ആലപ്പുഴ: സിപിഎമ്മും, കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളി രാഷ്ട്രീയം നിയമസഭാ തെരഞ്ഞടുപ്പിലും തുടരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയുടെ പ്രതിരൂപം എന്ന് വ്യാപകമായി വിമര്‍ശിക്കപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ എസ്എഫ്‌ഐ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം ‘സഹായിച്ചപ്പോള്‍’, പ്രതിപക്ഷ നേതാവിനെതിരെ കെഎസ്‌യു നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയാണ് കോണ്‍ഗ്രസ് നന്ദി കാട്ടിയത്.
അഞ്ചു വര്‍ഷമായി സിപിഎമ്മും, കോണ്‍ഗ്രസും നടത്തിയ ഒത്തുതീര്‍പ്പ് രാഷ്ട്രീയം ഇരുകൂട്ടരും തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ സമരങ്ങളെല്ലാം ഒത്തുതീര്‍പ്പ് സമരങ്ങളാണെന്ന് ആദ്യം ആക്ഷേപം ഉന്നയിച്ചത് അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യന്‍ രവീന്ദ്രനായിരുന്നു. സിപിഎം ഈ ആരോപണം നിഷേധിച്ചെങ്കിലും സോളാര്‍ തട്ടിപ്പിനെതിരെയുള്ള സമരം പൊളിഞ്ഞതോടെ പൊതുജനത്തിന് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമായി.
വിജയം വരെ സെക്രട്ടറിയേറ്റ് ഉപരോധം എന്ന് പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അണികളെയെത്തിച്ച് നടത്തിയ സമരം നേരം ഇരുട്ടിവെളുത്തതോടെ അവസാനിപ്പിക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ കൊട്ടിഘോഷിച്ച് നടത്തിയ സമരങ്ങളെല്ലാം കോണ്‍ഗ്രസുമായുള്ള അവിശുദ്ധ നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ സിപിഎം പൊളിച്ചു. ഇതേത്തുടര്‍ന്ന് സിപിഐക്ക് പലപ്പോഴും ഒറ്റയ്ക്ക് സമരം നടത്തേണ്ടി വന്നു. സോളാര്‍ത്തട്ടിപ്പും, ബാര്‍ക്കോഴ ഇടപാടുകളും സിബിഐ അന്വേഷണത്തിന് വിടാതിരിക്കാന്‍ സര്‍ക്കാരിനെ തുണച്ചതും സിപിഎമ്മിന്റെ ഇടപെടലുകളായിരുന്നു.
ടിപി വധക്കേസിലും, കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലും ഗൂഢാലോചന നടത്തിയവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതെ കോണ്‍ഗ്രസും പ്രത്യുപകാരം കാട്ടി. സര്‍ക്കാരിന്റെ അഴിമതിയില്‍ സിപിഎമ്മും, സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസും നടത്തിയ ഒത്തുകളി തെരഞ്ഞടുപ്പ് കാലയളവിലും തുടരുകയാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ എസ്എഫഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് പി. തോമസിനെയും, അച്യുതാനന്ദനെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയിയേയും മത്സരിപ്പിക്കുന്നത് പോരാട്ടത്തിന് ഇരുപാര്‍ട്ടികളും കോളേജ് തെരഞ്ഞടുപ്പിന്റെ ഗൗരവം മാത്രമേ നല്‍കുന്നുള്ളുവെന്ന് വ്യക്തമാക്കുന്നു.
കമന്‍റ് : അല്ലാതെ പിള്ളാര്‍ എന്തു ചെയ്യാനാ?
-കെ എ സോളമന്‍
No comments:
Post a Comment