പകര്‍ച്ചവ്യാധിക്ക് വഴിയൊരുക്കുന്നവര്‍ക്കെതിരെ നിയമ നടപടി
ആലപ്പുഴ: വീടും പരിസരവും വൃത്തിയാക്കാതെ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യമൊരുക്കുന്നവര്‍ കരുതിയിരിക്കുക. നിങ്ങള്‍ക്കെതിരെ ആരോഗ്യവകുപ്പ് നിയമനടപടിയെടുക്കും. രോഗം പരത്തുന്ന സാഹചര്യമൊരുക്കുന്നവര്‍ക്ക് ആരോഗ്യത്തിന്റെ നല്ല പാഠം പഠിപ്പിക്കാന്‍ ആരോഗ്യവകുപ്പിന്റെ ടീം ചൊവ്വാഴ്ച സംസ്ഥാനത്തെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തും. ഇതിനായി ഓരോ ജില്ലയിലും നൂറില്‍പ്പരം ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്.
സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് വീടുകളിലെയും സ്ഥാപനങ്ങളിലെയും പരിശോധന. കൊതുക് ജന്യരോഗം കൂടുതലുള്ള പ്രദേശങ്ങള്‍, കൊതുക് ജന്യരോഗം പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, ക്ഷയരോഗം സ്ഥിരീകരിച്ചിട്ടും രോഗികള്‍ മരുന്ന് കഴിക്കാന്‍ തയ്യാറാകാത്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരിക്കും പരിശോധന. പരിശോധന നടത്തുന്ന വീട്ടുകാര്‍ക്ക് ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കും. വീടും പരിസരവും ശുചിയാക്കാന്‍ നിശ്ചിത സമയവും അനുവദിക്കും. ഇക്കാലയളവിനുള്ളില്‍ പരിസരം ശുചിയാക്കാത്തവര്‍ക്കെതിരെ നിയമ നടപടിയുള്‍പ്പെടെയുള്ളവ സ്വീകരിക്കാനാണ് നിര്‍ദേശം.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഹോട്ടലുകള്‍, ലാബുകള്‍, സ്‌കാനിങ് കേന്ദ്രങ്ങള്‍, ഐസ് പ്ലാന്റുകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നത്.
ഇതിനുമുമ്പ് ചേര്‍ത്തല തുറവൂര്‍ ഭാഗത്ത് താറാവ് വളര്‍ത്തിയ വീട്ടമ്മയ്‌ക്കെതിരെ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യമൊരുക്കിയതിന് കേസെടുത്തത് ഏറെ ചര്‍ച്ചയായിരുന്നു. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ നോട്ടീസ് നല്കിയ ശേഷമായിരിക്കും നിയമനപടിയെടുക്കുക.
.കമന്‍റ്: വീടുകളിലെ പരിശോധന കൊള്ളാം. ജനത്തെ പിഴിയാന്‍ഒരു മാര്‍ഗം കൂടി. സ്ക്വാഡായ് തിരിഞു വീടുകളിലേക്കു പായും മുമ്പു റോഡ് വക്കുകളിലെ ചീഞ്ഞമീന്‍ കച്ചോടം കൂടി കാണുക.. മൂക്ക് പൊത്തിയാണ് ജനം നടക്കുന്നത്. സ്കൂള്‍-കോളേജ് കുട്ടികള്‍ ബസ്സിറങ്ങുന്ന സ്ഥലങ്ങളില്‍ പോലും തകര്‍പ്പന്‍ മല്‍സ്യവ്യാപാരം. ഇതുപകര്‍ച്ചവ്യാധിക്ക് കരണമാവില്ലെന്ന് ആരോഗ്യവകുപ്പ് കരുതുന്നുണ്ടോ? തെരവു ആദ്യം വൃത്തിയാക്കുക.
പണ്ട് രാജ ഭരണകാലത്ത് മല്‍സ്യ വ്യാപാരം എങ്ങനെയായിരുന്നുവെന്ന് വായിച്ചുപഠിക്കൂ, എന്നിട്ടാവാം വീടുകള്‍ നിരങ്ങിയുള്ള ആരോഗ്യബോധവല്‍ക്കരണം.-.
കെ എ സോളമന്‍