#ഛന്ദോബദ്ധമില്ലാത്ത_ബജറ്റ്
(ചക്കയിൽ നിന്ന് കപ്പയിലേക്ക് )
വിൽപത്ര പ്രകാരം മൂത്തമകന് 30 ലക്ഷം, മകൾക്ക് 40 ലക്ഷം, ഇളയ മകന് 30 ലക്ഷം എന്ന മട്ടിലാണ് ഇക്കൊല്ലത്തെ കേരള ബജറ്റ് . അതിനുമാത്രം പണമെവിടെ എന്ന് ചോദിച്ചതിന് ഒരുകോടി സമ്മാനത്തുകയുള്ള കേരളലോട്ടറി ടിക്കറ്റ് പൊക്കി കാണിച്ച കാർന്നോരുടെ അവസ്ഥയാണ് കേരള ധനമന്ത്രിയുടേത്.
പണം വന്നാൽ ചെലവാക്കാം. പണം വന്നില്ലെങ്കിൽ ഇല്ല . പണം വരും പോകും, പണം വരില്ല എന്ന് പറയാനാവില്ല. ഭൂനികുതി, ഹരിത നികുതി, ന്യായവില എന്നിവ ക്രമാതീതം വർദ്ധിപ്പിച്ചിരിക്കുകയാണ്. ഭൂമി ഇവിടെ വെറുതെ കിടക്കുകയല്ലേ ? കരം വർധിപ്പിച്ചാൽ ജനം അടച്ചു കൊള്ളും. കരം തീരുവ രസീത് ഇല്ലാതെ നാട്ടിൽ ഒരു പണിയും നടത്താനാവില്ല.
ഹരിതനികുതിയാണ് മറ്റൊരു പ്രധാന കണ്ടെത്തൽ . വാഹനങ്ങളുടെ ഹരിത നികുതി മുൻകാലപ്രാബല്യത്തോടെ വർധിപ്പിച്ച് ജനത്തെ പിഴിയുകയാണ്. പുതിയ വാഹനം വാങ്ങിക്കുവാൻ പാങ്ങി ല്ലാത്തവൻ ഏതെങ്കിലും പഴയ സെക്കനാന്ഡ് വാഹനം തള്ളിക്കൊണ്ടു നടന്നാൽ ഇരട്ടി പ്രഹരം. പഴയ വാഹനങ്ങളുടെ ഹരിത നികുതി വർധന 50 ശതമാനമാണ്
ഭൂമിയുടെ ന്യായവില ഉയർത്തിയതിലൂടെ ക്രയവിക്രയം നടക്കുമ്പോൾ വൻതുക നികുതിയായി ലഭിക്കും. പക്ഷേ ഇങ്ങനെ കിട്ടുന്ന തുക ഒന്നിനും തികയില്ല. അതുകൊണ്ട് ഇക്കൊല്ലം മാത്രം 46000 കോടി കടമെടുക്കാനാണ് തീരുമാനം.
ഇതും ഇതിനുമുൻപുള്ള കട ബാധ്യതയായ മൂന്നര ലക്ഷം കോടിയും ഉൾപ്പെടെ 4 ലക്ഷം കോടി രൂപ ആര് എപ്പോൾ തിരിച്ചടക്കും എന്ന് ചോദിച്ചാൽ ആരും ഒരിക്കലും തിരിച്ചടക്കേണ്ടി വരില്ല എന്ന് സൂചന. കടം വാങ്ങുക. പിന്നെയും വാങ്ങുക, കടംവാങ്ങി പലിശ അടക്കുക, അതാണ് കേരള മോഡൽ.
തന്റെ മുൻഗാമി തോമസ്ജി ഐസക് ജി യുടെ ബഡ്ജറ്റിൽ നിന്ന് ബാലഗോപാൽജിയുടെ ബഡ്ജറ്റിലേക്ക് വരുമ്പോൾ കാണുന്ന പ്രധാന മാറ്റം ബഡ്ജറ്റിൽ നിന്ന് സാഹിത്യം പുറത്തായി എന്നതാണ്. ഛന്ദോബദ്ധമില്ലാത്ത ഒരു നിർമിതി, അതാണ് പുതിയ ബഡ്ജറ്റ്.
ഐസക്‌ജിയുടെ ബഡ്ജറ്റിലാണെങ്കിൽ പുട്ടിനു പീരേ പോലെ നിരന്തരം കവിതകളായിരുന്നു. പരിണതപ്രജ്ഞരായ കവികളുടെ കവിതകൾ ഒരു ബഡ്ജറ്റിലെങ്കിൽ മറ്റൊരു ബഡ്ജറ്റിൽ കൗമാര കവികളുടെ കവിതകൾ ആയിരിക്കും.
കൗമാരക്കവി കുമാരികൾ കാസർഗോഡ് നിന്ന് മലപ്പുറം വഴി തിരുവനന്തപുരം വരെ വ്യാപിച്ചുകിടക്കുന്ന കാഴ്ച്ചയാണ് ബഡ്ജറ്റിൽ ഉടനീളം..
കവിത എഴുതിയ കവി കുമാരിയുടെ വീട് സന്ദർശിക്കുകയും കുമാരിപഠിക്കുന്ന സ്കൂൾ പുതുക്കിപ്പണിതു കൊടുക്കുകയും ചെയ്യുന്ന രീതിയും ഐസക് മന്ത്രിക്കുണ്ടായിരുന്നു. ബഡ്ജറ്റിൽ നീക്കിവെച്ച തുക കൊണ്ട് സ്കൂൾ പെട്ടെന്നു പണിയാൻ പറ്റിയില്ലെങ്കിൽ അദ്ദേഹം സ്പോൺസർമാരെ കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നു. ആവശ്യപ്പെട്ടാൽ കോടികൾ സംഭാവന ചെയ്യാൻ പറ്റിയ സ്പോൺസർമാർ അദ്ദേഹത്തിന് രാജ്യത്തിനകത്തും പുറത്തും അന്നുണ്ടായിരുന്നു.
പക്ഷെ ഇന്നദ്ദേഹം പാപ്പരാണ്. കുളിക്കാൻ ആവശ്യമായ ചുട്ടിത്തോർത്ത് പോലും വാങ്ങാൻ കാശില്ല എന്നാണ് ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തിൽ അദ്ദേഹത്തെ സംബന്ധിച്ച് വന്ന ഒരു വാർത്ത. അദ്ദേഹം തന്നെയാണോ വാർത്ത കൊടുത്തതെന്ന് അറിയില്ലെങ്കിലും അത് വായിച്ചവർക്ക് അദ്ദേഹം തന്റെ ഭീമമായ പെൻഷൻ തുക എന്തുചെയ്യുന്നു എന്ന് സംശയം തോന്നിയിരുന്നു. ശ്രീമാൻ എ കെ ആൻറണിയെ പോലെ കുതിരപ്പന്തയത്തിന് പോകുന്ന സ്വഭാവം ഇദ്ദേഹത്തിനും ഉണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റുപറയാനാവില്ല. ഇലക്ഷൻ നോമിനേഷൻ കൊടുക്കുമ്പോൾ കാണുന്ന കാര്യമായിരുന്നു എ കെ ആന്റണിക്ക് കാൽകാശ് നീക്കിയിരുപ്പില്ലെന്നത്
ബജറ്റ് വായിക്കുമ്പോൾ അംഗങ്ങൾ ഉറങ്ങാതിരിക്കാനും ഉറങ്ങുന്നവരെ ഉണർത്താനുമുള്ള ഉപായം ആയിരുന്ന മൊഞ്ചത്തിക്കവിതകൾ പാടെ ഉപേക്ഷിച്ചതിലൂടെ ബാലഗോപാലജി മന്ത്രി അദ്ദേഹത്തിൻറെ മുൻഗാമിയെ പൂർണമായി അവഗണിക്കുകയായിരുന്നോ എന്ന് സംശയിക്കണം :
കട്ടിയായ കണക്കുകൾ പറയാൻ കവിതകളെ കൂട്ടുപിടിക്കുന്ന ശീലമായിരുന്നു തോമസ് ജി ഐസക് ജി മന്ത്രിയുടേത്. പിണറായി സർക്കാരിനെ പുകഴ്ത്താനും കേന്ദ്ര സർക്കാരിനെ വിമർശിക്കാനും അദ്ദേഹംകവിതകൾ വിദഗ്ധമായി ഉപയോഗിച്ചിരുന്നു.
ചിരിയോടുചിരിയാണ് ഐസ്ക്ജിയുടെ
മുഖമുദ്ര. അതുകൊണ്ട് അദ്ദേഹത്തിൻറെ ബജറ്റ് പ്രഖ്യാപനങ്ങൾ പലതും ജനങ്ങൾ അത്ര കാര്യമായി എടുത്തിരുന്നില്ല.
പക്ഷെ ബാലഗോപാൽജിക്ക് ചിരി ഇല്ലെന്നു തന്നെ പറയാം. മാത്രമല്ല, കഥകളും കവിതകളും വായിച്ച് കേന്ദ്രത്തിനെതിരെ താക്കീതും വിമർശനവും ഇല്ല. പക്ഷെ ബജറ്റ് പ്രഖ്യാപനങ്ങൾ ലക്ഷ്യം കാണണമെങ്കിൽ പണം വേണം. പണലഭ്യത, അത് തുടക്കത്തിൽ പരാമർശിച്ച കാർന്നോരുടെ ലോട്ടറി ടിക്കറ്റിനെ ആശ്രയിച്ചാണെന്നു മാത്രം.