കാശു കൊടുത്താൽ ഏതു വിധത്തിലും റിവ്യു എഴുതി പ്രസിദ്ധീകരിപ്പിക്കാം. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ കണ്ടു കഴിഞ്ഞ് ഇതേക്കുറിച്ചുള്ള ഇറങ്ങിയിട്ടുള്ള റിവ്യൂ വായിച്ചാൽ അങ്ങനെയാണ് തോന്നുക. ക്ഷൗരക്കത്തിയുടെ ബലത്തിൽ പ്രതിനായകൻ സ്വന്തം ഭാര്യയെയും മറ്റു രണ്ടു സ്ത്രീകളെയും, ഒച്ചയനക്കം പോലും പുറത്തു കേൾപ്പിക്കാതെ, മർദ്ദിച്ച് അവശരാക്കി വീട്ടിൽകെട്ടിയിട്ടത് എങ്ങനെയെന്ന് ചോദിക്കാനെ പാടില്ല. കാരണം ഇത് യഥാർത്ഥ ജീവിതകഥ അവതരിപ്പിക്കുന്ന സിനിമയാണ്!
മനസ്സ് വിങ്ങിയവരുടെ വിങ്ങൽ മാറ്റുന്ന അനുഭവമാണ് കുമ്പളങ്ങി നൈറ്റ്‌സ് കണ്ടാൽ ഉണ്ടാകുകയെന്ന് ആരെങ്കിലും നിരീക്ഷിച്ചാൽ തെറ്റുപറയാനില്ല. സിനിമ തുടങ്ങുന്നത് തന്നെ നായകന്മാരിൽ ഒരാൾമദ്യത്തിൽ വായ് കഴുകിക്കൊണ്ടാണ്. മദ്യം ഏതുതരം വിങ്ങലാണ് മാറ്റാതിരിക്കുന്നത്? മദ്യം കൊണ്ട് വായ് കഴുകുമ്പോൾ വെള്ളം ചേർക്കേണ്ടതില്ലെന്നും പുറത്തേക്കു തുപ്പേണ്ടതിന്റെ ആവശ്യമില്ലെന്നും ഉള്ള ഫ്രീക്കൻ സന്ദേശം സിനിമയിലുണ്ട്.
ആമേൻ, അങ്കമാലി ഡയറീസ്, ഈ.മ. യൗ ജനുസിൽപെട്ട ഈ പടത്തിൽ 'മദ്യം ആരോഗ്യത്തിന് ഹാനികരം ' എന്ന ബേസ് ലൈൻ മുഴുനീളം കാണിക്കുന്നില്ല. മീൻ കറി ഒന്നു രണ്ടു തവണ കാണിക്കുന്നതല്ലാതെ പോത്തിറച്ചി കക്കൂസിലിട്ട് വരട്ടിക്കാണിച്ച് കാണിച്ച് കാണികളിൽമനം പിരട്ടലുണ്ടാക്കാനുള്ള ശ്രമവുമില്ല.
ആമേൻ കുട്ടനാട്ടിലെ കൂടിയന്മാരുടെ ഇല്ലാക്കഥ പറയുന്നു. അങ്കമാലി ഡയറിസിൽ അങ്കമാലിക്കാർ നിർമ്മല ഹൃദയമുള്ളവർ എന്നു പറയുമ്പോൾ തന്നെ കള്ളുകുടിയന്മാരും ഇറച്ചി തീറ്റക്കാരും സദാ വഴക്കാളികളുമണെന്ന് ചിത്രീകരണം നിഷ്കളങ്കരായ ചെല്ലാനംകാരെപ്പറ്റിയുള്ള സിനിമ ഈ. മ. യൗ. വിൽ അവർ മുഴുക്കുടിയന്മാരും അസന്മാർഗ്ഗികളുമാണെന്ന് അവതരണം. അതിലെ കത്തോലിക്കാവൈദികൻ പോലും പരദൂഷണക്കാരൻ. അങ്ങനെ നോക്കുമ്പോൾ ചെല്ലാനത്തോടു ചേർന്നു കിടക്കുന്ന കുമ്പളങ്ങി - പള്ളിത്തോടു ദേശങ്ങളിലെ കാര്യങ്ങൾ മോശമാകാൻ പാടില്ല. അതു കൊണ്ടാവാം കുമ്പളങ്ങി പഞ്ചായത്തിലെ ഏറ്റവും മോശപ്പെട്ട കുടുംബം തന്നെ സിനിമയ്ക്കു വേണ്ടി തെരഞ്ഞെടുത്തത്. അല്ലെങ്കിൻ പ്രഫ കെ വി തോമസിനെ പോലുള്ളവരുടെ ജീവിതം സിനിമയ്ക്ക് ഇതിവൃത്തമാക്കുമായിരുന്നു. അദ്ദേഹമാണല്ലോ കരിമീൻ പിടിച്ച് ചെതുമ്പൽ കളയതെ പുഴുങ്ങിത്തിന്നുന്ന കുമ്പളങ്ങി വിദ്യ വെബ്സൈറ്റിൽ പരസ്യമാക്കിയതും കുമ്പളങ്ങിയെ ടൂറിസ്റ്റു മാപ്പിൽ പ്രതിഷ്ഠിച്ചതും.
തുറവൂരിലും സമീപ പ്രദേശങ്ങളിലും ഒത്തിരി "തൂറുപറമ്പ് " ഉണ്ടായിരുന്നു. ശ്യാം പുഷ്കരൻ കേട്ടിട്ടുള്ളത് തീട്ടപ്പറമ്പ് എന്നാണ്. എങ്കിലീ തീട്ടപ്പറമ്പ് തുറവൂരിന് മാത്രം എന്തിന്, കുമ്പളങ്ങിക്കുമിരിക്കട്ടെ ഒരെണ്ണം എന്ന് അദ്ദേഹം കരുതി. ഓപ്പൺ ഡിഫക്കേഷന് എതിരല്ല നല്ലവരായ കുമ്പളങ്ങിക്കാർ എന്ന സദുദ്ദേശ്യം കൂടി തീട്ടപ്പറമ്പ് വർണ്ണനയിലുണ്ട്. മന്ത്രി കണ്ണന്താനമൊക്കെ കക്കൂസിനെക്കുറിച്ച് നിരന്തരം പറയുന്നുണ്ടെങ്കിലും അതില്ലാത്ത അവസ്ഥ നേരിട്ടു കാണാൻ ഏതെങ്കിലും വിദേശി കുമ്പളങ്ങിയിൽ എത്തിച്ചാർന്നാലോ? ഈ മാർക്കറ്റിംഗ് ടെക്നിക്കാണ് കുമ്പളങ്ങി ക്കാർക്കു വേണ്ടി നിർമ്മാതാക്കൾ സ്വീകരിച്ചരിക്കുന്നത്. തീട്ടപ്പറമ്പ് എന്ന് പലകുറി കേൾക്കുമ്പോൾ ഫ്റീക്കൻമാരായ ആൺ പിള്ളേരു മൊത്തു ക്ളാസ് കട്ടു ചെയ്തു സിനിമയ്ക്കു വന്ന ഫ് റീക്കത്തികൾ തിയറ്ററിൽ ഇരുന്ന് കൂടുകൂടെ ചിരിക്കുന്നതിന് കാരണംമറ്റെന്താണ്?
പാൽപായസത്തിനു പകരം പട്ടിക്കാട്ടത്തിന് ഡിമാന്റ് വർദ്ധിക്കുന്ന കെട്ട കാലത്ത് ഇതു പോലുള്ള സിനിമകൾ ഇനിയുമിറങ്ങും. ഒരു പ്രത്യേക ജാതിയിൽ പെട്ടവരെ അല്ലെങ്കിൽ പ്രദേശത്തുള്ളവരെ ഇക്കൂട്ടർ തുടർന്നും അവഹേളിക്കും. കുറച്ച് ആഭാസന്മാരുടെ പെരുമാറ്റം കാണിച്ച് അതാണ് ആ സുദായത്തിന്റെ, പ്രദേശത്തിന്റെ മൊത്തം പ്രത്യേകതയെന്ന് ഇവർ കൊട്ടിഘോഷിക്കും. കുട്ടനാട്, അങ്കമാലി, ചെല്ലാനം, പള്ളിത്തോടു വഴി കുമ്പളങ്ങി വരെ എത്തി കാര്യങ്ങൾ. ഒടുക്കം ഏതു നാട്ടിലാണ് ഈ നവ- തെറിസിനിമക്കാർ മൂക്കിടിച്ച് വീഴുകയെന്നതു പറയേണ്ടത് കാലമാണ്. അതിനായി ക്ഷമയോടെ കാത്തിരിക്കാം .
- കെ എ സോളമൻ