സംഘടനകള്‍ തെരുവുനായ്ക്കളെ കൊല്ലരുത്: സുപ്രീംകോടതി
November 17, 2016
ന്യൂദല്‍ഹി: തെരുവുനായ്ക്കളെ കൊല്ലുന്ന കേരളത്തിലെ സംഘടനകള്‍ക്കെതിരെ സുപ്രീംകോടതി. സംഘടനകള്‍ എത്രയും വേഗം തെരുവു നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും നായ്ക്കളെ കൊല്ലാന്‍ പരസ്യമായ ആഹ്വാനം നടത്തിയ ജോസ് മാവേലി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
തെരുവ് നായ്ക്കളെ കൊല്ലാനുള്ള ചുമതല സ്വയം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെപ്പറ്റി ജസ്റ്റിസ് സിരിജഗന്‍ കമ്മറ്റി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലെ ഒരു കൂട്ടം സംഘടനകളും ക്ലബ്ബുകളും നിയമം ലംഘിച്ച് തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന് മൃഗസ്‌നേഹി സംഘടനയാണ് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള സംഘടനകള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യമാണ്. കുട്ടികള്‍ക്ക് നായ്ക്കളെ കൊല്ലാന്‍ പരിശീലനം നല്‍കുന്നു. എയര്‍ഗണ്ണും സ്വര്‍ണ്ണ നാണയങ്ങളും സമ്മാനമായി നല്‍കുന്നു തുടങ്ങിയ കാര്യങ്ങളും മൃഗസ്‌നേഹി സംഘടന കോടതിയില്‍ ചൂണ്ടിക്കാട്ടി.
നായകളെ കൊല്ലുന്നതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നിരിക്കെ ഇത്തരത്തിലുള്ള സംഘടനകളുടെ ആവശ്യമെന്തെന്ന് കോടതി ചോദിച്ചു. സംഘടനകള്‍ നിയമപരമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കി. ഇതേ തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശമുണ്ടായത്. സംഘടനകളുടെ പ്രവര്‍ത്തനത്തെ പറ്റി ജസ്റ്റിസ് സിരിജഗന്‍ കമ്മറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. തെരുവ് നായ്ക്കളെ കൊന്ന് കൂട്ടിയിട്ട് പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട 17 കേസുകളില്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ നേരിട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.
തെരുവ് നായകളെ കൊല്ലുന്നത് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും കേരള സര്‍ക്കാര്‍ കര്‍ശനമായി പാലിക്കണമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന ചട്ടങ്ങള്‍ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തെരുവ് നായ പ്രശ്‌നത്തില്‍ നടപടി സ്വീകരിക്കാന്‍ അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന്മേല്‍ കോടതി തീരുമാനം പറഞ്ഞില്ല.