കുറച്ചു കാലമായി കേരളത്തിൽ വീണു കിടക്കുന്ന ഒരു സാധനമുണ്ടു്. നവോത്ഥാന മൂല്യം എന്നാണതിന്റെ പേര്. ഇതിനെ ഉയർത്തിപ്പിടിക്കുക എന്നതാണ് ഇടതു മുന്നണി സർക്കാരിന്റെ മുഖ്യ ലക്ഷ്യം. അതിനു വേണ്ടി എന്തും ചെയ്യും.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ അത്തരത്തിലുള്ള വൻ മുന്നേറ്റമാണ്. പക്ഷെ നേരിട്ടു നടത്താനുള്ള പ്രയാസം മൂലം മതിൽ പണി വെള്ളാപ്പള്ളി പോലുള്ള സമുദായ നേതാക്കളെ എപ്പിച്ചിരിക്കുകയാണ് സർക്കാർ.
30 ലക്ഷം സ്ത്രീകളെ മതിലിൽ അണിനിരത്തും എന്ന് ഒരു സമുദായ നേതാവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വനിതയുടെ ശരാശരി വിഡ്ത്ത് അര മീറ്റർ എന്നു കണക്കു കൂട്ടിയിൽ മതിലിനു നീളം 1500 കി.മി വരും. 580 കി.മി.മാത്രം നീളമുള്ള കേരളത്തിൽ ഈ മതിൽ കെട്ടിയാൽ കർണ്ണാടകവും കഴിഞ്ഞ് വിന്ധ്യാ പർവതത്തിൽ തട്ടി നില്ക്കും.
മതിൽ കെട്ടാനുള്ള വനിതകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കെ സർക്കാരിന്റെ ഏതു ലൊട്ടുലൊടുക്കു പരിപാടിക്കും ബ്റാന്റ് അംബാസഡർ പദവി അലങ്കരിക്കാറുള്ള നടി മഞ്ജുവാര്യർ മതിലിൽ നിന്ന് പിൻമാറിയതു വലിയ ക്ഷീണമായി. ഒടിയൻ സിനിമയിൽ കഞ്ഞി വീഴ്ത്തു കഴിഞ്ഞു ക്ഷീണിച്ചിരിക്കുന്ന മഞ്ജുവിന് ഇനിയൊരു മുട്ട പഫ്സ് വിതരണം ഏറ്റെടുക്കാനുള്ള ത്രാണിയില്ല.
വനിതാ മതിലിന് ഇതിനോടകം രാഷ്ട്രീയ നിറം കൈവന്നതാണ് വിട്ടു നില്ക്കാൻ കാരണമെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു.
വനിതാമതിലിനെ പിന്തുണക്കാത്തവരെ പരിഹസിക്കുന്ന യോഗം സെക്രട്ടറി മഞ്ജുവിന്റെ കാര്യത്തിൽ അഭിപ്രായം വൈകാതെ വ്യക്തമാക്കുമെന്നു പ്രതീക്ഷിക്കാം. മതിലിനെ പിന്തുണയ്ക്കാത്ത നായന്മാർ ആണത്തമില്ലാത്തവരെന്നും എം .കെ മുനീർ മഹാനായ ബാപ്പയുടെ അല്പനായ മകനാണെന്നു മൊക്കെ അദ്ദേഹം പറഞ്ഞു കഴിഞ്ഞു. മഞ്ജുവിനു യോജിച്ച രീതിയിൽ ഒരു ആസ്വാദനം വെള്ളാപ്പള്ളിയിൽ നിന്ന് വൈകാതെ ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കാം.
"തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്ത് തടുക്കേയുള്ളു" എന്നു നമ്പ്യാർ പാടിയതുപ്രകാരം മഞ്ജുവിനെതിരെ മന്ത്രിണി മേഴ്സിക്കുട്ടിയമ്മ രംഗത്തെത്തിയിട്ടുണ്ട്. മഞ്ജുവിനെ കണ്ടല്ല മതിലു പണിയാൻ തീരുമാനിച്ചത് എന്നാണ് മേഴ്സിക്കുട്ടിയമ്മ പറയുന്നത്. മേഴ്സിക്കുട്ടിയമ്മയായതുകൊണ്ട് മറുപടിയിൽ കാര്യമായ കുഴപ്പമൊന്നും സംഭവിച്ചില്ല. മന്ത്രി എം എം മണിയെയാണ് മറുപടി പറയാൻ ഏല്പിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? മറ്റേപ്പണിയൊന്നൊക്കെ പറഞ്ഞ് മതിലിന് വിള്ളൽ വീഴ്ത്തുന്ന ഏർപ്പാടായിപ്പോകുമായിരുന്നു അത്. ഭാഗ്യം , അങ്ങനെ സംഭവിച്ചില്ല.
വനിതാമതില്‍ ജനങ്ങളെ ജാതീയമായി വേര്‍തിരിക്കുമെന്നു പറഞ്ഞാൽ മതിലു കെട്ടുന്ന ജാതികൾക്ക് അതു മനസ്സിലാകണമെന്നില്ല. പുരുഷന്മാരെ മാറ്റി നിർത്തി മതിലുപണി സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്തതോടെ
നവോത്ഥാനം ഏറെക്കുറെ പൂർത്തീകരിച്ചെന്നു പറയാം. പാർട്ടി ഫാറങ്ങളിലും നിയമനിർമ്മാണ സഭകളിലും 50 ശതമാനം സ്ത്രീ സംവരണം എന്ന ലക്ഷ്യം കൈവരിക്കുമ്പോൾ അവശേഷിക്കുന്ന നവോത്ഥാനവും പൂർത്തിയാകും. എന്നു വെച്ചാൽ 200 വർഷമായി തുടർന്നുകൊണ്ടിരിക്കുന്ന നവോത്ഥാന പ്രക്രിയ ഈ സർക്കാരിന്റെ കാലത്തു പൂർത്തീകരിക്കപ്പെടും. അതോടൊപ്പം നവോത്ഥാന പ്രസ്ഥാനത്തിന്റെ അവസാന ഹീറോയായി പിണറായി സഖാവിനെ ചരിത്രത്താളുകളിൽ രേഖപ്പെടുത്തുകയും ചെയ്യും.
വനിതാമതിൽ അഥവാ ആചാരസംരക്ഷണ വിരുദ്ധമതിൽ എന്ന അലക്കുമായി ജനുവരി
ഒന്നുവരെ തള്ളി നീക്കം. അതിനു ശേഷം എന്താണു ചെയ്യുക? " ഇവിടെയൊന്നും കിട്ടിയില്ല" എന്നു പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കൂട്ടം ജനം അയൽക്കാരുടെ തൊഴുത്തിലും ടെറസിലും മുറ്റത്തും തിണ്ണയിലുമൊക്കെയായി കഴിയുന്നുണ്ട്. വെള്ളപ്പൊക്ക ദുരിതത്തിൽ പെട്ടവരാണവർ. വനിതാ മതിൽ പോലൊന്നു ഉടൻ കണ്ടെത്തിയില്ലെങ്കിൽ ഇക്കൂട്ടരുടെ വായടക്കുന്നത് തുടർന്നുംവലിയ പൊല്ലാപ്പായി മാറും.
-കെ എ സോളമൻ
No comments:
Post a Comment