Thursday, 29 March 2018

ശബ്ദമലിനീകരണം തടയണം

വീടിനു പരിസരത്തെ ശബ്ദമലിനീകരണം നിര്‍ത്തലാക്കാന്‍ കഴിവില്ലാത്ത ഭര്‍ത്താവിനെ വേണ്ടെന്ന് തീരുമാനിച്ച് യുവതി വിവാഹമോചനം ആവശ്യപ്പെട്ടതായി ബീഹാറിലെ ഹാജിപ്പൂരില്‍നിന്നു റിപ്പോര്‍ട്ടു ചെയ്യുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് യുവതി മനുഷ്യാവകാശ കമ്മീഷനെയും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും സമീപിച്ചിരിക്കുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതില്ല. കേരളത്തിലെ യുവതികളും ഈ വിധം ചിന്തിച്ചാല്‍ കേസുകളുടെ വേലിയേറ്റം തന്നെ ഉണ്ടാകും.
മതപരമായ ചടങ്ങുകളുടെ പേരില്‍ കേരളത്തിലെ  തെരുവുകളില്‍ എപ്പോഴും ഉച്ചഭാഷിണികളുടെ ശബ്ദമാണ്. രാഷ്ട്രീയക്കാരുടെ ശബ്ദഘോഷങ്ങള്‍ പരിധി ലംഘിക്കുന്നു. നിരോധനമുണ്ടെങ്കിലും വാഹനങ്ങളില്‍ ചീറിപ്പാഞ്ഞ് അനൗണ്‍സ്‌മെന്റ് നടത്തുന്നതും വര്‍ദ്ധിച്ചു. അടിയന്തര ഘട്ടമല്ലെങ്കിലും  ആംബുലന്‍സുകളുടെ ശബ്ദമലനീകരണം പലപ്പോഴും പരിധി ലംഘിക്കുന്നു. സൈലന്‍സര്‍ നീക്കം ചെയ്ത ബൈക്കുകള്‍ ഉണ്ടാകുന്ന ശബ്ദം 100 ഡെസിബലിനു മുകളിലാണ്.
വെടിക്കെട്ടിനു നിരോധമുണ്ടെങ്കിലും അധികൃതരെ കബളിപ്പിച്ച് യഥേഷ്ടം നടത്തപ്പെടുന്നു. പ്രായമായവരും രോഗികളും പരീക്ഷയ്ക്കു പഠിക്കുന്ന കുട്ടികളും ശബ്ദശല്യം മൂലം പൊറുതിമുട്ടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് അധികമാരും പരാതി നല്‍കാന്‍ പോകുന്നില്ല എന്നതാണ് ശബ്ദമലിനീകരണം യഥേഷ്ടം നടത്താല്‍ ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത്. ഇനി അഥവാ പരാതി കൊടുത്താല്‍ പരാതിക്കാരനെ മോശമായി ചിത്രീകരിക്കുന്നല്ലാതെ നടപടി ഒന്നുമുണ്ടാകാറില്ല.


സര്‍ക്കാരിനെ സാമ്പത്തികമായി താങ്ങിനിര്‍ത്തുവാന്‍ നിരന്തര ഹെല്‍മെറ്റ് വേട്ടയ്ക്കു നിയോഗിച്ചിരിക്കുന്ന പോലീസിനെ ശബ്ദമലനീകരണം തടയുന്നതിനായി മാറ്റി നിയമിച്ചാല്‍ അത് നാട്ടുകാരോട്  കാണിക്കുന്ന വലിയ കാരുണ്യ പ്രവൃത്തിയാകും. സര്‍ക്കാരിന് ഖജനാവ് നിറയുകയും ചെയ്യും.
കെ.എ. സോളമന്‍,
ചേര്‍ത്തല
(ജന്മഭുമി, വെള്ളി 30, മാർച്ച് 2018)

No comments:

Post a Comment