നിലവിലെ വിദ്യാഭ്യാസരംഗത്തെ വലിയൊരു മാഫിയയായി മാറിയിരിക്കുന്ന കോച്ചിംഗ് സെന്ററുകളെയും ഇന്റഗ്രേറ്റഡ് സ്കൂളുകളെയും നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾ അങ്ങേയറ്റം സ്വാഗതാർഹവും കാലഘട്ടത്തിന്റെ ആവശ്യവുമാണ്. കുട്ടികളുടെ ചിന്താശേഷിയെയും സർഗ്ഗാത്മകതയെയും തളർത്തുന്ന മൾട്ടിപ്പിൾ ചോയ്സ് ചോദ്യസമ്പ്രദായം പൂർണ്ണമായും ഒഴിവാക്കി, വിവരണാത്മക ചോദ്യങ്ങളും ഡെറിവേഷനുകളും, പ്രോബ്ലങ്ങളും ഉൾപ്പെടുത്തിയുള്ള പരീക്ഷാ രീതികൾ അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്.
കാണാതെ പഠിച്ച് പരീക്ഷ എഴുതുന്ന രീതി വിദ്യാർത്ഥികളുടെ അടിസ്ഥാന എഴുത്തുവിവരത്തെപ്പോലും ദോഷകരമായി ബാധിക്കുന്നു എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് ഒരു ദേശീയ നിയമം എത്രയും വേഗം കൊണ്ടുവരേണ്ടതുണ്ട്. സിനിമാ-ക്രിക്കറ്റ് താരങ്ങളെ വെച്ചുള്ള ടോപ്പർ പരസ്യങ്ങൾ നിരോധിക്കുന്നതും, അധ്യാപക യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്താൻ കോച്ചിംഗ് സെന്ററുകളെ നിർബന്ധിതരാക്കുന്നതും ഈ രംഗത്തെ വഞ്ചനകൾക്ക് അറുതിവരുത്തും.
സ്കൂളുകളുടെ പ്രവർത്തന രീതികൾ പരിഷ്കരിച്ച്, കുറ്റമറ്റ പരീക്ഷകളിലൂടെ യഥാർത്ഥ മിടുക്കരെ പ്രൊഫഷണൽ കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കുന്ന സുതാര്യമായ രീതിയാണ് രാജ്യത്തിന് വേണ്ടത്. മെട്രോ നഗരങ്ങളിലെ വൻകിട കോച്ചിംഗ് സെന്ററുകളിൽ ലക്ഷങ്ങൾ മുടക്കാൻ കഴിയാത്തതു കൊണ്ട് മാത്രം അർഹമായ അവസരങ്ങൾ നഷ്ടപ്പെടുന്ന ഗ്രാമീണ മേഖലയിലെ നിർദ്ധനരും മിടുക്കരുമായ ലക്ഷക്കണക്കിന് കുട്ടികൾക്ക് കേന്ദ്രസർക്കാരിന്റെ ഈ പുതിയ ഇടപെടൽ വലിയൊരു പ്രത്യാശയാണ് നൽകുന്നത്.
പണക്കൊഴുപ്പുള്ള കോച്ചിംഗ് മാഫിയകളുടെ ചൂഷണത്തിൽ നിന്ന് നമ്മുടെ വരുംതലമുറയെയും രാജ്യത്തിന്റെ വിദ്യാഭ്യാസ മൂല്യങ്ങളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ഈ വിപ്ലവാത്മകമായ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.
- കെ എ സോളമൻ
K A Solaman, Kaithakkal, SL Puram PO, Alappuzha DT, Kerala 688523
Ph 9142020185
(കെ എ സോളമൻ, എസ് എൽ പുരം)