ഈശോ എന്നോ കേശു എന്നോ സിനിമയ്ക്കു പേരിട്ടറക്കിയത് കൊണ്ട് ക്രിസ്തീയ വിശ്വാസത്തിന് ഇവിടെ ഒരു തകരാറും സംഭവിക്കാൻ പോകുന്നില്ല. അതിൻറെ പേരിൽ ഒരു വിശ്വാസിയും വിശ്വാസം ഉപ്രക്ഷിക്കുകയോ സിനിമ നിർമിച്ചവരെ ഓടിച്ചിട്ടു അടിക്കുകയോ ഇല്ല. കൈ വെട്ടിമാറ്റാനുള്ള ശ്രമവും ഉണ്ടാകില്ല, പക്ഷേ ഈ പേരുകളിൽ സിനിമ പിടിക്കുന്ന നാദിർഷ എന്ന് പറയുന്നവ്യക്തിയുടെ ഉദ്ദേശശുദ്ധിയിൽ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ അതിൽ തെറ്റ് കണ്ടെത്താനാവില്ല.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഈ പേക്കൂത്തെങ്കിൽ ഈ സിനിമാ സംവിധായകനുമായി ബന്ധപ്പെട്ട മതത്തിലെ ഏതെങ്കിലും പുണ്യപുരുഷന്റെ പേരിലും ഒരു സിനിമ അദ്ദേഹം പ്രഖ്യാപിക്കണമായിരുന്നു. അതിനുള്ള തന്റംടം കാണിക്കാനാണ് ആവിഷ്കാര വക്താക്കൾ അദ്ദേഹത്തോടു ആവശ്യപ്പെടേണ്ടത്.
തിരിച്ചടിക്കാത്തവരെ തോണ്ടുക എന്നത് പണ്ടുമുതലേ കണ്ടുവരുന്ന ചിലരുടെ വികൃത കലാവാസനയാണ്. ആമേനിലും അങ്കമാലിഡയറീസ്, ഈ ഈ മ യൗ ട്രാൻസ് എന്നിവയിലൊക്കെയുള്ള സമീപനം ഇത്തരത്തിലായിരുന്നു.. മദ്യപാനികളും നികൃഷ്ടരുമായ ജനങ്ങൾ ഉൾപ്പെട്ടതാണ് ക്രിസ്തീയ സമൂഹം എന്ന രീതിയിലാണ് ഈ സിനിമകളുടെയെല്ലാം ചിത്രീകരണം. ഒടുക്കം ആരുടെയെങ്കിലും കൈപ്പാങ്ങിൽ ഇക്കൂട്ടർ ചെന്നുവീഴും. അപ്പോൾ കൂടെ ഇരുന്നു മോങ്ങാൻ പോലും ആരെയും കിട്ടുമെന്നു തോന്നുന്നില്ല,
ഈശോ എന്ന പേരിന് എതിരെയുള്ള ഉള്ള വിമർശം ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരാണ് എന്നാണ് ചില ആവിഷ്കാര പ്രേമികൾ ഉദ്ഘോഷിക്കുന്നത്. എന്തുതരം ആവിഷ്കാരമാണ് ഈ നാദിർഷ എന്ന സിനിമ സംവിധായകൻ ഇക്കാലയളവിൽ ഇവിടെ നടത്തിയിട്ടുള്ളത് ? അദ്ദേഹത്തിൻറെതായി വന്നിട്ടുള്ള സിനിമകൾക്ക് കലാപോഷണത്തിന് യോജിച്ചതോ സാമൂഹ്യപരിഷ്കരണത്തിന് ഉതകുന്നതോ ആയ എന്തെങ്കിലും മേന്മ അവകാശപ്പെടാനുണ്ടോ ?
അപ്പോൾ കലയും ആവിഷ്കാരവുമല്ല ലക്ഷ്യം. ആദ്യം വെള്ളം കലക്കിമറിക്കുക. എന്നിട്ട് കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുക, ഇതാണുദ്ദേശ്യം. പക്ഷേ ഇത്തരം ഹീനപ്രവൃത്തികൾ അധികനാൾ തുടരാൻ പറ്റില്ലയെന്ന് ഇത്തരം ഓട സിനിമകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ ഓർത്തിരിക്കുന്നത് നന്ന്.
നോട്ടു നിരോധനത്തിനു ശേഷവും ഇത്തരം സിനിമകൾക്ക് മുതൽമുടക്കാൻ ഇവയുടെ നിർമ്മാതാക്കൾക്ക് എവിടെ നിന്ന് പണം ലഭിക്കുന്നുവെന്നുള്ള കാര്യവും അന്വേഷണ വിധേയമാക്കേണ്ടിയിരിക്കുന്നു.
എന്തായാലും സിനിമപേര് സംബന്ധിച്ച വിവാദം ഈശോ എന്ന പേര് പറയാനും എഴുതാനും യുക്തിവാദികളെയും ക്രിസ്തുമതവിമർശകരെയും പ്രേരിപ്പിച്ചു എന്നത്. ചെറിയ കാര്യമല്ല.
"ക്ഷമിക്കുക, ദയവായ്പോടെ പ്രവർത്തിക്കുക " എന്ന ഏറ്റവും മഹത്തായ സന്ദേശം മനുഷ്യരാശിക്കു നൽകിയ മഹാന്റെ പേര് എഴുതുന്നതിലും പറയുന്നതിലും കവിഞ്ഞൊരു സദ്പ്രവൃത്തി വേറെയേതുണ്ട് ?