ഇക്കൊല്ലത്തെ കേരള ബഡ്ജറ്റിനെ നവോത്ഥാന ബഡ്ജറ്റ് എന്നു വിളിക്കുന്നതിൽ തെറ്റില്ല. നടപ്പാകാൻ സാധ്യത വിദുരമാണെങ്കിലും നവോത്ഥാനവുമായി ബന്ധപ്പെട്ടു ഒന്നു രണ്ടു നിർദ്ദേശങ്ങൾ ഇല്ലാതില്ല. അതിൽ ഒന്നാണ് എല്ലാ ജില്ലകളിലും നവോത്ഥാന മ്യൂസിയങ്ങൾ സ്ഥാപിക്കുക യെന്നത്. മ്യൂസിയം സ്ഥാപിച്ചോട്ടെ, അവിടങ്ങളിലെ പ്രതിഷ്ഠാപനങ്ങൾ എന്തൊക്കെയെന്നതതിലാണ് പലരുടെയും സംശയം. ആദ്യ ഇൻസ്റ്റലേഷനായി ആർപ്പോ ആർത്തവത്തിലെ പ്രവേശന കവാട മാതൃക എല്ലാ മ്യൂസിയങ്ങളിലും സ്ഥാപിക്കണം. മ്യൂസിയം സന്ദർശിക്കുമ്പോൾ ഉത്ഥാനം ഉണ്ടായില്ലെങ്കിലും ഉദ്ധാരണത്തിന് അവസരം നിഷേധിക്കരുത്.
നവോത്ഥാന ബഡ്ജറ്റ് ലക്ഷ്യം കൈവരിക്കുന്ന മുറക്ക് മുൻവർഷത്തെ ബഡ്ജറ്റിലെയും അതിനു മുമ്പത്തെ ബഡ്ജറ്റിലെയും പരാമർശങ്ങൾ ഓർത്തെടുക്കുന്നത് രസകരമാവും.
കഴിഞ്ഞ കൊല്ലത്തെ സംസ്ഥാന ബസ്ജറ്റിന്റെ പേരായിരുന്നു ഷീബഡ്ജറ്റ് അഥവാ അവളുടെ ബഡ്ജറ്റ്. അവളുടെ ടോയ്ലറ്റ് (ഷീ ടോയ് ലറ്റ്), അവളുടെ ടാക്സി ( ഷീടാക്സി), അവളുടെ രാവ് (ഷീ നൈറ്റ് ) എന്ന മട്ടിൽ ആവിഷ്കരിച്ച ബഡ്ജറ്റിൽ സ്ത്രീകൾക്കായി ഒട്ടനവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ബഡ്ജറ്റ് നിർദ്ദേശത്തിന്റെ 13.6 ശതമാനമാണ് സ്ത്രീകൾക്കായി നീക്കി വെച്ചിരുന്നത്.
സ്ത്രീകൾക്ക് ഹോസ്റ്റൽ പണിതു നൾകാൻ 25 കോടി, കുടുംബശ്രീ സ്ത്രീകൾക്ക് 200 കോടി, വിവാഹം കഴിക്കാത്ത അമ്മമാരെ പ്രോൽസാഹിപ്പിക്കാൻ മാസം 2000 രൂപാ, സ്ത്രീകൾക്കെതിരെയുള്ള ക്രൂരത തടയാൻ 50 കോടി, ആശാ വർക്കേഴ്സിന് 2000 രൂപാ അധിക വർദ്ധന തുടങ്ങിയവ ഉൾപ്പെടുത്തിയിരുന്നു .
ഇവയിൽ എത്ര പദ്ധതികൾ നടന്നുവെന്നത് സമ്മതിച്ചു തരേണ്ടത് സ്ത്രീകളാണ്
ഷീബഡ്ജറ്റ് അവതരണത്തിന് ശേഷം മന്ത്രിക്കും പരിവാരങ്ങൾക്കും ചാനലിൽ നിന്ന് താഴെ ഇറങ്ങാൻ നേരം കിട്ടിയിരുന്നില്ല. ബഡ്ജറ്റിനൊപ്പം തൊട്ടുകൂട്ടാൻ ചൈനീസ് പെൺ കവികൾ ലഭ്യമല്ലാത്തതിനാൽ മലയാള കവയിത്രിമാരാണ് ബജറ്റ് എമ്പാടും പ്രത്യക്ഷപ്പെട്ടത്..
കെ ഫോൺ പദ്ധതി എന്നൊരു സാധനം കഴിഞ്ഞതിന്റെ മുന്നിലത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റെർനെറ്റ് എന്നതായിരുന്നു പ്രഖ്യാപനം. ഫോൺ കിട്ടാത്തവർ ആരും തന്നെ പരാതിയുമായി ചെല്ലാത്തതിനാൽ ഇതു സംബന്ധിച്ചു തർക്കമൊന്നും അവശേഷിക്കുന്നില്ല. എല്ലാ താലൂക്കിലും ഒരു ഗവണ്മെന്റ് കോളജ് എന്നൊരു പ്രഖ്യാപനവും എവിടെയോ കേട്ടിരുന്നു . പിള്ളേർ പഠിച്ചാൽ മന്ത്രിമാരെ തടയും, നാട്ടിൽ അക്രമം വർദ്ധിക്കും എന്നൊക്കെ ഏതോ ഉപദേശി പറഞ്ഞു കൊടുത്തതിനാൽ കോളജ് സ്ഥാപനം നിലവിൽ അജണ്ടയിൽ ഇല്ല.
ഇക്കൊല്ലത്തെ നവോത്ഥാന ബഡ്ജറ്റ് പ്രകാരം അവശ്യസാധനങ്ങൾ സർവതിന്റെയും വിലകൂടുമെങ്കിലും മുൻ ബസ്ജറ്റ്സാഹിത്യ കൃതികളികളിൽ നിന്ന് വ്യത്യസ്തമായി കവിതയും കാല്പനികതയും കുറഞ്ഞു പോയി എന്നൊരു ന്യൂനതയുണ്ട്. പത്താം ക്ലാസ്സുകാരി സ്നേഹയുടെ സോഡിയം ക്ളോറയിഡ് കവിത മുതൽ പ്രശസ്ത സിനിമാ സംവിധായകൻ കമലുദ്ദീൻ ആമി സിനിമയിലൂടെ മൂലയ്ക്കു തള്ളാൻ നോക്കിയ പ്രശസ്ത കവയിത്രി ബാലാമണിയമ്മ വരെയുണ്ടായിരുന്നു ഐസക്ക് മന്ത്രിയുടെ കഴിഞ്ഞ കൊല്ലത്തെ ഷീ ബജറ്റ് സാഹിത്യ വെെവിധ്യത്തിൽ.
സ്നേഹയുടെ കവിതയിൽ സോഡിയം ക്ലോറൈഡ് എന്നൊക്കെ എഴുതി വെച്ചിരിക്കുന്നതു കണ്ടാൽ സാഹിത്യപുരന്ദരനായ മന്ത്രിയെ എങ്ങനെയാണ് അത് ആകർഷിക്കാതിരിക്കുക?
മലയാളം ലെക്സിക്കനും കേരളാ ഗസറ്റും പകർത്തി മന്ത്രി ഐസക് സുകര പ്രസവം പോലെ കുറെ പുസ്തകമെഴുതിയിട്ടുണ്ടെങ്കിലും അവയൊന്നും ആരും വായിക്കുന്നില്ലെന്നു അദ്ദേഹത്തിനു അറിയാം. അല്ലെങ്കിൽ പെണ്ണെഴുത്തു വരികൾ ഇടതടവില്ലാതെ ബജറ്റിൽ ചേർത്തതിന്റെ കൂടെ ഒരു പാരഗ്രാഫ് തന്റെ നാല്പത്തിയൊന്നാം പുസ്തകത്തിന്റെ പതിനാലാം പുറത്തിൽ നിന്നാണെന്നു എഴുതി വെയ്ക്കാമായിരുന്നു.
ബജറ്റ് വായന സൃഷ്ടിക്കുന്ന ബോറടി ഒഴിവാക്കാന്‍ സാഹിത്യം ആവശ്യമാണെന്ന അഭിപ്രായക്കാരനാണ് ധനമന്ത്രി തോമസ്ജിഐസക് ജി. അത് ഒരു കണക്കിനു ശരിയുമാണ്. ബജറ്റ് വായന തുടങ്ങുമ്പോൾ തന്നെ കേൾവിക്കാരായ ഒട്ടുമിക്ക എം എൽ എ മാരും ഉറക്കം തുടങ്ങും. ഉറക്കത്തിന്റെ കൂടെ നേരിയ സംഗീതം കൂടി ആയാലോ, സുഖസുഷുപ്തിയിലെത്തുകയും ചെയ്യും. പാട്ടും കവിതയും ചേർക്കുന്നത് ഈ ഉദ്ദേശത്തിലാണെന്നു അദ്ദേഹം പറയാതെ പറഞ്ഞന്നേയുള്ളൂ.
കുട്ടിക്കവിതകളും പെൺ കവിതകളും കൊണ്ടു് സമ്പുഷ്ടമായിരുന്ന തന്റെ ബഡ്ജറ്റ് നവോത്ഥാനത്തിൽ എത്തിയപ്പോൾ കുമാരനാശാനിൽ മാത്രം കേന്ദ്രീകരിച്ചു. ഇക്കുറി ആശാന്റെ ചണ്ഡാലഭിക്ഷുകിയാണോ ചിന്താവിഷ്ടയായ സീതയുണാ മന്ത്രി യെ ഹഠാദാകർഷിച്ചത് എന്നു പറയുക വയ്യ.
ബജറ്റ് പ്രപ്പോസലുകൾ ഒന്നും തന്നെ നടപ്പിലാകാത്ത സാഹചര്യത്തിൽ ബജറ്റ് എന്നു വെച്ചാൽ സാമ്പത്തിക അവലോകനം മാത്രമാണ്, നടപ്പാക്കാനുള്ളതല്ല എന്നാണ് മന്ത്രിമിത്രങ്ങളുടെ ഡിഫൻസ്. എങ്കിൽ പിന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ട് ബജറ്റെന്നും പറഞ്ഞു ആശാന്റെ ചിന്താവിഷ്ടയായ സീത പാരായണം ചെയ്താൽ പോരെ നിയമസഭയിൽ?
- കെ എ സോളമൻ
No comments:
Post a Comment