#ഡിസൈൻ നയം
കേരള മുഖ്യമന്ത്രിയുടെയും മരുമകൻ മന്ത്രിയുടെയും വിദേശയാത്രകൾ ഫലം കണ്ടു തുടങ്ങി.. അതുകൊണ്ടാണ് വിദേശത്തുള്ളവയുമായി ഇണങ്ങു വിധം സർക്കാർ സംവിധാനങ്ങളുടെ സൗന്ദര്യശാസ്ത്രം മെച്ചപ്പെടുത്താനുള്ള നടപടികൾ സംസ്ഥാനം സ്വീകരിക്കുന്നത്.
സർക്കാർ കെട്ടിടങ്ങൾക്കായി സവിശേഷമായ ഡിസൈൻ രൂപം സൃഷ്ടിക്കുന്നതിൽ പ്രത്യേക ഊന്നൽ നൽകിക്കൊണ്ട്, കാഴ്ചയിൽ ആകർഷകമായ ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ഡിസൈൻ നയം ലക്ഷ്യമിടുന്നത്; പൊതുമരാമത്ത് വകുപ്പ് മന്ത്രി എം.റിയാസ് പറയുന്നു. കള്ളുഷാപ്പുകൾ പോലും ഹൈടെക് ആകുമ്പോൾ സർക്കാർ കെട്ടിടങ്ങളും ആകർഷണമുള്ളവയാകണം.
എന്നാലിത്, അദ്ദേഹത്തിന്റെ വകുപ്പിന് ധനകാര്യ വകുപ്പിൽ നിന്ന് അംഗീകാരം ലഭിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിർഭാഗ്യവശാൽ, ധനമന്ത്രാലയം അപ്രതീക്ഷിത പണമൊഴുക്ക് പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ട്രഷറി ഇടപാടുകൾക്ക് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ സംസ്ഥാന ട്രഷറി പ്രത്യക്ഷത്തിൽ പൂച്ചകളുടെ ഒരു ലേബർ റൂമാണ്. 10 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾ മുൻപിൻ നോക്കാതെ നിരസിക്കുക എന്ന ഖജനാവ് നയം, ഡിസൈൻ പോളിസിയെ കീഴ്മേൽ മറിക്കാനാണ് സാധ്യത.