Friday, 19 January 2018

ആസ്ഥാന വിദഗ്ധനും ആഗോള വിദഗ്ധയും

ഇന്ത്യക്കു എതിരും ചൈനയ്ക്ക് അനുകൂലവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ചിലരുടെയെങ്കിലും  ഉള്ളിൽ അദ്ദേഹത്തെ ക്കുറിച്ച് അവമതിപ്പ് ഉളവാക്കിയിട്ടുണ്ട്. മുന്നോക്ക കമ്മിഷൻ ചെയർമാനും ഇപ്പോൾ ഇടതു സഹയാത്രികനുമായ ആർ ബി പിള്ള മുമ്പൊരിക്കൽ ചോദിച്ചു: അമേരിക്കയും ഇന്ത്യയും തമ്മിൽ യുദ്ധം പ്രഖ്യാപിച്ചൽ മന്ത്രി തോമസ് ഐസക്കും ആർക്കൊപ്പം നില്ക്കുമെന്ന്? മറ്റു തിരക്കുകൾ  ഉള്ളതു കൊണ്ടാവണം ഐസക്ക് ഇതുവരെ പരസ്യമായി മറുപടി പറഞ്ഞിട്ടില്ല. ഒരു പക്ഷെ നിലവിൽ ഒരുമിച്ചു ഉണ്ണുന്നതു കാരണം പിള്ളയുടെ ചെവിയിൽ  മറുപടി പറഞ്ഞു കാണണം .

ചോദിക്കാൻ പറ്റിയ മറ്റൊരു ചോദ്യം കോടിയേരിയോടു ഇങ്ങനെ ആവാം. ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധപ്രഖ്യാപനമുണ്ടായാൽ കോടിയേരി ആർക്കൊപ്പം നില്ക്കുമെന്ന്. ചോദിക്കുന്ന ആൾക്കു തന്നെ ഉത്തരം ഊഹിച്ചെടുക്കാവുന്നതേയുള്ളു.

ഇന്ത്യയെ മാറ്റിനിർത്തി  ഐസക്കിനോടും കോടിയേരിയോടും സംയുക്തമായി ചോദിക്കാവുന്ന ചോദ്യമുണ്ട്: അമേരിക്കയും ചൈനയും തമ്മിൽ യുദ്ധമുണ്ടായാൽ ഇവർ രണ്ടാളും ആർക്കൊപ്പം നില്ക്കുമെന്ന് ?

കേന്ദ്രകമ്മിറ്റി അംഗമാണങ്കിലും ആലപ്പുഴ ജില്ലയിൽ സംസ്ഥാന കമ്മിറ്റി അംഗത്തിനാണ് പ്രാമുഖ്യം. ജില്ലയിൽ ജി.സുധാകരൻ പറയുന്നതാണ് പാർട്ടി നയം, ഐസക്ക് പറയുന്നതല്ല. അതു കൊണ്ടാണ് ഐസക്ക് കൈകാര്യം ചെയ്യുന്ന കയർ വകുപ്പ് അദ്ദേഹത്തിന്റെ ചുമതലയിൽ നിന്ന്  മാറ്റി സുധാകരനെ ഏല്പിക്കാൻ ചില ഏരിയാ കമ്മിറ്റി സമ്മേളനങ്ങൾ ആവശ്യപ്പട്ടത്. ധനവകുപ്പ് തന്നെ ഐസക്കിന്റെ കൈയ്യിൽ ഒതുങ്ങാത്ത സ്ഥിതിക്ക് ഇത്തരമൊരു ആവശ്യത്തിന് പ്രസക്തിയുണ്ട്.

കഴിഞ്ഞ ബജറ്റിൽ 50000 കോടി രൂപയാണ് വികസന പ്രവർത്തനങ്ങൾക്ക്  അദ്ദേഹം വകയിരുത്തിയത്. ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തിയാൽ 50000 കോടിക്കു പകരം ലക്ഷം കോടി ഈയർമാർക്കു ചെയ്താലും കുഴപ്പമില്ലെന്ന് മനസ്സിലാകും. മലർപ്പൊടിക്കാരന് പലലക്ഷം കോടികൾ സ്വപ്നം കാണാമല്ലോ?

ഐസക്കിന്റെ സ്വപ്ന പദ്ധതിയായ കിഫ് ബി ആയിരുന്നു വരുമാനത്തിന്റെ ശ്രോതസ് . കോൺഗ്രസിന്റെ മുട്ടുശാന്തി പ്രസിഡന്റ് ഹസൻ കിഡ്നിയെന്നു വിളിക്കുന്ന കിഫ്ബി യിൽ വിചാരിച്ച പോലെ പണമെത്തുന്നില്ല, അതു കൊണ്ടു വികസന പ്രവർത്തനവുമില്ല.

കിഫ്ബി, ബജറ്റിന്റെ ഭാഗമാണെന്ന് ആധികാരികമായിപ്പറയാൻ അവകാശമുള്ളത് ആസ്ഥാന സാമ്പത്തിക വിദഗ്ധനായ ധനമന്ത്രിക്കാണെങ്കിലും അങ്ങനെയല്ലെന്നാണ് മുഖ്യമന്ത്രിയുട ഉപദേഷ്ടാവും.ആഗോള സാമ്പത്തിക വിദഗ്ധയുമായ ഗീതാ ഗോപിനാഥിന്റെ അഭിപ്രായം . കിഫ്ബി
പൊതിഞ്ഞു കെട്ടി മൂലയ്ക്കു വെച്ചിട്ട് ചെലവുചുരുക്കാനാണ് ആഗോള വിദഗ്ധയുടെ ഒട്ടും അഭികാമ്യമല്ലാത്ത നിർദ്ദേശം

സംഗതി വളരെ സിമ്പിൾ. സംസ്ഥാനത്തിന്റെ മുഖ്യ ചെലവ് ശമ്പളവും പെൻഷനും ആണ്. ചെലവുചുരുക്കുമ്പോൾ ഇവരണ്ടും കൊടുക്കാതിരിക്കണം, അല്ലെങ്കിൽ കൊടുക്കുന്നത് കുറയ്ക്കണം . ശമ്പളം കുറയ്ക്കാൻ ജീവനക്കാർ സമ്മതിക്കില്ല. ബലാൽക്കാരമായി കുറച്ചാൽ എം എൽ എ മാരുടെയും മന്ത്രിമാരുടെയും റ്റി എ- ഡിഎ പോലും അവർ എഴുതില്ല. പിന്നെയുള്ളത് പെൻഷൻകാരാണ്.

കെ എസ്  ആർ ടി സി പെൻഷൻകാർക്കു കൂട്ടായി. സംസ്ഥാന പെൻഷൻകാരെ  കാത്തിരിക്കുന്നത് അവരുടെ അവസ്ഥയാണെന്നതിൽ ആർക്കാണ് അപ്പോൾ  തർക്കം?

കെ എ സോളമൻ

No comments:

Post a Comment