Wednesday, 26 April 2023

കെൽട്രോൺ

#കെൽട്രോൺ

കേരള സർക്കാരിൻറെ സ്വന്തം ഇലക്ട്രോണിക്സ് കമ്പനിയാണ് കെൽട്രോൺ

നിലവാരമില്ലാത്ത പ്രോഡക്റ്റ് ഇറക്കുന്നതായിരുന്നു കെൽട്രോണിന്റെ ആദ്യകാല രീതി. ഫെതർ ടച്ച് മാതൃകയിലുള്ള കാസിയോയുടെ കാൽക്കുലേറ്റർ പ്രചാരത്തിൽ ഉണ്ടായിരുന്ന കാലത്താണ് 330 രൂപ മുടക്കി ഞാൻ ഒരു കെൽട്രോൺ കാൽകുലേറ്റർ വാങ്ങിയ്ത്, 1977-ൽ . അന്ന് എനിക്ക്ശമ്പളം 550 രൂപയായിരന്നു. 

ഒരു മാസം കൊണ്ട് കേടായി . വാറന്റി ഉള്ളതുകൊണ്ട് . റിപ്പയർ ചെയ്തു കിട്ടി. മുല്ലക്കൽ സീറോ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന റേഡിയന്റ് സെയിൽസ് ആൻഡ് സർവീസ് ആയിരുന്നു കച്ചവടക്കാർ . പക്ഷെ കാൽക്കുലേറ്ററിന്റെ ബട്ടൺ അമർത്താൻ ഒരു വിരലിന്റെ ബലം മതിയാകുമായിരുന്നില്ല.

 അതുപോലെതന്നെയാണ് കെൽട്രോണിന്റെ കമ്പ്യൂട്ടർ. 2001 ലാണ് വി എം സുധീരൻ എംപിയുടെ ഫണ്ടിൽ നിന്ന് കോളേജിലേക്ക് 10 ടേബിൾ ടോപ്പ് കമ്പ്യൂട്ടർ ലഭിച്ചത്. രണ്ടെണ്ണം ഞങ്ങളുടെ ഡിപ്പാർട്ട്മെൻറിനും കിട്ടി. അതിലെ ബട്ടൺ - കീ അമർത്താൻ പിള്ളക്കല്ല് തന്നെ വേണമായിരുന്നു . രണ്ടുവർഷം ആ കമ്പ്യൂട്ടറുകൾക്ക് ആയുസ്സ് കിട്ടിയില്ല. 

വിപ്രോയുടെ രണ്ട് നല്ലകമ്പ്യൂട്ടർ ഉണ്ടായിരുന്നതുകൊണ്ട് കുട്ടികൾപഠിച്ച് പരീക്ഷ എഴുതി. വി.എം. സുധീരന്റെ വികസനപ്രവർത്തനങ്ങളിലെ  വലിയ പരാജയമായിരുന്നു കെൽട്രോണിന്റെ കമ്പ്യൂട്ടർ വിതരണം എന്നു ഞാൻ പറയും. . അദ്ദേഹത്തിന് അറിയാമായിരിക്കില്ല കെൽട്രോൺ കമ്പ്യൂട്ടറിൻറെ നിലവാരമില്ലായ്മ.

 കെൽട്രോൺ ടിവി വാങ്ങി ഉപയോഗച്ചവർ പറയട്ടെ അതിൻറെ ഗുണമേന്മ.

ഇലക്ട്രോണിക്സിന്‍റെ പേരിൽ ഏറ്റവും അധികം  ജനങ്ങളെ ചൂഷണം ചെയ്ത കമ്പനിയാണ് കെൽട്രോൺ ,

അവരുടെ പഴയ നിലവാരം ഇങ്ങനെയെങ്കിൽ പുതിയത് പറയേണ്ട കാര്യമില്ലല്ലോ? എ ഐ ക്യാമറയിലെ അവരുടെ ഇടപാട് തന്നെ തെളിവ് !

- കെ എ സോളമൻ

Wednesday, 5 April 2023

കുമ്പളങ്ങി #നൈറ്റ്സ് -പുനർവായന

#കുമ്പളങ്ങി #നൈറ്റ്സ് -പുനർവായന

കാശു കൊടുത്താൽ ഏതു വിധത്തിലും റിവ്യു എഴുതി  പ്രസിദ്ധീകരിപ്പിക്കാം. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ കണ്ടു കഴിഞ്ഞ് ഇതേക്കുറിച്ചുള്ള ഇറങ്ങിയിട്ടുള്ള റിവ്യൂ വായിച്ചാൽ അങ്ങനെയാണ് തോന്നുക. ക്ഷൗരക്കത്തിയുടെ ബലത്തിൽ പ്രതിനായകൻ സ്വന്തം ഭാര്യയെയും മറ്റു രണ്ടു സ്ത്രീകളെയും, ഒച്ചയനക്കം പോലും പുറത്തു കേൾപ്പിക്കാതെ, മർദ്ദിച്ച് അവശരാക്കി വീട്ടിൽകെട്ടിയിട്ടത് എങ്ങനെയെന്ന് ചോദിക്കാനെ പാടില്ല. കാരണം ഇത് യഥാർത്ഥ ജീവിതകഥ അവതരിപ്പിക്കുന്ന സിനിമയാണ്!

മനസ്സ് വിങ്ങിയവരുടെ വിങ്ങൽ മാറ്റുന്ന അനുഭവമാണ് കുമ്പളങ്ങി നൈറ്റ്‌സ് കണ്ടാൽ ഉണ്ടാകുകയെന്ന് ആരെങ്കിലും നിരീക്ഷിച്ചാൽ തെറ്റുപറയാനില്ല. സിനിമ തുടങ്ങുന്നത് തന്നെ നായകന്മാരിൽ ഒരാൾമദ്യത്തിൽ വായ് കഴുകിക്കൊണ്ടാണ്. മദ്യം ഏതുതരം വിങ്ങലാണ് മാറ്റാതിരിക്കുന്നത്? മദ്യം കൊണ്ട് വായ് കഴുകുമ്പോൾ വെള്ളം ചേർക്കേണ്ടതില്ലെന്നും പുറത്തേക്കു തുപ്പേണ്ടതിന്റെ ആവശ്യമില്ലെന്നും ഉള്ള ഫ്രീക്കൻ സന്ദേശം സിനിമയിലുണ്ട്.

ആമേൻ, അങ്കമാലി ഡയറീസ്, ഈ.മ. യൗ ജനുസിൽപെട്ട ഈ പടത്തിൽ 'മദ്യം ആരോഗ്യത്തിന് ഹാനികരം ' എന്ന ബേസ് ലൈൻ മുഴുനീളം കാണിക്കുന്നില്ല. മീൻ കറി ഒന്നു രണ്ടു തവണ കാണിക്കുന്നതല്ലാതെ പോത്തിറച്ചി കക്കൂസിലിട്ട് വരട്ടിക്കാണിച്ച്  കാണികളിൽ മനം പിരട്ടലുണ്ടാക്കാനുള്ള ശ്രമവുമില്ല.

ആമേൻ കുട്ടനാട്ടിലെ കൂടിയന്മാരുടെ ഇല്ലാക്കഥ പറയുന്നു.  അങ്കമാലി ഡയറിസിൽ അങ്കമാലിക്കാർ നിർമ്മല ഹൃദയമുള്ളവർ എന്നു പറയുമ്പോൾ തന്നെ കള്ളുകുടിയന്മാരും ഇറച്ചി തീറ്റക്കാരും സദാ വഴക്കാളികളുമണെന്ന് ചിത്രീകരണം  നിഷ്കളങ്കരായ ചെല്ലാനംകാരെപ്പറ്റിയുള്ള സിനിമ ഈ. മ. യൗ. വിൽ അവർ മുഴുക്കുടിയന്മാരും അസന്മാർഗ്ഗികളുമാണെന്ന് അവതരണം. അതിലെ കത്തോലിക്കാവൈദികൻ പോലും പരദൂഷണക്കാരൻ. അങ്ങനെ നോക്കുമ്പോൾ ചെല്ലാനത്തോടു ചേർന്നു കിടക്കുന്ന കുമ്പളങ്ങി - പള്ളിത്തോടു ദേശങ്ങളിലെ കാര്യങ്ങൾ മോശമാകാൻ പാടില്ല. അതു കൊണ്ടാവാം കുമ്പളങ്ങി പഞ്ചായത്തിലെ ഏറ്റവും മോശപ്പെട്ട കുടുംബം തന്നെ സിനിമയ്ക്കു വേണ്ടി തെരഞ്ഞെടുത്തത്. അല്ലെങ്കിൻ പ്രഫ കെ വി തോമസിനെ പോലുള്ളവരുടെ ജീവിതം സിനിമയ്ക്ക് ഇതിവൃത്തമാക്കുമായിരുന്നു. അദ്ദേഹമാണല്ലോ കരിമീൻ പിടിച്ച് ചെതുമ്പൽ കളയതെ പുഴുങ്ങിത്തിന്നുന്ന കുമ്പളങ്ങി വിദ്യ വെബ്സൈറ്റിൽ പരസ്യമാക്കിയതും  കുമ്പളങ്ങിയെ ടൂറിസ്റ്റു മാപ്പിൽ പ്രതിഷ്ഠിച്ചതും.

തുറവൂരിലും സമീപ പ്രദേശങ്ങളിലും ഒത്തിരി "തൂറുപറമ്പ് " ഉണ്ടായിരുന്നു. ശ്യാം പുഷ്കരൻ കേട്ടിട്ടുള്ളത് തീട്ടപ്പറമ്പ് എന്നാണ്. എങ്കിലീ തീട്ടപ്പറമ്പ് തുറവൂരിന് മാത്രം എന്തിന്, കുമ്പളങ്ങിക്കുമിരിക്കട്ടെ ഒരെണ്ണം എന്ന് അദ്ദേഹം കരുതി. ഓപ്പൺ ഡിഫക്കേഷന് എതിരല്ല നല്ലവരായ കുമ്പളങ്ങിക്കാർ എന്ന സദുദ്ദേശ്യം കൂടി തീട്ടപ്പറമ്പ് വർണ്ണനയിലുണ്ട്. മന്ത്രി കണ്ണന്താനമൊക്കെ കക്കൂസിനെക്കുറിച്ച് നിരന്തരം പറയുന്നുണ്ടെങ്കിലും അതില്ലാത്ത അവസ്ഥ നേരിട്ടു കാണാൻ ഏതെങ്കിലും വിദേശി കുമ്പളങ്ങിയിൽ എത്തിച്ചാർന്നാലോ? ഈ മാർക്കറ്റിംഗ് ടെക്നിക്കാണ് കുമ്പളങ്ങി ക്കാർക്കു വേണ്ടി നിർമ്മാതാക്കൾ  സ്വീകരിച്ചരിക്കുന്നത്. തീട്ടപ്പറമ്പ് എന്ന് പലകുറി കേൾക്കുമ്പോൾ ഫ്റീക്കൻമാരായ ആൺ പിള്ളേരു മൊത്തു ക്ളാസ് കട്ടു ചെയ്തു സിനിമയ്ക്കു വന്ന ഫ് റീക്കത്തികൾ തിയറ്ററിൽ ഇരുന്ന് കൂടുകൂടെ ചിരിക്കുന്നതിന് കാരണംമറ്റെന്താണ്?

പാൽപായസത്തിനു പകരം പട്ടിക്കാട്ടത്തിന് ഡിമാന്റ് വർദ്ധിക്കുന്ന കെട്ട കാലത്ത് ഇതു പോലുള്ള സിനിമകൾ ഇനിയുമിറങ്ങും. ഒരു പ്രത്യേക ജാതിയിൽ പെട്ടവരെ അല്ലെങ്കിൽ പ്രദേശത്തുള്ളവരെ ഇക്കൂട്ടർ തുടർന്നും അവഹേളിക്കും. കുറച്ച് ആഭാസന്മാരുടെ പെരുമാറ്റം കാണിച്ച് അതാണ് ആ സുദായത്തിന്റെ, പ്രദേശത്തിന്റെ മൊത്തം പ്രത്യേകതയെന്ന് ഇവർ കൊട്ടിഘോഷിക്കും. കുട്ടനാട്, അങ്കമാലി, ചെല്ലാനം,  പള്ളിത്തോടു വഴി കുമ്പളങ്ങി വരെ എത്തി കാര്യങ്ങൾ. ഒടുക്കം ഏതു നാട്ടിലാണ് ഈ നവ- തെറിസിനിമക്കാർ മൂക്കിടിച്ച് വീഴുകയെന്നതു പറയേണ്ടത് കാലമാണ്. അതിനായി ക്ഷമയോടെ കാത്തിരിക്കാം .
- കെ എ സോളമൻ