കുറച്ചുകാലമായി സാംസ്കാരിക വേദികളിൽ എത്താറില്ലായിരുന്നു. പുതു തലമുറയ്ക്കു പ്രയോജനപ്പെടുന്ന രീതിയിലുള്ള ഒത്തിരി അനുഭവങ്ങൾ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു.
ആദരാഞ്ജലികൾ
No comments:
Post a Comment