Thursday, 20 December 2018

വരണൊണ്ട് - ഹർത്താൽ രഹിത വർഷം.

തമാശ എന്തെന്നു വെച്ചാൽ തലശ്ശേരി ദം ബിരിയാണിയോ,  കോഴിക്കോടൻ കുലുക്കി സർബത്തോ, ആചാര സംരക്ഷണ വിരുദ്ധ നവോത്ഥാന വനിതാമതിലോ ഒന്നുമല്ല, മറിച്ച് ഹര്‍ത്താലുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന വ്യാപാരികളുടെ സംയുക്ത യോഗതീരുമാനമാണത്. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ സംസ്ഥാനത്തെ  വ്യാപാര മേഖലയുടെ നട്ടെല്ലൊടിക്കുന്ന സാഹചര്യത്തിൽ ഇങ്ങനെ ഒരു തീരുമാനമെടുക്കാനെ വ്യാപാരികൾക്കു കഴിയൂ.

ശബരിമലപ്രശ്‌നത്തിൽ ഒരു അയ്യപ്പഭക്തൻ മനംനൊന്ത് ആത്മഹത്യ ചെയ്തതിനെ തുടർന്ന് ബി.ജെപി സംഘടിപ്പിച്ച ഹർത്താൽ വിജയമായതാണ് വ്യാപാരികളെ ഈ ദിശയിൽ ചിന്തിക്കാൻ പ്രേരണയായത്‌. പക്ഷെ  ചില ഗുണ്ടകൾ ഭീഷണിപ്പെടുത്തിയേക്കാവുന്ന ഹർത്താലുകളോ  തങ്ങളുടെ തന്നെ  ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി നടത്തുന്ന ഹർത്താലുകളാ പ്രഖ്യാപിച്ചാൽ കട തുറക്കുന്നതല്ല.

2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി വ്യാപാരികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനു മുഖ്യ കാരണം അടിക്കടി വരുന്ന ഹർത്താലുകൾ മൂലം കടകൾ തുറക്കാൻ പറ്റാതെ കച്ചവടം കുറയുന്നതാണെന്നു പറയാമെങ്കിലും സംഗതി അതല്ല, വ്യാപാരികൾ കടയും അടച്ചു വച്ചോണ്ടിരുന്നാൽ ഉപഭോക്താവിന് അവശ്യസാധനങ്ങൾ വാങ്ങാൻ പെടാപ്പാടില്ല. യുസഫലി മുതലാളിയുടെ ലുലു മാളും അതുപോലുള്ള മാളുകളും ഹർത്താൽ ദിനം തുറന്നു പ്രവർത്തിക്കും. കടയും അടച്ചു ഹർത്താൽ ആചരണവും നടത്തി കുത്തിയിരിക്കന്ന വ്യാപാരി വ്യവസായികളെ ജനം മൈന്റ് ചെയ്യില്ല. യൂസഫലി മുതലാളിയെ ഒരു ഹർത്താലുകാരനും ചോദ്യം ചെയ്യാൻ പോണില്ല. അപ്പോൾ പിന്നെ കടയടച്ചു കുത്തിയിരുന്നിട്ടു കാര്യമില്ല. മുമ്പായിരുന്നെങ്കിൽ ഒരു ദിവസം കടയിൽ സാധനം വിറ്റില്ലെങ്കിൽ പിറ്റെ ദിവസം ജനം അവിടെത്തന്നെ ചെന്നു വാങ്ങും. ഇന്നതിനു നേരമില്ല ജനത്തിന്.

ഹർത്താൽ ബഹിഷ്കരണത്തിന്റെ ആദ്യപടിയായി
സഹകരണം അഭ്യര്‍ഥിച്ച് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്താൻ തീരുമാനിച്ചിരിക്കുകയാണ്വ് വ്യാപാരികൾ. എന്തായിരിക്കും സംഭവിക്കുക എന്നതു കാത്തിരുന്നു കാണാനെ കഴിയൂ.

2019 ലെ ഹർത്താൽ ബഹിഷ്കരണക്കാരിൽ വ്യാപാരികൾ മാത്രമല്ല സ്വകാര്യ ബസ് ഉടമകൾ, ലോറി സർവീസ് മുതലാളിമാർ, റിസോർട്ട് ഉടമകൾ എല്ലാ മുണ്ട്. ഹർത്താൽ മൂലം വിദ്യാർത്ഥികളുടെ യൂണിവേഴ്സിറ്റി പരീക്ഷകൾ റദ് ചെയ്യാം, പക്ഷെ ടൂറിസ്റ്റുകൾക്ക് യാത്ര ചെയ്യാനും റിസോർട്ടുകളിൽ കള്ളടിച്ചു കൂത്താടാനും അവസരം നിഷേധിക്കരുത്.  ഹർത്താൽ മൂലം വേറെ എന്തൊക്കെ കുത്തിത്തിരപ്പുണ്ടായാലും ടൂറിസത്തെ ബാധിക്കാൻ പാടില്ല.

രസകരമായിട്ടുള്ളത് ജനുവരി എട്ട്, ഒമ്പത് തീയതികളില്‍  പൊതുപണിമുടക്കു വരുന്നുണ്ട്. ഫലത്തിൽ ഹർത്താലാകാനാണ് സാധ്യത. പക്ഷെ ഇതു സംബന്ധിച്ച് എന്ത് നടപടിയെടുക്കണമെന്ന് വ്യാപാരികൾ നിലവിൽ ധാരണയിൽ എത്തിയിട്ടില്ല. സർക്കാർ സ്പൊണ്സേഡ് പണിമുടക്കായതു കൊണ്ടും 2019-ന്റെ തുടക്കമായി തിനാലും അന്നേ ദിവസങ്ങളിൽ ചിലപ്പോൾ വ്യാപാരികൾ കടയടച്ചെന്നിരിക്കും.

വ്യാപാരികളുടെ നിലവിലെ നിലപാടു വിലയിരുത്തിയാൽ അടുത്ത കൊല്ലം ഹർത്താൽ ദിനത്തിൽ  മുഴുവന്‍ കടകളും തുറക്കും, സകല സ്വകാര്യ ബസ്സുകളും ലോറികളും ഓടും, ടൂറിസം മേഖല പൂർണ്ണമായും പ്രവർത്തിക്കും. അപ്പോൾ പിന്നെ എന്തൂട്ട് ഹർത്താൽ എന്ന് ആർക്കെങ്കിലും ചോദിക്കണമെങ്കിൽ തനിയെ ചോദിക്കണം, വ്യാപാരികളോടു  വേണ്ട.

പക്ഷെ, വ്യാപാരികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി കടകള്‍ അടച്ചിട്ടുള്ള സമരം അവർ ഉപേക്ഷിക്കില്ല. വേണമെങ്കിൽ ആ സമരത്തെഹർത്താൽ എന്നു വിളിക്കാതിരിക്കാൻ നോക്കാം..

വ്യാപാരികൾക്ക് വേണ്ടി ഹർത്താലിനെതിരായി ജനങ്ങൾ  ഒറ്റക്കെട്ടാവേണ്ടത് വ്യാപാരികളുടെ ആവശ്യമാണെന്ന് വ്യാപാരികൾ ഇതിനാൽ അറിയിച്ചു കൊള്ളുന്നു
-കെ എ സോളമൻ

No comments:

Post a Comment