Wednesday, 30 October 2024

രാഷ്ട്രീയ അഴിമതി

#രാഷ്ട്രീയഅഴിമതി 
പി പി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് തലശ്ശേരി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയുടെ ഉത്തരവ് ഏറെ ശ്രദ്ധേയം. നമ്മുടെ സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ അധികാരികളുടെ കഴിവില്ലായ്മയിലേക്കും കപട കൂട്ടുകെട്ടിലേക്കും വെളിച്ചം വീശുന്നതാണ് വിധിയിലെ കണ്ടെത്തലുകൾ. 

നിയമനിർമ്മാണ സഭയും പോലീസും നീതി സംരക്ഷിക്കേണ്ട സ്ഥാപനങ്ങളും തങ്ങളുടെ കർത്തവ്യങ്ങളിൽ എങ്ങനെ ആവർത്തിച്ച് വീഴ്ച വരുത്തി എന്നതിൻ്റെ ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലൽ കൂടിയാണ് ഈ കേസ്
.
ഈ പരാജയം രാഷ്ട്രീയ മണ്ഡല ങ്ങളിലെ  ഗുരുതരമായ ജീർണതയാണ് സൂചിപ്പിക്കുന്നത്. ഇവിടെ അധികാരം സാധാരണക്കാരൻ്റെ സംരക്ഷണത്തിനല്ല, മറിച്ച് ഭരിക്കുന്നവരുടെ തെറ്റുകളെ മറച്ചുവെക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമാണ്. 

രാഷ്ട്രീയ അധികാരം നീതിയുടെ വാഹനം എന്നതിലുപരി അടിച്ചമർത്തലിൻ്റെ ഉപകരണമായി മാറുമ്പോൾ, ഒരു സ്വതന്ത്ര ജുഡീഷ്യറിയിൽ പ്രതീക്ഷകൾ അർപ്പിക്കുകയല്ലാതെ ജനങ്ങൾക്ക് മറ്റ് മാർഗമില്ല. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കെതിരെ ഉറച്ചുനിൽക്കുകയും നീതിയെ അഴിമതിയുടെ ചെളിക്കുണ്ടിൽ കുഴിച്ചുമൂടാതിരിക്കുകയും ചെയ്തുകൊണ്ട് കോടതി ജനങ്ങളുടെ വിശ്വാസം  പുനഃസ്ഥാപിച്ചിരിക്കുന്നു.

 അധികാരത്തിലിരിക്കുന്നവർ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് നിയമ നിർവ്വഹണ ഏജൻസികളെ കൈകാര്യം ചെയ്യാനും സത്യത്തെ വളച്ചൊടിക്കാനും ആസൂത്രിതമായി ശ്രമിക്കുമ്പോൾ ജുഡീഷ്യറി ജനങ്ങളുടെ പ്രതീക്ഷയ്കക്കൊത്തു ഉയരുന്നത് വലിയ ആശ്വാസമാണ്

പോലീസിൻ്റെയും മന്ത്രിസഭയുടെയും നഗ്നമായ പരാജയങ്ങൾ രാഷ്ട്രീയ അഴിമതി കേരളത്തിൽ എത്രമാത്രം ആഴത്തിൽ വേരൂന്നിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.
-കെ എ സോളമൻ

No comments:

Post a Comment